SignIn
Kerala Kaumudi Online
Thursday, 19 September 2024 11.39 AM IST

സമസ്ത മേഖലകളിലും വേണം, പിന്നാക്ക സംവരണം

Increase Font Size Decrease Font Size Print Page

palpu

എല്ലാ വിഭാഗം ജനങ്ങൾക്കും എല്ലാ മേഖലകളിലും തുല്യ സ്വാതന്ത്ര്യവും പങ്കാളിത്തവും ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്തിട്ടുണ്ട്. ഇന്ത്യൻ ഭരണഘടന നിലവിൽ വന്നിട്ട് 71 വർഷങ്ങൾ പിന്നിട്ടു. പക്ഷേ തുല്യ സ്വാതന്ത്ര്യവും തുല്യപങ്കാളിത്തവും തുല്യനീതിയും ഇനിയും യാഥാർത്ഥ്യമായിട്ടില്ല. തുല്യത ഉറപ്പാക്കാൻ ഭരണഘടന വിഭാവനം ചെയ്ത പ്രക്രിയയായ പിന്നാക്ക സംവരണം ആത്മാർത്ഥമായി നടപ്പിലാക്കാത്തതാണ് ഇതിന്റെ കാരണം.

ഡോ. പി. പല്പു അടക്കമുള്ളവർക്ക് നേരെ പതിറ്റാണ്ടുകൾ മുൻപ് ഉണ്ടായതുപോലെ,​ പിന്നാക്കക്കാരെ എങ്ങനെ ഒഴിവാക്കാമെന്ന ചിന്തയാണ് ഇന്നലെയും ഇന്നും അധികാരത്തിന്റെ തലപ്പത്ത് നടക്കുന്നത്. തിരുവിതാംകൂർ ഭരണകൂടം പല്പുവിന് മെഡിക്കൽ പഠനത്തിനും പിന്നീട് ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതിനുമുള്ള അവസരം നിഷേധിച്ചതിന് സമാനമായ സ്ഥിതി ഇപ്പോഴും നിലനില്‌ക്കുന്നു. പിന്നാക്കക്കാർ ആരും ഉയർന്നു വരരുതെന്ന ലക്ഷ്യത്തോടെ അവർ ചട്ടങ്ങളും നിയമങ്ങളും ചമയ്ക്കുന്നു. പിന്നാക്കക്കാരെ അടിമകളായി കണ്ടിരുന്ന ചാതുർവർണ്യ മനോഭാവക്കാർ അധികാര സ്ഥാനങ്ങൾ കൈവശപ്പെടുത്തിയിരിക്കുന്നതാണ് പ്രശ്നം. ഇത്രയുംകാലം പിന്നാക്ക സംവരണം നടപ്പാക്കിയിട്ടും നിർണായക തീരുമാനങ്ങൾ എടുക്കുന്ന കേന്ദ്രങ്ങളിൽ പിന്നാക്ക വിഭാഗക്കാർക്ക് അർഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. അതുകൊണ്ടാണ് അധികാര കേന്ദ്രങ്ങളിൽ നിന്നും പിന്നാക്കക്കാരന് എതിരായ തീരുമാനങ്ങൾ നിരന്തരം ഉണ്ടാകുന്നത്.

ഡോ. പി. പല്പുവിന്റെ ജന്മദിനമാണ് ഇന്ന്. അതിനൊപ്പം സവർണമേധാവിത്വത്തിനെതിരെ കേരളചരിത്രത്തിലെ ഇടിമുഴക്കമായിരുന്ന ഈഴവ മെമ്മോറിയലിന്റെ 125-ാം വാർഷികം കൂടിയാണ്. ജാതിയുടെ പേരിൽ നേരിടേണ്ടിവന്ന നിരന്തര അവഗണനകളാണ് പല്പുവിനെ പോരാളിയാക്കിയത്. ഈഴവനായി പിറന്നത് കൊണ്ട് മാത്രമാണ് പല്പുവിന് മെഡിക്കൽ പഠനത്തിന് പ്രവേശനം നിഷേധിച്ചത്. പ്രവേശന പരീക്ഷ ഉയർന്ന മാർക്കോടെ പാസായ പല്പുവിനെ വയസ് കൂടിപ്പോയെന്ന് പറഞ്ഞാണ് ഒഴിവാക്കിയത്. മാനദണ്ഡപ്രകാരമുള്ള വയസേ ഉള്ളുവെന്ന് മെഡിക്കൽരേഖ സഹിതം സാക്ഷ്യപ്പെടുത്തിയിട്ടും അധികാരികൾ പ്രവേശനം അനുവദിച്ചില്ല. തോല്‌ക്കാൻ തയ്യാറാകാതിരുന്ന പല്പു മദ്രാസ് മെഡിക്കൽ കോളേജിൽ നിന്നും വൈദ്യശാസ്ത്ര ബിരുദം നേടി. പക്ഷേ ഇവിടെ അലോപ്പതി ഡോക്ടർമാർ കുറവായിരുന്നിട്ടും തിരുവിതാംകൂർ ഭരണകൂടം മെഡിക്കൽ പ്രാക്ടീസിന് പല്പുവിനെ അനുവദിച്ചില്ല. ഇത്തരം അവഗണനകൾ, ജാതിയുടെ പേരിൽ അവർണന് തൊഴിലും വിദ്യാഭ്യാസവും നിഷേധിക്കുന്ന ചാതുർവർണ്യത്തിനെതിരെ ആളിക്കത്താൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. അങ്ങനെയാണ് ഡോ. പല്പു മലയാളി മെമ്മോറിയലിന്റെ ഭാഗമായത്. മലയാളി മെമ്മോറിയൽ കൊണ്ട് പിന്നാക്ക ജനവിഭാഗങ്ങൾക്ക് ഗുണമുണ്ടായില്ലെന്ന് മാത്രമല്ല, അവകാശം ചോദിച്ചതിന്റെ പേരിൽ ഈഴവരെ മഹാരാജാവ് പരിഹസിക്കുന്ന അവസ്ഥയുണ്ടായി. അദ്ദേഹം പരിഹാസത്തിന് മുന്നിൽ തലകുനിച്ചു നിന്നില്ല. പകരം ഈഴവ മെമ്മോറിയൽ എന്ന കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഇടിമുഴക്കം സൃഷ്ടിക്കുകയായിരുന്നു.

1896 സെപ്തംബർ മൂന്നിന് ഡോ. പല്പുവിന്റെ നേതൃത്വത്തിൽ സമർപ്പിച്ച ഈഴവ മെമ്മോറിയൽ ജാതീയ അവഗണന കാരണം ഈഴവർ അനുഭവിക്കുന്ന ദുരവസ്ഥകളുടെ സമഗ്ര ചിത്രമായിരുന്നു. അതിലെ വാക്കുകൾക്ക് മുദ്രാവാക്യത്തിന്റെ പ്രതീതിയുണ്ടായിരുന്നു. അവകാശ നിഷേധത്തിനെതിരെ രാജസിംഹാസനം ലക്ഷ്യമിട്ട് 13176 ഈഴവരുടെ മാർച്ചായിരുന്നു ഈഴവ മെമ്മോറിയൽ എന്ന് വിശേഷിപ്പിക്കാം. പക്ഷെ അധികാരികൾ അനങ്ങിയില്ല. ഡോ.പല്പു നിരാശനുമായില്ല. അന്നത്തെ തിരുവിതാംകൂർ ഭരണകൂടത്തിന്റെ അതേ നിലപാടാണ് മാറി മാറിയെത്തുന്ന ജനാധിപത്യ സർക്കാരുകൾക്കും. അവർ നമ്മുടെ മുദ്രാവാക്യങ്ങളും ആവശ്യങ്ങളും സങ്കടങ്ങളും കേട്ടില്ലെന്ന് നടിക്കുന്നു. നമ്മളിൽപ്പെട്ടവർ അവിടങ്ങളിൽ ഇല്ലാത്തതാണ് പ്രശ്നം. ഇത് വിദ്യാഭ്യാസ, ഉദ്യോഗരംഗങ്ങളിലെ സംവരണം കൊണ്ട് മാത്രം പരിഹരിക്കപ്പെടില്ല. ഇന്ത്യൻ പാർലമെന്റ് അടക്കം എല്ലാ ജനാധിപത്യ വേദികളിലും പിന്നാക്ക സംവരണം നടപ്പാക്കണം. നിർണായക തീരുമാനങ്ങളെടുക്കുന്ന എല്ലാ രംഗങ്ങളിലും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഉണ്ടാകണം. ഇത് നേടിയെടുക്കാൻ ഡോ. പല്പുവിനെ പോലെ കൂടുതൽ ഊർജ്ജസ്വലരായി നാം പോരാടണം. ഇക്കാര്യത്തിൽ എസ്.എൻ.ഡി.പി യോഗം കാര്യക്ഷമമായ ഇടപെടലുകൾ നടത്തുന്നുണ്ട്. ഭരണഘടനാവിരുദ്ധമായ മുന്നാക്ക സംവരണത്തിനെതിരെ സുപീം കോടതിയിൽ യോഗം ആദ്യഘട്ടത്തിൽ തന്നെ കേസ് ഫയൽ ചെയ്തു. ഇത്രയും കാലം സംവരണം നടപ്പാക്കിയിട്ടും എല്ലാ വിഭാഗം പിന്നാക്കക്കാരിലേക്കും അതിന്റെ പ്രയോജനം എത്തിയിട്ടില്ല എന്നതടക്കമുള്ള വസ്തുതകൾ കോടതിയെ ധരിപ്പിച്ച് അനുകൂല വിധി നേടാനുള്ള പോരാട്ടം തുടരുകയാണ്.

ദേവസ്വം ബോർഡുകൾ ഉദാഹരണം

സംവരണം ഇല്ലെങ്കിൽ സവർണ വിഭാഗങ്ങൾ എല്ലാം കൈയടക്കുമെന്നതിന്റെ തെളിവാണ് കേരളത്തിലെ ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള ജീവനക്കാരുടെ ജാതിക്കണക്ക്. കനത്ത അസന്തുലിതാവസ്ഥ നിലനില്‌ക്കുന്ന ദേവസ്വം ബോർഡിൽ സംസ്ഥാന സർക്കാർ മുന്നാക്കത്തിന് പത്ത് ശതമാനം സാമ്പത്തിക സംവരണം കൂടി ഏർപ്പെടുത്തിയിരിക്കുകയാണ്. ദേവസ്വം ബോർഡുകളിലെ അദ്ധ്യാപക നിയമനങ്ങളിൽ ഇപ്പോഴും പിന്നാക്ക സംവരണമില്ല. മറ്റ് സർവകശാലകളിലെ അദ്ധ്യാപക നിയമനങ്ങളിലും സംവരണം അട്ടിമറിക്കപ്പെടുന്നു. ഈഴവരെ സർക്കാർ ഉദ്യോഗങ്ങളിൽ നിന്ന് പരമാവധി അകറ്റിനിറുത്തുക എന്ന ലക്ഷ്യത്തോടെ പി.എസ്.സിയുടെ സംവരണ റൊട്ടേഷൻ പോലും നിശ്ചയിച്ചിരിക്കുകയാണ്. ഇതു പലതവണ ബോദ്ധ്യപ്പെടുത്തിയിട്ടും തിരുത്താൻ തയ്യാറാകുന്നില്ല. ഗൂഢബുദ്ധിയോടെയുള്ള ഈ റൊട്ടേഷൻ ക്രമം കാരണം കേരളം പ്രതീക്ഷയോടെ കാത്തിരുന്ന കെ.എ.എസിൽ നിന്നും അർഹരായ ഈഴവ ഉദ്യോഗാർത്ഥികൾ പിന്തള്ളപ്പെടുന്ന അവസ്ഥയാണ്.

ദേവസ്വം ബോർഡിൽ സാമ്പത്തിക സംവരണം വരുന്നതിന് മുൻപുള്ള ജീവനക്കാരുടെ ജാതി തിരിച്ചുള്ള കണക്ക്

ദേവസ്വം ബോർഡുകളിലെ ആകെ ജീവനക്കാർ: 6120

മുന്നാക്ക വിഭാഗക്കാർ: 5870 (96.91 ശതമാനം)

നായർ- 5020 (82.02ശതമാനം)

ബ്രാഹ്മണർ- 850(13.88 ശതമാനം)

ഈഴവർ- 207(3.38ശതമാനം)

ദളിത്- 20(0.32ശതമാനം)

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: P PALPU
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.