SignIn
Kerala Kaumudi Online
Friday, 26 April 2024 11.16 PM IST

ശ്വാസകോശ രക്താതിസമ്മർദ്ദം വേണം അതീവശ്രദ്ധ

pulmonary-hypertension

ഇന്ന് ലോക ശ്വാസകോശ രക്താതിസമ്മർദ്ദ ദിനം. ശ്വാസകോശ രക്താതിസമ്മർദ്ദവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എൺപതിൽപ്പരം അന്താരാഷ്ട്ര സംഘടനകളുടെ ആഭിമുഖ്യത്തിൽ ശ്വാസകോശ രക്താതിസമ്മർദ്ദം അഥവാ പൾമണറി ഹൈപ്പർ ടെൻഷൻനെക്കുറിച്ച് ജനങ്ങളെ ബോധവത്‌കരിക്കാനും അതുവഴി മുൻകൂട്ടി രോഗനിർണയം നടത്തി ആധുനിക ചികിത്സ നൽകാനുമാണ് ഈ ദിനാചരണം. കൊവിഡ് 19 മഹാമാരിയുടെ സാഹചര്യത്തിൽ തികച്ചും ഓൺലൈനായാണ് ഈ വർഷത്തെ ദിനാചരണം.

അനവധി രോഗങ്ങൾ കാരണം ശ്വാസകോശ രക്താതിസമ്മർദ്ദം സംഭവിക്കുന്നെങ്കിലും കൊവിഡ് കാലത്തെ ദിനാചരണം പ്രത്യേക പ്രാധാന്യമർഹിക്കുന്നു. കാരണം കൊവിഡ് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തം കട്ടപിടിപ്പിക്കുകയും അതു ശ്വാസകോശ രക്താതിസമ്മർദ്ദം വർദ്ധിപ്പിച്ച് മരണകാരണമാവുകയും ചെയ്യുന്നുണ്ട്.

ഹൃദയത്തിന്റെ ഇടത്തെ അറയിൽ നിന്ന് പുറപ്പെടുന്ന രണ്ട് പ്രധാന ധമനികളിലൊന്നായ, അയോർട്ട എന്ന ധമനിയിൽ രക്താതിസമ്മർദ്ദമുണ്ടായി ശരീരം മുഴുവൻ വ്യാപിക്കുന്ന രക്തസമ്മർദ്ദമാണ് നമ്മൾ സാധാരണ പ്രഷർ എന്ന് വിളിക്കുന്ന ഹൈപ്പർ ടെൻഷൻ എന്ന രോഗം. ഹൃദയത്തിന്റെ വലത്തെ അറയിൽ നിന്ന് പുറപ്പെടുന്ന,​ ശ്വാസകോശ ധമനി എന്നറിയപ്പെടുന്ന പ്രധാന ധമനി വഴി ശ്വാസകോശം മുഴുവൻ ഉയർന്ന രക്താതിസമ്മർദ്ദം അനുഭവപ്പെടുന്ന രോഗാവസ്ഥയാണ് ശ്വാസകോശ രക്താതിസമ്മർദ്ദം അഥവാ പൾമണറി ഹൈപ്പർടെൻഷൻ.

കാരണങ്ങൾ

പ്രധാനമായും അഞ്ച് കാരണങ്ങളാലാണ് ശ്വാസകോശ രക്താതിസമ്മർദ്ദം ഉണ്ടാകുന്നത്
1. ആദ്യ വിഭാഗത്തിൽ വരുന്നത് വിവിധ വാതരോഗങ്ങൾ കാരണമായവ,​ ജന്മനായുള്ള ഹൃദ്രോഗങ്ങൾ മൂലമുണ്ടാകുന്നവ, കാരണം നിർണയിക്കാനാകാത്തവ എന്നിവയാണ്.
2. രണ്ടാമത്തെ വിഭാഗത്തിൽ ഹൃദ്രോഗങ്ങളുടെ ഫലമായോ ഹൃദയത്തിന്റെ പ്രവർത്തനവൈകല്യം മൂലമോ ഹൃദയ വാൽവ് തകരാറ് മൂലമോ ഉള്ളവ .
3.ശ്വാസകോശ രോഗങ്ങളുടെ ഫലമായി ഉണ്ടാകുന്ന സ്ഥായിയായ ശ്വാസംമുട്ടൽ,​ തൊഴിൽ സംബന്ധമായ ശ്വാസകോശ രോഗങ്ങൾ, ഉറക്കത്തിലെ ശ്വാസതടസം മൂലമുണ്ടാകുന്ന ശ്വാസകോശ രോഗങ്ങൾ എന്നിവ കാരണമുള്ളവയാണ് മൂന്നാമത്തെ വിഭാഗം.
4. ശ്വാസകോശ രക്തവാഹക ധമനികളിലെ തടസം,​ ചെറിയ ശ്വാസകോശ രക്ത
വാഹിനികളിൽ രക്തക്കട്ടകൾ അടിയുന്നത് എന്നിവ കാരണമുള്ളവ നാലാം വിഭാഗത്തിൽ പെടുന്നു.


5. സാർക്കോയിഡോസിസ് ,​ ചിലതരം രക്തദൂഷ്യ രോഗങ്ങൾ എന്നിവ കാരണമുള്ളവയാണ് അഞ്ചാം വിഭാഗം.


ലക്ഷണങ്ങൾ
വേഗത്തിലുള്ള നടത്തം, പടി കയറൽ, ചെറിയ വ്യായാമങ്ങൾ, കളികൾ എന്നിവയിൽ ഏർപ്പെടുമ്പോൾ അനുഭവപ്പെടുന്ന ശ്വാസംമുട്ടലാണ് ആദ്യ ലക്ഷണം. രോഗം വർദ്ധിക്കുന്നതിന് അനുസരിച്ച് ശരീരത്തിന് ചെറിയ അനക്കം സംഭവിച്ചാൽ പോലും വലിയ തോതിൽ ശ്വാസംമുട്ടൽ അനുഭവപ്പെടും.

കഠിന ക്ഷീണം, ആയാസപ്പെടുമ്പോൾ ഉണ്ടാകുന്ന നെഞ്ചുവേദന, തലകറക്കവും കണ്ണിൽ ഇരുട്ടു കയറലും , കൈകാലുകൾ നീര് വെക്കുക , കഴുത്തിലെ ഞരമ്പ് തടിച്ച് വീർത്തു വരിക തുടങ്ങിയ ലക്ഷണങ്ങളും പ്രത്യക്ഷപ്പെടും.

രോഗനിർണയം
കൃത്യമായ പരിശോധനയിലൂടെ രോഗം തിരിച്ചറിയാം. എന്നാൽ ശരീരം നല്‌കുന്ന സൂചനകൾ മറ്റ് ഹൃദയ \ ശ്വാസകോശ രോഗങ്ങൾ അല്ലെന്ന് തിരിച്ചറിയാൻ വിദഗ്ധ പരിശോധന ആവശ്യമാണ്.

ചികിത്സ
വിദഗ്ധ ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രമേ മരുന്നുകൾ കഴിക്കാവൂ. മതിയായ വിശ്രമം, തുടർച്ചയായി ഓക്സിജൻ നൽകൽ, നീര് കുറയ്ക്കാനായി , മൂത്രം
കൂടുതൽ പോകുന്ന മരുന്നുകൾ,​ രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ എന്നിവ പ്രയോജനം ചെയ്യും. രോഗം നേരത്തെ കണ്ടെത്തി ചികിത്സ നൽകിയാൽ ഇതുമൂലമുള്ള ബുദ്ധിമുട്ടുകളും മരണവും ഒഴിവാക്കാനാകും.


(ലേഖകൻ ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടറും ആലപ്പുഴ ജനറൽ ആശുപത്രി ചീഫ് കൺസൾട്ടന്റുമാണ് )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PULMONARY HYPERTENSION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.