SignIn
Kerala Kaumudi Online
Saturday, 27 April 2024 1.24 AM IST

അമ്പോ, ഇതെന്തു തൊന്തരവ് ?

samaram

അന്തരിച്ച തിരക്കഥാകൃത്തും ചലച്ചിത്ര -നാടക സംവിധായകനുമായിരുന്ന തോപ്പിൽ ഭാസിയുടെ പ്രശസ്തനാടകമാണ് 'മുടിയനായപുത്രൻ'. കെ.പി.എ.സി അവതരിപ്പിച്ച സാമൂഹ്യപ്രസക്തിയുള്ള ആ നാടകത്തിൽ തോപ്പിൽ കൃഷ്ണപിള്ള അനശ്വരമാക്കിയ ശാസ്ത്രി എന്ന കഥാപാത്രം പറയുന്ന പരിഹാസ്യമായ ഒരു സംഭാഷണമുണ്ട്.' ഈ ഗതാഗതം ഗതാഗതം എന്നു പറയുന്നതാണല്ലോ റോഡുവെട്ട്, എന്താ '. ഏതാണ്ട് ഇതിന് സമാനമായ ഒരു സംഭാഷണം അടുത്തിടെ നിഷ്കളങ്കമായി ഒരാൾ പറഞ്ഞുകേട്ടു. ' ഈ സമരം സമരം എന്നു പറയുന്നതാണല്ലോ സെക്രട്ടേറിയറ്റ് 'എന്ന്. പ്രത്യേക നിമിഷത്തിൽ തമാശ രൂപേണയാണ് അയാൾ ഇത് പറഞ്ഞതെങ്കിലും അല്പമൊന്നു ചിന്തിച്ചപ്പോൾ ആ പറഞ്ഞതിൽ ചെറിയ യാഥാർത്ഥ്യമില്ലേ എന്നു തോന്നിപ്പോയി. കാരണം സെക്രട്ടേറിയറ്റ് പരിസരത്ത് സമരം ഒഴിഞ്ഞുള്ള ദിവസങ്ങൾ ഇല്ലെന്നു തന്നെ പറയാം. വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും വിഭിന്നങ്ങളായ വേഷവിധാനങ്ങളോടെയും വേറിട്ട ബാനർ പ്രദർശനത്തിലൂടെയും സമരങ്ങൾ ഒന്നിനൊന്ന് മെച്ചപ്പെട്ടു വരികയാണ്. മുട്ടിലിഴഞ്ഞുള്ള സമരം, കണ്ണുകെട്ടിയും കെട്ടാതെയുമുള്ള സമരം, റോഡുവക്കിൽ പാചകം ചെയ്തുള്ള സമരം, നൃത്തം ചെയ്തുള്ള സമരം, മാജിക് കാട്ടിയുള്ള സമരം, ശവപ്പെട്ടിയിൽ കിടന്നുള്ള സമരം, സെക്രട്ടേറിയറ്റ് വളഞ്ഞുള്ള സമരം, കോലം കത്തിച്ചുള്ള സമരം. അങ്ങനെ ഗവേഷണ ബുദ്ധിയോടെയാണ് സമരം ശ്രദ്ധേയമാക്കാൻ ഓരോ സംഘടനക്കാരും ശ്രമിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് മിമിക്രി കലാകാരന്മാരോടുള്ള അവഗണനയ്ക്കെതിരെ മാവേലിക്കര സുദർശനൻ എന്നൊരാൾ തലകുത്തി നിന്ന് പ്രതിഷേധിച്ചത് അന്ന് വലിയ വാർത്തയായിരുന്നു. സെക്രട്ടേറിയറ്റിന് മുന്നിലെ മരച്ചില്ലയിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കുന്നതാണ് പുതിയ ട്രെൻഡ്. സാധാരണ സമരങ്ങൾ പൊലീസിനാണ് ബുദ്ധിമുട്ടുണ്ടാക്കുന്നതെങ്കിൽ ആത്മഹത്യ സമരക്കാർ ഫയർഫോഴ്സിനാണ് പണി കൊടുക്കാറ്. വടിയും തടയും വലയും അടക്കമുള്ള സന്നാഹങ്ങളുമായി ആത്മഹത്യക്കാരനെ സുരക്ഷിതമായി ഇറക്കേണ്ട ചുമതല ഫയർഫോഴ്സിനാണ്.

കാലാകാലങ്ങളായി പുരോഗമിച്ച് സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിന് ഇപ്പോൾ കൃത്യമായ ഒരു ഫോർമാറ്റുണ്ട്. സമരക്കാർ പാളയത്തോ പുളിമൂട് ജംഗ്ഷനിലോ കേന്ദ്രീകരിക്കുന്നു, പിന്നീട് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് പായുന്നു, പൊലീസിന്റെ ബാരിക്കേഡ് കുലുക്കി ഉറപ്പിക്കുന്നു, അല്പം കഴിഞ്ഞ് അതിന് മുകളിൽ കയറി കൈ ഉയർത്തി വിജയശ്രീ ലാളിതരാവുന്നു. ഇതാണ് ആദ്യ ഘട്ടം. പ്രസംഗിക്കാനുള്ള നേതാക്കളെല്ലാം അവരുടെ കടമ നിർവഹിച്ച് കഴിയുമ്പോൾ രണ്ടാം ഘട്ടമാവുകയാണ്. പൊലീസിന് നേർക്ക് കൊടിക്കമ്പോ കല്ലോ എറിയുന്നതോടെ ജലപീരങ്കി ഉപയോഗിച്ചുള്ള പൊലീസിന്റെ പതിവ് കുളിപ്പിക്കൽ. പിന്നെ അറസ്റ്റ്. അതോടെ എല്ലാം ശുഭം.

സമരം ചെയ്യുന്നത് തെറ്റാണെന്നല്ല ഇപ്പറഞ്ഞു വരുന്നത്. ജനാധിപത്യ സംവിധാനത്തിൽ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കാൻ ചിലപ്പോൾ വലിയ സമരങ്ങൾ തന്നെ വേണ്ടിവരും. ഐതിഹാസികമായ പല സമരങ്ങളും കേരളം കണ്ടിട്ടുണ്ട്. ഇന്ന് അനുഭവിക്കുന്ന പല അവകാശങ്ങളും ത്യാഗപൂർണ്ണമായ സമരങ്ങളുടെ അനന്തരഫലങ്ങളുമാണ്. അധികാരികളിലേക്ക് പ്രതിഷേധം നേരിട്ടെത്തിക്കാൻ ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് നടപോലെ സമരത്തിന് യോജ്യമായ ഇടവുമില്ല. ഇതെല്ലാം യാഥാർത്ഥ്യങ്ങളായി അംഗീകരിക്കുമ്പോഴും ഇവിടെ രേഖപ്പെടുത്തുന്നത് പലവിധ ആവശ്യങ്ങൾക്കായി മറ്റുജോലികൾ മാറ്റിവച്ച് ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും തലസ്ഥാനത്തേക്ക് എത്തുന്ന പാവപ്പെട്ട ജനങ്ങൾ ചില സന്ദർഭങ്ങളിൽ അനുഭവിക്കേണ്ടി വരുന്ന ദുരിതമാണ്. ചില സംഘടനകൾ ശക്തമായ സമരം നടത്തുമ്പോൾ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താറുണ്ട്. പൊലീസ് ഇക്കാര്യം മാദ്ധ്യമങ്ങൾ വഴി നേരത്തെ അറിയിക്കുക കൂടി ചെയ്യുമ്പോൾ ഒരു പരിധി വരെ ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാം. എന്നാൽ പലപ്പോഴും ഓർക്കാപ്പുറത്താണ് സ്റ്റാച്യു വഴിയുള്ള ഗതാഗതം വഴിതിരിച്ച് വിടാറുള്ളത്. സമരങ്ങൾ അപ്രതീക്ഷിതമായി അക്രമാസക്തമായാൽ പൊലീസിന് ഇതല്ലാതെ മറ്റു പോംവഴിയില്ല. വാഹനങ്ങൾ തിരിച്ചു വിടുന്നതിന് അവരെ കുറ്റം പറയാനുമാവില്ല. സ്റ്റാച്യുവിൽ ഇറങ്ങേണ്ട ഒരാൾക്ക് വണ്ടി വഴിതിരിച്ചു വിട്ടാൽ പിന്നെ ലക്ഷ്യസ്ഥാനമെത്താൻ മറ്റെവിടെയെങ്കിലും ഇറങ്ങി നടന്നുപോകേണ്ടിവരും. സമരത്തിന്റെ മണം വന്നാൽ കൈകാണിച്ചാൽ ഓട്ടോറിക്ഷക്കാർ കണ്ട ഭാവം കാട്ടുകയുമില്ല. നടന്നലച്ച് എത്തേണ്ട സ്ഥലത്ത് സമയം തെറ്റി എത്തുമ്പോൾ കാണേണ്ടവർ സ്ഥലം വിട്ടിരിക്കും. നിരാശയോടെയുള്ള മടക്കമാണ് ഫലം. സമീപകാലത്തായി വാഹനം വഴി തിരിച്ചുവിടുന്ന പ്രവണത കൂടി വരികയും തലസ്ഥാനത്തേക്ക് പോയാൽ ഉദ്ദേശിച്ച കാര്യം സാധിച്ച് മടങ്ങാമെന്ന് ഒരു ഉറപ്പുമില്ലാത്ത സ്ഥിതിയുമാണ്. സമരക്കാരുടെ ഭാഗത്ത് ന്യായം ഉണ്ടാവാം, അത്യാഹിതങ്ങളൊഴിവാക്കാൻ വാഹനങ്ങൾ വഴിതിരിച്ചു വിടുന്ന പൊലീസിന്റെ ഭാഗത്തും ന്യായം ഉണ്ടാവാം. പക്ഷേ പണവും സമയവും ചിലവഴിച്ച് കാര്യസാദ്ധ്യത്തിന് ഇറങ്ങി , നിരാശരായി മടങ്ങേണ്ടി വരുന്ന പാവം ജനത്തിന്റെ ഭാഗത്തുമില്ലേ ചില്ലറ ന്യായം. അതും കാണേണ്ടേ.

കുറെ വർഷങ്ങൾക്ക് മുമ്പ് ഒരു നിർദ്ദേശം വന്നിരുന്നു, സെക്രട്ടേറിയറ്റിന് മുന്നിലെ സമരങ്ങൾ നിരോധിക്കണമെന്നും സമരം ചെയ്യാൻ മറ്റൊരു സ്ഥലം അനുവദിക്കണമെന്നും. അന്ന് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ ഇതേക്കുറിച്ച് വ്യത്യസ്തരീതിയിൽ പ്രതികരിക്കുകയും ന്യായാന്യായങ്ങൾ നിരത്തുകയും ചെയ്തിരുന്നു. പക്ഷേ അതോടെ ആ ചർച്ച അവസാനിച്ചു. പക്ഷേ പ്രശ്നം ഇപ്പോഴും അങ്ങനെ നിലനിൽക്കുന്നു.

അപ്രതീക്ഷിതമായി വാഹനങ്ങൾ, കുറഞ്ഞ പക്ഷം യാത്രാ വാഹനങ്ങളെങ്കിലും വഴിതിരിച്ച് വിട്ട് ജനത്തെ ബുദ്ധിമുട്ടിക്കുന്ന അവസ്ഥ ഒഴിവാക്കേണ്ടത് അനിവാര്യമാണ്. സെക്രട്ടേറിയറ്റിന് മുന്നിലെ സമരങ്ങൾ നിരോധിക്കുന്നത് തത്കാലം പ്രായോഗികമാവില്ല. എന്തു ബദൽ സംവിധാനം ഏർപ്പെടുത്താം എന്ന് ബന്ധപ്പെട്ടവർ ചിന്തിക്കേണ്ടിയിരിക്കുന്നു. എല്ലാവരും കൂട്ടായി ചിന്തിച്ചാൽ ഒരു പോംവഴി തെളിയാതിരിക്കില്ല.

ഇതു കൂടി കേൾക്കണേ

സമരം ചെയ്യുന്നത് അവകാശമാണ്. സഞ്ചാരവും പൗരന്റെ അവകാശമാണ്. രണ്ട് അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PROTEST IN FRONT OF SECRETARIAT
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.