SignIn
Kerala Kaumudi Online
Friday, 26 April 2024 9.22 PM IST

ഒരു അകാലചരമത്തെ ചൊല്ലി

photo

പതിനഞ്ചാം കേരള നിയമസഭയുടെ ആറാംസമ്മേളനത്തിന്റെ അവസാനത്തെ ദിവസത്തിൽ രണ്ട് സംഭവങ്ങളുണ്ടായി. ഒന്ന് സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ മൂന്നായിരുന്ന അംഗങ്ങളുടെ എണ്ണം മൂന്നായിരുന്നത് അഞ്ചാക്കിക്കൊണ്ടുള്ള ബില്ല് പാസാക്കിയതാണ്. വൈസ് ചാൻസലർമാരെ നിയമിക്കുന്നതിൽ ചാൻസലറായ ഗവർണർക്കുണ്ടായിരുന്ന പിടിക്കുമേൽ ഒരു പിടിത്തമിടുന്ന ബില്ലാണ്. സംസ്ഥാനസർക്കാരിന്റെ ഇഷ്ടക്കാരെ വി.സിമാരാക്കാനുള്ള പരിപാടിയാണ് ബില്ലെന്നു പറഞ്ഞ് പാസാക്കാൻ കൂട്ടുനിൽക്കാതെ പ്രതിപക്ഷം ഇറങ്ങിപ്പോയി.

രണ്ടാമത്തേത് ഒരു അകാലചരമമായിരുന്നു. പിറന്നുവീണ ശേഷം വിധിവശാൽ അനങ്ങാനാവാതെ കിടന്നിരുന്നൊരു ബില്ല് കഥാവശേഷമായി. വഖഫ് ബോ‌ർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടുകൊണ്ട് നേരത്തേ നിയമസഭ പാസാക്കിയ ബിൽ പല ദിക്കുകളിൽ നിന്നുയർന്ന എതിർപ്പുകൾ കാരണം ഇതുവരെയും മരവിപ്പിച്ച് നിറുത്തിയിരിക്കുകയായിരുന്നു. അത് റദ്ദാക്കിക്കൊണ്ടുള്ള ബിൽ വഖഫ് മന്ത്രി വി. അബ്ദുറഹ്മാൻ അവതരിപ്പിച്ച് പാസാക്കി.

ബില്ല് റദ്ദാക്കിയത് തങ്ങളുടെ മിടുക്കെന്ന് പ്രതിപക്ഷം പറഞ്ഞു. വേദനയില്ലാത്ത മരണമുറപ്പാക്കിയ സാന്ത്വനചികിത്സ തങ്ങളുടെ വകയെന്ന മട്ട്. തുടക്കം മുതൽ പറഞ്ഞുകൊണ്ടിരുന്നത് സർക്കാർ ഇപ്പോഴെങ്കിലും അംഗീകരിച്ചത് സന്തോഷമായെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ വാദം. ക്രിയാത്മക പ്രതിപക്ഷം ഉന്നയിക്കുന്നതെല്ലാം അംഗീകരിക്കുന്നത് കുറച്ചിലല്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി സർക്കാരിനെയൊന്ന് തോണ്ടി.

നിലവിലെ വഖഫ് ബോർഡ് ജീവനക്കാരെ നിലനിറുത്തണമെന്ന ഭേദഗതിയല്ലാതെ ആ ബില്ല് വേണ്ടാ എന്നൊന്നും ലീഗുകാർ പറഞ്ഞിട്ടില്ലെന്ന് മന്ത്രി അബ്ദുറഹ്‌മാൻ തിരിച്ചടിച്ചു. മുഖ്യമന്ത്രി കേരളത്തിലെ മുസ്ലിം മതനേതാക്കളുമായി സംസാരിച്ചിട്ടാണ് ബിൽ പിൻവലിച്ചതെന്നാണ് മന്ത്രിയുടെ വാദം. പ്രതിപക്ഷനേതാവ് തർക്കിച്ചു. മന്ത്രി കെ. രാധാകൃഷ്ണനാണ് പ്രശ്നത്തിനൊരു തീർപ്പാക്കിയത്. പൊതുസമൂഹത്തിലുയർന്ന ആശങ്കകൾ കണക്കിലെടുത്ത് ബിൽ പിൻവലിച്ചെന്ന് അദ്ദേഹം എല്ലാവരെയും സമാധാനിപ്പിച്ചു. സ്പീക്കർക്കും ആശ്വാസമായി.

ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ ഉപാദ്ധ്യക്ഷൻ സർവകലാശാലകൾക്ക് ഉപദേശമൊക്കെ കൊടുക്കുന്നയാളാണെങ്കിലും അദ്ദേഹത്തിന് അവയോട് നേരിട്ട് ബന്ധമില്ലെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദുവിന് തീർച്ചയാണ്. എന്നാലും ആ ഉപാദ്ധ്യക്ഷൻ സർവകലാശാലയോട് ബന്ധമുള്ളയാളാണെന്ന് പ്രതിപക്ഷം പറയുമെന്ന് അവർ കണക്കുകൂട്ടി. മന്ത്രിയുടെ കണ്ണിൽ പ്രതിപക്ഷം ഒന്നും നേരേ ചൊവ്വേ കാണാൻ കൂട്ടാക്കുന്നവരല്ല. വി.സിമാരെ കണ്ടെത്തേണ്ട സെർച്ച് കം സെലക്‌ഷൻ കമ്മിറ്റിയിൽ സർവകലാശാലകളോട് ബന്ധമുള്ളയാളുകൾ പാടില്ലെന്ന് യു.ജി.സി പറഞ്ഞിട്ടുമുണ്ട്.

യു.ജി.സി ഒരു വശത്ത്, പ്രതിപക്ഷം മറുവശത്ത്. മദ്ധ്യേ നിൽക്കുന്ന മന്ത്രിക്ക് അതുകൊണ്ട് ഒരു പോംവഴി തോന്നി. ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഉപാദ്ധ്യക്ഷനെ നേരിട്ട് സെർച്ച് കം സെലക്‌ഷൻ കമ്മിറ്റിയിൽ പെടുത്തുന്നതിന് പകരം അദ്ദേഹം നിർദ്ദേശിക്കുന്ന വിദ്യാഭ്യാസ വിദഗ്ദ്ധനാവട്ടെ എന്ന് തീരുമാനിച്ചു. വൈസ് ചെയർമാന് പകരം അദ്ദേഹം നിർദ്ദേശിക്കുന്നയാളായാൽ അതും പ്രശ്നമല്ലേയെന്ന് രമേശ് ചെന്നിത്തലയ്ക്ക് ചോദിക്കാതിരിക്കാനായില്ല.

സർവകലാശാലകളെ കമ്യൂണിസ്റ്റുവത്കരിക്കൽ നീക്കമായിക്കണ്ട് പ്രതിപക്ഷം ഘോരഘോരം തർക്കിച്ചത് മന്ത്രി ബിന്ദുവിനെ പ്രകോപിതയാക്കി. ഈ ബിൽ കോടതിയുടെ വരാന്തയിൽപ്പോലും നിൽക്കില്ലെന്ന് രമേശ് ചെന്നിത്തല തർക്കിച്ചു. മുൻ പ്രതിപക്ഷനേതാവ് കോടതിയിൽ പോകുമെന്ന ഉമ്മാക്കി കാണിച്ച് പേടിപ്പിക്കേണ്ടെന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്. തുറന്നുവച്ച സഭയിൽ ധീരമായി കൊണ്ടുവന്ന ബില്ലെങ്ങനെ പിൻവാതിൽ പരിപാടിയാകുമെന്ന് പ്രതിപക്ഷത്തോടവർ ചോദിച്ചു.

സർവകലാശാലകളുടെ സ്വയംഭരണം തകർക്കുന്ന ബിൽ അപമാനമായി കണ്ടാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്. ഏഴു ദിവസത്തെ സംഭവബഹുലമായ സമ്മേളനം അങ്ങനെ 10 ബില്ലുകളും പാസാക്കി പിരിഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIYAMASABHA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.