SignIn
Kerala Kaumudi Online
Friday, 20 September 2024 11.07 PM IST

ചരിത്രത്തിലെ പൊൻതിളക്കം

Increase Font Size Decrease Font Size Print Page

p-palpu

''തിരുവിതാംകൂർ, ''തിരുവിതാംകൂറുകാർക്ക്" എന്ന മുദ്രാവാക്യമുയർത്തി മലയാളി സഭയ്‌ക്കും മലയാളി മെമ്മോറിയലിനും നേതൃത്വം നൽകിയ ഡോ. പി. പല്‌പുവിന്റെ പ്രവർത്തനങ്ങളുടെ പ്രസക്തി മനസിലാകണമെങ്കിൽ മുല്ലപ്പെരിയാർ അണക്കെട്ട് പ്രശ്നം ശരിയായി അപഗ്രഥിച്ചു നോക്കേണ്ടതുണ്ട്. ''തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക്." ഡോ. പല്‌പു ഉയർത്തിപ്പിടിച്ച ഈ മുദ്രാവാക്യങ്ങൾ വേണ്ടത്ര ഉറക്കെ വിളിക്കാൻ മതിയായ തോതിൽ ആളുകളുണ്ടായിരുന്നെങ്കിൽ കേരളത്തിന് മുല്ലപ്പെരിയാർ എന്ന പേടിസ്വപ്നം ഒഴിവാക്കാനാകുമായിരുന്നു.

സംസ്ഥാനത്തെ ജാതിപക്ഷവാദികളായ പരദേശി ബ്രാഹ്മണരുടെ ആധിപത്യത്തിൽ നിന്നും രക്ഷപ്പെടുത്തി താത്‌പര്യങ്ങൾ സംരക്ഷിക്കാൻ ഇത്ര ശക്തമായ നിലപാടെടുത്ത മറ്റ് നേതാക്കൾ എത്രയുണ്ട്?

ഇതുപോലെ കേരളത്തെ സമഗ്ര പുരോഗതിയിലേക്ക് നയിക്കാൻ വളരെയേറെ ഉതകുന്നവയായിരുന്നു ഡോ. പല്‌പുവിന്റെ സാമ്പത്തിക - വ്യാവസായിക ചിന്തകളും നടപടികളും.

കേരളത്തിന്റെ വ്യാവസായികോത്‌പന്നങ്ങളും കാർഷികോത്പന്നങ്ങളും ലോകശ്രദ്ധ ആകർഷിച്ചിരുന്നു. കയർ, കശുഅണ്ടി, കൈത്തറി, കുരുമുളക് മറ്റ് സുഗന്ധദ്രവ്യങ്ങൾ എന്നിവ വാങ്ങിക്കൊണ്ടുപോകാൻ പല വിദേശ കച്ചവടക്കാരും കേരളതീരത്ത് എത്തിയിരുന്നു. ഈ കച്ചവടത്തിൽ നിന്നുള്ള വരുമാനമാകട്ടെ കർഷകർക്കോ, വ്യവസായ തൊഴിലാളികൾക്കോ ആയിരുന്നില്ല ലഭിച്ചിരുന്നത്. ചൂഷകരായ ഇടനിലക്കാർക്കായിരുന്നു. ലാഭക്കൊതിയന്മാരായ ഈ മദ്ധ്യവർത്തികളിൽ നിന്നും യഥാർത്ഥ ഉത്‌പാദകരെ രക്ഷിക്കുകയായിരുന്നു ഡോ. പല്‌പുവിന്റെ ലക്ഷ്യം. സാധാരണക്കാരെ ദാരിദ്ര്യ‌ത്തിൽനിന്നു രക്ഷിക്കാനുള്ള നല്ല മാർഗമായാണ് അദ്ദേഹം അതിനെ കണ്ടത്. ഉത്‌പാദകർതന്നെ നേരിട്ട് വില്പനക്കാരായി മാറുന്ന വിപ്ളവകരമായ സംവിധാനം രൂപപ്പെടുത്താനാണ് അദ്ദേഹം ശ്രമിച്ചത്. മലബാർ ഇക്കണോമിക് യൂണിയൻ ലിമിറ്റഡ് എന്ന പേരിൽ ഒരു കമ്പനി സ്ഥാപിച്ചത് അതിനുവേണ്ടിയായിരുന്നു. തുടക്കത്തിൽ വളരെ വിജയകരമായി പ്രവർത്തിച്ച ആ കമ്പനി ചൂഷണവിദഗ്ദ്ധരായ ഇടനിലക്കാരുടെ കുതന്ത്രങ്ങൾമൂലമാണ് തകർന്നുപോയത്.

സാധാരണക്കാരുടെ സാമ്പത്തികാഭിവൃദ്ധിക്ക് ഏറ്റവും നല്ല മാർഗം ചെറുകിട - കുടിൽ വ്യവസായങ്ങളാണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു. ഈ വ്യവസായങ്ങൾക്കുള്ള അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യേണ്ടതില്ലെന്നും നമ്മുടെ ചുറ്റുപാടുകളിൽ നിന്നും ശേഖരിക്കാവുന്നതാണെന്നും അദ്ദേഹം കണ്ടെത്തി. ഇത്തരം ഇരുന്നൂറോളം ഉത്പന്നങ്ങളും കൗതുക വസ്തുക്കളും അദ്ദേഹം തിരിച്ചറിയുകയും ചെയ്തിരുന്നു. അദ്ദേഹം മുൻകൈയെടുത്ത് സംഘടിപ്പിച്ച കാർഷിക - വ്യാവസായിക പ്രദർശനങ്ങളുടെ ലക്ഷ്യവും ഇതൊക്കെയായിരുന്നു.

ഡോ. പല്‌പുവിനെക്കുറിച്ചുള്ള ഓർമ്മകൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ - സാമൂഹ്യ - സാമ്പത്തികാശയങ്ങളിൽ മാത്രമായി ഒതുക്കിനിറുത്തുന്നത് അദ്ദേഹത്തോട് ചെയ്യുന്ന കടുത്ത അനീതിയായിരിക്കും.

അദ്ദേഹത്തിന്റെ ഏറ്റവും മഹത്തായ സംഭാവന പകർച്ചവ്യാധികളെ ചികിത്സിക്കുന്നതിൽ അദ്ദേഹം മരണം നേരിടാൻ പോലും തയ്യാറായി നിന്നുകൊണ്ട് നടത്തിയ സേവനങ്ങളാണ്. ഗോവസൂരി ചികിത്സയ്‌ക്കുള്ള ലിംഫ് ഉത്‌പാദിപ്പിക്കുന്ന മദ്രാസിലെ സ്പെഷ്യൽ വാക്‌സിൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വാക്സിൻ ഡിപ്പോ സൂപ്രണ്ടായിട്ടായിരുന്നു അദ്ദേഹം 1890ൽ സേവനം ആരംഭിച്ചത്. അദ്ദേഹത്തിന്റെ കഴിവും മികവും പെട്ടെന്നുതന്നെ അദ്ദേഹത്തിന് സീനിയർ മെഡിക്കൽ സൂപ്രണ്ടായി ഉദ്യോഗക്കയറ്റം നേടിക്കൊടുത്തു. 1896-ൽ ബാംഗ്ളൂരിൽ വാക്‌സിൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൂപ്രണ്ടായിരുന്നപ്പോളായിരുന്നു അവിടെ ബ്യൂ ബോണിക് പ്ളേഗ് ബാധയുണ്ടായത്. ഈ രോഗത്തിനെതിരായ പ്രതിരോധ നടപടികൾ ആവിഷ്കരിക്കുന്നതിനായി ബ്രിട്ടീഷ് ഗവൺമെന്റ് രൂപീകരിച്ച അന്താരാഷ്ട്ര വിദഗ്ദ്ധ സമിതിയിൽ ഇന്ത്യയിൽ നിന്നുള്ള ഏക പ്രതിനിധി ഡോ. പല്‌പു ആയിരുന്നു. പല സംസ്ഥാനങ്ങളിലെയും ബ്രിട്ടീഷ് ഭരണപ്രദേശങ്ങളിലെ വിദഗ്ദ്ധന്മാർക്ക് വാക്സിൻ നിർമ്മാണത്തിൽ പരിശീലനം നൽകുന്നതിനുള്ള ചുമതലയും അദ്ദേഹത്തിനായിരുന്നു നല്‌കപ്പെട്ടത്.

ഇതിനിടയിൽ കേംബ്രിഡ്‌ജിൽ നിന്നും ഡി.പി.എച്ച് ഡിപ്ളോമയും ലണ്ടനിൽ നിന്നും എഫ്.ആർ.പി.എച്ച് എന്ന യോഗ്യതയും അദ്ദേഹം നേടിയിരുന്നു. ഇങ്ങനെ ആതുരസേവനത്തിലും യോഗ്യതകളിലും അതുല്യനായി ശോഭിച്ച അദ്ദേഹത്തിന്റെ പേര് തോന്നയ്ക്കൽ ആരംഭിച്ചിട്ടുള്ള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് നൽകുന്നത് ചരിത്രപരമായ നീതിയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: P PALPU
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.