SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.52 PM IST

നിവർത്തന പ്രക്ഷോഭം; 90 വർഷം പിന്നിടുമ്പോൾ

c-kesavan

തിരുവിതാംകൂർ സർക്കാർ സർവീസിലും നിയമസഭയിലും നിലനിന്നിരുന്ന സവർണഹിന്ദു ആധിപത്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇൗഴവ, ക്രിസ്ത്യൻ, മുസ്ളിം സമുദായങ്ങൾ 1933 ജനുവരി 25ന് ആരംഭിച്ച പ്രക്ഷോഭമാണ് നിവർത്തനപ്രക്ഷോഭം. നിവർത്തനമെന്ന പദത്തിന് നിസഹകരണം എന്നാണർത്ഥം. പ്രക്ഷോഭത്തിൽ നേരിട്ട് പങ്കെടുത്ത ഏകസംഘടന എസ്.എൻ.ഡി.പി യോഗമായിരുന്നു. പ്രകടനങ്ങളിലും പൊതുയോഗങ്ങളിലും പങ്കെടുത്തവരിൽ ബഹുഭൂരിപക്ഷവും യോഗം പ്രവർത്തകരായിരുന്നു. അതുകൊണ്ടുതന്നെ എസ്.എൻ.ഡി.പി യോഗം ക്രിസ്ത്യൻ, മുസ്ളിം സമുദായങ്ങളുമായി സഹകരിച്ച് നടത്തിയ പ്രക്ഷോഭമെന്ന് വിശേഷിപ്പിക്കുന്നതാകും കൂടുതൽ ശരി. ടി.എം. വർഗീസ്, സി. കേശവൻ, പി.കെ. വേലായുധൻ, പി.കെ.കുഞ്ഞ് എന്നിവരായിരുന്നു മുൻനിര നേതാക്കൾ.

വലിയ സമ്മേളനങ്ങൾ, ഘോഷയാത്രകൾ, വീറുറ്റ പ്രസംഗങ്ങൾ ഇവയെല്ലാം പ്രക്ഷോഭത്തിന്റെ തീവ്രത വർദ്ധിപ്പിച്ചു. സർക്കാരും പ്രതികാര നടപടികളുമായി മുന്നോട്ടുവന്നു. കോട്ടയം ഇത്തിപ്പുഴ പാലമൂട്ടിന് സമീപം കൂടിയ സമ്മേളനത്തിൽ വിദ്വേഷപ്രസംഗം നടത്തിയെന്നാരോപിച്ച് സി.കേശവൻ, വി.കെ. വേലായുധൻ, കെ.ആർ. നാരായണൻ എന്നിവർ കോട്ടയം ജില്ലയിൽ പ്രവേശിക്കുന്നത് നിരോധിച്ചുകൊണ്ട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.

പ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗത്തിന്റെ പേരിൽ സി. കേശവനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് 1935 ജൂൺ എട്ടിനാണ്. ആലപ്പുഴയിലെ അറസ്റ്റിനെ തുടർന്ന് ആലപ്പുഴ പട്ടണത്തെ വിറപ്പിച്ചുകൊണ്ട് 25000 ഒാളം പ്രതിഷേധക്കാർ സർക്കാർവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചും കരിങ്കൊടിവീശിയും ആലപ്പുഴയിലെ തെരുവീഥികളിലൂടെ പ്രകടനം നടത്തി. മഹാരാജാവിനെയും ദിവാനെയും വെല്ലുവിളിച്ചും കടകളടച്ച് ഹർത്താലാചരിച്ചും സംസ്ഥാനത്ത് ആദ്യ സംഭവമായിരുന്നു അത്. സി.കേശവന്റെ അറസ്റ്റ് നിവർത്തനപ്രക്ഷോഭത്തെ തളർത്തിയില്ല. യോഗം ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത യുവാവായ വി.കെ. വേലായുധന്റെ നേതൃത്വത്തിൽ പ്രക്ഷോഭം രൂക്ഷമായി.

1935 ൽ ബ്രിട്ടീഷ് പാലർമെന്റ് പാസാക്കിയ "ഗവൺമെന്റ് ഒഫ് ഇന്ത്യ ആക്ട് " ലെ വ്യവസ്ഥകൾ പ്രകാരം തിരുവിതാംകൂറിൽ ഒരു പബ്ളിക് സർവീസ് കമ്മിഷൻ രൂപീകരിക്കണമെന്ന ആവശ്യം പ്രക്ഷോഭകർ മുന്നോട്ടുവച്ചു. നിവർത്തന പ്രക്ഷോഭത്തോടൊപ്പം താഴ്ന്നജാതിക്കാരുടെ ക്ഷേത്രപ്രവേശനത്തിന് വേണ്ടിയുള്ള പ്രക്ഷോഭവും എസ്.എൻ.ഡി.പി യോഗം ശക്തിപ്പെടുത്തി. ക്ഷേത്രപ്രവേശനം അനുവദിച്ചില്ലെങ്കിൽ ഇൗഴവർ ഒന്നടങ്കം ഹിന്ദുമതം ഉപേക്ഷിച്ച് സ്വതന്ത്രസമുദായമായി മാറുമെന്ന് യോഗം പ്രഖ്യാപിച്ചു. ആരാധിക്കാൻ ദൈവമില്ലാത്ത സ്വതന്ത്രസമുദായം പ്രായോഗികമല്ലെന്ന് തിരിച്ചറിഞ്ഞ നേതൃത്വം ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനമെന്ന ആശയത്തിലേക്ക് ചുവടുമാറ്റി.

ജനസംഖ്യയിൽ ഒന്നാംസ്ഥാനത്തുള്ള ഇൗഴവർ നിരന്തരം സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങളിൽ ഏർപ്പെടുന്നതും മതപരിവർത്തനം നടത്തുന്നതും ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ മുൻകൂട്ടിക്കണ്ട സർക്കാർ പ്രക്ഷോഭകരുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് കീഴടങ്ങലിന് തയ്യാറായി.

1.ഹൈക്കോടതി ജഡ്ജി ഇ.ഡി.നോക്സ് കമ്മിഷണറായി ഒരു പബ്ളിക് സർവീസ് കമ്മിഷൻ രൂപീകരിച്ചു. ഇന്ത്യൻ നാട്ടുരാജ്യങ്ങളിലെ ആദ്യത്തെ പി.എസ്.സി ആയിരുന്നു അത്.

2. തിരഞ്ഞെടുപ്പ് ചട്ടങ്ങൾ സമൂലം പരിഷ്കരിച്ചു. ഏതാനും നിയമസഭാസീറ്റുകൾ താഴ്ന്ന ജാതിക്കാർക്കായി സംവരണം ചെയ്തു.

3. താഴ്ന്ന ജാതിക്കാർക്ക് സർക്കാർ ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിക്കുന്ന വിജ്ഞാപനം വിളംബരം ചെയ്തു.

90 വർഷം പിന്നിടുമ്പോൾ

സാമൂഹ്യനീതിക്കും ജാതിസമത്വത്തിനും വേണ്ടി 1933-1936 കാലഘട്ടത്തിൽ നടന്ന നിവർത്തനപ്രക്ഷോഭത്തിന് നേതൃത്വം നൽകിയത് ഇൗഴവ, ക്രിസ്ത്യൻ, മുസ്ളിം സമുദായങ്ങളായിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുകയും പാർലമെന്ററി ജനാധിപത്യം നടപ്പിലാക്കുകയും ചെയ്തതോടെ കേരളത്തിലെ ജാതിസമവാക്യങ്ങൾ മാറിമറിഞ്ഞ അവസ്ഥയിലായി. ക്രിസ്ത്യൻ, മുസ്ളിം സമുദായങ്ങൾ തങ്ങളുടെ സംഘടനാശക്തിയുടെ പിൻബലത്തിൽ സാമുദായിക വോട്ടുബാങ്കുകൾ സൃഷ്ടിച്ച് രാഷ്ട്രീയ പാർട്ടികളോട് വിലപേശുന്നതാണ് പിന്നീട് നാം കണ്ടത്. സംസ്ഥാനത്തെ 21 അംഗ മന്ത്രിസഭയിൽ ജനസംഖ്യയുടെ 50 ശതമാനം വരുന്ന നായർ, ക്രിസ്ത്യൻ, മുസ്ളിം സമുദായങ്ങൾക്ക് ലഭിച്ചത് 15 മന്ത്രിസ്ഥാനങ്ങളാണ്.

ഏതാണ്ട് അത്രത്തോളംതന്നെ ജനസംഖ്യാ പ്രാതിനിധ്യമുള്ള ഹിന്ദുപിന്നാക്ക വിഭാഗങ്ങൾക്കു ലഭിച്ചതാകട്ടെ ആറുമന്ത്രിമാർ മാത്രം. നിയമസഭയിലും കേരളത്തിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങളിലും പിന്നാക്ക പ്രാതിനിധ്യം ഇതിലും ദയനീയമാണ്. പട്ടികവിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള 14 നിയമസഭാ സീറ്റുകളും രണ്ട് ലോക്‌സഭാ സീറ്റുകളും മാറ്റിനിറുത്തിയാൽ മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം അങ്ങേയറ്റം പരിതാപകരമാണ്.

എയ്ഡഡ് വിദ്യാലയങ്ങൾ

സംസ്ഥാനത്തെ 8500 ൽപ്പരം സ്വകാര്യ എയ്ഡഡ് വിദ്യാലയങ്ങളിൽ ബഹുഭൂരിപക്ഷവും ക്രിസ്ത്യൻ, നായർ, മുസ്ളിം മാനേജ്മെന്റുകളുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. ഇൗ സ്ഥാപനങ്ങളിലെ ഒന്നേകാൽ ലക്ഷത്തോളം തസ്തികകളിലെ നിയമനങ്ങൾ കോഴയുടെ കനവും ഉദ്യോഗാർത്ഥിയുടെ സമുദായവും പരിഗണിച്ചാണ് നടന്നുവരുന്നത്. വിരലിലെണ്ണാവുന്ന മാനേജ്മെന്റുകൾ മാത്രമാണ് ഇതിനൊരപവാദം. എയ്‌ഡഡ് ജീവനക്കാരുടെ ശമ്പളത്തിനും ആനുകൂല്യങ്ങൾക്കുമായി സർക്കാർ ഖജനാവിൽനിന്ന് ചെലവിടുന്ന 15000 കോടിയിലധികം രൂപ മൂന്ന് പ്രബലസമുദായങ്ങൾ വീതിച്ചെടുക്കുന്നതിനെതിരെ ഒരക്ഷരം ഉരിയാടാൻ രാഷ്ട്രീയ മേലാളന്മാരുടെ നാവ് ഉയരില്ല.

1933 ജനുവരി 25ന് ആരംഭിച്ച നിവർത്തനപ്രക്ഷോഭം, എല്ലാ അവകാശങ്ങളും നേടിയെടുത്തുകൊണ്ടാണ് പര്യവസാനിച്ചത്. നേതാക്കളുടെ ഇച്ഛാശക്തിയും നിസ്വാർത്ഥതയും ത്യാഗസന്നദ്ധതയുമാണ് അവരുടെ പിന്നിൽ ജനങ്ങൾ അണിനിരക്കാനും പ്രക്ഷോഭം വിജയിക്കാനും കാരണമായത്. ഒൻപത് ദശാബ്ദങ്ങൾക്കിപ്പുറം അവഗണനയുടെ പടുകുഴിയിൽ വീണുകിടക്കുന്ന പിന്നാക്ക ജനവിഭാഗങ്ങളെ കൈപിടിച്ചുയർത്താനും അവരുടെ ന്യായമായ അവകാശങ്ങൾക്ക് വേണ്ടി പോരാടാനും കെല്പുള്ള നേതൃത്വം ഉയർന്നുവരുമെന്ന് ആശിക്കാം.

ലേഖകൻ മുൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ ഫോൺ: 9446472520

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIVARTHANA AGITATION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.