SignIn
Kerala Kaumudi Online
Friday, 26 April 2024 11.48 AM IST

നേരിനുവേണ്ടി പൊരുതിയ ചങ്കുറപ്പ്

r-sankar

രാഷ്ട്രീയമല്ല രാഷ്ട്രമാണ് വലുതെന്ന് മാലോകരോട് വിളിച്ചുപറഞ്ഞ മഹാനായ ആർ. ശങ്കറിന്റെ നാട്ടിൽ ഇന്ന് മുഴങ്ങുന്നത് ഏകാധിപത്യത്തിന്റെ സ്വരമാണ്. തികഞ്ഞ ജനാധിപത്യബോധവും ദാർശനികതയുമായിരുന്നു അദ്ദേഹത്തിന്റെ കൈമുതൽ. രാഷ്ട്രീയ എതിരാളികളെപ്പോലും നേരിന്റെ നല്ലവാക്കുകൾ കൊണ്ട് നേരിടാൻ അദ്ദേഹത്തിന് സാധിച്ചു. തികഞ്ഞൊരു സംഘാടകൻ കൂടിയായിരുന്ന ശങ്കർ പാർട്ടിപ്രവർത്തകർക്ക് മാത്രമല്ല സാമാന്യജനത്തിനും പൊതുസ്വീകാര്യനായ നേതാവായിരുന്നു. നിയമബിരുദത്തിന് ശേഷം അദ്ധ്യാപകവൃത്തിയിൽ ഏർപ്പെട്ട ആർ. ശങ്കർ 1937ൽ നടന്ന സംയുക്ത തിരഞ്ഞെടുപ്പിൽ തന്റെ സീനിയറായിരുന്ന ടി.എം. വർഗീസിന്റെ പ്രചാരണചുമതല ഏറ്റെടുത്തുകൊണ്ടായിരുന്നു പൊതുപ്രവർത്തനത്തിന് തുടക്കം കുറിച്ചത്.

പിന്നാക്കസമുദായത്തിൽ നിന്നും വളർന്നുവന്ന നേതാവായതുകൊണ്ടു തന്നെ അക്കാലത്ത് ശങ്കർ നേരിട്ട പ്രതിസന്ധികളും പ്രതിബന്ധങ്ങളും നിരവധിയായിരുന്നു. അവയെ ചങ്കുറപ്പോടെ നേരിടാനും നേരിനുവേണ്ടി പൊരുതാനും അദ്ദേഹത്തിന് സാധിച്ചു. തുടർന്ന് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിൽ അംഗമായ ശങ്കർ ഏകാധിപതികൾക്കെതിരായ പോരാട്ടത്തിലൂടെയാണ് ത്യാഗോജ്ജ്വലമായ തന്റെ രാഷ്ട്രീയസപര്യയ്ക്ക് തുടക്കമിട്ടത്. ഫാസിസത്തിന്റെ ആൾരൂപമായ സർ സി.പിക്കെതിരെ അദ്ദേഹം നിരന്തരം പോരാടി. അതിന്റെ ഫലമായി സ്‌റ്റേറ്റ് കോൺഗ്രസ് തന്നെ നിരോധിക്കപ്പെടുകയും ശങ്കർ ഉൾപ്പെടെയുള്ള നേതാക്കൾ ഇരുമ്പഴിക്കുള്ളിൽ അടയ്ക്കപ്പെടുകയും ചെയ്തു. നീണ്ട 18 മാസങ്ങളാണ്
അദ്ദേഹത്തിന് കൽത്തുറുങ്കിൽ കഴിയേണ്ടിവന്നത്. ഭരണകൂടത്തെ വിമർശിച്ചെന്ന 'അപരാധ'ത്തിന്റെ പേരിൽ പാർട്ടിയുടെ നേതാക്കന്മാർ ഓരോരുത്തരായി അഴിക്കുള്ളിലായപ്പോഴും ശങ്കർ പിന്മാറാൻ തയ്യാറായില്ല. പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തുകൊണ്ട് സധൈര്യം മുന്നേറി.
ആർ. ശങ്കറിന്റെ ജീവചരിത്രം കേരളചരിത്രത്തിന്റെ ഭാഗം കൂടിയാണ് . സംസ്ഥാനരൂപീകരണത്തിന് ശേഷം നടന്ന ആദ്യതിരഞ്ഞെടുപ്പിൽ തകർന്നുതരിപ്പണമായ കോൺഗ്രസ് പാർട്ടിയെ പുനഃസംഘടിപ്പിക്കുന്നതിലും പാർട്ടിക്കും പ്രവർത്തകർക്കും പുതിയൊരു ഊർജ്ജം പകർന്നു നൽകുന്നതിലും ശങ്കർ എന്ന പ്രതിഭ നൽകിയ

സംഭാവനകൾ മഹത്തരമാണ്. അതേ ഊർജ്ജമാണ് വിമോചനസമരത്തിലൂടെ ഇ.എം.എസ്. സർക്കാരിനെ
അധികാരത്തിൽനിന്നും താഴെയിറക്കിയതും ശ്രീനാരായണധർമ്മപരിപാലന യോഗത്തെ ചലനാത്മകമാക്കിയതും. ഇതിനെല്ലാം പിന്നിലെ ചാലകക്തിയായി നിലകൊണ്ട ശങ്കറിന്റെ സോഷ്യൽ എൻജിനീയറിംഗ് വൈഭവം പുതുതലമുറയ്ക്ക് ഒരു പാഠമാണ്. പിന്നാക്കക്കാരെ അധികാരത്തിന്റെ ഇടനാഴികളിൽ നിന്നും മാറ്റിനിറുത്തപ്പെട്ട കാലത്താണ് ശങ്കർ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിലൂടെ പൊതുപ്രവർത്തനരംഗത്ത് സജീവമാകുന്നത്. തുടർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭാഗമായ ശങ്കർ കെ.പി.സി.സി. പ്രസിഡന്റ്, കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ, ഉപമുഖ്യമന്ത്രി പദവികൾ അലങ്കരിച്ചശേഷമാണ് സംസ്ഥാനമുഖ്യമന്ത്രിയായി മാറുന്നത്. അദ്ദേഹത്തിന്റെ കാലത്താണ് കേരള ഇൻഡസ്ട്രിയൽ ഫിനാൻസ് കോർപറേഷനും ചെറുകിട വ്യവസായ കോർപറേഷനുമൊക്കെ യാഥാർത്ഥ്യമാകുന്നത്.
പട്ടണങ്ങളിൽ മാത്രം ഒതുങ്ങിനിന്ന ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങൾ ഗ്രാമപ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചതും സമർത്ഥരായ വിദ്യാർത്ഥികൾക്ക്
സ്‌കോളർഷിപ്പ് ഏർപ്പെടുത്തിയതും വിധവാപെൻഷൻ പ്രാബല്യത്തിൽ കൊണ്ടുവന്നതും അദ്ദേഹമായിരുന്നു. ഒരു പതിറ്റാണ്ടിലേറെ കാലം എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറിയായും ആർ.ശങ്കർ പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ യോഗം സമാനതകളില്ലാത്ത സാമൂഹികമുന്നേറ്റത്തിനാണ് സാക്ഷ്യം വഹിച്ചത്. ശ്രീനാരായണ വനിതാ കോളേജ്, ശ്രീനാരായണ പോളിടെക്‌നിക്, ശ്രീനാരായണ ട്രെയിനിംഗ്
കോളേജ് എന്നിവയൊക്കെ യാഥാർത്ഥ്യമാകുന്നത് അദ്ദേഹത്തിന്റെ മികവിന്റെ ഉദാഹരണമായി വേണം കാണാൻ. 291 പുതിയ ശാഖകളും ഒരുലക്ഷത്തോളം പുതിയ അംഗങ്ങളും അദ്ദേഹത്തിന്റെ കാലത്തുണ്ടായി
എന്നതും എടുത്തുപറയേണ്ട സംഗതിയാണ്.
വിശ്വമാനവികതയുടെ മൂലകേന്ദ്രമായ ശിവഗിരി മഹാസമാധിമന്ദിരത്തിന്റെ പൂർത്തീകരണത്തിനും പ്രതിഷ്ഠാചടങ്ങുകൾക്കുമെല്ലാം നടുനായകത്വം വഹിച്ചത് ആർ.ശങ്കർ ആയിരുന്നു. മാനവികത കടലാസിലുറങ്ങുന്ന സമകാലിക കേരളത്തിൽ ശങ്കറിനെപ്പോലുള്ള നേതാക്കളുടെ വിടവ് ഒരു തീരാനഷ്ടമാണ്. അടിച്ചമർത്തലും അരാജകത്വവും ഭിന്നിപ്പിച്ച് മുന്നേറുന്ന വിഭാഗീയസ്വരങ്ങളും ശക്തമാകുന്ന നാട്ടിൽ ആർ.ശങ്കറിന് ഇനിയൊരു ജന്മം കൂടി ലഭിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോവുകയാണ്.

(ലേഖകൻ ആർ. ശങ്കർ ഫൗണ്ടേഷൻ ഓഫ് കേരള പ്രസിഡന്റാണ് )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: R SANKAR
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.