SignIn
Kerala Kaumudi Online
Friday, 26 April 2024 6.58 PM IST

ഊഷ്‌മള സ്മരണകൾ തൂവി ഇന്നും ...

pazhavila-rameshan

ഒരിക്കൽ കൗമുദി ബാലകൃഷ്ണൻ എന്ന ജീനിയസ് പഴവിള രമേശനോട് ചോദിച്ചു. ''ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ എന്തു തോന്നുന്നു ? '' മറുപടി ഇങ്ങനെ. ''ഇതുവരെയുള്ള ജീവിതം മുഴുവൻ കൂട്ടുകാരെ സമ്പാദിക്കാനുള്ള പരക്കം പാച്ചിലായിരുന്നു. ആ ബന്ധങ്ങൾ നിലനിറുത്താൻ കഴിഞ്ഞില്ല. ഒരു ഘട്ടം കഴിഞ്ഞാൽ അവർ ശത്രുക്കളായി മാറും. എല്ലാപേർക്കും യുക്തിയുടേതായ ഒരു മനസുണ്ട്. എല്ലാവരും ഒത്തുതീർപ്പിന് തയ്യാറാകും. ഞാൻ തയ്യാറല്ല. അതുകൊണ്ട് ഞാൻ ഒറ്റപ്പെട്ടവനായി." എല്ലാകാലത്തും ഒരു ഫീനിക്‌സ് പക്ഷിയെപോലെയായിരുന്നു പഴവിള രമേശന്റെ ജീവിതം. ആ കവി മനസ് ആരുടെയും നേരെ ചോദ്യശരങ്ങളുയർത്താൻ ധൈര്യം കാട്ടിയിരുന്നു. ഉറച്ച തീരുമാനങ്ങൾക്ക് ഉടമയുമായിരുന്നു. യൗവനകാലങ്ങളിൽ സാഹിത്യം, സിനിമ, കവിത മുതലായ മേഖലകളിലെ അതികായന്മാർ അദ്ദേഹത്തിന്റെ സുഹൃദ് സംഘത്തിൽ ഉൾപ്പെട്ടിരുന്നു. തകഴിയുമായുള്ള ആത്മബന്ധവും ചെമ്മീൻ ചിത്രത്തിന്റെ നിർമ്മാണവും ഓർമ്മകളിലെ പവിഴമുത്തുകളാണ്.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ട്രേഡ് യൂണിയനുകളുമായി ചേർന്ന് പ്രവർത്തിച്ച നാളുകളിൽ വിരസത വന്നപ്പോൾ സാഹിത്യലോകത്ത് കൂടുതൽ ശക്തിയാർജ്ജിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

എല്ലാകാലത്തും ഇടതുപക്ഷ ചിന്താഗതിക്ക് മുൻതൂക്കം കൊടുത്തു. പനവിളയിലെ താമസക്കാലത്തും മുതിർന്ന സാഹിത്യകാരന്മാരും വിജ്ഞാന കുതുകികളും ദിവസംപ്രതി ഒത്തുകൂടാറുണ്ടായിരുന്നു. കെ. ബാലകൃഷ്ണനുമായുള്ള ആത്മബന്ധവും കൗമുദി വാരികയിലെ പത്രപ്രവർത്തനവും ചന്ദ്രചൂഡൻ സാറുമായുണ്ടായ കൂട്ടുകെട്ടുകളും അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ജനയുഗം പത്രത്തിലാണ് എഴുതി തുടങ്ങിയതെങ്കിലും കൗമുദിയിലെ പ്രവർത്തനമാണ് പഴവിള രമേശന്റെ സാഹിത്യവളർച്ചയ്ക്കു വഴിയൊരുക്കിയത്. കാമ്പിശ്ശേരി കരുണാകരനായിരുന്നു ഗുരു. പഴവിള രമേശനെന്ന കവിയും എഴുത്തുകാരനും പൂത്തുലഞ്ഞത് കൗമുദിയിലൂടെ ആയിരുന്നു. വൈക്കം മുഹമ്മദ് ബഷീർ ഒരിക്കൽ പറഞ്ഞു. ''സ്വന്തമായി അഭിപ്രായം ഉണ്ടാകാതിരിക്കുകയും പുരസ്‌കാരങ്ങളിൽ കണ്ണുംനട്ട് ആരെയും പിണക്കണ്ട എന്നും രാത്രി നക്ഷത്രങ്ങളെ പകലായി പറയുകയും ചെയ്യുന്നവരോട് ഉപമിക്കാൻ രമേശൻ എന്ന പേര് കിട്ടില്ല." അദ്ദേഹത്തിന്റെ കവിതകളെ സത്യം വിളിച്ചുപറയുന്ന ജ്വരജല്‌പനങ്ങളായിട്ടാണ് പല കവികളും കണ്ടത്.

കാനായി കുഞ്ഞിരാമൻ എം.വി.ദേവൻ, അടൂർ ഗോപാലകൃഷ്ണൻ, അയ്യപ്പപ്പണിക്കർ, ജോൺ എബ്രഹാം, അരവിന്ദൻ തുടങ്ങിയവർ പഴവിള രമേശന്റെ തലസ്ഥാനത്തെ ഒത്തുചേരലുകളിൽ സജീവമായിരുന്നു. തന്റെ എഴുത്തിനെയും വിപ്ളവകാരിയെയും വളർത്തിയതും കവിതകളുടെ സമാഹാരം ഉണ്ടാകുന്നതും ഈ വേളയിലാണ്. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ കാൽനൂറ്റാണ്ട് പ്രവർത്തനത്തോടൊപ്പം എഴുത്തിലും രാഷ്ട്രീയ പ്രവർത്തനത്തിലും സജീവമായിരുന്നു. എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിൽ എപ്പോഴും ശ്രദ്ധേയനായിരുന്നു. കടമ്മനിട്ട, രാമു കാര്യാട്ട്, വയലാർ രവി, കവി അയ്യപ്പൻ മുതലായവരുടെ സ്ഥിരം താവളമായിരുന്നു അദ്ദേഹത്തിന്റെ വാസസ്ഥലം. അടൂർ ഗോപാലകൃഷ്ണനും കെ. ജയകുമാറും എല്ലാം കവിതകളിലും സിനിമാ ചർച്ചകളിലും സജീവമായിരുന്നു. യാത്രകൾ അദ്ദേഹത്തിന് ഹരമായിരുന്നു.

അദ്ദേഹത്തിന്റെ സൽക്കാരങ്ങളിൽ പങ്കുചേരാത്ത സാഹിത്യകാരന്മാർ ചുരുക്കം. ഇക്കാര്യത്തിൽ ആത്മസഖിയായിരുന്ന രാധ അക്കയുടെ പങ്ക് വിസ്മരിക്കാനാവില്ല. അതിവിശിഷ്ടമായ ഭക്ഷണങ്ങൾ രാധ അക്കയുടെ കൈകളിലൂടെ സ്നേഹസമ്പൂർണ സൽക്കാരത്തിന് മേശമേൽ എത്തിയിരുന്നു. 'രാധേ...' എന്ന ചന്തമേറിയ ആ വിളി എപ്പോഴും അവിടങ്ങളിൽ നിറഞ്ഞുനിന്നിരുന്നു.

എല്ലാപേരോടും വേർതിരിവില്ലാതെ ഇഷ്ടംകൂടുമ്പോഴും ഇഷ്ടക്കേടുണ്ടായാൽ പ്രകടിപ്പിക്കാൻ മടിച്ചില്ല. അദ്ദേഹത്തിന്റെ നിർമ്മലമായ മനസ് അറിയാൻ കഴിയാതെ പോയവരാണ് ശത്രുക്കളായി മാറിയത്. ഞാൻ പനവിളയിലെ വീട്ടിലെ സാഹിത്യ സദസുകളിൽ വന്നുചേരുന്ന സാഹിത്യകാരന്മാരെ കാണാൻ പോവുക പതിവായിരുന്നു. അപ്പോഴെല്ലാം എന്നെ പരിചയപ്പെടുത്തിയത് ''ഇവൻ എന്റെ അനുജനാണ്" എന്നായിരുന്നു. വലിയൊരു അംഗീകാരമായിരുന്നു എനിക്കത്.

എണ്ണത്തിൽ കുറവാണെങ്കിലും അതിമനോഹരമായ സിനിമാഗാനങ്ങൾ എഴുതുന്നതിൽ മുന്നിലായിരുന്നു പഴവിള രമേശൻ . ഒരു ക്രിസ്‌മസ് ദിനത്തിൽ തന്റെ കാൽ മുറിച്ചുമാറ്റിയ ശേഷമുള്ള അദ്ദേഹത്തിന്റെ മുഖഭാവം ചിന്താഭരിതമായിരുന്നു. എങ്കിലും എല്ലാപേരോടും നർമ്മരസത്തോടെ 'കാൽ പോയാച്ച്" എന്ന് പറഞ്ഞു. ഇതിന് ശേഷമുള്ള ജീവിതം ഒരു രണ്ടാം അദ്ധ്യായത്തിന്റെ തുടക്കമായിരുന്നു. കവിതകളിൽ കൂടി അദ്ദേഹം ജീവിതം കൂടുതൽ ക്രിയാത്മകമാക്കി.

''കവിത എനിക്ക് ആശ്വാസവും ആവേശവും ആവശ്യവുമല്ല. ഞാൻ തന്നെയാണെന്ന് ''കവിതയെക്കുറിച്ച് മൂന്ന് ഉപന്യാസമെഴുതിയ മറ്റൊരു കവിയും ഉണ്ടെന്നു തോന്നുന്നില്ല.

എം.ടി, ബഷീർ, പി. ഭാസ്‌ക്കരൻ, മഹാകവി പി, കോഴീക്കോടൻ, കടമ്മനിട്ട, കാക്കനാടൻ തുടങ്ങിയ പ്രമുഖരെല്ലാം തിരുവനന്തപുരത്തെ 'ഈ വാതിലടയാത്ത സത്രത്തിലെ" സാഹി​ത്യ സദസുകൾ വി​സ്മയമാക്കി​യി​രുന്നു.

വെള്ളി​ടി​, മുഴക്കി​ വന്നെത്തീടാം

വസന്തത്തി​ൻ

വെള്ളി​ലങ്കാടായെനി​ -

ക്കീമണ്ണിൽ പടരണം എന്നെഴുതിയ കവി മനുഷ്യസ്നേഹിയായി വിപ്ളവകാരിയായി ഉൗഷ്‌മള സ്മരണകളിൽ നിറയുന്നു.

( ബേക്കൽ റിസോർട്ട് ഡെവലപ്‌മെന്റ് കോർപ്പറേഷൻ മുൻ മാനേജിംഗ് ഡയറക്‌ടറാണ് ലേഖകൻ.)​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PAZHAVILA RAMESHAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.