SignIn
Kerala Kaumudi Online
Saturday, 27 April 2024 9.27 AM IST

ദേശീയ ആസ്‌തി സമാഹരണ പദ്ധതി: വേണം നിർവഹണത്തിൽ ശ്രദ്ധ

photo

ഇന്ത്യയ്ക്ക് അടിസ്ഥാനസൗകര്യ വികസനത്തിന് വൻതോതിലുള്ള മുതൽമുടക്ക് ആവശ്യമുണ്ട്. അടിസ്ഥാനസൗകര്യ വികസനത്തിനായുള്ള പദ്ധതിയാണ് 2020-25 കാലയളവിലേക്കായി 111 ലക്ഷം കോടി രൂപയുടെ മുതൽമുടക്ക് ഉദ്ദേശിക്കുന്ന ദേശീയ അടിസ്ഥാനവികസന പൈപ്പ്‌ലൈൻ. ഈ പദ്ധതിക്കുവേണ്ട ചെലവിന്റെ 39 ശതമാനം വരേണ്ടത് കേന്ദ്രസർക്കാരിൽ നിന്നാണ്. ഇതിനുള്ള ധനസമാഹരണമാണ് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച നാഷണൽ അസറ്റ് മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ.

ഉടമസ്ഥാവകാശം സർക്കാരിന്

ദേശീയ ആസ്‌തി സമാഹരണ പദ്ധതിക്ക് കീഴിൽ റോഡുകൾ, റെയിൽവേ, ഊർജോത്പാദന രംഗങ്ങളിൽ നിലവിലുള്ള ആസ്‌തികൾ സ്വകാര്യമേഖലയ്ക്ക് നിശ്‌ചിതകാലത്തേക്ക് നടത്തിപ്പിന് നൽകുകയാണ് ചെയ്യുന്നത്. ഈ ആസ്‌തികൾ ഉപയോഗപ്പെടുത്തുന്ന സ്വകാര്യമേഖല, കാലാവധി കഴിയുമ്പോൾ അത് സർക്കാരിനെ തിരിച്ചേല്‌പിക്കും. ആസ്‌തികളുടെ ഉടമസ്ഥാവകാശം സർക്കാരിൽത്തന്നെ നിലകൊള്ളുന്നതിനാൽ ദേശീയ ആസ്‌തികൾ സർക്കാർ വിറ്റുതുലയ്ക്കുന്നു എന്ന ആരോപണത്തിന് പ്രസക്‌തിയില്ലാതാകുന്നു.

ധനസമാഹരണത്തിനുള്ള ആസ്‌തികൾ

2021 മുതൽ 2025 വരെയുള്ള നാലുവർഷക്കാലത്തേക്ക് ലക്ഷ്യമിടുന്ന പദ്ധതിയിലൂടെ ആറുലക്ഷം കോടി രൂപ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. 2022 സാമ്പത്തിക വർഷം 88,000 കോടി രൂപ പ്രതീക്ഷിക്കുന്നു. ഇതിനായി റോഡുകൾ, റെയിൽവേ, ഊർജോത്പാദന വിതരണ മേഖല, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ടെലികോം, വാതക പൈപ്പ്‌ലൈൻ, ഖനനം, വെയർഹൗസുകൾ, സ്‌റ്റേഡിയങ്ങൾ, വ്യോമയാനം, ഹോസ്‌പിറ്റാലിറ്റി തുടങ്ങിയ 20 ആസ്‌തി വർഗങ്ങളാണ് തിരഞ്ഞെടുത്തിട്ടുള്ളത്.

എന്നാൽ, സമാഹരിക്കുന്ന പണത്തിന്റെ സിംഹഭാഗവും പ്രതീക്ഷിക്കുന്നത് റോഡുകൾ, റെയിൽവേ, ഊർജ മേഖലകളിൽ നിന്നാണ്.

ലക്ഷ്യങ്ങളും യുക്തിയും

എൻ.എ.എം.പി അഥവാ നാഷണൽ അസറ്റ് മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ എന്ന് പേര് നൽകിയിട്ടുള്ള പദ്ധതിയുടെ ലക്ഷ്യം പ്രധാനമായും ദ്വിമുഖമാണ്. ഒന്ന്, പുതിയ അടിസ്ഥാനസൗകര്യ വികസന നിക്ഷേപത്തിനായുള്ള വിഭവസമാഹരണം. രണ്ട്, നിലവിലുള്ള പദ്ധതികളുടെ നടത്തിപ്പിലെ കാര്യക്ഷമത വർദ്ധിപ്പിക്കുക.

സ്‌റ്റേഡിയങ്ങൾ, സംഭരണശാലകൾ തുടങ്ങിയ പല ആസ്‌തികളും വേണ്ടതുപോലെ ഉപയോഗിക്കപ്പെടുന്നില്ല. ആസ്‌തി സമാഹരണത്തിലൂടെ ഇതിന്റെ ഉപയോഗ നിലവാരം വർദ്ധിപ്പിക്കുകയും മൂല്യം ഉറപ്പാക്കുകയും ചെയ്യും. അടിസ്ഥാന സൗകര്യ ആസ്‌തികൾ കൈകാര്യം ചെയ്യുന്നതിൽ സ്വകാര്യമേഖലയാണ് കൂടുതൽ കാര്യക്ഷമത പ്രകടിപ്പിക്കുന്നത് എന്നത് തെളിയിക്കപ്പെട്ട വസ്‌തുതയാണ്.

മാതൃകകൾ

ഇതിനായി പ്രവർത്തിപ്പിച്ച് സംരക്ഷിച്ച് കൈമാറുക (ഒ.എം.ടി), ടോൾവാങ്ങി പ്രവർത്തിപ്പിച്ച് കൈമാറുക (ടി.ഒ.ടി) തുടങ്ങിയ മാതൃകകളുണ്ട്. വ്യത്യസ്‌ത പദ്ധതികൾക്ക് വ്യത്യസ്‌ത മാതൃകകളാണുപയോഗിക്കുക. ആഗോളാടിസ്ഥാനത്തിലുള്ള നിക്ഷേപകർ ഉൾപ്പെടെയുള്ളവർക്കാണ് പദ്ധതി കൈമാറുക.

ഇന്ന് ലോകമെങ്ങും കുറഞ്ഞ പലിശനിരക്കിൽ വൻതോതിൽ ലഭ്യമാകുന്ന പണം ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. നാട്ടിലും വായ്‌പയ്ക്ക് ബാങ്ക് പലിശനിരക്ക് കുറവായതിനാൽ ഇങ്ങനെ സമാഹരിക്കുന്ന പണവും ഉപയോഗിക്കാൻ കഴിയും. റിയൽ എസ്റ്റേറ്റ് നിക്ഷേപ ട്രസ്‌റ്റുകൾ (ആർ.ഇ.ഐ.ടി), അടിസ്ഥാനവികസന നിക്ഷേപ ട്രസ്‌റ്റുകൾ (ഐ.എൻ.വി.എൽ.ടി) തുടങ്ങിയ നവീനപദ്ധതികളിലൂടെ ഇന്ത്യയിലെ സ്വകാര്യമേഖല ഇപ്പോൾ തന്നെ ധനസമാഹരണം നടത്തുന്നുണ്ട്.

വളർച്ചയുടെ ധാർമ്മികചക്രം

ദേശീയ ആസ്‌തി ധനസമാഹരണ പദ്ധതിയുടെ സഹായത്തോടെ നടപ്പാക്കുന്ന ദേശീയ അടിസ്ഥാന വികസനപദ്ധതിക്ക് പുതിയ സാമ്പത്തിക വികസന ചക്രത്തിന് മികച്ച തുടക്കമിടാൻ കഴിയും. അടിസ്ഥാനസൗകര്യ മേഖലയിൽ വൻതോതിൽ മുടക്കുന്ന പണം സാമ്പത്തിക വളർച്ചയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കും.

ഉയർന്ന സാമ്പത്തിക വളർച്ചയാകട്ടെ പുതിയ അടിസ്ഥാനസൗകര്യ വികസനത്തിന് കൂടുതൽ വിഭവങ്ങൾ സമാഹരിക്കാനും സഹായിക്കും. വളർച്ചയുടെ ഈ പുതിയ ചക്രം ലക്ഷക്കണക്കിന് തൊഴിലുകൾ സൃഷ്‌ടിക്കുകയും അത് ഡിമാൻഡ് വർദ്ധിപ്പിക്കാൻ സഹായിക്കുകയും അതുവഴി കൂടുതൽ വളർച്ചയുണ്ടാവുകയും ചെയ്യും.

നടപ്പാക്കുക വെല്ലുവിളി

ഒരു ആശയം എന്ന നിലയിൽ വളരെ നല്ലതാണ് ഈ പദ്ധതി. എന്നാൽ, പ്രയോഗത്തിൽ ഇതെത്ര മെച്ചമായിരിക്കും എന്നത് അതു നടപ്പാക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. മാറിമാറി വന്ന സർക്കാരുകൾ പ്രഖ്യാപിച്ചിട്ടുള്ള പല വൻപദ്ധതികളും അതുകാര്യക്ഷമമായി നടപ്പാക്കാത്തതുകൊണ്ട് ഉദ്ദേശിച്ച ഫലം നൽകിയിട്ടില്ല. നടപടിക്രമങ്ങളിലെ കാലതാമസം കാര്യങ്ങൾ അട്ടിമറിക്കാം.

കരാറുകളിലൂടെ കുത്തകകൾ കടന്നുവരാതിരിക്കാൻ ശ്രദ്ധിക്കണം. നാലുവർഷത്തിനകം ആറുലക്ഷം കോടി രൂപ സമാഹരിക്കുക എന്നത് ഭഗീരഥ പ്രയത്നം തന്നെയാണ്. പൂർണമായും ലക്ഷ്യത്തിലെത്തിയില്ലെങ്കിൽ പോലും ഇന്ത്യയുടെ വളർച്ചയ്ക്കും വികസനത്തിനും ഗുണകരമായിരിക്കും ഈ പദ്ധതി.

(ലേഖകൻ ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ ചീഫ് ഇൻവെസ്‌റ്റ്‌മെന്റ് സ്‌ട്രാറ്റജിസ്‌റ്റാണ് )​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIRMALA SITHARAMAN, ASSET MONETIZATION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.