SignIn
Kerala Kaumudi Online
Thursday, 19 September 2024 3.02 AM IST

ലഹരിയിൽ തട്ടി സഭ 'തകർന്നു'!

Increase Font Size Decrease Font Size Print Page

photo

ലഹരിക്കടത്ത് കേസുകളിലെ വില്ലന്മാർ ആരെന്ന തർക്കത്തിൽ സഭ സ്തംഭിച്ചു. ലഹരിക്കെതിരായ പോരാട്ടത്തിൽ കേരളം ഒരുമിച്ച് നിൽക്കുമ്പോൾ അതിൽ കക്ഷിരാഷ്ട്രീയം ചേർത്ത് കലക്കിക്കളയരുതെന്ന എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ അഭ്യർത്ഥന ഏറ്റില്ല. ഒരുമിച്ച് നിൽക്കുകയാണ് എന്നതിൽ തർക്കമൊന്നുമില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. മനുഷ്യശൃംഖലയിൽ ചേർന്നില്ലേ, രണ്ടുകോടി ഗോളടിക്കുന്ന പരിപാടിയിൽ ചേർന്നില്ലേ എന്നെല്ലാം അദ്ദേഹം പ്രതിപക്ഷത്തിന്റെ ആത്മാർത്ഥത വിശദീകരിക്കാൻ ഉദാഹരണങ്ങൾ നിരത്തി. അദ്ദേഹം മറ്റു ചില ഉദാഹരണങ്ങളിലേക്ക് കടന്നതോടെയാണ് സഭ സംഘർഷഭരിതമായത്.

ലഹരിയെ തുരത്താൻ ഒരുമിച്ച് നിൽക്കാൻ രണ്ടുമാസം മുമ്പ് ഭരണ, പ്രതിപക്ഷങ്ങൾ സഭയ്ക്കകത്ത് പ്രകടിപ്പിച്ച സ്നേഹസൗഹാർദ്ദങ്ങളൊന്നും രണ്ടുമാസത്തിനിപ്പുറം ഇതേ വിഷയം സഭയിലെത്തിയപ്പോൾ കാണാനായില്ല. കണ്ടത്, ഭരണ, പ്രതിപക്ഷാംഗങ്ങളുടെ വാടാ, പോടാ വിളികൾ. 'ഫ്ലോർ ഓർഡറിലാക്കിത്തരണം' എന്ന സ്പീക്കർ എ.എൻ. ഷംസീറിന്റെ ആവർത്തിച്ചുള്ള അഭ്യർത്ഥന സഭയുടെ ചുവരുകളിൽ തട്ടിത്തെറിച്ചുപോയി. അങ്ങനെ സഭാസ്തംഭനം നേരർത്ഥത്തിൽ സംഭവിച്ചു! കൃത്യം 11 മണി രണ്ട് മിനിറ്റായപ്പോൾ സഭ പിരിഞ്ഞു.

ലഹരിമാഫിയയുടെ വിപത്തുകളെപ്പറ്റി ശൂന്യവേളയിൽ അടിയന്തരപ്രമേയ നോട്ടീസ് കൊണ്ടുവന്നത് മാത്യു കുഴൽനാടനാണ്. ലഹരിമാഫിയയോട് ഫൈറ്റ് ചെയ്യാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഇല്ലായ്മ, ലഹരിമാഫിയ ഉണ്ടാക്കിയെടുക്കുന്ന പൊളിറ്റിക്കൽ പാട്രണേജ് എന്നിവ കാരണം കേരളം മാഫിയയ്‌ക്ക് കീഴ്പ്പെടുകയാണെന്നദ്ദേഹം പറഞ്ഞു. ഇത് സ്ഥാപിക്കാൻ കുഴൽനാടൻ കോഴിക്കോട്ടെയും തിരുവനന്തപുരം മലയിൻകീഴിലെയും ഉദാഹരണങ്ങൾ നിരത്തി. കോഴിക്കോട്ട് പൊലീസിന്റെ വീഴ്ചയും മലയിൻകീഴിൽ ഡി.വൈ.എഫ്.ഐയുടെ തണലുമാണത്രെ വില്ലന്മാരായത്.

താൻ സ്പീക്കറായിരിക്കെ ഇതേ വിഷയത്തിൽ മാതൃകാപരമായി അടിയന്തരപ്രമേയം അവതരിപ്പിച്ച പി.സി. വിഷ്ണുനാഥിനെ അഭിനന്ദിച്ചത് മന്ത്രി രാജേഷ് ഓർമ്മിച്ചു. മാത്യു കുഴൽനാടന് രാഷ്ട്രീയദുഷ്ടലാക്കെന്നാണ് മന്ത്രിയുടെ പക്ഷം. അതിനാൽ അഭിനന്ദിക്കാനാവാത്ത നിർഭാഗ്യകരമായ അവസ്ഥ. കുഴൽനാടന് കുറച്ചുകൂടി പ്രായമാകുമ്പോൾ പക്വത വന്നുകൊള്ളുമെന്ന് ആശ്വസിച്ച മന്ത്രി, വയനാട് മേപ്പാടിയിൽ എസ്.എഫ്.ഐ നേതാവ് അപർണഗൗരി വാരിയെല്ലൊടിഞ്ഞ് ഐ.സി.യുവിൽ കഴിയുന്നത് എന്തുകൊണ്ട് മാത്യു പറഞ്ഞില്ലെന്ന് അതിശയിച്ചു. ആ വാരിയെല്ലൊടിച്ചത് ലഹരിയുടെ ബലത്തിൽ കെ.എസ്.യുക്കാരാണെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്.

ഒരുവശത്ത് സകല പ്രചാരണപരിപാടികൾ നടക്കുമ്പോഴും മറുവശത്ത് ഞെട്ടിപ്പിക്കുന്നതാണ് വാർത്തകളെന്നാണ് പ്രതിപക്ഷനേതാവിന്റെ പക്ഷം. കോഴിക്കോട്ടെ സ്കൂൾക്കുട്ടിയെ മൊഴിയെടുക്കാൻ പൊലീസ് വിളിപ്പിച്ചപ്പോൾ സ്റ്റേഷന് ചുറ്റിലും ലഹരിമാഫിയയെ കണ്ട് കുട്ടി പേടിച്ചുവിറച്ചുവത്രേ. പൊലീസ്-മാഫിയ അവിശുദ്ധസഖ്യത്തിന് ഇതദ്ദേഹം ഉദാഹരണമാക്കി. അവിടെ നിന്നദ്ദേഹം മേപ്പാടിയിലെ അപർണഗൗരിയുടെ കേസിലേക്കെത്തിയതോടെയാണ് സഭ ഇളകിയത്. ലഹരിക്കടിപ്പെട്ട എസ്.എഫ്.ഐക്കാരാണ് പിന്നിലെന്ന് സമർത്ഥിക്കാൻ പരിക്കേറ്റ അപർണയുടെ പ്രതികരണമടങ്ങിയ വീഡിയോക്ലിപ്പ് അദ്ദേഹം പുറത്തെടുക്കാനൊരുങ്ങി. ഭരണപക്ഷത്തെ യുവനിര പ്രകോപിതരായി. മുന്നിലേക്ക് കുതിച്ചു. അപർണയുടെ ഫേസ്ബുക് കുറിപ്പെടുത്ത് പ്രതിപക്ഷത്തെ തിരിച്ചടിക്കാൻ മന്ത്രി എം.ബി. രാജേഷ് ശ്രമിച്ചപ്പോൾ പ്രതിപക്ഷനേതാവ് വഴങ്ങിക്കൊടുത്തില്ല. മന്ത്രിമാരായ രാജേഷും പി. രാജീവും കെ.എൻ. ബാലഗോപാലുമടക്കമെഴുന്നേറ്റ് പ്രതിപക്ഷത്തെ പ്രതിരോധിക്കാൻ നോക്കി. പിൻനിരയിൽനിന്ന് ലിൻഡോ ജോസഫ്, കെ.എം. സച്ചിൻദേവ്, സേവ്യർ ചിറ്റിലപ്പള്ളി, എം.അരുൺകുമാർ, ജനീഷ് കുമാർ, എ.രാജ എന്നിവർ നടുത്തളത്തിനടുത്തെത്തി കയർത്തു. പ്രതിപക്ഷത്തെ പിൻനിരയിൽനിന്ന് ടി.സിദ്ദിഖ്, റോജി എം.ജോൺ, അൻവർ സാദത്ത്, ഐ.സി. ബാലകൃഷ്ണൻ മുതലായവർ നടുത്തളത്തിലേക്ക് കുതിച്ച് തിരിച്ച് കയർത്തു. സംഘർഷം കനത്തതോടെ, സ്പീക്കർ എ.എൻ. ഷംസീറിന്റെ സമാധാനാഹ്വാനം തകർന്നു. മറ്റ് നടപടികൾ സസ്പെൻഡ് ചെയ്ത് സഭ ഇന്നലത്തേക്ക് പിരിഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NIYAMASABHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.