SignIn
Kerala Kaumudi Online
Friday, 26 April 2024 4.20 PM IST

ക്രിസ്ത്യൻ നാടാർ സംവരണം: വിവാദവും വസ്തുതകളും

hc

എസ്.ഐ.യു.സി ഇതര ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് സംവരണം അനുവദിക്കണമെന്നത് ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യമായിരുന്നു.

ആവശ്യം ന്യായമായിരുന്നെന്ന് ബോദ്ധ്യപ്പെട്ടതു കൊണ്ടാണ് ഒന്നാം പിണറായി സർക്കാർ അവർക്ക് സംവരണം അനുവദിച്ച് ഉത്തരവായത്. 1979ൽ കേരള സർക്കാർ പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം ഒ.ബി.സി ലിസ്റ്റിൽ 49ാം നമ്പരായി ഹിന്ദു എസ്.ഐ.യു.സി വിഭാഗത്തിലെ നാടാർ വിഭാഗത്തെ ഒന്നായി പരിഗണിച്ചു. എസ്.ഐ.യു.സി ഇതര പരിവർത്തിത നാടാർ ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് ക്രിസ്ത്യൻ വിഭാഗത്തിൽ തന്നെ സംവരണം ഉൾപ്പെടുത്തി. ഹിന്ദു നാടാർ, തങ്ങൾ സാമൂഹ്യമായും സാമ്പത്തികമായും ഏറെ പിന്നാക്കാവസ്ഥയിലുള്ളവരാണെന്നും തങ്ങളോടൊപ്പം എസ്.ഐ.യു.സി വിഭാഗത്തെ ഉൾപ്പെടുത്തിയത് ശരിയല്ലെന്നും 1979, 1982 ലെ സർക്കാർ ഉത്തരവ് റദ്ദുചെയ്യണമെന്നും അപേക്ഷിച്ച് ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകി. ഹൈക്കോടതി 2006 ൽ വിധി പുറപ്പെടുവിച്ചു. ഹിന്ദു നാടാർ വിഭാഗത്തെ പ്രത്യേകമായി പരിഗണിക്കണമെന്നും എസ്.ഐ.യു.സി വിഭാഗത്തെ അവരോട് കൂട്ടിച്ചേർത്തത് സാധൂകരിക്കത്തക്കതല്ലെന്നും വിധിച്ചു. ഈ വിധിക്കെതിരായി എസ്.ഐ.യു.സി സംഘടനകൾ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. നമ്പർ 3361/2006. സുപ്രീം കോടതി, ഹൈക്കോടതി വിധി ശരിവച്ചു. രണ്ട് വിഭാഗങ്ങൾക്കായി പ്രത്യേക സംവരണം പരിഗണിക്കണമെന്നും ഉത്തരവായി. ഇതിനിടയിൽ 2003 മാർച്ചിൽ എസ്.ഐ.യു.സി വിഭാഗത്തെ ഹിന്ദു നാടാർ വിഭാഗത്തിൽ നിന്ന് വേർതിരിച്ച് സർക്കാർ ഉത്തരവിറക്കി. റിസർവേഷൻ ഏത് അനുപാതത്തിൽ വീതിക്കണമെന്ന് കോടതി പറഞ്ഞിരുന്നില്ല. സർക്കാർ ഈ പ്രശ്നം കേരള പിന്നാക്ക വിഭാഗ കമ്മിഷന് പരിശോധനയ്‌ക്ക് വിട്ടു. അപ്പോൾ വി.എസ് ഗവണ്മെന്റാണ് അധികാരത്തിലിരുന്നത്. ഈ ലേഖകൻ പിന്നാക്കവിഭാഗ ക്ഷേമവകുപ്പിന്റെ ചുമതലയുള്ള മന്ത്രിയുമായിരുന്നു. ശുപാർശ ചില ഭേദഗതികളോടെ ഗവണ്മെന്റ് അംഗീകരിച്ച് ഉത്തരവായി. അത് ഇനിപ്പറയുന്ന വിധത്തിലായിരുന്നു. ഹിന്ദു നാടാർ ലാസ്റ്റ് ഗ്രേഡ്(ഒരു ശതമാനം), മറ്റ് തസ്തികകൾ(ഒരു ശതമാനം), എസ്.ഐ.യു.സി നാടാർ ലാസ്റ്റ് ഗ്രേഡ് (രണ്ട് ശതമാനം), മറ്റ് തസ്തികകൾ (ഒരു ശതമാനം). ഈ തീരുമാനത്തിന് പിന്നിൽ ബന്ധപ്പെട്ടവരുമായി ദീർഘമായ ചർച്ച നടത്തിയിരുന്നു. എസ് .ഐ .യു .സി വിഭാഗത്തിൽപ്പെടുന്ന ക്രിസ്ത്യൻ നാടാർ സാമൂഹ്യമായും വിദ്യാഭ്യാസപരമായും താരതമ്യേന മുന്നിലാണെന്നും കൂടുതൽ സംവരണം അനുവദിക്കുന്നത് ശരിയല്ലെന്നും ഹിന്ദു നാടാർ വിഭാഗം വാദിച്ചു. എന്നാൽ ഹിന്ദു നാടാർ വിഭാഗക്കാർ വളരെ കുറച്ചു മാത്രമേ ഉള്ളൂവെന്നും തങ്ങളാണ് കൂടുതൽ ഉള്ളതെന്നും അതുകൊണ്ട് അനുപാതം കൂടുതൽ വേണമെന്നും ക്രിസ്ത്യൻ നാടാർ വിഭാഗവും വാദിച്ചു. ദിവസങ്ങളെടുത്താണ് വി എസ് സർക്കാരിലെ പിന്നാക്കവിഭാഗ വികസന വകുപ്പ് ചർച്ച ചെയ്ത് പൊതുധാരണയിലെത്തിയത്.

രണ്ടാം ഘട്ട പ്രശ്നം

എസ് .ഐ.യു.സി ഇതര സഭകളിൽ ചേർന്ന നിരവധി നാടാർ ക്രിസ്ത്യൻ പരിവർത്തിതവിഭാഗത്തെ പ്രതിനിധീകരിച്ച് ആരും ഒന്നാംഘട്ട പ്രശ്നം പരിഹരിക്കുന്നത് വരെ രംഗത്ത് വന്നിരുന്നില്ല. പിന്നീടാണ് ഈ വിഭാഗം രംഗത്ത് വരുന്നത്. നിലവിലെ സംവരണ ആനുകൂല്യം ലഭിക്കുന്ന വിഭാഗത്തെ ബാധിക്കാതെ ഈ പ്രശ്നം പരിഹരിക്കുക എന്നത് ശ്രമകരമായ ജോലിയായിരുന്നു. ആ പ്രശ്നവും പരിഹരിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ ഘട്ടത്തിൽ ജസ്റ്റിസ് ജി.ശശിധരൻ നായർ ചെയർമാനായ കമ്മിഷന്റെ മുമ്പാകെയാണ് ഈ പ്രശ്നം വരുന്നത്. ലൂഥറൻ ക്രൈസ്തവ സാംസ്‌കാരിക വേദിയുടെ അപേക്ഷയാണ് ഇതിന് അടിസ്ഥാനം. ഹിന്ദു നാടാർ/ എസ്.ഐ.യു.സി നാടാർ എന്നീ വിഭാഗങ്ങളെപ്പോലെ മറ്റ് ഇതര ക്രിസ്ത്യൻ നാടാർ വിഭാഗത്തിനും സംവരണത്തിന് അർഹതയുണ്ടെന്ന് കമ്മിഷൻ 28-1-2021 ന്
ശുപാർശ ചെയ്തു. ഗവണ്മെന്റ് ഇത് അംഗീകരിച്ചു ഉത്തരവ് പുറപ്പെടുവിച്ചു. ഇതിന്റെ ഭാഗമായി അഞ്ചു ലക്ഷത്തോളം വരുന്ന എസ്.ഐ.യു.സി ഇതര നാടാർ ക്രിസ്ത്യൻ വിഭാഗത്തിന് സംവരണ ആനുകൂല്യം ലഭ്യമായി. മുഖ്യമന്ത്രിയുടെ പ്രത്യേകമായ ഇടപെടലും ഈ പ്രശ്നം പരിഹരിക്കുന്നതിന് വലിയ സഹായമായി. എന്നാൽ ഈ ധീരമായ നടപടിയോട് യോജിക്കാത്ത ചിലർ ഉണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് ഈ സംവരണ ഉത്തരവ് ഹൈക്കോടതി ഇപ്പോൾ സ്റ്റേ ചെയ്തിട്ടുള്ളത്.

പിണറായി ഗവണ്മെന്റിന്റെ ഈ സംവരണ തീരുമാനം റദ്ദാക്കാൻ കഴിയില്ല. ഈ സ്റ്റേ താത്‌കാലികമാണ്. 127ാമത് ഭരണഘടനാ ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ച് പാസാക്കിക്കഴിഞ്ഞു. കേരള ഗവണ്മെന്റ് എസ്.ഐ.യു സി ഇതര ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒ.ബി.സിയിലാണ് ഉൾപ്പെടുത്തിയത്; എസ്.ഇ.ബി സിയിൽ അല്ല. എസ്.ഇ.ബി.സി ലിസ്റ്റിന് രാഷ്ട്രപതിയുടെ അംഗീകാരം വേണമെന്ന വിധി സുപ്രീംകോടതി ഉയർത്തിപ്പിടിച്ചാൽ തന്നെ രാഷ്ട്രപതിയുടെ അംഗീകാരം കിട്ടുന്നതുവരെ നിലവിലുള്ള ലിസ്റ്റിന്റെ സാധുത ഇല്ലാതാകില്ലെന്ന് മറാത്താ കേസ് (ജയശ്രീ ലക്ഷ്മൺറാവു പാട്ടീൽ കേസ്) വിധിയുടെ 188ാം ഖണ്ഡികയിൽ എടുത്തുപറയുന്നുണ്ട്. ഏതു ദിശയിൽ പോയാലും എസ്.ഐ.യു.സി ഇതര ക്രിസ്ത്യൻ നാടാർ സംവരണം അട്ടിമറിക്കപ്പെടുകയില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OBC NADAR
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.