SignIn
Kerala Kaumudi Online
Monday, 01 September 2025 12.20 PM IST

നടുത്തള സത്യഗ്രഹത്തിനൊടുവിൽ എല്ലാം എരിഞ്ഞടങ്ങി

Increase Font Size Decrease Font Size Print Page

niyamasabha

പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം പ്രതിപക്ഷത്തിന്റെ നടുത്തള സത്യഗ്രഹം വരെയോളമെത്തിയ ശേഷം എരിഞ്ഞടങ്ങി. ഇനിയും ഒരാഴ്ചകൂടി സമ്മേളനം നീളേണ്ടതായിരുന്നു. സത്യഗ്രഹം സൃഷ്ടിച്ച അസാധാരണ സാഹചര്യത്തിൽ ആ ഒരാഴ്ചക്കാലത്തെ കാര്യപരിപാടികളെല്ലാം ഒറ്റയടിക്ക് സഭയിലേക്കെത്തി. അവയ്ക്ക് സുഗമമായി കടന്നുപോകാൻ സഭാചട്ടങ്ങൾ വഴിമാറിക്കൊടുത്തു. ചട്ടങ്ങൾ വഴിമാറി നിൽക്കുമ്പോൾ ചില ബില്ലുകളൊക്കെ പുഷ്പം പറിച്ചെടുക്കുന്ന ലാഘവത്തോടെ സഭ പാസാക്കി വിട്ടു. രണ്ട് ധനകാര്യ ബില്ലുകളും സ്വകാര്യവനങ്ങൾ നിക്ഷിപ്തമാക്കലും പതിച്ചുകൊടുക്കലും ഭേദഗതി ബില്ലും സബ്ജക്ട് കമ്മിറ്റിക്ക് വിടാതെ അവതരിപ്പിച്ച് പാസാക്കി. സെലക്ട് കമ്മിറ്റി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെന്ന് തെളിവെടുപ്പുകളൊക്കെ നടത്തിയതും 150 മണിക്കൂറിലേറെ ചർച്ച നടത്തിയെന്ന് ആരോഗ്യമന്ത്രി തന്നെ അവകാശപ്പെട്ടതുമായ പൊതുജനാരോഗ്യ ബിൽ പാസാകാൻ മൂന്ന് മിനിറ്റേ വേണ്ടിവന്നുള്ളൂ. അങ്ങനെ അടുത്ത ഏഴ് ദിവസങ്ങളിലായി പരിഗണിക്കേണ്ട അജൻഡകളൊക്കെ ഏതാണ്ട് മുക്കാൽ മണിക്കൂറിനുള്ളിൽ സഭ അംഗീകരിച്ചെടുക്കുന്നത് കണ്ടുകൊണ്ടാണ് നിയമസഭാസമ്മേളനം അനിശ്ചിതകാലത്തേക്ക് ഇന്നലെ പിരിഞ്ഞത്.

അങ്ങനെ ചട്ടങ്ങൾ വിലക്കാനുള്ളതല്ല, വഴിമാറി കൊടുക്കാനുമുള്ളതാണെന്ന് ബോദ്ധ്യമായി. സമ്പൂർണബഡ്ജറ്റ് പാസായി കിട്ടിയെന്ന ആശ്വാസം ഭരണപക്ഷത്തിന്. പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ ഹനിക്കുന്ന അവസ്ഥയ്ക്ക് ഇതുവരെ പരിഹാരമായിട്ടില്ലെന്ന് പറഞ്ഞാണ് ഏതാനും ദിവസങ്ങളിലായി തുടരുന്നത് പോലെതന്നെ ഇന്നലെയും ചോദ്യോത്തരവേളയിൽ പ്രതിപക്ഷം പ്രതിഷേധമാരംഭിച്ചത്. അഞ്ച് പ്രതിപക്ഷ എം.എൽ.എമാർ സഭയ്ക്കകത്ത് അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കുന്നതായി തുടക്കത്തിലേ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പ്രഖ്യാപിച്ചു.

ഉമ തോമസ്, ടി.ജെ. വിനോദ്, അൻവർ സാദത്ത്, കുറുക്കോളി മൊയ്തീൻ, എ.കെ.എം. അഷറഫ് എന്നിവരായിരുന്നു സത്യഗ്രഹികൾ. അവർക്ക് പിന്തുണയുമായി മറ്റുള്ളവരും നടുത്തളത്തിൽ കുത്തിയിരുന്നു. ഇടയ്ക്കിടയ്ക്ക് മുദ്രാവാക്യം വിളിച്ചും ഇടയ്ക്കിടെ മിണ്ടാതിരുന്നും സമരം തുടർന്നു.

പ്രതിപക്ഷത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടിയാലോചനകൾക്ക് മുഖ്യമന്ത്രിയും സ്പീക്കറും മുൻകൈയെടുക്കേണ്ടതാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. തങ്ങളൊക്കെ ഈ സ്ഥാനങ്ങളിലിരുന്നപ്പോൾ കൂടിയാലോചനകൾ നടത്തിയതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പക്ഷേ ആരും ചെവിക്കൊണ്ടില്ല.

പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിൽ സ്പീക്കർ എ.എൻ. ഷംസീർ അതീവ ഖിന്നനായിരുന്നു. പൂച്ചയ്ക്കാര് മണി കെട്ടുമെന്ന് അദ്ദേഹം ചോദിച്ചു. അദ്ദേഹം തന്നെ ഉത്തരം നൽകി. പൂച്ചയ്ക്ക് മണികെട്ടാൻ ചെയർ തയാർ. ചെയറിനെ നിഷേധിക്കുന്നതും പുറത്ത് അധിക്ഷേപിച്ച് വാർത്താസമ്മേളനം നടത്തുന്നതുമൊന്നും ശരിയല്ലെന്ന് സ്പീക്കർ പറഞ്ഞു.

പ്രതിപക്ഷനേതൃനിര പുനർചിന്തനത്തിന് തയാറാകണമെന്ന സ്പീക്കറുടെ അഭ്യർത്ഥന ബധിരകർണങ്ങളിലാണ് പതിച്ചത്. 9.54ന് ചോദ്യോത്തരവേളയുടെ അവശേഷിച്ച ഭാഗം റദ്ദാക്കി സ്പീക്കർ അടുത്ത നടപടികളിലേക്ക് കടന്നു. ഈ മാസം 30വരെ തുടരാനുള്ള കാര്യോപദേശകസമിതി തീരുമാനത്തിൽ ഇളവ് വരുത്തുന്ന ഭേദഗതി റിപ്പോർട്ട് മുഖ്യമന്ത്രി അവതരിപ്പിച്ചു.

അങ്ങനെ എല്ലാം തീർന്നശേഷം എട്ടാം സമ്മേളനം 'വിജയിപ്പിക്കാൻ' സഹകരിച്ച ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും നന്ദിയറിയിക്കാൻ സ്പീക്കർ മറന്നില്ല!

ഷേക്സ്പീരിയൻ ട്രാജഡികളിലെ കോമിക് റിലീഫ് പോലെ: സഭാദുരന്ത നാടകത്തിനിടയിൽ മുൻമന്ത്രി ഇ. ചന്ദ്രശേഖരൻ വക വിശദീകരണം ഭരണകക്ഷിയിലെ വേറിട്ട ശബ്ദമായി. 2016 ലെ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ ആർ.എസ്.എസുകാരുടെ ആക്രമണത്തിൽ കൈയ്ക്ക് പരിക്കേറ്റ തനിക്ക് കേസിൽ നേരിടേണ്ടിവന്ന ദുർഗതിക്ക് കാരണം നാട്ടിലെ സി.പി.എമ്മുകാരുടെ കൂറുമാറ്റമാണെന്ന് ചന്ദ്രശേഖരൻ വിശദീകരിച്ചു. സി.പി.എമ്മുകാരെന്ന് തെളിച്ച് പറഞ്ഞില്ല. സാക്ഷികളുടെ കൂറുമാറ്റമെന്നേ പറഞ്ഞുള്ളൂ. 'വർണ്യത്തിലാശങ്ക' വേണ്ടാത്തത് കാരണം, സി.പി.എം നിര മൂകസാക്ഷികളായി നോക്കിനിന്നു. നടുത്തളസമരത്തിലായിരുന്ന പ്രതിപക്ഷം കൈയടിച്ച് ചന്ദ്രശേഖരനെ പിന്തുണച്ചു!

TAGS: NIYAMASABHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.