SignIn
Kerala Kaumudi Online
Saturday, 27 April 2024 1.31 PM IST

മാനവസേവന പ്രതീകമായ സത്യസായി ബാബ

sai

ശ്രീ സത്യസായി ബാബയുടെ 97-ാം ജന്മദിനമാണിന്ന് .. 1926 നവംബർ 23 ന് ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിലെ ഒരു ഉൾപ്രദേശത്ത് ചിതൽപ്പുറ്റുകൾ നിറഞ്ഞ പുട്ടപർത്തിയിലെ കൂട്ടുകുടുംബത്തിലാണ് പെദ്ദ വെങ്കമ രാജുവിന്റെയും ഇൗശ്വരാമ്മയുടെയും എട്ടാമത്തെ പുത്രനായി സത്യനാരായണരാജു ജനിച്ചത്. കൂലിപ്പണിയും കൃഷിപ്പണിയും കാലിമേയ്ക്കലുമായി ദിവസം തള്ളിനീക്കിയിരുന്ന നൂറ്റിഅമ്പതോളം പേരാണ് അന്ന് പുട്ടപർത്തിയിൽ ഉണ്ടായിരുന്നത്. ഇതേ പുട്ടപർത്തിയാണ് പിൽക്കാലത്ത് 160 ൽപ്പരം രാഷ്ട്രങ്ങളിൽനിന്ന് കോടിക്കണക്കിന് ആളുകളെ അവിടേക്ക് ആകർഷിച്ചത്.

പിച്ചവച്ചു തുടങ്ങിയപ്പോൾത്തന്നെ വീട്ടുപടിക്കൽ ഭിക്ഷയാചിച്ച് വരുന്നവർക്ക് കൈയിൽ കിട്ടിയതെന്തും നൽകാൻ തുടങ്ങിയ കുഞ്ഞിനെ സാമ - ദാന - ഭേദ - ദണ്ഡങ്ങൾ, കൊണ്ടൊന്നും പിന്തിരിപ്പിക്കാൻ വീട്ടുകാർക്കായില്ല. വീടിന് പുറത്തിറങ്ങി നടക്കാൻ പ്രാപ്തനായപ്പോൾ കൂട്ടുകാരെ സംഘടിപ്പിച്ച് നാട്ടുവഴികളിലൂടെ ഭജനകൾ ആലപിച്ച് നടന്ന് വൈകുന്നേരങ്ങൾ ചെലവഴിക്കുന്നതിൽ ആ ബാലൻ ആനന്ദം കണ്ടെത്തി. വസ്ത്രം, ഭക്ഷണം എന്നിവയോട് വലിയ താത്‌പര്യമില്ലാത്ത സത്യൻ സസ്യാഹാരി ആയിരുന്നു. രണ്ടുനേരം കുളി, പിന്നെ നെറ്റിയിൽ ഭസ്മക്കുറിയും നടുവിൽ സിന്ദൂരപ്പൊട്ടും.

സ്കൂളിൽ രാവിലെ നടത്തിയിരുന്ന പ്രാർത്ഥനാഗീതം ആലപിച്ചിരുന്നത് സത്യനാരായണനായിരുന്നു. സൗമ്യനും സൽസ്വഭാവിയുമായിരുന്ന ആ കുട്ടിയിൽ കൂട്ടുകാരും നാട്ടുകാരും ഒരു ദിവ്യത്വം കണ്ടെത്തിയതിൽ അദ്ഭുതമില്ല. 14-ാമത്തെ വയസിൽ ഒരു പ്രഭാതത്തിൽ സഞ്ചിയുമെടുത്ത് സ്കൂളിലേക്കുപോയ സത്യൻ പൊടുന്നനെ മടങ്ങിയെത്തി പുസ്തകസഞ്ചി വീട്ടിനുള്ളിലേക്ക് എറിഞ്ഞിട്ട് ഞാനിനി സ്കൂളിലേക്കില്ല. ഞാൻ സത്യനാരായണ രാജുവല്ല, സായിബാബയാണ് എന്ന അവതാര പ്രഖ്യാപനം നടത്തി.

കുട്ടിയിൽ നേരത്തേതന്നെ ദിവ്യത്വം ദർശിച്ചിരുന്ന അദ്ധ്യാപകരും കൂട്ടുകാരും നാട്ടുകാരും വിവരമറിഞ്ഞെത്തി. അവരായിരുന്നു സായിബാബയുടെ ആദ്യത്തെ അനുയായികൾ. പിന്നീട് ദിവ്യത്വം ബോദ്ധ്യപ്പെട്ടവർ അനുയായികളായി മാറി. നേരിട്ട് കാണുന്നതിൽ വിമുഖത കാട്ടിയവർ വിമർശകരും വിദ്വേഷ പ്രചാരകന്മാരുമായി മാറി. ഭക്തരുടെ എണ്ണം വർദ്ധിച്ചപ്പോഴാണ് 1950 ൽ ചിത്രാവതി നദിക്കരയിലെ കുന്നിൻചരിവിൽ പ്രശാന്തി നിലയം സ്ഥാപിച്ചത്.

ജാതി ഒന്നേയുള്ളൂ- മനുഷ്യജാതി

മതം ഒന്നേയുള്ളൂ - സ്നേഹത്തിന്റെ മതം

ദൈവം ഒന്നേയുള്ളൂ - സർവവ്യാപി

ഏത് മതത്തിൽപ്പെട്ടവരായാലും അവരുടെ മതം നിഷ്കർഷിക്കുന്ന കാര്യങ്ങൾ അണുവിട തെറ്റാതെ പാലിച്ചാൽ, ഒരു ഹിന്ദുവിന് മെച്ചപ്പെട്ട ഹിന്ദു ആകാനും ഒരു ക്രിസ്ത്യാനിക്ക് മെച്ചപ്പെട്ട ഒരു ക്രിസ്ത്യാനി ആകാനും ഒരു മുസൽമാന് മെച്ചപ്പെട്ട ഒരു മുസൽമാനാകാനും കഴിയുമെന്ന കാര്യം അടിവരയിട്ട് പറഞ്ഞ സായിബാബയ്ക്ക് വിവിധ മതസ്ഥർ അനുയായികളായി ഉണ്ടായിരുന്നു. ഇവരിൽ സന്നദ്ധ സേവനത്തിന് തയ്യാറായവരെ മാത്രം ഉൾപ്പെടുത്തി 1965 ൽ രൂപീകരിച്ച ശ്രീ സത്യസായി സേവാ സംഘടന ഇന്ത്യയ്ക്ക് അകത്തും വിദേശരാജ്യങ്ങളിലും പടർന്ന് പന്തലിച്ചുനിൽക്കുന്നു. പരോപകാരമേ പുണ്യം, പാപമേ പരപീഡനം എന്ന അർത്ഥം വരുന്ന Help ever, Hurt never എന്ന ആപ്തവാക്യം പ്രാവർത്തികമാക്കാൻ ഇത് സഹായിച്ചു. വിശക്കുന്നവർക്ക് ആഹാരം, ദാഹിക്കുന്നവർക്ക് ജലം, രോഗിക്ക് മരുന്ന്, വിദ്യ അഭ്യസിക്കാൻ തത്‌പരരായവർക്ക് വിദ്യ, ആത്മീയ കാര്യങ്ങൾക്കായി വിശക്കുന്നവർക്ക് ആത്മജ്ഞാനം എന്നിവ ഫലേച്ഛ കൂടാതെ നൽകാൻ കർമ്മയോഗിയായ ബാബ തീരുമാനിച്ചതിന്റെ ബഹിർസ്ഫുരണമാണ് 1956 ൽ പുട്ടപർത്തിയിൽ സ്ഥാപിച്ച ജനറൽ ആശുപത്രി. 1976 ൽ ബംഗളൂരുവിൽ വീണ്ടും ഒരു ജനറൽ ആശുപത്രി. 1991 ലും 2001 ലും ലോകോത്തര നിലവാരമുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ നിലവിൽവന്നു. ആദ്യത്തേത് പുട്ടപർത്തിയിലും രണ്ടാമത്തേത് ബംഗളൂരുവിലും. ഇൗ ആശുപത്രികൾ മികവിന്റെ പര്യായം മാത്രമല്ല, സൗജന്യ ചികിത്സാലയങ്ങൾ കൂടിയാണ്.

വിദ്യാഭ്യാസരംഗത്ത് സ്ത്രീശാക്തീകരണം മുൻനിറുത്തി 1968 ൽ അനന്തപൂർ എന്ന സ്ഥലത്ത് വനിതകൾക്കായി ഒരു ആർട്‌സ് ആൻഡ് സയൻസ് കോളേജ് സ്ഥാപിച്ചു. തുടർന്ന് പുട്ടപർത്തിയിലും ബംഗളൂരുവിലും മുദ്ദനഹള്ളിയിലും കോളേജുകളുടെ പരമ്പര ഉണ്ടായി. 1981 ൽ നിലവിൽവന്ന ശ്രീസത്യസായി കല്പിത സർവകലാശാലയുടെ കീഴിലാണ് ഇവ. എൽ.കെ.ജി മുതൽ പിഎച്ച്.ഡി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സൗജന്യ വിദ്യാഭ്യാസമാണ് നൽകുന്നത്. മിടുമിടുക്കരായ വിദ്യാർത്ഥികളെയാണ് തിരഞ്ഞെടുക്കുന്നത്. ആന്ധ്രാപ്രദേശിലെ സ്ഥിരം വരൾച്ചബാധിത പ്രദേശങ്ങളായ 1500 ഗ്രാമങ്ങൾക്ക് ദാഹജലം നൽകിയ പദ്ധതിയാണ് ശ്രീസത്യസായി കുടിവെള്ള പദ്ധതി. തെലുഗു - ഗംഗാ കനാൽ എന്ന ബൃഹദ് പദ്ധതിയിലൂടെ കൃഷ്ണാനദിയിലെ ജലം ചെന്നൈ നഗരത്തിലെ ലക്ഷക്കണക്കിന് ആളുകൾക്ക് തെളിനീരേകി.

സർക്കാർ സഹായമില്ലാതെയാണ് ഇത്തരം പരിപാടികൾ പൂർത്തീകരിച്ചത്. വിദ്യാർത്ഥികളാണ് എന്റെ സ്വത്ത് എന്നാണ് ബാബ പറയാറുള്ളത്. സമ്മർ അവധിക്ക് ഭാരതത്തിന്റെ തനതായ സനാതനധർമ്മം, വേദങ്ങൾ, ഉപനിഷത്തുകൾ, പുരാണങ്ങൾ എന്നിവയെ അധികരിച്ച് കോഴ്സുകൾ സംഘടിപ്പിക്കാറുണ്ട്. വേദോദ്ധാരണം മുന്നിൽക്കണ്ട് 2008 മുതൽ സ്വാമിയുടെ വിദ്യാർത്ഥികൾ നിത്യവും രാവിലെയും വൈകുന്നേരവും പ്രശാന്തി നിലയത്തിൽ വേദം ജപിച്ചുതുടങ്ങി.

പുട്ടപർത്തി സ്വന്തം തട്ടകമാക്കി വസുധൈവ കുടുംബകം എന്ന ചൊല്ല് അന്വർത്ഥമാക്കിയ ആ പുരുഷോത്തമൻ 2011 ഏപ്രിൽ 24 ന് ഇഹലോകവാസം വെടിഞ്ഞു. പതിവായി ദർശനം നൽകിയിരുന്ന സായി കുൽവന്ത് ഹാളിൽതന്നെയാണ് അദ്ദേഹത്തിന്റെ സമാധി ഒരുക്കിയിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SATHYA SAI BABA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.