SignIn
Kerala Kaumudi Online
Friday, 26 April 2024 11.51 PM IST

കെ .എ.എസ് മൂന്ന് സ്ട്രീമിലും സംവരണം കേസിന്റെ വിജയത്തിനു പിന്നിൽ

photo

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് രൂപീകരിച്ചപ്പോൾ ഒരു സ്ട്രീമിൽ മാത്രമായിരുന്നു സംവരണം. നമ്മുടെ അതിശക്തമായ സമ്മർദ്ദത്തിന്റെയും പ്രക്ഷോഭത്തിന്റെയും ഫലമായി മൂന്ന് സ്ട്രീമിലും സംവരണം ഏർപ്പെടുത്താൻ സർക്കാർ തയ്യാറായി. അതിനെതിരെ എൻ.എസ്.എസിന്റെ പിന്തുണയോടെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലും ഹൈക്കോടതിയിലും കേസ് ഉണ്ടായി. രണ്ടിടത്തും നാഷണൽ ഫോറം ഫോർ എൻഫോഴ്സ്‌മെന്റ് ഓഫ് സോഷ്യൽ ജസ്റ്റിസ് കക്ഷികളെ വെച്ച് കേസ് നടത്തി. രണ്ടിടത്തും അനുകൂലമായി വിധിയുണ്ടായപ്പോൾ എൻ.എസ്.എസ് സുപ്രീംകോടതിയെ സമീപിച്ചു. അവിടെയും നമ്മൾ കേസ് നടത്തി. അന്തിമവിധിയാണ് ഇപ്പോൾ ഉണ്ടായത്. സംവരണം ശരിവയ്ക്കുകയും അപ്പീൽ ഹർജി തള്ളുകയും ചെയ്തു.
കേസിൽ കക്ഷി ആകുവാൻ ഈ ലേഖകൻ സമീപിച്ച പലരും വിമുഖത പ്രകടിപ്പിച്ചു. എന്നാൽ സെക്രട്ടറിയേറ്റിലെ ഫിനാൻസ് വിഭാഗം അണ്ടർ സെക്രട്ടറി അഭിലാഷ് രവീന്ദ്രനും അദ്ദേഹത്തിന്റെ ഭാര്യ എസ്.സുശീൽ കുമാരിയും സധൈര്യം മുന്നോട്ട് വന്നു. അവരെ അഭിനന്ദിക്കുന്നു.
മൂന്ന് സ്ട്രീമിലും സംവരണം ഏർപ്പെടുത്താൻ തുടക്കത്തിൽ നടത്തിയ സമരപരിപാടികളിൽ പങ്കെടുത്ത ഏവരെയും അഭിനന്ദിക്കുന്നു. അധികാരവും പദവിയും ഉപയോഗിച്ച് സംവരണം ആവശ്യമാണെന്നും ഏർപ്പെടുത്തണമെന്നും ദൃഢനിശ്ചയത്തോടെ ആവശ്യപ്പെട്ട സംസ്ഥാന പട്ടികജാതി ഗോത്രവർഗ കമ്മിഷൻ ചെയർമാൻ ബി.എസ് മാവോജിയും അംഗങ്ങളും പ്രത്യേക പരാമർശം അർഹിക്കുന്നു. സുപ്രീംകോടതിയിൽ സൗജന്യമായി കേസ് വാദിച്ച സീനിയർ അഭിഭാഷക ഇന്ദിരാ ജയ്സിംഗിന് പ്രത്യേക അഭിനന്ദനം . സുപ്രീംകോടതിയിൽ കേസ് നടത്തുന്നതിന് സീനിയർ അഭിഭാഷകരെ ഏർപ്പെടുത്തിയതും കേസ് നടത്തിപ്പിനാവശ്യമായ എല്ലാ മാർഗനിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകിയതും ഇന്ത്യയിലെ ഏറ്റവും പ്രഗൽഭനായ കോൺസ്റ്റിറ്റ്യൂഷണൽ ജൂറിസ്റ്റും നാഷണൽ ജുഡീഷ്യൽ അക്കാ‌ഡമിയുടെ മുൻ ഡയറക്ടറുമായ പ്രൊഫസർ (ഡോ.) മോഹൻ ഗോപാൽ ആണ്. അദ്ദേഹത്തെ അഭിനന്ദിക്കാൻ വാക്കുകളില്ല. അദ്ദേഹത്തോട് കേരളത്തിലെ പിന്നാക്ക സമുദായങ്ങൾ ഒന്നടങ്കം കടപ്പെട്ടിരിക്കുന്നു. സാമ്പത്തിക സംവരണത്തിനെതിരെ സുപ്രീംകോടതിയിൽ ഇപ്പോൾ നടക്കുന്ന കേസിൽ അദ്ദേഹം നടത്തിയ വാദം ജുഡീഷ്യറിയുടെ രേഖകളിൽ മിന്നിത്തിളങ്ങുന്നു. സാമൂഹ്യനീതിയും സംവരണവും സംരക്ഷിക്കുന്നതിന് വേണ്ടി 44 വർഷങ്ങൾക്ക് ശേഷം അഭിഭാഷകവേഷം ധരിച്ച അദ്ദേഹം കേരള ഹൈക്കോടതിയിൽ ഹാജരായതും നമുക്കു വേണ്ടിയാണ്. കെ.എ.എസ് കേസിലും
അദ്ദേഹം സുപ്രീംകോടതിയിൽ ഹാജരായിരുന്നു. കെ.എ.എസുമായി ബന്ധപ്പെട്ട കേസുകളിൽ അഭിഭാഷകരുമായി നടന്ന ചർച്ചകളിൽ എല്ലാം സജീവമായി പങ്കെടുത്ത മുൻ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദും കേസിന്റെ വിജയത്തിൽ നിർണായക ഘടകമാണ്.
കേസുകൾ കോ - ഓഡിനേറ്റ് ചെയ്ത കേരള ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകൻ ടി.ആർ രാജേഷ് നിർവഹിച്ച സേവനങ്ങൾ നന്ദിപൂർവം സ്മരിക്കുന്നു. കേസുകളുടെ നടത്തിപ്പിനും ഇതര പ്രവർത്തനങ്ങൾക്കും സഹായസഹകരണങ്ങൾ നൽകിയ സ്ഥാപനങ്ങളും വ്യക്തികളും നിരവധിയാണ്.
മാദ്ധ്യമരംഗത്ത് കേരളകൗമുദി പത്രവും റിപ്പോർട്ടർ പ്രസന്നകുമാറും മീഡിയാവൺ ചാനലും റിപ്പോർട്ടർ മുഹമ്മദ് അസ്‌ലമും സംവരണ വിഷയം തുടക്കം മുതൽ അന്തിമവിധി വരെ ഒപ്പം നിന്നു.
എല്ലാ പ്രവർത്തനങ്ങളും കൂട്ടി യോജിപ്പിച്ച് കാലിടറാതെ പതറാതെ മുന്നോട്ടു പോകുവാൻ ശക്തിപകർന്ന ഏവർക്കും സ്‌നേഹത്തിന്റെയും ഹൃദയത്തിന്റെയും ഭാഷയിൽ നന്ദി അറിയിക്കുന്നു.


(ലേഖകൻ നാഷണൽ ഫോറം ഫോർ എൻഫോഴ്സ്‌മെന്റ് ഓഫ് സോഷ്യൽ ജസ്റ്റിസ് കോ- ഓഡിനേറ്ററും ഓൾ ഇന്ത്യ ബാക്ക് വേർഡ് ക്ലാസ്സസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുമാണ് )​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SC DISMISSES DUAL RESERVATION PLEA IN STREAMS OF KAS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.