SignIn
Kerala Kaumudi Online
Saturday, 20 April 2024 3.33 AM IST

സ്നേഹദീപമായി എസ്. സുഗതൻ

s-sugathan-

മരണം അത്രമേൽ മനോഹരമായതുകൊണ്ടാവാം പോയവരാരും തിരിച്ചുവരാത്തതെന്ന് പറയാറുണ്ട്. പക്ഷേ, മടങ്ങിവന്നിരുന്നെങ്കിൽ എന്ന മോഹം നമ്മുടെ ഉള്ളിൽ വിതച്ചുപോകുന്നവരുണ്ട്. ഓരോ ഋതുവിലും ആ മോഹം പൂവിട്ടുനില്ക്കും. സുഗതനണ്ണൻ വിടപറഞ്ഞത് മരണത്തെ ദുർബലമാക്കുന്ന ഒരു മന്ദഹാസത്തോടെയാണ്. അദ്ദേഹത്തോട് അടുത്തുനിന്നവരുടെ കണ്ണുകൾ ആ വേർപാടിൽ ഈറനണിയുമ്പോഴും ഓർമ്മകളിൽ സ്നേഹത്തിന്റെയും കരുതലിന്റെയും വിളക്ക് അണയാതെ നില്ക്കുന്നു.

എപ്പോഴും ചിരിച്ചുകൊണ്ട് പ്രവേശിക്കുന്ന എസ്. സുഗതൻ നമ്മെ വിട്ടുപോയിട്ട് ഇന്ന് ഒരു വ‌ർഷം.

മഹാപ്രതിഭകൾക്ക് ജന്മം നൽകിയ മയ്യനാടിന്റെ രക്തമാണ് തന്റെ സിരകളിലൂടെ ഒഴുകുന്നതെന്ന ബോദ്ധ്യം എന്നും സുഗതനണ്ണനുണ്ടായിരുന്നു. അതിന്റെ ഗരിമ എപ്പോഴും കാത്തുസൂക്ഷിച്ചിരുന്നു. ലാളിത്യവും നർമ്മഭാവനകളും കൊണ്ട് അതിനെ പ്രസാദാത്മകമാക്കിയ അദ്ദേഹം ഒട്ടും നിനച്ചിരിക്കാത്ത ഒരു പ്രഭാതത്തിലാണ് വിടവാങ്ങിയത്. അതിരാവിലെ അനന്തമായ ഒരു യാത്രയ്ക്കിറങ്ങിയപോലെ അദ്ദേഹം നിത്യതയിലേക്ക് മടങ്ങിപ്പോയി. വാണിജ്യപ്രമുഖനായിരുന്ന ഒരാൾ സൗഹൃദപ്രമുഖനാവുന്ന കഥയാണ് സുഗതനണ്ണന്റെ ജീവിതം. ഇത്രയധികം സുഹൃത്തുക്കളുണ്ടായിരുന്ന മറ്റൊരാൾ കൊല്ലം നഗരത്തിലുണ്ടാവില്ല. അതിൽ ഒരിളയ കണ്ണിയായിരുന്നു ഞാനും. കുറേക്കാലം കേരളകൗമുദിയുടെ കൊല്ലം യൂണിറ്റിൽ ജോലിചെയ്തിരുന്ന ഞാൻ തിരുവനന്തപുരത്തേക്ക് മടങ്ങിപ്പോരുമ്പോൾ എല്ലാ ജീവനക്കാ‌ർക്കും സ്വന്തം ചെലവിൽ ബിരിയാണി നൽകി സത്‌കരിച്ചാണ് എന്നെ യാത്രയാക്കിയത്.

സായാഹ്നശബ്ദം സമുച്ചയത്തിലാണ് കേരളകൗമുദി പ്രവർത്തിച്ചുപോന്നത്. സായാഹ്നശബ്ദം പത്രത്തിന്റെ മാനേജിംഗ് എഡിറ്ററായി മൂന്നു പതിറ്റാണ്ടിലേറെ പ്രവർത്തിച്ച അദ്ദേഹം, പ്രഭാതങ്ങൾ മാത്രമല്ല സായാഹ്നങ്ങളും വാർത്തയുടെ കമ്പോളമാണെന്ന് തെളിയിച്ചു. വാർത്തകൾ ചൂടാറുംമുമ്പ് വായനക്കാരിലെത്തിക്കുന്ന ആ തന്ത്രം വലിയ വിജയമായിരുന്നു. കൊല്ലം നഗരത്തിന്റെ മുക്കിലും മൂലയിലും മാത്രമല്ല, ഗ്രാമങ്ങളിലേക്കും അത് വ്യാപിച്ചു. പല പ്രമുഖ പത്രങ്ങളും പിന്നീട് ആ വഴിയിലൂടെ സഞ്ചരിച്ചു. കലാസാംസ്കാരിക രംഗങ്ങളിലും വ്യാപാരികളെയും വ്യവസായികളെയും തൊഴിലാളികളെയും സംഘടിപ്പിക്കുന്നതിലും അവരെ കൂട്ടുപിരിയാതെ നയിക്കുന്നതിലും പ്രത്യേക പാടവം പുലർത്തിയിരുന്നു. മൊത്തവ്യാപാരത്തിന്റെ കേന്ദ്രമായിരുന്ന കൊല്ലത്തെ വ്യാപാരികളുടെ ഏക സംഘടനയായിരുന്ന മർച്ചന്റ്സ് അസോസിയേഷന്റെ ജനറൽ സെക്രട്ടറിയായിരുന്നു എസ്. സുഗതൻ. റൂബി സ്വീറ്റ്സ് ഉടമ എ. അബ്ദുൾ റഹിം ആയിരുന്നു അന്ന് പ്രസിഡന്റ്. ഒറ്റ സംഘടനയേ വ്യാപാരികൾക്ക് ഉണ്ടായിരുന്നുള്ളൂ. വ്യാപാരികളുടെ ഉന്നമനം സംരക്ഷിക്കുന്നതോടൊപ്പം തൊഴിലാളികൾക്ക് മിനിമം വേതനം നടപ്പിലാക്കാനും അദ്ദേഹം മുന്നിട്ടിറങ്ങി. സർക്കാർ രൂപീകരിച്ച മിനിമം വേജസ് കമ്മിറ്റിയിലെ അംഗമായും പ്രവർത്തിച്ചു.

സിനിമാരംഗവുമായി ബന്ധപ്പെട്ട അക്കാലത്തെ പ്രമുഖ സംഘടനയായിരുന്ന കേരള ഫിലിം ഫാൻസ് അസോസിയേഷന്റെ ട്രഷററായിരുന്നു. വ്യാപാരപ്രമുഖനായിരുന്ന പൊയിലക്കട ഭരതൻപിള്ളയായിരുന്നു പ്രസിഡന്റ്. അച്ചാണി രവി പ്രസിഡന്റായ കൊല്ലം ഫൈൻ ആർട്സ് സൊസൈറ്റിയുടെ ജോയിന്റ് സെക്രട്ടറിയായും തുടർന്ന് ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു.

റസിഡന്റ്സ് അസോസിയേഷനുകൾ അത്ര പരിചിതമല്ലാത്ത കാലത്താണ് പള്ളിത്തോട്ടം കേന്ദ്രമാക്കി കൗമുദി റസിഡന്റ്സ് അസോസിയേഷന് രൂപം നൽകിയത്. തുടക്കംമുതൽ അതിന്റെ രക്ഷാധികാരിയായിരുന്നു. എസ്.എൻ.ഡി.പി.യോഗത്തിന്റെയും എസ്.എൻ.ട്രസ്റ്റിന്റെയും സജീവപ്രവർത്തകനും ഡയറക്ടർ ബോ‌‌ർഡ് അംഗവുമായിരുന്നു. സുഹൃത്തുക്കൾക്കും വ്യാപാരികൾക്കുമിടയിലെ 'തർക്കപരിഹാര കോടതി'കൂടിയായിരുന്നു സുഗതൻ. ഏതു പ്രശ്നത്തെയും സംയമനത്തോടെ കാണാനും തർക്കങ്ങൾ സംസാരിച്ച് ഒതുക്കാനും പ്രത്യേക പാടവമുണ്ടായിരുന്നു. എന്തിനും അമിക്കബിൾ സെറ്റിൽമെന്റുണ്ടാക്കും. "എന്തോന്നാഡേയ്.., പോട്ടെഡേയ് ..." എന്ന മട്ടിലാണ് പ്രശ്നക്കാരെ ശാന്തരാക്കുന്നത്. ഇടതുപക്ഷ സഹയാത്രികനായിരുന്ന സുഗതൻ എ.ഐ.വൈ.എഫിന്റെയും ഇന്തോ സോവിയറ്റ് സാംസ്കാരിക സൊസൈറ്റിയായ 'ഇസ്‌കസി'ന്റെയും കൊല്ലം ടൗൺ കമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു.

കേരളകൗമുദി സ്ഥാപക പത്രാധിപർ കെ. സുകുമാരന്റെ സഹധർമ്മിണി മാധവിസുകുമാരന്റെ സഹോദരൻ സി.എൻ. സോമനാഥന്റെ പുത്രനാണ് സുഗതൻ. കൊല്ലത്തെ വാണിജ്യമേഖല നിയന്ത്രിച്ചിരുന്ന സോമനാഥൻ സൈക്കിളിന്റെ മൊത്തവ്യാപാരിയായിരുന്നു. കല്ലുപാലത്ത് പ്രവർത്തിച്ചിരുന്ന സോംസൺ ആന്റ് കമ്പനി വളരെ പ്രസിദ്ധമാണ്. സിനിമാപ്രേമിയായിരുന്ന സുഗതൻ ഒരു സിനിമ നിർമ്മിക്കാനും ശ്രമം നടത്തി. ഗൗരീശപട്ടം ശങ്കരൻനായർ എഴുതിയ പ്രിയപ്പെട്ട ജോർജ് തോമസ് എന്ന നോവലിനെ ആധാരമാക്കിയുള്ള സിനിമയുടെ തിരക്കഥ എഴുതിയത് തോപ്പിൽ ഭാസി. അത് പൂർത്തിയായെങ്കിലും പദ്ധതി പാതിവഴിയിൽ മുടങ്ങി. തുടർന്നാണ് 1984ൽ സായാഹ്നശബ്ദം എന്ന ഈവനിംഗ് ഡെയിലിക്ക് രൂപം നൽകിയത്.

ആരെയും വകവച്ചുകൊടുക്കുന്ന പ്രകൃതം ഉണ്ടായിരുന്നില്ല. എന്തുവന്നാലും കൂസലില്ലാതെ നേരിടാനും പ്രത്യേക മിടുക്കുണ്ടായിരുന്നു. പക്ഷേ, പെരുമാറ്റം മുഷിവുണ്ടാകുന്ന നിലയിലേക്ക് മാറാതിരിക്കാനുള്ള കരുതലും അദ്ദേഹത്തിന്റെ സ്വഭാവത്തിൽ അലിഞ്ഞുചേർന്നിരുന്നു. സ്മരണകൾക്ക് മരണമില്ല. വെളിച്ചമുള്ള ആ ഓർമ്മകൾ കൈവിടാതെ എന്നും കൂടെയുണ്ടാവും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: S SUGATHAN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.