SignIn
Kerala Kaumudi Online
Friday, 09 May 2025 9.51 PM IST

ആശ്രിതർക്ക് ആശ്വാസമായ ഭേദഗതി

Increase Font Size Decrease Font Size Print Page

opinion

നാലുപതിറ്റാണ്ടായി കേരളത്തിന്റെ സിവിൽസർവീസ് രംഗത്ത് അധികമാരും ശ്രദ്ധിക്കാതിരുന്ന ഗൗരവമേറിയ പ്രശ്നത്തിനാണ് കഴിഞ്ഞ ദിവസത്തെ മന്ത്രിസഭായോഗത്തിൽ പരിഹാരമായത്. ആശ്രിത നിയമനം നേടിയശേഷം ആശ്രിതരെ സംരക്ഷിക്കാത്ത ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനം ഡ്രോയിംഗ് ഓഫീസർ പിടിച്ചെടുത്ത് ആശ്രിതരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുള്ള തീരുമാനം സമാശ്വാസ പദ്ധതിപ്രകാരം കേരളത്തിൽ ജോലി നേടിയവരുടെ ലക്ഷക്കണക്കിന് ആശ്രിതർക്കാണ് ആശ്വാസമായത്. കേരളത്തിലെ സർക്കാർ സർവീസ് മേഖലയിൽ ചെറുതല്ലാത്ത ഒരുവിഭാഗം സമാശ്വാസപദ്ധതി പ്രകാരം നിയമനം നേടിയവരാണ്. സർക്കാരിനെ സേവിക്കുന്ന ഒരു ജീവനക്കാരൻ സർവീസിലിരിക്കെ മരിച്ചാൽ നിരാലംബമാകുന്ന കുടുംബത്തിന്റെ കണ്ണീരൊപ്പാൻ സി. അച്ചുതമേനാൻ സർക്കാരിന്റെ കാലത്താണ് സമാശ്വാസ തൊഴിൽദാനപദ്ധതി അഥവാ ആശ്രിത നിയമനം ആരംഭിച്ചത്. ഭാര്യ/ ഭർത്താവ് , അച്ഛൻ / അമ്മ അങ്ങനെ സർക്കാർ സേവനത്തിലിരിക്കുന്ന ആരെങ്കിലും മരിച്ചാൽ ആശ്രിതരിൽ അർഹനായ ഒരാൾക്ക് ഈ ജോലി നൽകുന്നു. അയാൾ കുടുംബത്തിലെ മറ്റുള്ളവരെ സംരക്ഷിക്കുമെന്ന വിശ്വാസത്തിലാണ് കുടുംബാംഗങ്ങൾ സമ്മതം മൂളുന്നത്. എന്നാൽ കുടുംബത്തിലെ എല്ലാവർക്കും അവകാശപ്പെട്ട ആശ്രിതജോലി നേടിയ പലരും സ്വന്തം സുഖത്തിൽ മാത്രം ശ്രദ്ധാലുക്കളാവുകയായിരുന്നു. ഭാര്യാഭർത്താക്കന്മാരിൽ ഒരാളുടെ മരണത്തോടെ നിരാശ്രയത്വത്തിലേക്ക് വീഴുന്ന മറ്റൊരാൾ, മാനസിക, ശാരീരിക വൈകല്യം സംഭവിച്ച മക്കളുണ്ടെങ്കിൽ അവർ, അവിവാഹിതരായ മക്കൾ അങ്ങനെ എല്ലാവർക്കും ആശ്രയമായിരുന്ന ജോലിയാണ് മറ്റ് കുടുംബാംഗങ്ങളുടെ സമ്മതത്തോടെ ഒരാൾക്ക് ലഭിക്കുന്നത്. ചെറുപ്പത്തിൽ തന്നെ ബുദ്ധിമുട്ടുകൾ കൂടാതെ ജോലിയിൽ പ്രവേശിച്ച് ശമ്പളം പറ്റുന്ന ഇക്കൂട്ടരിൽ പലരും ആശ്രിതരെ ഭാരമായാണ് കാണുന്നത്. അതോടെ മരണപ്പെട്ടയാളിന്റെ ആശ്രിതർ ഒറ്റപ്പെടുന്നു. ഇങ്ങനെയുള്ളവരിൽ പലരും മാനസികമായും ശാരീരികമായും ദുർബലരാകുകയും വിഷാദരോഗത്തിനു അടിമകളാവുകയും ചെയ്യും. വൃദ്ധരായ ആശ്രിതരും ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന സഹോദരങ്ങളും മരുന്നുവാങ്ങാൻ പോലും നിവൃത്തിയില്ലാത്ത ഗതികേടിൽ എത്തിച്ചേരുന്നു.

സർവീസിലിരിക്കെ മരിച്ച ഭർത്താവിന്റെ ജോലി ലഭിച്ച മകന്റെ അവഗണനയിൽ മനംനൊന്ത് ആലപ്പുഴ കളക്ട്രേറ്റിലെത്തിയ ഒരമ്മയുടെ വേദന മനസിലാക്കിയ സീനിയർ ക്ലാർക്ക് ചന്ദ്രദാസിന്റെ നിശ്ചയദാർഢ്യമാണ് പുതിയ ഭേദഗതിക്ക് വഴിയൊരുക്കിയത്.

കേരളത്തിലെ മുന്നേമുക്കാൽ ലക്ഷത്തിലധികം വരുന്ന സർക്കാർ ജീവനക്കാരിൽ കേവലം താഴെക്കിടയിലുള്ള ക്ലറിക്കൽ ജീവനക്കാരന്റെ മനോമുകുരത്തിൽ വിരിഞ്ഞ ഒരാശയം സർക്കാർ തീരുമാനമായി മാറി.

സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന ആശ്രിത നിയമന വ്യവസ്ഥ കുടുംബാംഗങ്ങൾക്ക് മതിയായ സംരക്ഷണമുറപ്പാക്കാൻ പര്യാപ്തമല്ലെന്ന ചിന്താഗതിയാണ് ബിരുദാനന്തര ബിരുദധാരിയും സാമൂഹ്യ ഉത്തരവാദിത്വം കർത്തവ്യനിർവഹണത്തിന്റെ ഭാഗമാക്കിയ ചന്ദ്രദാസിനെ ഉത്തരവിൽ ഭേദഗതി ആവശ്യമാണെന്ന ചിന്തയിലേക്ക് നയിച്ചത്. സർക്കാർ തലത്തിലാണ് തീരുമാനമുണ്ടാകേണ്ടതെങ്കിലും ഇതിന് താൻ നിമിത്തമാകണമെന്ന് ഉറപ്പിച്ച ചന്ദ്രദാസ് ആശ്രിത നിയമനത്തിന് അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ മാതൃ/ പിതൃ സംരക്ഷണസമ്മതമൊഴി വാങ്ങുന്നത് പ്രശ്ന പരിഹാരമാകുമെന്ന ചിന്താഗതി കത്തായി സർക്കാരിലേക്ക് സമർപ്പിച്ചു. കാര്യത്തിന്റെ സാമൂഹ്യ പ്രസക്തി മനസിലാക്കിയ സർക്കാർ കാലവിളംബം കൂടാതെ ചന്ദ്രദാസിന്റെ വാക്കുകളെ അതേപടി സർക്കാർ ഉത്തരവാക്കി.

എന്നാൽ അഗതികളുടെ അഭയസ്ഥാനമായ ഓച്ചിറ പടനിലത്ത് ചന്ദ്രദാസിന്റെ കൺമുന്നിൽപ്പെട്ട ഒരമ്മയുടെ ജീവിതവും അനുഭവവും സംരക്ഷണ സമ്മതമൊഴിയ്ക്ക് അപ്പുറം കടുത്ത നടപടികളുടെ ആവശ്യകത അനാവരണം ചെയ്യുന്നതായിരുന്നു. ആശ്രിത നിയമനക്കാരനുൾപ്പെടെ മക്കളെല്ലാം സർക്കാർ ജീവനക്കാരായിട്ടും വാർദ്ധക്യത്തിൽ ഓച്ചിറ പടനിലത്ത് അഗതികൾക്കൊപ്പം കഴിയേണ്ടിവന്ന മാതാവിന്റെ വിലാപം ചന്ദ്രദാസിന്റെ മനസിനെ പിടിച്ചുലച്ചു. ജൻമം നൽകിവളർത്തിയവരെ വാർദ്ധക്യത്തിൽ നിഷ്‌കരുണം തെരുവിലേക്കും വൃദ്ധസദനങ്ങളിലേക്കും തള്ളിവിടുകയും അവഗണിക്കുകയും ചെയ്യുന്നു. സാമ്പത്തികമായി പെൻഷനോ മറ്റാനുകൂല്യങ്ങളോ ലഭിക്കുന്നുണ്ടെങ്കിൽക്കൂടി ആവശ്യമായ പരിചരണം ലഭിക്കാതെ ജീവിതം യാതനാപൂർണമാകുന്ന ആ കാഴ്ച തീരാനൊമ്പരമായി. സാമ്പത്തിക സുരക്ഷിതത്വത്തേക്കാൾ മക്കളുടെ പരിചരണമാണ് പല വൃദ്ധ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. മെയിന്റനൻസ് ട്രൈബ്യൂണലിനെ സമീപിച്ചാൽ ലഭിക്കാവുന്ന ജീവനാംശത്തിന്റെ പരിധി നിബന്ധന കാരണം ആർക്കും കാര്യമായ പ്രയോജനമില്ല.

അടുത്തദിവസം ഓഫീസിലെത്തിയ ചന്ദ്രദാസ് അന്നത്തെ കളക്ടറായിരുന്ന ടി.വി അനുപമ മുമ്പാകെ മറ്റൊരാശയം കൂടി പങ്കുവച്ചു. ആശ്രിത നിയമനത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന അവകാശ സർട്ടിഫിക്കറ്റിൽ ഉൾപ്പെട്ടിട്ടുള്ള

ആശ്രിതർക്ക് സംരക്ഷണം നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെയുള്ള ആക്ഷേപങ്ങൾ തെളിയിക്കപ്പെട്ടാൽ ഉദ്യോഗസ്ഥന്റെ 20 ശതമാനം ശമ്പളം ഡ്രോയിംഗ് ഓഫീസർ പിടിച്ചെടുത്ത് കക്ഷിയ്ക്ക് നൽകാൻ വ്യവസ്ഥകളിൽ ഭേദഗതി വേണമെന്നായിരുന്നു ചന്ദ്രദാസിന്റെ ശുപാർശ.

വയോജന സംരക്ഷണവും സ്ത്രീകളുടെയും സംരക്ഷണവുമൊക്കെ കൊട്ടിഘോഷിക്കപ്പെടുന്ന കേരളത്തിൽ അടിസ്ഥാന ശമ്പളത്തിൽ തൊട്ടുള്ള കളിയ്ക്ക് താഴെത്തട്ടുമുതൽ മേൽത്തട്ടുവരെ മാനസികമായി വിയോജിപ്പുണ്ടായിരുന്ന ഉദ്യോഗസ്ഥ ലോബികൾ ഫയൽ പലയിടത്ത് പൂഴ്ത്തി. പ്രായപൂർത്തിയായതിന് പിന്നാലെ ആശ്രിത ആനുകൂല്യത്തിൽ സർവീസിൽ പ്രവേശിച്ച് ദീർഘകാല സർവീസ് നേടി വകുപ്പുമേധാവികൾ ആയവരുൾപ്പെടെ ഈ ശുപാർശയോട് മുഖംതിരിച്ചു. വിവരാവകാശമുൾപ്പെടെ നിരന്തരം അപേക്ഷകളെഴുതിയും ഉദ്യോഗസ്ഥതലത്തിൽ ആവശ്യമായ ഫോളോ അപ്പുകൾ നടത്തിയും അഞ്ചുവർഷവും രണ്ടുമാസവും നീണ്ട നിരന്തര പരിശ്രമത്തിനൊടുവിലാണ് സമാശ്വാസ പദ്ധതിയിൽ സംരക്ഷണ സമ്മതമൊഴിയ്‌ക്കൊപ്പം ഭൗതിക സംരക്ഷണത്തിനും വ്യവസ്ഥയായത്.

പുതിയ വ്യവസ്ഥ കേരളത്തിലെ ആയിരക്കണക്കിന് ആശ്രിത നിയമനക്കാരുടെ കുടുംബാംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഓരോ ഫയലിലും ഓരോജീവിതമുണ്ടെന്ന മുഖ്യമന്ത്രിയുടെ ഓർമ്മപ്പെടുത്തൽ ചന്ദ്രദാസെന്ന ജീവനക്കാരൻ അക്ഷരാർത്ഥത്തിൽ ഉൾക്കൊണ്ടതിന്റെ സാക്ഷ്യപത്രമാണ് ആശ്രിത നിയമനത്തിലെ പുതിയ വ്യവസ്ഥ. ചന്ദ്രദാസ് റവന്യൂ ഇൻസ്‌പെക്ടറായി സർവീസിൽനിന്ന് പിടിയിറങ്ങിയെങ്കിലും കേരളത്തിലെ ഐ.എ.എസ്, ഐ.പി.എസ് ജീവനക്കാരൊഴികെ താഴേക്കിടയിലെ ഒരാൾക്കും അവകാശപ്പെടാനാകാത്ത നേട്ടം സ്വന്തമാക്കിയ അദ്ദേഹം സർക്കാർ ഗസറ്റിലും ഡയറിയിലും പാഠപുസ്തകത്തിൽപ്പോലും തന്റെ തൂലികയിൽ പിറവിയെടുത്ത വ്യവസ്ഥ പേരിനൊപ്പം ആലേഖനം ചെയ്തുകാണപ്പെട്ടതിന്റെ ആത്മസംതൃപ്തിയിലാണ്. സർക്കാർ ഓഫീസുകളിൽ ആവലാതിക്കാരായെത്തുന്നവരെ ആട്ടിപ്പായിക്കുന്നതിന് പകരം ഓരോരുത്തരുടെയും ജീവിതപ്രശ്നങ്ങൾ മനസിലാക്കി ഇടപെടാൻ ജീവനക്കാരും ഭരണകർത്താക്കളും തയ്യാറായാലേ നമുക്ക് ഒരു ക്ഷേമ രാഷ്ട്രം സൃഷ്ടിക്കാനാകൂ.

TAGS: NOT PROTECTING DEPENDENTS WILL RESULT IN 25 PERCECNT SALARY CUT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.