SignIn
Kerala Kaumudi Online
Friday, 20 September 2024 1.20 PM IST

ഭാരതത്തിന്റെ യശസ്സുയർത്തിയ നേതാവ്

Increase Font Size Decrease Font Size Print Page

narendra-modi

ഇന്ന് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാൾ. രാജ്യം മുഴുവൻ രണ്ടാഴ്ചനീളുന്ന സേവാ പ്രവർത്തനങ്ങളുമായാണ് ബി.ജെ.പി പ്രധാനമന്ത്രിയുടെ പിറന്നാൾ ആഘോഷിക്കുന്നത്. മോദിജി ഒരിക്കലും തന്റെ ജീവിതത്തെ വ്യക്തിനിഷ്ഠമായി കണ്ടിട്ടില്ല എന്നോർക്കുക; പ്രസ്ഥാനത്തിനായി,​ അതിലൂടെ രാഷ്ട്രസേവനത്തിനായി സ്വയം സമർപ്പിതമായ വ്യക്തിയാണ് അദ്ദേഹം. എന്ത് ചെയ്യുമ്പോഴും അതിലൂടെ മാതൃഭൂമിക്ക്, പ്രസ്ഥാനത്തിന് എന്ത് പ്രയോജനം എന്ന് ചിന്തിക്കുന്ന നേതാവ്. അത് ആർ.എസ്.എസിലൂടെ സ്വായത്തമാക്കിയ ചിന്തയാണ്, മഹത്വമാണ്; അതിനെ തന്റേതായ നിലയ്‌ക്ക് രൂപപ്പെടുത്താൻ മോദിജിക്കായി. പഴയ അനുഭവങ്ങളിലേക്ക് ഇപ്പോൾ പോകുന്നില്ല; അതിനുള്ള സമയവുമില്ല. എന്നാൽ പ്രധാനമന്ത്രിയെന്ന നിലയ്‌ക്ക് അദ്ദേഹം സ്വീകരിച്ച നിലപാടുകൾ, സമീപനങ്ങളൊക്കെ പരിശോധിക്കാതെ പോകാനുമാവില്ല. ലോകത്തിന്റെ ഏത് കോണിൽ പോയാലും അദ്ദേഹത്തിന്റെ മനസ്സിൽ ഒരു ചിന്തയേ ഉണ്ടായിരുന്നുള്ളൂ. തന്റെ സന്ദർശനം കൊണ്ട് ഇന്ത്യക്ക് എന്ത് ലഭിക്കും, ഇന്ത്യക്കാർക്ക് എന്ത് ഗുണമാണുണ്ടാവുക. ഓരോ സന്ദർശനത്തിലും അക്ഷരാർത്ഥത്തിൽ അദ്ദേഹം ഒരു ദേശീയ സ്വാർത്ഥതയോടെ ഇന്ത്യക്കുവേണ്ടി നീക്കങ്ങൾ നടത്തുന്നത് നാം കണ്ടിട്ടുണ്ട്. ഇവിടേക്ക് ആഗോള ഭീമന്മാരെ ക്ഷണിക്കാൻ , നിക്ഷേപം ആകർഷിക്കാൻ, ലോക വിപണിയിൽ ഇന്ത്യയെ അവതരിപ്പിക്കാൻ ഒക്കെ അദ്ദേഹം നടത്തിയ നീക്കങ്ങൾ വലിയതോതിൽ ഫലപ്രദമാവുകയുമുണ്ടായല്ലോ. അതുമാത്രമല്ല, വിദേശരാജ്യങ്ങളിൽ പോയി ജോലിചെയ്ത് കഴിയുന്ന ഇന്ത്യക്കാരെ കാണാനും അവരുമായി സംസാരിക്കാനുമൊക്കെ മോദി തയ്യാറായത് ഇന്ന് സുവർണ്ണ ലിപികളിൽ എഴുതപ്പെട്ടിട്ടുണ്ട്. അമേരിക്കയിലെ മാഡിസൺ ചത്വരത്തിലെ പരിപാടി സൃഷ്ടിച്ച അലയടികൾ ആർക്കാണ് മറക്കാനാവുക. അതായിരുന്നു അദ്ദേഹത്തിന്റെ പ്രഥമ പരിപാടി; ഓരോന്നും എടുത്തുപറയുന്നില്ല, ലോകത്തിന്റെ വിവിധ കോണുകളിലുള്ള ഇന്ത്യക്കാരെ ഒന്നിച്ച് അണിനിരത്താനും നെഞ്ചോടുചേർത്ത് പിടിക്കാനും അദ്ദേഹം നടത്തിയ നീക്കങ്ങൾ ലോകവ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിച്ചത് രാജാവും പതിനായിരക്കണക്കിന് ഇന്ത്യക്കാരുമാണ്. ഇതാണ് മോദി സ്റ്റൈൽ. ലോകത്തിന്റെ എല്ലാ കോണിലുമുള്ള ഭാരതീയർ അദ്ദേഹത്തെ സ്നേഹം കൊണ്ട് പൊതിയുകയാണ്. ഇന്ന് ലോകം ഉറ്റുനോക്കുന്ന ഒരു നേതാവായി നരേന്ദ്ര മോദിജി മാറിയിരിക്കുന്നു. ഒരർത്ഥത്തിൽ ലോകരാഷ്ട്രങ്ങളുടെ നായകൻ എന്ന നിലയിലേക്ക്. ജി7, ജി 20 പോലുള്ള ആഗോള വേദികളിൽ ഇന്ത്യയ്‌ക്ക് ലഭിക്കുന്ന അംഗീകാരം വളരെ വലുതാണ്. യുക്രെയിൻ - റഷ്യ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ എല്ലാവരും എത്തിയത്, പ്രതീക്ഷയർപ്പിച്ചത് നരേന്ദ്രമോദിയിലാണ്. എന്നാൽ എങ്ങനെ ഇന്ത്യക്കാരെ മുഴുവൻ ഒരു പരിക്കുമില്ലാതെ രക്ഷിച്ചുകൊണ്ടുവരാം എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രഥമ ചിന്ത; അതിലദ്ദേഹം വിജയിച്ചതും ലോകം കണ്ടു.

കൊവിഡ് മഹാമാരി തലയുയർത്തി നിന്നപ്പോഴും ലോകത്തിനു ദർശനം നൽകിയത് ഒരുപക്ഷേ ഇന്ത്യയാവണം, മോദിയുടെ ഇന്ത്യ. ഇത്രയേറെ ജനസംഖ്യയുള്ള വലിയ രാജ്യത്തിന് മഹാമാരിയെ നേരിടാനും അതിൽനിന്നു ഏറെക്കുറെ മോചിതമാവാനുമായി എന്നത് ചെറിയ കാര്യമല്ല. ഏതാണ്ട് ഈ രാജ്യത്തെ മുഴുവൻ പേർക്കും വാക്സിനെത്തിക്കാൻ, അതും രണ്ടുതവണയും അതിലേറെയും, മോദി ഭരണകൂടത്തിന് സാധിച്ചു. അതുമാത്രമല്ല അറുപതോളം രാജ്യങ്ങൾക്ക് വാക്സിൻ എത്തിക്കാനും ഇന്ത്യയ്‌ക്ക് സാധിച്ചു. അയൽക്കാർക്കും ദരിദ്രരാഷ്ട്രങ്ങൾക്കും കേന്ദ്രസർക്കാർ സൗജന്യമായി വാക്സിൻ നൽകി. വസുധൈവ കുടുംബകം എന്ന മഹത്തായ ഭാരതീയ തത്വചിന്തയെ ലോകം വാനോളം പുകഴ്ത്തിയ സന്ദർഭമായിരുന്നു അത്. അമേരിക്കയ്‌ക്കും ബ്രിട്ടനും ജർമ്മനിക്കും മറ്റ്‌ വികസിത രാഷ്ട്രങ്ങൾക്കും ചിന്തിക്കാനാവാത്തത് മോദി ഇന്ത്യയിൽ നടത്തി. മാത്രമല്ല, കൊവിഡ് പ്രതിസന്ധിക്കിടയിൽ പല രാജ്യങ്ങളുടെയും സമ്പദ് ഘടന താറുമാറായപ്പോൾ മോദിയുടെ ഇന്ത്യയ്‌ക്ക് തലയുയർത്തി നിലകൊള്ളാനായി. പ്രതിസന്ധികളെ അവസരമാക്കുന്ന മോദിയെ വ്യത്യസ്‍തനാക്കുന്നതും ജനപ്രിയനാക്കുന്നതും ഇതൊക്കെ കൊണ്ട് തന്നെയാണ്. അതുകൊണ്ടൊക്കെയാണ് ലോകനേതാക്കളിൽ നരേന്ദ്രമോദിജി ഒന്നാമനായി മാറുന്നത്‌. ഏതാനും ആഴ്ചയ്‌ക്ക് മുമ്പ് ലോകപ്രസിദ്ധമായ ഒരു ഏജൻസി നടത്തിയ സർവേയിൽ 75 ശതമാനം പേർ മികച്ച ഭരണാധികാരിയായി അഥവാ ഏറ്റവും പോപ്പുലർ ഭരണത്തലവനായി തിരഞ്ഞെടുത്തത് മോദിയെയാണ്. ഒന്നാം സ്ഥാനത്തേക്ക് അവർ മോദിയെ കണ്ടെത്തിയപ്പോൾ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത് യഥാക്രമം മെക്സിക്കൻ പ്രസിഡന്റും ഇറ്റാലിയൻ പ്രധാനമന്ത്രിയുമാണ്. അവർക്ക് ലഭിച്ചത് 63 ശതമാനവും 54 ശതമാനവും വോട്ട്. അമേരിക്കൻ പ്രസിഡന്റും ബ്രിട്ടീഷ് പ്രധാനമന്ത്രിയും അടക്കം ലോകത്തിലെ പ്രധാനപ്പെട്ട രാഷ്ട്രത്തലവന്മാർ ഉൾപ്പെട്ട സർവേയായിരുന്നു അതെന്നോർക്കുക. നരേന്ദ്രമോദിയെപ്പോലെ കേരളത്തെയും മലയാളികളെയും ഇത്രത്തോളം അടുത്തറിഞ്ഞ ഒരു പ്രധാനമന്ത്രി രാജ്യത്തുണ്ടായിട്ടുണ്ടാവില്ല. കേരളത്തോടുള്ള മോദിജിയുടെ സ്നേഹം അടുത്ത് നിന്നു കാണാൻ എനിക്ക് സാധിച്ചിട്ടുണ്ട്. ഓരോ തവണ പ്രധാനമന്ത്രിയെ കാണുമ്പോഴും സംസാരിക്കുമ്പോഴും അദ്ദേഹത്തിന്റെ മനസ്സിൽ കേരളവും സംസ്ഥാനത്തിന്റെ വികസനവും മലയാളി യുവാക്കളുടെ ഭാവിയെക്കുറിച്ചുള്ള ചിന്തകളുമായിരുന്നു. അതൊക്കെ അദ്ദേഹം ഞങ്ങളോട് സൂചിപ്പിച്ചിരുന്നു. കേരളത്തിൽനിന്ന് അദ്ദേഹത്തിന്റെ സർക്കാരിനെ പിന്തുണയ്‌ക്കാൻ ഒരു എം.പി പോലുമില്ലാതിരുന്നിട്ടും ഇത്തരമൊരു ആത്മബന്ധം അദ്ദേഹം നമ്മളോട് കാണിക്കുന്നത് എന്നെ പലപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്. അടുത്തിടെ നരേന്ദ്രമോദി കേരളത്തിലെത്തിയിരുന്നല്ലോ. ആ സന്ദർശനത്തിലും കേരളത്തിന്റെ പോരായ്മകൾക്ക് പരിഹാരം കാണാനും വികസനസ്വപ്നങ്ങൾക്ക് കരുത്തുപകരാനുമാണ്‌ പ്രധാനമന്ത്രി ശ്രദ്ധിച്ചത് എന്നതോർക്കുക. 4,500 കോടിയുടെ റെയിൽ-മെട്രോ പ്രൊജക്ടാണ് മോദിജി അനുവദിച്ചത്. തിരുവോണ ദിവസം കൊച്ചി മെട്രോ കാക്കനാട് ഇൻഫോപാർക്ക് വരെ നീട്ടിയത് അക്ഷരാർത്ഥത്തിൽ മലയാളികൾക്കുള്ള പ്രധാനമന്ത്രിയുടെ ഓണസമ്മാനവുമായി. 70,000 കോടിയുടെ റോഡ് വികസന പദ്ധതികൾ ഉൾപ്പെടെ ഒരു ലക്ഷം കോടിയുടെ വലിയ പദ്ധതികളാണ് കേരളത്തിൽ കേന്ദ്രസർക്കാർ നടപ്പിലാക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NARENDRA MODI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.