SignIn
Kerala Kaumudi Online
Friday, 10 May 2024 1.02 PM IST

പൊതുവിതരണത്തിലെ പൊന്നോണം

jj

ഓണച്ചന്തയും മാവേലി സ്റ്റോറുകളുമില്ലാത്ത ഓണക്കാലം മലയാളികൾക്ക് ചിന്തിക്കാനാവില്ല. വിഭവസമൃദ്ധമായ സദ്യ ഓണത്തിന് ഒഴിവാക്കാൻ കഴിയാത്തതുകൊണ്ടുതന്നെ പലവ്യഞ്ജന, പച്ചക്കറി കടകൾ കയറിയിറങ്ങാത്തൊരു ഓണക്കാലത്തെ കടന്നുപോകാൻ നമുക്കാവില്ല. മാർക്കറ്റുകൾ ഏറ്റവും സജീവമാകുന്ന കാലം. ഒപ്പം, സാധനങ്ങൾക്ക് വില കൂടുന്ന കാലവും!

മഹാബലി തമ്പുരാൻ ആഗ്രഹിച്ചതുപോലെ 'കള്ളവും ചതിയുമില്ലാത്ത' മലയാളനാട് ഓണക്കാലത്തെങ്കിലും യാഥാർത്ഥ്യമാക്കണമെങ്കിൽ വാണിജ്യ, വ്യാപാര മേഖലയിൽ സംസ്ഥാന സർക്കാർ കാര്യക്ഷമമായ ഇടപെടൽ നടത്തിയേ മതിയാകൂ എന്ന ചിന്തയ്ക്ക് നാലു പതിറ്റാണ്ട് പൂർത്തിയാകുന്നു. 1980- 82 കാലഘട്ടത്തിലെ ഇ.കെ. നായനാർ സർക്കാരാണ് ഭക്ഷ്യ, പൊതുവിതരണ വകുപ്പിനു കീഴിൽ ഓണച്ചന്തയും, പിന്നാലെ മാവേലി സ്റ്റോറുകളും സ്ഥാപിക്കാൻ തീരുമാനിച്ചത്.

അന്നത്തെ ഭക്ഷ്യ, പൊതുവിതരണ വകുപ്പു മന്ത്രിയും 'മാവേലി മന്ത്രി' എന്ന അപരനാമത്തിൽ അറിയപ്പെടുന്നയാളുമായ ഇ. ചന്ദ്രശേഖരൻ നായരാണ് കേരളത്തിലെ പൊതുവിതരണ സംമ്പ്രദായത്തിലെ നിർണായക ചുവടുവയ്പ്പിന് കാർമികത്വം വഹിച്ചത്. നിലവിൽ റേഷൻ കടകൾക്കു പുറമെ, സംസ്ഥാനത്തെ പൊതുവിതരണ സംവിധാനത്തിലെ പ്രധാന കേന്ദ്രങ്ങളാണ് പഞ്ചായത്തുകൾ തോറും പ്രവർത്തിക്കുന്ന മാവേലി സ്റ്റോറുകൾ. തിരുവനന്തപുരം കിഴക്കേകോട്ട പഴവങ്ങാടി ക്ഷേത്രത്തിനു സമീപം ആരംഭിച്ച ആദ്യ മാവേലി സ്റ്റോറിന്റെ ഉദ്ഘാടനം നിർവഹിച്ചത് അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാ‌ർ തന്നെയാണ്.

ഈ വർഷത്തെ ഓണത്തിനും സംസ്ഥാന, ജില്ലാ, മണ്ഡല അടിസ്ഥാനത്തിലുള്ള ഓണം ഫെയറുകൾ ആരംഭിച്ചു കഴിഞ്ഞു. കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ കഴിഞ്ഞ ഒന്നര വർഷമായി സൗജന്യ ഭക്ഷ്യ കിറ്റുകൾ വിതരണം നടത്തിവരുന്നു. കേരളത്തിലെ ചെറുകിട കർഷകരെ സഹായിക്കുക എന്നത് സർക്കാർ നയമാണ്. ഇതിന്റെ ഭാഗമായാണ് ഭക്ഷ്യയോഗ്യമായ നാണ്യവിളകൾ കർഷകരിൽ നിന്ന് നേരിട്ടു സംഭരിച്ച് മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി വിപണനം നടത്തുന്നതിനുള്ള പദ്ധതിക്ക് സർക്കാർ രൂപം നൽകിയിട്ടുള്ളത്. ഇതിന് അഞ്ചു കോടി രൂപ വകയിരുത്തുന്നതിനുള്ള നടപടികൾ നടന്നുവരുന്നു.


അധികാരമേറ്റ് നൂറു ദിവസത്തിനകം തന്നെ ജനോപകാരപ്രദമായ നിരവധി പദ്ധതികളാണ് ഭക്ഷ്യ, പൊതുവിതരണ വകുപ്പിൽ സർക്കാർ നടപ്പാക്കിയിട്ടുള്ളത്. ഭക്ഷ്യ, പൊതുവിതരണ വകുപ്പിന്റെ അധികാരമേറ്റെടുത്ത ആദ്യ ആഴ്ചയിൽത്തന്നെ പൊതുജനങ്ങളിൽ നിന്നും മാദ്ധ്യമപ്രവർത്തകരിൽ നിന്നും വകുപ്പിനെ സംബന്ധിച്ച പരാതികളും നി‌ർദ്ദേശങ്ങളും സ്വരൂപിക്കുന്നതിനായി ഒരു ഫോൺ ഇൻ പരിപാടി നടത്തിയിരുന്നു. ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് മുൻഗണനാ കാർഡുകളുടെ വിതരണം സംബന്ധിച്ചാണ്. തുട‌ർന്നു നടത്തിയ പരിശോധകളിൽ അനർഹമായി നിരവധി പേർ മുൻഗണനാ കാർഡുകൾ കൈവശം വച്ചിരിക്കുന്നതായി ബോദ്ധ്യപ്പെട്ടു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവർക്ക് പിഴയോ ശിക്ഷയോ കൂടാതെ ഈ കാർഡുകൾ തിരിച്ചേല്പിക്കാൻ അവസരം നൽകിയത്. ഇക്കാലയളവിൽ ഇതുവരെ 1,35,244 കാർഡുകളാണ് തിരിച്ചേല്പിക്കപ്പെട്ടത്. ഇവയിൽ 10,879 കാർഡുകൾ അർഹരായവരെ കണ്ടെത്തി വിതരണം നടത്തിവരുന്നു. അവശ്യസാധന വിലക്കയറ്റവും ഭക്ഷ്യവസ്തുക്കളുടെ ദൗർലഭ്യവും ഒരു സർക്കാരിനെതിരെ ജനാഭിപ്രായം രൂപപ്പെടുന്നതിനുള്ള ഘടകങ്ങളാണ്. ഇത്തരം അസംതൃപ്തി ഇല്ലാതാകുമ്പോഴാണ് ഒരു സർക്കാരിന് വിജയിക്കാനാവുക എന്ന് ഞാൻ വിശ്വസിക്കുന്നു. വിപണിയിൽ കാര്യക്ഷമമായി ഇടപെട്ട് ഗുണനിലവാരമുള്ള സാധനങ്ങൾ ന്യായവിലയ്ക്ക് നൽകുക എന്നതാണ് സർക്കാരിന്റെ നയം. ഇതിന്റെ ഭാഗമായി മാവേലി സ്റ്റോറുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനുള്ള നടപടികൾ നടന്നുവരുന്നു.

മാവേലി സ്റ്റോറുകളുടെ പ്രവർത്തനം കൂടുതൽ വ്യാപകമാക്കുന്നതിന്റെ ഭാഗമായി നാല് പുതിയ മാവേലി സ്റ്റോറുകളുടെയും, നവീകരിച്ച് കൂടുതൽ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ച 25 മാവേലി സ്റ്റോർ- സൂപ്പർ മാർക്കറ്റുകളുടെയും ഉദ്ഘാടനം നടന്നുവരുന്നു. ഇതുവരെ ഇവയിൽ 15 എണ്ണം ആരംഭിക്കാനായി. മാസാവസാനത്തോടെ ബാക്കിയുള്ളവയും പ്രവർത്തനം തുടങ്ങും. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ, പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സുഭിക്ഷാ ഫോട്ടലുകൾ ആരംഭിക്കുവാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കൂടുംബശ്രീ, മറ്റ് സന്നദ്ധ സംഘടനകൾ, സപ്ലൈകോ, സഹകരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹായത്തോടെ 20 രൂപ നിരക്കിൽ ഉച്ചഭക്ഷണം ലഭ്യമാക്കുകയാണ് ലക്ഷ്യം.

കൊവിഡ് മഹാമാരിക്കാലത്ത് ഭക്ഷ്യ ധാന്യങ്ങളുടെ വിതരണം ഉറപ്പാക്കുന്നതിൽ സക്രിയമായ പങ്കുവഹിച്ചവരാണ് റേഷൻ വ്യാപാരികൾ. ഈ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്, മുഴുവൻ റേഷൻ വ്യാപാരികൾക്കും സെയിൽസ്‌മാന്മാർക്കും ഒരാൾക്ക് 1060 രൂപ പ്രീമിയം നിരക്കിൽ സംസ്ഥാന ഇൻഷ്വറൻസ് വകുപ്പ് മുഖേന 7.5 ലക്ഷം രൂപയുടെ സൗജന്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കിയത്. കൂടാതെ, റേഷൻ ഡീലേഴ്സ് ക്ഷേമനിധി ബോർഡിന് സർക്കാർ വിഹിതമായി 5 കോടി രൂപ അനുവദിക്കുക, കൊവിഡ് ബാധിച്ചു മരണമടഞ്ഞ വ്യാപാരികളുടെ അനന്തരാവകാശികൾക്ക് കടയുടെ ലൈസൻസ് ലഭിക്കാനുള്ള സോൾവൻസി തുക ഒരു ലക്ഷം രൂപയിൽ നിന്ന് പതിനായിരം രൂപയായി കുറയ്ക്കുക, കൊവിഡ് ബാധിച്ചു മരിച്ച വ്യാപാരിയുടെ അനന്തരാവകാശിക്ക് ലൈസൻസിന് പത്താം ക്ലാസ്സ് പാസായിരിക്കണമെന്ന നിബന്ധനയിൽ ഇളവു നൽകുക തുടങ്ങിയ ആവശ്യങ്ങളിൽ അനുഭാവപൂർവമായ നിലപാടുകളോടെ നടപടികൾ പുരോഗമിക്കുന്നു.

ആദിവാസി ഊരുകളിലെ കാർഡ് ഉടമകൾക്ക് യാത്രാസൗകര്യം പരിമിതമായതിനാൽ കൃത്യമായി റേഷൻ വിഹിതം വാങ്ങാനാകാത്ത സാഹചര്യം ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഓണക്കാലത്ത് പാെതുവിതരണ വകുപ്പ് ജീവനക്കാർ ഊരുകളിൽ നേരിട്ടെത്തി റേഷനും ഓണക്കിറ്റും വിതരണം നടത്തുന്നത്. സാമൂഹ്യനീതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള അഗതിമന്ദിരങ്ങൾ, അനാഥാലയങ്ങൾ, കന്യാസ്ത്രീമഠങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവിടങ്ങളിലെ താമസക്കാർക്ക് കഴിഞ്ഞ ജൂൺ മാസത്തിലും ഈ ഓണക്കാലത്തും സൗജന്യ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ ഇവർക്ക് നേരിട്ടെത്തി കിറ്റുകൾ കൈപ്പറ്റാൻ പ്രയാസം നേരിടുന്ന വിവരം എന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇവർക്കും ഉദ്യോഗസ്ഥർ മുഖാന്തരം കിറ്റുകൾ നേരിട്ട് എത്തിച്ചുകൊണ്ടിരിക്കുന്നു.

സ്വന്തമായി ട്രാൻസ്ജെൻഡർ പോളിസിയുള്ള സംസ്ഥാനമാണ് കേരളം. സർക്കാരിന്റെ പ്രത്യേക പരിഗണന അർഹിക്കുന്ന ഒരു വിഭാഗമായാണ് അവരെ ഞാൻ കാണുന്നത്. പല കാരണങ്ങളാൽ വീടുകളിൽ നിന്ന് അകന്നു താമസിക്കേണ്ട അവസ്ഥ ഇവരിൽ പലർക്കുമുണ്ട്. ഈ സാഹചര്യം മനസിലാക്കിയാണ് ഒരു റേഷൻ കാർഡിലും പേരില്ലാത്ത ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക്, ആധാർ പരിശോധനയ്ക്കു ശേഷം, റേഷൻ കാർഡും സൗജന്യ കിറ്റും നൽകുവാൻ സർക്കാർ തീരുമാനിച്ചത്.

ജനങ്ങളുടെ നിത്യജീവിതവുമായി ഏറ്റവും ബന്ധപ്പെട്ടിരിക്കുന്ന വകുപ്പുകളിലൊന്നാണ് ഭക്ഷ്യ, പൊതുവിതരണ വകുപ്പ്. പൊതുവിതരണ സമ്പ്രദായത്തെക്കുറിച്ച് ജനങ്ങളിൽ മതിയായ അവബോധം സൃഷ്ടിച്ചെങ്കിലേ പൊതുവിതരണം കൂടുതൽ ജനകീയവും വിജയകരവുമാകൂ. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലായതോടെ വകുപ്പിന്റെ പ്രവർത്തനങ്ങൾ ഒരു പരിധിവരെ സുതാര്യവും അഴിമതിരഹിതവും കാര്യക്ഷമവുമാക്കാനായി.

ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം സംസ്ഥാനത്തിന്റെ കേന്ദ്ര ഭക്ഷ്യ വിഹിതത്തിലും മുൻഗണനാ കാർഡുകളുടെ എണ്ണത്തിലും കുറവു വരുത്തിയെന്ന വസ്തുത വിസ്മരിക്കുന്നില്ല. മുൻഗണനാ കാർഡുകളുടെ എണ്ണത്തിൽ വർദ്ധന വരുത്തണമെന്ന ആവശ്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യ, പൊതുവിതരണ വകുപ്പിന്റെ പ്രവർത്തനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു. എല്ലാവർക്കും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഓണം ആശംസിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CIVIL SUPPLIES
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.