SignIn
Kerala Kaumudi Online
Friday, 26 April 2024 3.33 PM IST

ധനാഭ്യർത്ഥനകളുടെ സമ്മർദ്ദങ്ങളും ഷംസീറിന്റെ മാസ്കും

niyamasabha

'പാദം പാദം വച്ചാൽ, കാതം കാതം പോകാം' എന്ന ഉദ്ബോധനം ഫലവത്താണെന്ന് സഭ തെളിയിച്ചു. ധനാഭ്യർത്ഥന ചർച്ചയിലേക്ക് കടക്കും മുമ്പ് സഭയുടെ ഇന്നലത്തെ 'കൃത്യാന്തരബാഹുല്യം' സ്പീക്കർ എം.ബി. രാജേഷ് ഓർമ്മിപ്പിച്ചു. ആറ് ധനാഭ്യർത്ഥനകൾ,​ എട്ട് മന്ത്രിമാരുടെ മറുപടിപ്രസംഗങ്ങൾ,​ ഇരുപത് പേരുടെ പ്രസംഗങ്ങൾ. എല്ലാറ്റിനും ചേർത്ത് മൂന്ന് മണിക്കൂർ!. സമയത്തിന് തീർത്താൽ അതും കഴിഞ്ഞ് സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങിലും പങ്കെടുക്കാം. എന്തേ?

'സാഹചര്യത്തിന്റെ സമ്മർദ്ദത്താൽ' ഏത് നരഭോജിയും സസ്യഭുക്കാവുമല്ലോ. അതിനാൽ സാമാജികരും അനുസരണയുള്ള കുട്ടികളാവാൻ നിർബന്ധിതരായി. ഒന്നോ രണ്ടോ പേർക്ക് സമയത്തിന്റെ അതിർവരമ്പിനകത്ത് പ്രസംഗം ഒതുക്കിത്തീർക്കാൻ പെടാപ്പാട് പെടേണ്ടി വന്നെങ്കിലും ആരും അവതാളത്തിന് മെനക്കെട്ടില്ല. പ്രയോജനമില്ലെന്ന തിരിച്ചറിവുമുണ്ടായിട്ടുണ്ടാകാം.

വിദ്യാഭ്യാസം, സാംസ്കാരികം, കായികം, തൊഴിൽ, പട്ടികജാതി-വർഗ-പിന്നാക്ക-ന്യൂനപക്ഷ ക്ഷേമം, മൃഗസംരക്ഷണം, ക്ഷീരവികസനം, സാമൂഹ്യനീതി എന്നിങ്ങനെയുള്ള വകുപ്പുകളെല്ലാം ചേർത്തുള്ള ആറ് ധനാഭ്യർത്ഥനകൾ. എല്ലാം ചേർത്തുള്ള കോക്ക്ടെയിൽ പ്രസംഗത്തിന് മുതിരാതെ ചില പ്രത്യേക മേഖലയെയെടുത്ത് കൈകാര്യം ചെയ്യാനാണ് പലരും ശ്രദ്ധിച്ചത്. അത്രയൊക്കെയല്ലേ പറ്റൂ!

നവ ലിബറൽ നയത്തിന്റെ വക്താക്കളായ യു.ഡി.എഫുകാർക്ക് ബദൽനയങ്ങൾ ഉൾക്കൊള്ളാനാവാത്തതിനാലാണ് ഈ സർക്കാരിന്റെ തൊഴിലാളിക്ഷേമ നടപടികളെ പ്രതിപക്ഷം പിന്തുണയ്ക്കാത്തതെന്ന് സ്വയം സമാധാനിപ്പിച്ചത് പി. നന്ദകുമാറാണ്. പട്ടികവർഗക്കാരുടെ കാര്യത്തിലെ അനാസ്ഥ ഉദ്യോഗസ്ഥർ അവസാനിപ്പിച്ചില്ലെങ്കിൽ ഒരിക്കലും ആദിവാസികൾ രക്ഷപ്പെടാൻ പോകുന്നില്ലെന്ന് ഐ.സി. ബാലകൃഷ്ണന് തീർച്ചയുണ്ട്.

യു.ഡി.എഫിന്റെ ആദിവാസികളോടുള്ള മനോഭാവം തെളിയിക്കാൻ ഒ.ആർ. കേളുവിന് ആയുധം മുത്തങ്ങയായിരുന്നു. ആദിവാസിയായ ജോഗിയെ വെടിവച്ച് കൊന്നത് യു.ഡി.എഫ് മറക്കരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ഈ സർക്കാരിനെ ചിലർ പെറ്റി സർക്കാർ എന്ന് വിശേഷിപ്പിച്ചേക്കാമെങ്കിലും കേരളത്തിലെ കുട്ടികൾ വാട്ട് എ പിറ്റി സർക്കാർ ദിസ് എന്ന് പറയുന്നത് കേൾക്കുമ്പോൾ പ്രമോദ് നാരായണന് എന്തെന്നില്ലാത്ത ആത്മനിർവൃതിയുണ്ടായി. പെറ്റി സർക്കാരെന്ന് വിളിക്കുന്ന ആ ചിലർ ആരെന്ന് അദ്ദേഹം എടുത്തുപറഞ്ഞില്ല. പക്ഷേ നോട്ടം പ്രതിപക്ഷനിരയിലെ 'ചിലരി'ലേക്ക് പതിപ്പിച്ചു. മാറിയ കാലത്തിനനുസരിച്ചുള്ള വിദ്യാഭ്യാസരീതികളിലേക്ക് അദ്ദേഹം ഭാവനാപൂർണമായ സ്വപ്നങ്ങളും പങ്കുവച്ചു.

സാംസ്കാരികരംഗത്തെ അക്കാഡമികളിലും മറ്റും നിലനിൽക്കുന്ന ജാതി-വർണ വിവേചനങ്ങൾ ഇടതുപക്ഷമെന്നവകാശപ്പെടുന്ന സർക്കാരിന് ഭൂഷണമല്ലെന്നാണ് കെ.കെ. രമയുടെ അഭിപ്രായം. ക്രിയാത്മക പ്രതിപക്ഷമാകുമെന്ന് പറഞ്ഞവർ തെറ്റായ പ്രചാരവേലയേറ്റെടുക്കുന്ന ഏജൻസിയായി മാറുന്നത് കെ.എം. സച്ചിൻദേവ് വേദനയോടെ കണ്ടു. രണ്ടര ഇഞ്ച് സ്ക്രീനിലേക്ക് കുഞ്ഞുങ്ങളുടെ മനസിനെയും ചിന്തകളെയും കൊണ്ടുവരുന്നതിൽ കെ.ബി. ഗണേശ് കുമാർ വിഷമിക്കുന്നു. അതുകൊണ്ട് സ്കൂൾ തുറക്കാനെന്തെങ്കിലും വഴിയ അദ്ദേഹം തേടി. രോഗവ്യാപനം ഇനി കൂടുന്നില്ലെങ്കിൽ തിയേറ്ററുകൾ കൂടി തുറന്നുകൊടുക്കാനും സിനിമാനടനായ അദ്ദേഹം അതിനിടയിൽ അഭ്യർത്ഥിച്ചു. ഓരോ മാസ്കിനും പിറകിൽ ദു:ഖകരമായ മുഖമുണ്ടെന്ന് ഓർമ്മിപ്പിച്ച് കലാകാരന്മാരുടെ ഇപ്പോഴത്തെ ദൈന്യതയിലേക്ക് എം.മുകേഷ് കടന്നു. കഥ പറച്ചിലിൽ കെങ്കേമനായ അദ്ദേഹം, ഒളിമ്പ്യൻ സുരേഷ്ബാബുവിനെ നാട്ടിൽ വച്ച് ആദ്യമായി ലോംഗ്ജംബ് ചാടിച്ചതും സന്തോഷ് ട്രോഫി കിരീടം ചൂടിയ കേരള ടീമിന്റെ ക്യാപ്റ്റൻ മണിയുടെ ഓട്ടോഗ്രാഫ് സ്വന്തമായി എഴുതിയുണ്ടാക്കിയതുമെല്ലാം രസകരമായി വിവരിച്ചു.

പിണറായി സർക്കാരിന്റെ പൊലീസിന് ഭ്രാന്ത് പിടിച്ചോയെന്ന് എൻ. ഷംസുദ്ദീൻ സംശയിച്ചു. കഴിഞ്ഞ ദിവസത്തെ ലോക ആദിവാസിദിനാചരണം പിണറായി സർക്കാർ ആഘോഷിച്ചത് അട്ടപ്പാടിയിലെ വട്ടളക്കി ഊരിലെത്തി ചൊറിയൻ മൂപ്പനെയും മക്കളെയും മർദ്ദിച്ചുകൊണ്ടാണത്രെ. അർജുൻ ആയങ്കിയെയും മരംമുറി ബ്രദേഴ്സിനെയും കരുവന്നൂർ തട്ടിപ്പുകാരെയും പിടിക്കാൻ കാട്ടാത്ത ശുഷ്കാന്തി ആദിവാസി മൂപ്പനോട് പൊലീസ് കാട്ടിയെന്നാണ് ഈ വിഷയത്തിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകിയ ഷംസുദ്ദീന്റെ ആക്ഷേപം.

മുഖ്യമന്ത്രി പിണറായി വിജയന് അതൊട്ടും ബോധിച്ചില്ല. കേരളത്തിലെ പൊലീസെന്തോ നാടിനെതിരായ സേനയാണെന്ന് വരുത്താനുള്ള ബോധപൂർവമായ നീക്കങ്ങളദ്ദേഹം മണത്തു. തുടർന്നങ്ങോട്ട് പൊലീസിന്റെ വീരഗാഥകളദ്ദേഹം അയവിറക്കി. പൊലീസിന് ഭ്രാന്തൊന്നും പിടിപെട്ടിട്ടില്ലെങ്കിലും അട്ടപ്പാടിയിലെ ഊരിലുണ്ടായ ഈ കേസിൽ നന്നേ കാലത്ത് പൊലീസ് പോയതെന്തിനാണെന്ന് അന്വേഷിക്കാമെന്ന് അദ്ദേഹം പ്രതിപക്ഷത്തെ സമാധാനിപ്പിക്കാൻ നോക്കി.

പൊലീസ് എന്തെഴുതിത്തന്നാലും അത് അതേപടി വന്ന് വായിച്ച് ന്യായീകരിക്കുന്നത് അങ്ങേയ്ക്ക് ഭൂഷണമല്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിയെ തിരിച്ചും ഉപദേശിക്കാൻ നോക്കി. രണ്ടും വൃഥാ വ്യായാമങ്ങൾ. പ്രതിപക്ഷം പതിവ് വാക്കൗട്ടിൽ കാര്യങ്ങളവസാനിപ്പിച്ചു.

എ.എൻ. ഷംസീർ എന്നും എ.എൻ. ഷംസീർ തന്നെ. മാസ്ക് താടിക്ക് താഴ്ത്താതെ ഷംസീർ ഷംസീറാവില്ല. സ്പീക്കറെ ബോധിപ്പിക്കണമല്ലോയെന്ന് കരുതിയാവണം ഷംസീർ മാസ്ക് മര്യാദയ്ക്കിടാൻ ഇന്നലെ ഇടയ്ക്കൊക്കെ ശ്രമിച്ചുവെന്നത് നേര്. പക്ഷേ, യഥാർത്ഥ ഷംസീർ മറനീക്കി പുറത്തുവരുന്ന സന്ദർഭങ്ങളായിരുന്നു ഏറെയും. മാസ്ക് താടിക്ക് കീഴേ തൂങ്ങിയാടുന്നവർക്കായി പുതിയ പ്രയോഗം പരിഗണിക്കാവുന്നതാണ്: ഷംസീർ മാസ്കിട്ടത് പോലെ!

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIYAMASABHA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.