വാതുവെയ്പ്പും ചൂതാട്ടവും നടത്തുന്ന ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെട്ട് പണവും ജീവനും ത്യജിക്കേണ്ടി വന്നവർ നിരവധിയാണ്. ഇന്ത്യയിലെ ജനസംഖ്യയുടെ 66 ശതമാനം വരുന്ന, 35 വയസിൽ താഴെയുള്ളവരാണ് ഇതിൽ കൂടുതലും. വെറും 14 വയസ് മാത്രമുള്ള കുട്ടികളും കൂട്ടത്തിലുണ്ട്. എന്നാൽ, വാതുവെപ്പും ചൂതാട്ടവും നടത്തുന്ന ഓൺലൈൻ ഗെയിമിംങ് മേഖലയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച അന്തിമ വിജ്ഞാപനം കേന്ദ്ര ഐ.ടി മന്ത്രാലയമാണ് പുറത്തിറക്കിയത്. 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഗെയിം കളിക്കുന്നതിന് മാതാപിതാക്കളുടെ അനുമതി വേണമെന്ന വ്യവസ്ഥയും വിജ്ഞാപനത്തിലുണ്ട്. നിലവിൽ പണം നിക്ഷേപിച്ച് കളിക്കുന്ന ഓൺലെൻ ഗെയിമുകൾക്ക് മാത്രമാണ് നിരോധനം കൊണ്ടുവന്നിട്ടുള്ളത്.
വ്യവസായ പ്രതിനിധികളും വിദ്യാഭ്യാസ വിദഗ്ധരും ശിശുവിദഗ്ധരും മനഃശാസ്ത്ര വിദഗ്ധരും ഉൾപ്പെടുന്ന സ്വയം നിയന്ത്രിത സംവിധാനം അഥവാ എസ്.ആർ.ഒ ആണ് ഏതൊക്കെ ഗെയിമുകളാണ് അനുവദനീയമെന്ന് തീരുമാനിക്കുക. ഓൺലൈൻ ഗെയിമുകളിൽ യുവതലമുറ കൂടുതൽ സമയം ചെലവഴിക്കുകയും 5ജി നെറ്റ്‌വർക്ക് ഇന്ത്യയിലെത്തുകയും ചെയ്ത ഈ സമയത്ത് ഇത്തരമൊരു നിയന്ത്രണം കൊണ്ടുവന്നത് തീർത്തും അഭിനന്ദനാർഹമാണ്.
മരണക്കളി എന്ന പേരിലും അറിയപ്പെടുന്ന ഓൺലൈൻ ഗെയിമുകൾക്ക് അടിമയാവുന്നവരിൽ കാഴ്ചശക്തിക്ക് ക്ഷതം, വിഷാദം, നിഷേധാത്മക ചിന്താഗതി, മറ്റുള്ളവരോട് ഇടപെടുന്നതിൽ വിമുഖത, സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട ജീവിതം എന്നിവയും കാണപ്പെടുന്നുണ്ട്.
ഓൺലൈൻ സേവന ദാതാക്കളായ പ്ലാറ്റ്‌ഫോമുകൾ വഴി ഉപഭോക്താക്കൾക്ക് ദോഷം വരുത്തുന്നതോ എസ്.ആർ.ഒ അംഗീകൃതമല്ലാത്തതോ ആയ ഓൺലൈൻ ഗെയിമുകൾ പ്രസിദ്ധീകരിക്കുകയോ പരസ്യം പങ്കുവെയ്ക്കുകയോ ചെയ്യരുത്, വാതുവെപ്പും ചൂതാട്ടവും നടത്തുന്നില്ലെന്നും ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്നും അന്വേഷിക്കാൻ സ്വയംനിയന്ത്രണ സംവിധാനത്തിന് പൂർണ അധികാരം, കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്നതോ വ്യാജമായതോ ആയ ഒരു വിവരവും പ്രസിദ്ധീകരിക്കാനോ പങ്കിടാനോ പാടില്ല, വിവരങ്ങൾ വസ്തുതാപരമായി വിശകലനം ചെയ്യാൻ ഫാക്ട് ചെക്കിംങ് ഏജൻസികളെ നിയമിക്കും, എസ്.ആർ.ഒ. രജിസ്‌ട്രേഷൻ മാർക്ക് ഗെയിമിലുടനീളം പ്രദർശിപ്പിക്കണം, ഉപയോക്താക്കളുടെ ഫീസും പ്രവർത്തരീതിയും വ്യക്തമാക്കണം, നിയന്ത്രണങ്ങളും സ്വകാര്യതാനയവും സേവന കാലയളവും ഉപഭോക്താക്കളുമായുള്ള കരാറുകളും ഉപഭോക്താക്കളെ അറിയിക്കണം തുടങ്ങിയവയാണ് കേന്ദ്രസർക്കാരിന്റെ നിർദ്ദേശത്തിൽ പറയുന്നത്. പുതിയ നയങ്ങൾ പാലിക്കാത്ത ഗെയിമിംങ് സ്ഥാപനങ്ങൾക്ക് സർക്കാരോ നിയമോ ആവശ്യപ്പെടുമ്പോൾ ചട്ടവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യുന്നതിലൂടെ കമ്പനികൾക്ക് ലഭിക്കുന്ന നിയമപരമായ സുരക്ഷയായ സേഫ് ഹാർബർ പരിരക്ഷ നഷ്ടപ്പെടും.
വളരെ വേഗത്തിൽ വളർന്ന് കൊണ്ടിരിക്കുന്ന ഓൺലൈൻ ഗെയിമുകളിൽ ഇത്തരമൊരു നിയന്ത്രണം അനിവാര്യമായിരുന്നു എന്നുതന്നെ പറയേണ്ടി വരും. ഒരു തവണ ഇത്തരം ഗെയിം കളിച്ചാൽ പിന്നീട് അതിൽ നിന്നും മോചനമില്ലാത്ത അവസ്ഥയാണ് പലരിലും കണ്ടുവരുന്നത്. സമൂഹവുമായി ബന്ധം പുലർത്താതെ റൂമിലും പൊതുസ്ഥലത്തും റെസ്റ്റോറന്റിലും തുടങ്ങി എല്ലായിടത്തും കളിച്ച് കൊണ്ടിരിക്കുകയാണ് യുവതലമുറ. നമ്മെ സാമൂഹിക ചുറ്റുപാടിൽ നിന്ന് അകറ്റി നിറുത്തുന്നതിൽ ഇവയ്ക്കുള്ള പങ്ക് വളരെ വലുതാണ് .
ഓൺലൈൻ ഗെയിമുകൾക്ക് പ്രായപരിധി നിശ്ചയിച്ചത് കൊണ്ടും രക്ഷിതാക്കളുടെ അനുമതി നിർബന്ധമാക്കിയത് കൊണ്ടും മാത്രം ഈ വിപത്തിനെ പൂർണ്ണമായി ഇല്ലാതാക്കാൻ സാധിക്കില്ല. പല രക്ഷിതാക്കൾക്കും ഇതിന്റെ പ്രത്യാഘാതങ്ങൾ ശരിയായ രീതിയിൽ അറിയണമെന്നില്ല. ഈ അവസരം മുതലെടുത്ത് കുട്ടികൾ മാതാപിതാക്കളുടെ സമ്മതം വാങ്ങാനിടയുള്ള സാഹചര്യത്തിൽ മരണക്കളികൾക്ക് നിയന്ത്രണത്തിന് പകരം നിരോധനമാണ് കൊണ്ടുവരേണ്ടത്. ഓഫീസിലിരുന്ന് പോലും ഒരുപാട് സമയം ഓൺലൈൻ ഗെയിമിൽ മുഴുകുന്നവരുണ്ട്. ഓൺലൈൻ ഗെയിമിന് അടിമപ്പെട്ട് ഡി അഡിക്ഷൻ സെന്ററുകളിൽ പ്രവേശിപ്പിക്കപ്പെട്ട നിരവധി കുട്ടികൾ രാജ്യത്തുണ്ട്.
ഓൺലൈൻ ഗെയിമിലൂടെ നിരവധി പേർക്കുണ്ടായ സാമ്പത്തിക നഷ്ടവും കടബാധ്യതകളും തുടർന്നുണ്ടായ ആത്മഹത്യയും കാരണം തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, ഒഡീഷ, തെലങ്കാന, അസം സംസ്ഥാനങ്ങൾ ഇവ നിരോധിച്ചിട്ടുണ്ട്. ഓൺലൈൻ ഗെയിമുകൾ കുട്ടികളുടെ മാനസികനിലയെപ്പോലും ഗുരുതരമായി ബാധിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. കൊവിഡിനെത്തുടർന്നുണ്ടായ ലോക്ക്ഡൗൺ സമയത്ത് റമ്മി അടക്കം വെല്ലുവിളി ഉയർത്തിയപ്പോൾ കേരളാ ഗെയിമിംഗ് ആക്ടിലെ സെക്ഷൻ14(എ) ഭേദഗതി ചെയ്ത് സർക്കാർ ഓൺലൈൻ ചൂതാട്ടം നിരോധിച്ച് ഉത്തരവിറക്കിയിരുന്നു. ഐ.എസ്.ആർ.ഒ കരാർ ജീവനക്കാരൻ മുതൽ പതിനാലുകരാൻ ഉൾപ്പെടെ നിരവധിപേർ പണം നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്ത അവസ്ഥയിലാണ് സർക്കാരിന്റെ ഉത്തരവ്. ഈ ഉത്തരവിനെ ഓൺലൈൻ ഗെയിമിംങ് കമ്പനികൾ ഹൈക്കോടതിയിലൂടെ മറികടക്കുകയും ചെയ്തു. റമ്മി ഭാഗ്യപരീക്ഷണമല്ലെന്നും മറിച്ച് വൈദഗ്ധ്യം വേണ്ട കളിയാണെന്നുമായിരുന്നു ഹൈക്കോടതിയിൽ ഓൺലൈൻ ഗെയിമിംങ് കമ്പനികളുടെ വാദം.
ലോകത്തിലെ അഞ്ചാമത്തെ ഓൺലൈൻ ഗെയിം വിപണിയായ ഇന്ത്യയിൽ 2026 ഓടുകൂടെ ഗെയിം വ്യവസായം 56,995 കോടിയുടെ വളർച്ച നേടുമെന്ന് പഠനങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. ആഗോളതലത്തിൽ 13 ശതമാനമാണ് ഓൺലൈൻ ഗെയിം വ്യവസായത്തിൽ ഇന്ത്യയുടെ സംഭാവന. 2020ൽ 22 ശതമാനം ഓൺലൈൻ ഗെയിം കളിക്കാരേ ഇന്ത്യയിൽ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, 2022 ആയപ്പോഴേക്കും ഇത് 51 ശതമാനമായി ഉയർന്നു. ഇരട്ടിയിലധികം വർദ്ധനവാണുണ്ടായിരിക്കുന്നത്. 400ലധികം ഓൺലൈൻ ഗെയിം സ്റ്റാർട്ടപ്പുകളും 900ത്തിലധികം ഗെയിമിംങ് കമ്പനികളും ഇന്ത്യയിലുണ്ട്.
നിയമം ഫലപ്രദമായി നടപ്പിലാക്കിയാൽ 18 വയസ്സിൽ താഴെയുള്ള കുട്ടികൾ ഓൺലൈൻ ഗെയിം കളിച്ച് അതിന് അടിമപ്പെടുന്ന സാഹചര്യം ഇല്ലാതാക്കാൻ സാധിക്കും. ഓൺലൈൻ ഗെയിം മേഖലയെക്കുറിച്ച് രക്ഷിതാക്കളിലും വ്യക്തമായ അവബോധം നൽകേണ്ടത് അത്യാവശ്യമാണ്. പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ച് എല്ലാ രക്ഷിതാക്കൾക്കും അറിവുണ്ടാകണമെന്നില്ല. എന്താണ് ഓൺലൈൻ ഗെയിം, ഇത് എങ്ങനെയാണ് കുട്ടികളെ ബാധിക്കുന്നത്, കുട്ടികൾ ഇവയ്ക്ക് അടിമപ്പെടാനുള്ള സാധ്യതകൾ, ഇതിൽ പണം നിക്ഷേപിക്കുന്നത് എങ്ങനെ, ഓൺലൈൻ ഗെയിമിന് അടിമപ്പെട്ട കുട്ടികളിൽ കണ്ടുവരുന്ന ലക്ഷണങ്ങൾ തുടങ്ങിയ എല്ലാ വശങ്ങളും അവരിലേക്കെത്തിക്കണം. ഓൺലൈൻ ചൂതാട്ടവും വാതുവെയ്പ്പും നടത്തുന്ന ഇത്തരം ഗെയിമുകൾ നിയന്ത്രിക്കുന്നതിന് പകരം നിരോധിക്കുന്നതല്ലേ അഭികാമ്യമെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |