SignIn
Kerala Kaumudi Online
Thursday, 19 September 2024 8.53 AM IST

പ്രസംഗ രൂപത്തിലെത്തിയ അടിയന്തരപ്രമേയം

Increase Font Size Decrease Font Size Print Page

niyamasabha

സഭയ്ക്കകത്ത് ഒരു കാര്യമെത്തിക്കണമെന്ന് ഒരംഗം തീരുമാനിച്ചാൽ സ്പീക്കർക്ക് പോയിട്ട് ബ്രഹ്മാവിന് പോലും ആ അംഗത്തെ തടുക്കാനാവില്ല. അടിയന്തരപ്രമേയ രൂപത്തിൽ കൊണ്ടുവരാൻ പറ്റാത്തത് ബഡ്ജറ്റ് ചർച്ചയിലെ പ്രസംഗത്തിന്റെ രൂപത്തിലായാലും കൊണ്ടുവന്നിരിക്കും. മാരീചവേഷത്തെ സ്പീക്കർ തടഞ്ഞാൽ മാൻ വേഷത്തിലെത്തും.

വെഞ്ഞാറമ്മൂട്ടിലെ സി.പി.എം പ്രവർത്തകരുടെ ഇരട്ടക്കൊലപാതകക്കേസിൽ പഴയ ലോക്കൽ സെക്രട്ടറിയുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ പുനരന്വേഷണമാവശ്യപ്പെട്ട് അടിയന്തരപ്രമേയ നോട്ടീസ് നൽകിയത് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലാണ്. കോടതിയിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ട കേസ്, കാലികപ്രസക്തിയില്ലാത്ത കേസ് എന്നീ കാരണങ്ങളാൽ നോട്ടീസ് പരിഗണിക്കാനാവില്ലെന്ന് സ്പീക്കർ എം.ബി.രാജേഷ് വിധിച്ചു.

കുറ്റപത്രം കൊടുത്ത കേസിലായാലും പുതിയ വെളിപ്പെടുത്തലുണ്ടായാൽ സി.ആർ.പി.സി 173ാം വകുപ്പനുസരിച്ച് പുനരന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വാദിച്ചു. സ്പീക്കർ വഴങ്ങിയില്ല. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി കുറച്ചുനേരം മുദ്രാവാക്യം മുഴക്കിയെന്നല്ലാതെ പ്രയോജനമൊന്നുമുണ്ടായില്ല. അതുകൊണ്ട് ഇറങ്ങിപ്പോയി പ്രതിഷേധിച്ചു. തിരിച്ചുവന്ന പ്രതിപക്ഷം ഇതേ വിഷയം സഭയ്ക്കകത്തുന്നയിച്ചത് ബഡ്ജറ്റ് ചർച്ചയിലാണ്. ബഡ്ജറ്റിന്റെ പൊതുചർച്ചയിൽ ഷാഫി പറമ്പിൽ കാൽഭാഗം ബഡ്ജറ്റ്കാര്യങ്ങൾക്കും മുക്കാൽഭാഗം വെഞ്ഞാറമ്മൂട് കേസിനുമായി നീക്കിവച്ചു. അടിയന്തരപ്രമേയ നോട്ടീസിൽ പറയാനിരുന്നതെല്ലാം ഷാഫി ആവേശത്തള്ളിച്ചയോടെ പ്രസംഗിച്ചു തീർത്തു. എന്തിന് കൊന്നൂ, കോൺഗ്രസേയെന്ന് 2020ൽ ചോദിച്ചവരോട്, ആ തിരുവോണത്തലേന്ന് പായസത്തിന് പകരം രക്തം വിളമ്പിയത് ആരെന്നറിയേണ്ടേ എന്നാണ് ചോദ്യം.

പ്രദേശവാസിയായ ഡി.കെ. മുരളി ക്രമപ്രശ്നത്തിലൂടെ ഷാഫിയെ ചോദ്യം ചെയ്യാനൊരുങ്ങിയെങ്കിലും ചെയറിലിരുന്ന മഞ്ഞളാംകുഴി അലി അതിൽ ക്രമമോ പ്രശ്നമോ കാണാൻ കൂട്ടാക്കിയില്ല. സ്പീക്കർ തള്ളിയ വിഷയം വീണ്ടുമെടുത്തിട്ടത് രേഖയിലുൾപ്പെടുത്താമോ എന്ന് പരിശോധിക്കാൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർദ്ദേശിച്ചു. ഇതിവിടെ പറയരുതെന്ന റൂളിംഗൊന്നും സ്പീക്കർ നൽകിയിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് തർക്കിച്ചു. ബഡ്ജറ്റ് ചർച്ചയിൽ യു.പി തിരഞ്ഞെടുപ്പിനെക്കുറിച്ച് വരെ പറയുമ്പോൾ ഇതെന്തുകൊണ്ട് പറഞ്ഞുകൂടാ എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിൽ തെറ്റ് പറയാനാവില്ല. തൊട്ടുപിന്നാലെ കെ.ടി. ജലീൽ പ്രസംഗിച്ചപ്പോൾ ഡി.കെ. മുരളി വീണ്ടുമിടപെട്ടു. പ്രതിപക്ഷത്തിന്റേത് തോറ്റ കേസെന്നദ്ദേഹം വാദിച്ചെടുത്തു.

ബഡ്ജറ്റ് ചർച്ചയിൽ അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ വെളിച്ചത്തിൽ കോൺഗ്രസിന് ഉപദേശങ്ങൾ നൽകാൻ ഭരണപക്ഷത്തെ പലരും തങ്ങളാലാവും വിധം ശ്രമിച്ചു. അതിലൊരു കുറവ് വരരുത് !

കെ.ടി. ജലീൽ കോൺഗ്രസിന് കൊടുത്തത് ശക്തമായ മുന്നറിയിപ്പാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ റിസർവ് ചെയ്യേണ്ടി വരും! കല്പറ്റ രാഹുൽഗാന്ധിക്കും മൂവാറ്റുപുഴ പ്രിയങ്ക ഗാന്ധിക്കും എറണാകുളമോ കോട്ടയമോ സോണിയ ഗാന്ധിക്കും!

സിനിമാനടനായ മുകേഷ് വേറൊരു രൂപത്തിൽ ഇതേ മുന്നറിയിപ്പ് നൽകി. കേരളം സുരക്ഷിതമെന്ന് കരുതി പലരുമിനി കേരളത്തിലേക്ക് വരാൻ പോകുന്നുവത്രേ. ഇവിടെ ഒട്ടും സുരക്ഷിതമല്ലെന്ന് അവരെ വിളിച്ച് എത്രയും വേഗം ബോധവത്കരിക്കാൻ സുഹൃത്തുക്കളായ കോൺഗ്രസുകാർക്ക് മുകേഷ് ഉപായം പറഞ്ഞുകൊടുത്തു.

പാഠപുസ്തകം വലിച്ചു കീറിയ പാരമ്പര്യമുള്ള കോൺഗ്രസുകാർ അക്കാരണത്താൽ പരാജയത്തിൽ നിന്ന് പാഠം പഠിക്കാൻ പോകുന്നില്ലെന്ന് വി.കെ. പ്രശാന്ത് വിലയിരുത്തി. കമ്യൂണിസ്റ്റ് നേതാക്കളുടെ മക്കൾ കെ-റെയിലിനെതിരെ കത്ത് നൽകിയെന്ന് എം.കെ. മുനീർ കഴിഞ്ഞ ദിവസം പറഞ്ഞതിനെ പി.എസ്. സുപാൽ ഇന്നലെ ചോദ്യം ചെയ്തു. സി.പി.ഐയുടെ നയങ്ങൾ കുടുംബയോഗത്തിലല്ല തീരുമാനിക്കുന്നതെന്നാണദ്ദേഹത്തിന്റെ വാദം. കേരളവികസനത്തിന് അനുയോജ്യമായ കെ-റെയിൽ നടപ്പാക്കണമെന്ന സി.പി.ഐ കൗൺസിലിന്റെ നിലപാടദ്ദേഹം പ്രഖ്യാപിച്ചു. സർവരാജ്യത്തൊഴിലാളികളേ എന്നതിന് പകരം സർവരാജ്യ സ്വകാര്യനിക്ഷേപകരേ എന്ന് വിളിക്കുന്ന സി.പി.എമ്മിനെപ്പറ്റി ആലോചിച്ചത് സനീഷ് കുമാർ ജോസഫാണ്.

ധനമന്ത്രിയുടെ ഭൂപടത്തിൽ മലപ്പുറം ജില്ലയേ കാണാത്തതിൽ കെ.പി.എ. മജീദ് വേദനിച്ചു. ഇടനാഴി പോയിട്ട് മലപ്പുറത്തൊരു ഇടവഴിക്ക് പോലും പണമില്ലാത്തതിലാണ് അദ്ദേഹത്തിന്റെ വിഷമം. ഭൂതകാലത്തിൽ അഭിരമിച്ചുകൊണ്ടിരിക്കുന്ന യു.ഡി.എഫുകാർക്ക് ഈ ബഡ്ജറ്റിനെ എത്ര വായിച്ചാലും മനസ്സിലാക്കാനാവില്ലെന്ന് യു. പ്രതിഭ സമാധാനിച്ചു. അവർ വരവുചെലവ് കണക്ക് വായിക്കുന്ന കണക്കപ്പിള്ളമാർ മാത്രമാണെന്നാണ് പ്രതിഭ പറയുന്നത്. ഈ ബഡ്ജറ്റ് കൈയിലെടുത്തപ്പോൾ മാണിസാറിന്റെ മുഖം മാണിഗ്രൂപ്പുകാരനായ ജോബ് മൈക്കിളിന്റെ മനസിൽ തെളിഞ്ഞു. പ്രതിഭ പറഞ്ഞ കണക്കപ്പിള്ളയുടെ ഗണത്തിൽ അതിനാൽ മാണി പെടില്ലെന്ന് നമുക്ക് കരുതാം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NIYAMASABHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.