SignIn
Kerala Kaumudi Online
Sunday, 28 April 2024 2.54 AM IST

ചെങ്കോട്ടയിൽ പുതിയ ഇന്ത്യയുടെ ചിത്രം വരച്ച് മോദി

kk

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് മുന്നിൽ വരച്ചുകാട്ടിയത് 25 വർഷത്തിന് ശേഷം 2047ൽ ഇന്ത്യ വികസിത രാജ്യമായി മാറുന്നതിനുള്ള അഞ്ച് ചുവടുകളാണ്. ഇത് നടപ്പാക്കാവുന്ന വളരെ പ്രായോഗികകാഴ്ചപ്പാടോടെ അവതരിപ്പിച്ചതാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ചിന്തകരും മുൻ ആസൂത്രണബോർഡ് അംഗങ്ങളുമായ ജി.വിജയരാഘവൻ,സി.പി.ജോൺ,മുൻ പി.എസ്.സി.ചെയർമാൻ ഡോ.രാധാകൃഷ്ണൻ എന്നിവരുമായി സംസാരിച്ച് തയ്യാറാക്കിയത്.

പുതുതലമുറയുടെ മുന്നിൽ വികസിത ഇന്ത്യ എന്ന യാഥാർത്ഥ്യത്തിലേക്ക് അഞ്ച് ചുവടുകൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗം. പതിവ് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ നിന്ന് വഴിമാറി യുവാക്കൾക്ക് മുന്നിൽ യാഥാർത്ഥ്യവും സ്വപ്നവും കൂട്ടികലർത്തി പുതിയ ഇന്ത്യയുടെ ചിത്രം വരച്ചുകാട്ടിയാണ് ഇക്കുറി രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. സ്വാതന്ത്ര്യം നേടിത്തന്നവരേയും അർത്ഥപൂർണ്ണമായ വികസനം സമ്മാനിച്ചവരേയും അനുസ്മരിച്ച് ലോകത്തിന് മുന്നിൽ വികസിത ഇന്ത്യയെന്ന പുതിയ ലക്ഷ്യമാണ് അദ്ദേഹം ഉയർത്തിയത്.

ഇതാദ്യമായി ചെങ്കോട്ടയിൽ ഗൺസല്യൂട്ടിന് ഉപയോഗിച്ചത് ഇന്ത്യയിൽത്തന്നെ നിർമ്മിച്ച പീരങ്കിയാണ്. കൊവിഡ് കാലത്ത് പരമദരിദ്രന് പോലും വാക്സിനെത്തിച്ച് ലോകത്തെ അത്ഭുതപ്പെടുത്തിയ രാജ്യം. രണ്ടരക്കോടി വീടുകളിൽ വൈദ്യുതി എത്തിച്ചു. അന്തരീക്ഷമലിനീകരണം ഒഴിവാക്കാൻ രാജ്യത്ത് വിതരണം ചെയ്യുന്ന പെട്രോളിൽ പത്തുശതമാനം എഥനോൾ ചേർക്കുന്ന പദ്ധതി പൂർത്തിയാക്കി. ആരോഗ്യരംഗത്ത് സ്വയംപര്യാപ്തയിലേക്ക് അതിവേഗം മുന്നേറുന്നു. വൈദ്യുതി ഉത്‌പാദനത്തിൽ സ്വയംപര്യാപ്തയിലേക്ക് മുന്നേറുന്നു. വ്യവസായവികസനത്തിൽ വൻ കുതിപ്പ്. ചെറിയ നഗരങ്ങളിലും ഗ്രാമങ്ങളിലും വരെ സ്റ്റാർട്ടപ്പുകൾ. ബ്രഹ്മോസ് മിസൈലും മെട്രോട്രെയിൻ കോച്ചുകളും കയറ്റുമതി ചെയ്യുന്ന ശക്തി.

വികസിത ഇന്ത്യയുടെ സൃഷ്ടിയ്‌ക്കായി രാജ്യത്തെ 130കോടിജനങ്ങളുടേയും കൂട്ടായ പ്രയത്നവും മനസുമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. അതിനുള്ള കർമ്മപദ്ധതിയാണ് അദ്ദേഹം വിവരിച്ചതെന്ന് വിദഗ്ധർ പറയുന്നു.

വികസിത ഇന്ത്യ സൃഷ്‌ടിക്കാൻ ആദ്യം ജനം തീരുമാനിക്കണം. അതിന് മാനസികമായും സാമൂഹ്യമായും ഒരുങ്ങണം. വികസിതരാജ്യത്തിന്റെ സംസ്ക്കാരത്തിലേക്ക് ജനങ്ങൾ മാറണം. അടിസ്ഥാനാവശ്യങ്ങളിൽ സ്വയംപര്യാപ്തത, സംസ്‌കാര സമ്പന്നമായ സാമൂഹ്യജീവിതം,സ്ത്രീകളോട് ആദരവും അവർക്ക് സമൂഹത്തിൽ മികച്ചസ്ഥാനവും ഉറപ്പാക്കൽ, ശുചിത്വവും ദേശസ്നേഹവും പൗരബോധവുമുള്ള ജനത,​ അഴിമതിയും സ്വജനപക്ഷപാതവുമില്ലാത്ത സാമൂഹ്യഭരണസംവിധാനം ഇതെല്ലാമാണ് വികസിത ഇന്ത്യയുടെ അടയാളങ്ങൾ. ഇതെല്ലാം എങ്ങനെ സ്വന്തമാക്കാമെന്നതിനുള്ള എളുപ്പവഴിയാണ് അദ്ദേഹം അവതരിപ്പിച്ച പഞ്ചപ്രൺ എന്ന് മുൻ പി.എസ്.സി.ചെയർമാനും സംസ്കൃത സർവ്വകലാശാല മുൻവൈസ് ചാൻസിലറുമായ ഡോ.എസ്.രാധാകൃഷ്ണൻ പറഞ്ഞു.

ഇപ്പോൾ 20ന് മേൽ പ്രായമുള്ളവർ 25വർഷത്തിന് ശേഷം രാജ്യം സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ അൻപതിനടുത്തെത്തും. അവർ വികസിതരാജ്യത്തിലെ പൗരന്മാരായി ജീവിക്കാനുളള കർമ്മപദ്ധതിയാണ് ഇപ്പോഴുണ്ടാക്കുന്നത്.

സാങ്കേതികമേഖലയിൽ വൻ കുതിപ്പ്, പൗരബോധത്തിൽ ഉറച്ച വികസന സങ്കൽപം. ഇവ രണ്ടുമാണ് മോദി ഉൗന്നിപ്പറയുന്നത്. ജനങ്ങൾക്ക് 24മണിക്കൂറും വൈദ്യുതി എത്തിക്കേണ്ടത് സർക്കാരുകളുടെ കടമയാണ്. എന്നാൽ വൈദ്യുതി പാഴാക്കാതിരിക്കേണ്ടത് ജനങ്ങളുടെ കടമയാണ്. കൃഷിക്കാവാശ്യമായ ജലലഭ്യത ഉറപ്പാക്കേണ്ടത് സർക്കാരുകളുടെ ഉത്തരവാദിത്വമാണ്. എന്നാൽ അതനുസരിച്ച് മികച്ച വിളവ് ഉറപ്പാക്കേണ്ടത് പൗരന്റെ കർത്തവ്യമാണ്. ഇൗ ബോധമാണ് ഉണ്ടാകേണ്ടതെന്ന് പ്രധാനമന്ത്രി പറയുന്നു.

സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും അടിമത്ത മനസ്ഥിതി മാറിയിട്ടില്ല. ഇൗ മനോഭാവത്തിന്റെ മാറ്റത്തിനാണ് പഞ്ചപ്രൺ. വികസിതരാജ്യത്തിലെ ജനത സ്വന്തം രാജ്യത്തിൽ അഭിമാനിക്കണം. നിശ്ചയദാർഢ്യം,അടിമത്ത ബോധമില്ലായ്മ,പൈതൃകാഭിമാനം, ഐക്യം, പൗരബോധം എന്നിവയാണ് പഞ്ചപ്രൺ. സ്വാതന്ത്ര്യം ലഭിച്ച് ഇത്രനാളായിട്ടും കോൺഗ്രസ് കൊണ്ടുനടന്നത് പാശ്ചാത്യമേൽക്കോയ്മ അംഗീകരിക്കുന്ന നിലപാടുകളായിരുന്നു. ആദ്യപ്രധാനമന്ത്രി നെഹ്റു മുതൽ ഇതുവരെ പിന്തുടർന്ന മനോഭാവമാണ് ഇന്ത്യയെ ഇത്തരമൊരു അവസ്ഥയിൽ കൊണ്ടുചെന്നെത്തിച്ചതെന്ന് ഡോ.രാധാകൃഷ്ണൻ പറഞ്ഞു.

ഇത്തരം പ്രഖ്യാപനങ്ങൾ എത്രത്തോളം ഫലവത്താകുമെന്ന് മുൻ ആസൂത്രണബോർഡംഗം സി.പി. ജോൺ ചോദിച്ചു. സാരോപദേശങ്ങൾ വികസനമുണ്ടാക്കില്ല. ആസൂത്രണകമ്മിഷനുകളെ പറഞ്ഞുവിട്ടിട്ട് രാജ്യത്തെ തോന്നുന്നത് പോലെ വികസിപ്പിക്കാമെന്ന ധാരണ ശരിയാകണമെന്നില്ല. ജനങ്ങൾക്ക് അനുഭവവേദ്യമായ വികസനപദ്ധതി അവതരിപ്പിക്കാൻ കഴിഞ്ഞ എട്ടുവർഷമായി കഴിഞ്ഞിട്ടില്ലെന്ന് ജോൺ പറഞ്ഞു. എന്നാൽ ആത്മനിർഭർ ഭാരത്, മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതികൾ ഏറെ ഗുണം ചെയ്തെന്നാണ് അധികൃതരുടെ അഭിപ്രായം. നിലവിൽ 300ലേറെ പ്രതിരോധസാമഗ്രികൾ രാജ്യം ഇറക്കുമതി ചെയ്യുന്നില്ല. മറിച്ച് ഇവിടെ ഉത്‌പാദിപ്പിക്കുന്ന പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നു. അത് മാറ്റമല്ലേ എന്നാണ് ചോദ്യം.

സാങ്കേതിക മേഖലയിൽ വൻകുതിപ്പ് ഉറപ്പാക്കാനുളള നടപടികൾ സ്വീകരിക്കുമെന്നാണ് ഉറപ്പ്. ഇതിനാവശ്യമായ ഒപ്റ്റിക്കൽ ഫൈബർ നെറ്റ് വർക്ക് ഉടൻ നടപ്പാക്കും. നാലുലക്ഷം സേവനകേന്ദ്രങ്ങൾ രാജ്യം മുഴുവൻ സ്ഥാപിക്കും.ഡിജിറ്റൽ ഇന്ത്യ എന്നത് എല്ലാ അർത്ഥത്തിലും പ്രായോഗികവത്‌കരിക്കുമെന്നാണ് അർത്ഥമാക്കുന്നത്.

1947ൽ നമ്മൾ സ്വാതന്ത്ര്യം നേടി​യപ്പോഴും യൂറോ കേന്ദ്രീകൃതമായ ജീവിതവ്യവസ്ഥയോടുള്ള വി​ധേയത്വം ഉപേക്ഷി​ച്ചി​രുന്നി​ല്ല. ആദ്യത്തെ ഗവർണർ ജനറലായി​ മൗണ്ട് ബാറ്റൻ വരുന്നത് കൊണ്ട് മാത്രമല്ല, ആദ്യ പ്രധാനമന്ത്രി​ ജവഹർലാൽ നെഹ്റു യൂറോ സെൻട്രി​സത്തി​ന്റെ ആരാധകനായി​രുന്നു. യൂറോ സെൻട്രി​സം എന്നു പറഞ്ഞാൽ യൂറോപ്പാണ് വി​ജ്ഞാനത്തി​ന്റെയും വി​കസനത്തി​ന്റെയും സംസ്കാരത്തി​ന്റെയും കലയുടെയും സാഹി​ത്യത്തി​ന്റെയും ശാസ്ത്രസാങ്കേതി​കതയുടെയും എല്ലാം കേന്ദ്രം, യൂറോപ്പാണ് ഉജ്ജ്വലമായ മാതൃകകൾ എന്ന ചി​ന്തയാണ്. അതുകൊണ്ട് സ്വാഭാവി​കമായും യൂറോപ്യൻ മാതൃകകൾ വച്ചുകൊണ്ട് ബാക്കി​ മാതൃകകൾ എല്ലാം നി​രാകരി​ക്കണമെന്ന കാഴ്ചപ്പാടാണ് യൂറോ സെൻട്രി​സം. അതിൽനിന്ന് മോചനം ഒരു പ്രധാനമന്ത്രി ആവശ്യപ്പെടുന്നത് അടിസ്ഥാനപരമായ മാറ്റമാണെന്ന് ഡോ.രാധാകൃഷ്ണൻ പറഞ്ഞു.

ചെങ്കോട്ടയിലെ പ്രധാനമന്ത്രിയുടെ പ്രസംഗം അടിസ്ഥാനപരമായി ജനങ്ങളുടെ മനോഭാവം മാറ്റാനുള്ളതാണെന്ന് കാണാമെന്ന് മുൻ ആസൂത്രണബോർഡ് അംഗവും ടെക്നോപാർക്ക് സ്ഥാപക സി.ഇ.ഒ.യുമായ ജി.വിജയരാഘവൻ പറഞ്ഞു. ഇത് നടപ്പാക്കാനാകുന്ന കാര്യമാണ്. എന്നാലത് എളുപ്പവുമല്ല. പ്രധാനമന്ത്രി പത്തുകാര്യങ്ങളിൽ ഫോക്കസ് ചെയ്യുന്നു. അത് സമൂഹത്തിന്റെയും ഭരണസംവിധാനത്തിന്റെയും സമീപനത്തിലെ മാറ്റം സൂചിപ്പിക്കുന്നതാണ്, യുവാക്കളെ പ്രചോദിപ്പിക്കുന്നു. നിങ്ങൾക്ക് വികസിത ഇന്ത്യയിൽ ജീവിക്കാൻ ഭാഗ്യമുണ്ടാകുമെന്നും അത് നടപ്പാക്കിത്തരുമെന്നും ഉറപ്പുനൽകുന്നു.അതിൽ രാഷ്ട്രീയമുണ്ടെന്ന് തോന്നാം - വിജയരാഘവൻ പറഞ്ഞു. എന്നാൽ രാഷ്ട്രീയം മാറ്റിനിറുത്തി ചിന്തിച്ചാൽ അത് നടപ്പാക്കാനാവും. വ്യവസായവളർച്ച,അതിലെ സ്വാശ്രയത്വം, സ്ത്രീകളോട് ആദരവുള്ള സമൂഹരചന, ഡിജിറ്റൽ ഇന്ത്യയുടെ രൂപീകരണം തുടങ്ങി ഇന്ത്യയിലെ എല്ലാ പൗരൻമാർക്കും ഇക്കാര്യത്തിൽ പങ്കുണ്ടെന്ന് വളരെ കൃത്യമായി ചൂണ്ടിക്കാണിക്കുന്നു. ഇത് ആദ്യ അനുഭവമാണ്. വ്യക്തമായി കാര്യം പറയുന്നു, ഇത് നടപ്പാക്കണമെങ്കിൽ കേന്ദ്രസർക്കാർ മാത്രം വിചാരിച്ചാൽ പോര, മറിച്ച് സംസ്ഥാനസർക്കാരുകൾ മുതൽ തദ്ദേശസ്ഥാപനങ്ങൾ വരെ ഒരേമനസ്സോടെ അണിചേരണം. അതിന് കഴിയുമോ എന്നതാണ് ചോദ്യം. വിജയരാഘവൻ പറഞ്ഞു.

1947 ൽ രാജ്യം സ്വാതന്ത്ര്യം നേടിയത് മുതൽ അനുഭവിക്കുന്ന ദുരിതമാണ് സ്വജനപക്ഷപാതവും അഴിമതിയും. എല്ലാഅടിമത്ത രാജ്യങ്ങളുടേയും മുഖമുദ്ര‌യാണത്. ജനാധിപത്യത്തിന്റെ തറവാടാണെന്ന് ലോകം പറയുമ്പോഴും ഇന്ത്യയിൽ ഇതിൽനിന്ന് മോചനമുണ്ടായില്ല. കഴിഞ്ഞ എട്ടുവർഷങ്ങൾക്കിടയിൽ അഴിമതി തടഞ്ഞതിലൂടെ എട്ടുലക്ഷം കോടി രൂപ ഖജനാവിലേക്ക് മുതൽകൂട്ടിയെന്നും അഴിമതിക്കാരുടെ സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള ശക്തമായ നടപടിയെടുക്കുമെന്നാണ് മോദിയുടെ ഉറപ്പ്. പതിവ് രാഷ്ട്രീയപ്രസംഗങ്ങളിൽ നിന്ന് ചെങ്കോട്ടയിലെ മോദിയുടെ പ്രസംഗത്തെ വ്യത്യസ്തമാക്കുന്നത് അതിലെ യാഥാർത്ഥ്യബോധമാണെന്ന് ജി.വിജയരാഘവനും ഡോ.രാധാകൃഷ്ണനും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PANCH PRAN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.