SignIn
Kerala Kaumudi Online
Friday, 26 April 2024 4.20 PM IST

വഴിതെറ്റിയ കുറ്റാന്വേഷണങ്ങൾ

rajan-pillai

ബിസ്ക്കറ്റ് രാജാവെന്ന് അറിയപ്പെട്ട രാജൻപിള്ള മരിക്കുമ്പോൾ നാൽപ്പത്തിയേഴ് വയസേ പ്രായമുണ്ടായിരുന്നുള്ളൂ. ആഗോള വ്യവസായിയായി ശോഭിക്കുമ്പോഴായിരുന്നു അപ്രതീക്ഷിത സംഭവവികാസങ്ങളെത്തുടർന്ന് പിള്ളയെ ഡൽഹിയിലെ തീഹാർ ജയിലിൽ അടച്ചത്. നാലാംദിവസം ജയിലിൽ വച്ച് അദ്ദേഹം മരിച്ചു. മതിയായ ചികിത്സ കിട്ടാതെയായിരുന്നു രാജൻപിള്ളയുടെ മരണം. കൊടുംകൊലയാളിക്കു പോലും ജയിലിൽ നൽകുന്ന അടിസ്ഥാനാവകാശമായ വൈദ്യസഹായം രാജൻപിള്ളയ്ക്ക് നിഷേധിക്കപ്പെട്ടു.1995 ജൂലായ് ഏഴിനായിരുന്നു അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. അന്നു രാത്രി തിരുവനന്തപുരം കവടിയാറിലെ കെ.ജെ.പി ഹൗസിൽ കൂടുതൽ വിവരങ്ങൾ തേടി ഇതെഴുന്നയാൾ പോയത് ഇപ്പോഴും ഓർക്കുന്നു.

2011 മേയ് മാസത്തിൽ ഡൽഹി ഹൈക്കോടതി രാജൻപിള്ളയുടെ മരണത്തിന് ജയിലധികൃതരും ഭരണസംവിധാനവും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. അർഹതപ്പെട്ട നീതി നിയമത്തിന്റെ മുന്നിൽ നഷ്ടമായവരെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകത്തിലാണ് രാജൻപിള്ളയുടെ മരണവും അതുമായി ബന്ധപ്പെട്ട നീതിനിഷേധവും ചർച്ചാവിഷയമാകുന്നത്. ഹൈക്കോടതി അഭിഭാഷകനായ അരുൺ കെ.ധൻ ആണ് നിരപരാധികൾ ശിക്ഷിക്കപ്പെടുകയും ,പീഡിപ്പിക്കപ്പെടുകയും ചെയ്ത ഒരുപിടി സംഭവങ്ങൾ തന്റെ ' നിയമം നിഴൽ വീഴ്ത്തിയ ജീവിതങ്ങൾ ' എന്ന പുസ്തകത്തിലൂടെ അനാവരണം ചെയ്യുന്നത്. അതിലെ ഒരു അദ്ധ്യായമാണ് ' രാജൻപിള്ളയുടെ മരണവും കുഴിച്ചുമൂടപ്പെട്ട നീതിയും. ' ആന്തരിക രക്തസ്രാവവും മഹോദരവും പേറി അവശനായി നീതിപീഠത്തിനു മുന്നിൽ വൈദ്യസഹായം തേടുന്ന ഒരു മനുഷ്യജീവിയോട് കാട്ടിയ ക്രൂരതയെക്കുറിച്ച് അരുൺ തുറന്നെഴുതുന്നു. വേദനകൊണ്ടു പുളഞ്ഞ രാജൻപിള്ളയോട് "പഞ്ചനക്ഷത്രഹോട്ടലിൽ അഭയം തേടുന്നതിനു പകരം ഉദരരോഗമുണ്ടായതിന്റെ കാരണം പിള്ള മനസിലാക്കുകയാണ് വേണ്ടതെന്നും രക്തസ്രാവം മദ്യപാനത്തിന്റെ സൃഷ്ടിയാണെന്നും " പരാമർശിച്ചതിലെ മനുഷ്യത്വഹീനമായ സമീപനം ഏറ്റവും വലിയ നിയമനിഷേധമാണെന്ന് പറയുന്നുണ്ട്. രാജൻപിള്ളയെ അറസ്റ്റ് ചെയ്തത് ഡൽഹിയിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്നായിരുന്നു.അവിടെ താമസിച്ചതിനുള്ള പരിഹാസമായിരുന്നു ആ പരാമർശം. രാജൻപിള്ളയെ തകർക്കേണ്ടത് ഒട്ടേറെപ്പേരുടെ ബിസിനസ് താത്‌പര്യമായിരുന്നു. സിംഗപ്പൂരിലുള്ള ഒരു കേസ് എന്തൊക്കെയോ ഗൂഢാലോചനയെത്തുടർന്ന് ഇന്ത്യയിലെത്തിക്കുകയും കേസിന്റെ പേരിൽ സി.ബി.ഐ പിള്ളയെ അറസ്റ്റ് ചെയ്ത് തീഹാർ ജയിലിലടയ്ക്കുകയുമായിരുന്നു. ഗുരുതരമായ ലിവർ സിറോസിസ് രോഗമുണ്ടായിരുന്ന തടവുകാരനായിട്ടും രാജൻപിള്ളയ്ക്ക് വേണ്ട പരിഗണനയോ വൈദ്യസഹായമോ ലഭിച്ചില്ല. ലോക വ്യാപാരരംഗത്തേക്കുള്ള മുന്നേറ്റം വഴി രാഷ്ട്രത്തിന് മുതൽക്കൂട്ടായി ജ്വലിച്ചുയർന്ന ഒരു പ്രതിഭയെയാണ് ക്രിമിനൽ നീതിക്രമം തല്ലിക്കെടുത്തിയതെന്ന് പുസ്തകത്തിൽ പറയുന്നു.

കൊല്ലപ്പെട്ടയാൾ വിധിക്കുശേഷം തിരികെവന്ന ഒരു സംഭവത്തെക്കുറിച്ച് ഈ പുസ്തകത്തിൽ പറയുന്നത് വായിച്ചാൽ അതിശയിച്ചുപോകും. ഇന്ത്യൻ ജുഡീഷ്യറിക്ക് മികച്ച സേവനം നൽകിയ മദ്ധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് യു.എൽ.ഭട്ട് അദ്ദേഹത്തിന്റെ ആത്മകഥയായ സ്റ്റോറി ഓഫ് എ ചീഫ് ജസ്റ്റിസ് എന്ന പുസ്തകത്തിൽ ഈ വിഷയം പരാമർശിച്ചിരുന്നു. അദ്ദേഹം 1975 മുതൽ നാലുവർഷക്കാലം പാലക്കാട് ജില്ലാ സെഷൻസ് ജഡ്ജിയായി പ്രവർത്തിച്ചിരുന്നു. അക്കാലത്ത് അദ്ദേഹം വിചാരണ നടത്തി വിധിപറഞ്ഞ ഒരു കൊലക്കേസിൽ, കൊല്ലപ്പെട്ടയാൾ പിന്നീട് നാട്ടിൽ തിരിച്ചെത്തിയതാണ് ആ സംഭവം. പാലക്കാട് ജില്ലയിലെ പൊറ്റശ്ശേരിയിലുള്ള മാധവൻ എന്നയാളെ കാണാനില്ലെന്ന പേരിൽ അഗളി പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് വകുപ്പുമാറ്റി പിന്നീട് കൊലക്കുറ്റമാക്കിയത്. കടുത്ത ദാരിദ്ര്യവും ജീവിതനൈരാശ്യവും കൊണ്ട് പൊറുതിമുട്ടിയ മാധവൻ കർണാടകത്തിലേക്ക് പോവുകയും അവിടെ ഈർച്ച മില്ലിൽ പണിചെയ്ത് സമ്പാദിച്ച പണവുമായി വർഷങ്ങൾക്കുശേഷം നാട്ടിൽ തിരിച്ചത്തുകയായിരുന്നു. മാധവൻ കാട്ടിൽവച്ച് ആക്രമണത്തിന് വിധേയമാവുകയും കൊന്ന് കത്തിച്ചുകളഞ്ഞെന്നുമായിരുന്നു പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. കേസിലെ നാലുപ്രതികളും മാധവനെ കൊന്നെന്ന് കുറ്റസമ്മതം നടത്തിയിരുന്നു. മാധവന്റെ ഏലസ് അടക്കം എടുത്തതായുള്ള ഒരു പ്രതിയുടെ സമ്മതവുമെല്ലാം പൊലീസ് ഹാജരാക്കി. ജീവിച്ചിരിക്കുന്ന ഒരാളെ മരിച്ചെന്നു വരുത്തിത്തീർത്ത് എഫ്.ഐ.ആർ ഘട്ടം മുതൽ കൃത്രിമ തെളിവുകൾ സൃഷ്ടിച്ച കേസായി ഈ കൊലക്കേസ് മാറിയിട്ടും യാതൊരു തുടർനടപടികളും ഉണ്ടായില്ല. പ്രതികളെ കോടതി ശിക്ഷിച്ചില്ലെന്നതു മാത്രമാണ് ഏക ആശ്വാസം.

ഗുരുവായൂരിനടുത്തുള്ള തൊടിയൂർ ഗ്രാമത്തിൽ ബി.ജെ.പി പ്രവർത്തകനായ സുനിൽ കൊല്ലപ്പെട്ട സംഭവത്തിൽ നിരപരാധികളായ സി.പി.എം പ്രവർത്തകർ ശിക്ഷിക്കപ്പെട്ട സംഭവവും സവിസ്തരം ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഈ സംഭവത്തിനു പിന്നിൽ തീവ്രവാദ സംഘടനക്കാരാണെന്നും ,ജയിലിൽക്കഴിയുന്ന സി.പി.എം പ്രവർത്തകർക്ക് ബന്ധമില്ലെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായിരുന്ന അഡ്വ.പി.എസ്.ശ്രീധരൻപിള്ളയാണ് ആദ്യം തുറന്നു പറഞ്ഞത്. ഭീകരമായ പൊലീസ് മർദ്ദനത്തിന്റെയും നിർബന്ധിച്ചുള്ള കുറ്റസമ്മതത്തിന്റെയും ഭാഗമായാണ് സി.പി.എം പ്രവർത്തകർ പ്രതികളാക്കപ്പെട്ടത്. ജീവപര്യന്തം തടവുശിക്ഷ ലഭിക്കുകയും ചെയ്തു. സത്യം പുറത്തുവന്നപ്പോൾ ഹൈക്കോടതി ഇവരെ വിട്ടയയ്‌ക്കുകയായിരുന്നു.

കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയാകാനിരിക്കെ മലയാളിയായ എം.കെ.കെ നായരെ കള്ളക്കേസിൽക്കുടുക്കി അവസരം നഷ്ടമാക്കിയതിനെക്കുറിച്ചും,ആര്യാടൻ മുഹമ്മദ് പ്രതിയായ കുഞ്ഞാലി വധക്കേസിനെക്കുെറിച്ചും, ഐ.എസ്.ആർ.ഒ ചാരക്കേസിനെക്കുറിച്ചും, പാനൂർ സോമന്റെ മരണത്തെക്കുറിച്ചുമെല്ലാം അരുണിന്റെ പുസ്തകം നിരീക്ഷണം നടത്തുന്നുണ്ട്. നല്ല ഗവേഷണം നടത്തിയാണ് ഈ ഗ്രന്ഥം രചിച്ചത്. കറന്റ് ബുക്സാണ് പ്രസാധകർ. കൊൽക്കത്തയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ജ്യൂറിഡിക്കൽ സയൻസസിലും എം.ജി സർവകലാശാലയിൽ നിന്നും വിദ്യാഭ്യാസം നേടിയ അരുൺ കെ.ധൻ ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻപിള്ളയുടെ ജാമാതാവാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KALAM, RAJAN PILLAI
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.