കൊവിഡ് 19 സമസ്ത മേഖലകളെയും എന്ന പോലെ ഉന്നത വിദ്യാഭ്യാസരംഗത്തെയും പിടിച്ചുലച്ചിരിക്കുകയാണ്. സർവകലാശാലകൾ പരീക്ഷകൾ നടത്താൻ വളരെ ക്ളേശം അനുഭവിക്കുന്നുണ്ട്. ഉന്നതവിദ്യാഭ്യാസമേഖല ഇതുവരെ ആശ്രയിച്ചിരുന്നത് പരമ്പരാഗത 'ക്ലാസ് റൂം" പരീക്ഷകളായിരുന്നു (ക്ലോസ്ഡ് ബുക്ക് എക്സാമിനേഷൻ). എന്നാൽ ഇന്ത്യയിലെ വിരലിലെണ്ണാവുന്ന ചില സർവകലാശാലകൾ ഏറെ വെല്ലുവിളികൾ ഏറ്റെടുത്തുകൊണ്ട് ഓൺലൈൻ ഓപ്പൺ ബുക്ക് എക്സാമിനേഷൻ നടത്താൻ നിർബന്ധിതരായി.
നമ്മൾ ഇതുവരെ പിന്തുടരുന്നത് പരമ്പരാഗത 'ക്ലോസ്ഡ് ബുക്ക് ക്ലാസ് റൂം എക്സാമിനേഷൻ" ആണ്. അറിവ് ശേഖരണത്തിനുള്ള വിദ്യാർത്ഥികളുടെ കഴിവ്, ഓർമ്മശക്തി, പുനരാവിഷ്കരിക്കാനുള്ള കഴിവ് എന്നിവ പരീക്ഷിക്കാനുള്ള രീതിയായിട്ടാണ് നാം ക്ലോസ്ഡ് ബുക്ക് എക്സാമിനേഷനെ കണക്കാക്കുന്നത്. ആശയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള വിദ്യാർത്ഥികളുടെ കഴിവ്, പ്രശ്നപരിഹാരത്തിനുള്ള കഴിവുകൾ എന്നിവ വികസിപ്പിക്കുന്നതിന് പകരം മനഃപാഠം ശീലമാക്കുന്നതിലൂടെ താഴ്ന്ന തലത്തിലുള്ള വൈദഗ്ദ്ധ്യം പരീക്ഷിക്കുക മാത്രമാണ് ഇത്തരത്തിലുള്ള പരീക്ഷാ സമ്പ്രദായങ്ങൾ ഊന്നൽ നൽകുന്നത്.
എന്താണ് ഓൺലൈൻ ഓപ്പൺബുക്ക് എക്സാമിനേഷൻ?
പരീക്ഷ തുടങ്ങുന്നതിനു നിശ്ചിതസമയത്തിന് മുമ്പായി പരീക്ഷാർത്ഥിക്ക് ചോദ്യപേപ്പർ ഇ - മെയിൽ അല്ലെങ്കിൽ ഗൂഗിൾ ക്ലാസ് റൂം വഴി എത്തിച്ച് ,പുസ്തകങ്ങളുടെയും മറ്റും സഹായത്തോടെ പരീക്ഷയെഴുതിച്ച് നിശ്ചിത സമയത്തിന് മുമ്പായി അവ പരീക്ഷാർത്ഥി സ്കാൻ ചെയ്തു ഗൂഗിൾ ക്ലാസ്സ്റൂം അല്ലെങ്കിൽ മറ്റു മാദ്ധ്യമങ്ങളുടെ സഹായത്തോടെ തിരികെ അപ്ലോഡ് ചെയ്തു പരീക്ഷാ കൺട്രോളർക്ക് എത്തിച്ചു കൊടുക്കുന്ന രീതിയാണ് ഓൺലൈൻ ഓപ്പൺബുക്ക് എക്സാമിനേഷൻ.
സാദ്ധ്യതകൾ
ക്ലോസ്ഡ് ബുക്ക് എക്സാമിനേഷൻ വിദ്യാർത്ഥികളുടെ മനഃപാഠം ചെയ്യാനുള്ള കഴിവിനെ പരീക്ഷിക്കുന്നതിലുപരി അവരുടെ ആശയ വികസനത്തിനോ, ചിന്താശക്തിയെ പരിപോഷിപ്പിക്കുന്നതിനോ പ്രയോജനപ്പെടുത്താൻ സാദ്ധ്യമല്ലെന്ന് നിരവധി പഠനങ്ങൾ വ്യക്തമാക്കുന്നു.
ഈ മഹാമാരിയുടെ സാഹചര്യം പ്രയോജനപ്പെടുത്തി ഇന്ത്യയിലെ നിരവധി സർവകലാശാലകൾ (ഡൽഹി സർവകലാശാല, പോണ്ടിച്ചേരി സർവകലാശാല, അണ്ണാ സർവകലാശാല) ഓപ്പൺ ബുക്ക് എക്സാമിനേഷൻ പരീക്ഷിച്ചു വിജയിച്ചിരിക്കുകയാണ്. അന്തർദേശീയ തലത്തിൽ വിവിധ സ്വയംഭരണ സ്ഥാപനങ്ങളും സർവകലാശാലകളും ഇവ മഹാമാരിക്ക് മുമ്പുതന്നെ പരീക്ഷിച്ചു വിജയിച്ചതാണ്.
സർവകലാശാലകൾ സമയബന്ധിതമായി പരീക്ഷകൾ നടത്താൻ ബാദ്ധ്യസ്ഥരായിരിക്കെ, മഹാമാരിയുടെ സാഹചര്യം പ്രയോജനപ്പെടുത്തി നിലവിലെ പഠനപദ്ധതികളിലെ പോരായ്മകളിലൂന്നി ഇതിലേക്ക് ചുവടുവയ്ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇവിടെ ഓൺ സ്ക്രീൻ മാർക്കിങ് (ഡിജിറ്റൽ വാല്യൂവേഷൻ) സംവിധാനങ്ങളും കൂടി പ്രയോജനപ്പെടുത്തിയാൽ ഉന്നത വിദ്യാഭ്യാസരംഗത്ത് ചരിത്രപരമായ മാറ്റം കൈവരിക്കാമെന്നതിൽ സംശയം വേണ്ട.
നേരിടേണ്ട വെല്ലുവിളികൾ
പതിവു പഠനരീതി മാറ്റി വിദ്യാർത്ഥികളുടെ വിശകലനപരവും സൃഷ്ടിപരവുമായ കഴിവ് പരീക്ഷിക്കുന്ന പരീക്ഷാസമ്പ്രദായം നടപ്പിലാക്കുമ്പോൾ സാങ്കേതികപരമായും, ആശയപരമായും വെല്ലുവിളികൾ വന്നേക്കാം. ഓപ്പൺ ബുക്ക് പരീക്ഷകളിലെ ചോദ്യങ്ങൾ അറിവിന്റെ വ്യാഖ്യാനവും പ്രയോഗവും വിലയിരുത്താനും വിജ്ഞാനം തിരിച്ചു വിളിക്കുന്നതിനുപകരം വിവേചനാത്മക കഴിവുകൾ, വിമർശനാത്മക ചിന്താശേഷി എന്നിവ വിലയിരുത്താനും ആവശ്യമായിട്ടുള്ളവയാണ്. ഓപ്പൺബുക്ക് പരീക്ഷകൾക്ക് പൊതുവെ ഉയർന്ന ക്രമത്തിലുള്ള ചിന്തയും എഴുത്ത് വൈദഗ്ധ്യവും ആവശ്യമാണ്.
അദ്ധ്യാപന രീതി മാറണം
ഓപ്പൺ ബുക്ക് എക്സാമിനേഷനിലേക്കുള്ള മാറ്റം സുഗമമാക്കാൻ, നിലവിലുള്ള പാഠ്യപദ്ധതികൾ പരിഷ്കരിച്ച് വിദ്യാർത്ഥികളുമായി കൂടുതൽ സംവേദനാത്മക രീതിയിലുള്ള അദ്ധ്യാപനരീതികൾ സ്വീകരിക്കേണ്ടതാണ്. ഓപ്പൺ ബുക്ക് പരീക്ഷയിൽ, ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് വിവരങ്ങളുടെ പുനർനിർമ്മാണത്തിൽ നിന്ന് വിവരങ്ങളുടെ പ്രോസസിംഗിലേക്കാണ്. വിദ്യാർത്ഥിയ്ക്ക് കോഴ്സ് ഉള്ളടക്കത്തെക്കുറിച്ചുള്ള അറിവിനെക്കാൾ സ്വന്തം കഴിവുകൾ കണ്ടെത്തുന്ന രീതിയിലേക്കുള്ള പഠനരീതിയ്ക്കാണ് ഓരോ അധ്യാപകരും ശ്രദ്ധചെലുത്തേണ്ടത്. ഒരു തിയറി പ്രയോഗിക്കാനുള്ള കഴിവ്, പ്രായോഗിക തലത്തിൽ കൊണ്ടുവരാനുള്ള ശേഷി, അർത്ഥം വ്യാഖ്യാനിക്കൽ, ഫലം മുൻകൂട്ടി കാണാനുള്ള കഴിവ്, ഒരു പരീക്ഷണം രൂപകല്പന ചെയ്യൽ എന്നീ കഴിവുകളാണ് വിദ്യാർത്ഥികളിൽ പരീക്ഷിക്കേണ്ടത്.
ഓപ്പൺ ബുക്ക് പരീക്ഷകളെഴുതാൻ വ്യത്യസ്തമായ പഠന പ്രക്രിയകൾ പരിശീലിക്കേണ്ടതുണ്ട്. വിദ്യാർത്ഥികൾക്ക് ആശയങ്ങൾ മനസിലാകുന്നില്ലെങ്കിൽ, വർഷാവസാന പരീക്ഷയിൽ വിജയിക്കില്ല. ഈ ശീലങ്ങൾ പരിശീലിപ്പിക്കുന്നതിനായി വികസിപ്പിച്ചെടുക്കേണ്ട അത്യാവശ്യ സംഗതികൾ ഇവിടെ പ്രതിപാദിക്കാം.
അദ്ധ്യാപകരുടെ പ്രഭാഷണങ്ങളിൽ വിദ്യാർത്ഥികൾ കൂടുതൽ ശ്രദ്ധിക്കുകയും കൂടുതൽ കുറിപ്പുകൾ തയ്യാറാക്കുക വേണം. ലേബലുകളും ഹൈലൈറ്ററുകളും ഉപയോഗിച്ച് ഈ കുറിപ്പുകൾ സംരക്ഷിക്കണം. അദ്ധ്യാപന രീതിയും പഠനരീതിയും പരിഷ്കരിച്ചുകൊണ്ട് ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ ഓപ്പൺ ബുക്ക് പരീക്ഷകൾക്ക് കഴിയും. എന്നാൽ ഇത് പ്രാഥമിക വിദ്യാഭ്യാസത്തിന് അനുയോജ്യമല്ലായിരിക്കാം. ഓപ്പൺ ബുക്ക് പരീക്ഷകൾ മാത്രമല്ല, മെമ്മറി അധിഷ്ഠിത പരീക്ഷകൾക്ക് ബദലായി വിവിധ തരത്തിലുള്ള പരീക്ഷകൾ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ വളരെ ആവശ്യമാണ്.
ചുരുക്കത്തിൽ വിദ്യാഭ്യാസ - അദ്ധ്യാപനരീതി ഓപ്പൺ ബുക്ക് എക്സാമിനേഷന് അനുയോജ്യമായ രീതിയിൽ പരിഷ്കരിക്കപ്പെട്ടാൽ മാത്രമേ ഈ ആശയം വിജയിക്കൂ. ഇല്ലെങ്കിൽ ബുക്ക് തുറന്നുവച്ച് കോപ്പിയടിക്കുന്നതിന് തുല്യമാകുമെന്ന തിരിച്ചറിവ് പദ്ധതികൾ നടപ്പിലാക്കുന്നവർക്ക് ഉണ്ടാകണം.
ലേഖകൻ - മൂന്നാർ എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ, എ.പി.ജെ അബ്ദുൾകലാം ടെക്നോളോജിക്കൽ യൂണിവേഴ്സിറ്റിയിൽ ഇ - ഗവേണൻസ് ജോയിന്റ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഫോൺ : 9447006953
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |