SignIn
Kerala Kaumudi Online
Saturday, 27 April 2024 8.04 AM IST

പുതുവഴികളുടെ തുടക്കത്തിലേക്ക്

online-class

ജൂൺ ഒന്ന് കുട്ടികൾക്ക് സന്തോഷത്തിന്റെ ദിനമാണ്. സാധാരണനിലയിൽ സ്‌കൂൾ വർഷത്തിന്റെ ആരംഭദിനം. വേനലവധി കഴിഞ്ഞ് വീണ്ടും കൂട്ടുകാരോടൊപ്പം ചേരുന്ന ദിനം. പുതിയ കൂട്ടുകാരെ കിട്ടുന്ന ദിനം. ഇങ്ങനെ പല പുതുമകളും ഒന്നിച്ചു ചേരുന്ന ആഹ്ളാദദിനം. എന്നാൽ ലോകം മഹാമാരി പടർത്തിയ അസാധാരണ സാഹചര്യത്തിലൂടെ കടന്നുപോവുകയാണ്. നമുക്കൊന്നും പരിചിതമല്ലാത്ത സാഹചര്യം. അസാധാരണമായ സാഹചര്യത്തിൽ അസാധാരണമായ നടപടികളും വേണ്ടിവരും.
കൊവിഡിന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തിൽ ലോകം പകച്ചു നിൽക്കുമ്പോൾ നാം പുതുവഴി തേടുകയായിരുന്നു. അതിന്റെ ഭാഗമായി 2020 ജൂൺ ഒന്നിന് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിക്‌റ്റേർസ് ചാനൽ വഴി ഡിജിറ്റൽ ക്ലാസുകൾ ആരംഭിച്ചു.

കേരളത്തിലെ 45 ലക്ഷം കുട്ടികളിൽ 2.6 ലക്ഷത്തിന് ഡിജിറ്റൽ പ്രാപ്യതാ പ്രശ്നങ്ങളുണ്ടെന്ന് സമഗ്രശിക്ഷാ പഠനങ്ങൾ വഴി മനസിലാക്കി. ഈ കുട്ടികൾക്ക് ഡിജിറ്റൽ പ്രാപ്യത ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി, പിണറായി വിജയൻ അഭ്യർത്ഥിച്ചപ്പോൾ കക്ഷിരാഷ്ട്രീയ പരിഗണനകൾക്ക് അതീതമായി കേരള സമൂഹം ഉണർന്നു പ്രവർത്തിച്ച് ചുരുങ്ങിയ ദിവസങ്ങൾക്കകം മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ പ്രാപ്യത സാദ്ധ്യമാക്കി. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും കേരളത്തിലേതു പോലെ സാർവത്രികമായ ഡിജിറ്റൽ ക്ലാസുകൾ നടക്കുന്നില്ല എന്നത് നാം
കാണണം.

കഴിഞ്ഞ അഞ്ചുവർഷമായി പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വളരെ വലിയ മാറ്റങ്ങളാണ് സ്‌കൂൾ വിദ്യാഭ്യാസ രംഗത്തുണ്ടായത്. ഭൗതികസൗകര്യങ്ങൾ വലിയ തോതിൽ മെച്ചപ്പെട്ടു.

പൊതുവിദ്യാലയങ്ങളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും ആധുനിക സാങ്കേതികവിദ്യാ സൗകര്യങ്ങൾ ഉറപ്പാക്കിയും ഗുണമേന്മാ വിദ്യാഭ്യാസത്തിലേക്കുള്ള സർക്കാർ ശ്രമത്തെ വിശ്വാസത്തിലെടുക്കാൻ കേരളസമൂഹം പ്രത്യേകിച്ചും രക്ഷാകർത്തൃ സമൂഹം സജ്ജമായി. ഇതിന്റെ തെളിവാണ് കഴിഞ്ഞ നാല് അക്കാഡമിക വർഷങ്ങളിലായി 6.8 ലക്ഷം കുട്ടികൾ അധികമായി പൊതുവിദ്യാലയങ്ങളിൽ എത്തിയത്. ഇങ്ങനെ പൊതുവിദ്യാലയങ്ങളിലെത്തിയ വിദ്യാർത്ഥികൾക്ക് ഗുണമേന്മാ വിദ്യാഭ്യാസത്തിനുള്ള വൈവിദ്ധ്യ പദ്ധതികൾ ആവിഷ്‌കരിച്ചു വന്ന ഘട്ടത്തിലാണ് കൊവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടതും ഒരു വർഷത്തിലേറെയായി കുട്ടികൾ വീട്ടിൽത്തന്നെ കഴിയാൻ നിർബന്ധിതരാകുകയും ചെയ്തത്.
കൊവിഡുയർത്തിയ പ്രതിസന്ധികൾ ഏറെയുണ്ടെങ്കിലും നമ്മുടേതായ രീതിയിൽ അവയെ അതിജീവിക്കുക എന്നതാകണം നമ്മുടെ ലക്ഷ്യം. വീടുകളിലാണെങ്കിലും ജൂൺ ഒന്നിന് നമുക്ക് പ്രവേശനോത്സവം നടത്തണം. അകലങ്ങളിൽ ഇരുന്ന് മനസുകൊണ്ട് കൂട്ടംകൂടി ഈ ദിനത്തെ ആനന്ദകരമാക്കി മാറ്റാം. ഈ അക്കാഡമിക വർഷത്തെ കൊവിഡ് വഴി സംജാതമായ പരിമിതികൾക്കുള്ളിലും മികച്ച പ്രവർത്തനങ്ങളിലൂടെ അർത്ഥവത്താക്കാം. സാധാരണ ക്ലാസ് മുറിയിൽ കൂട്ടുകാരുമൊത്തിരുന്ന് അധ്യാപകരുടെ നേതൃത്വത്തിലാണ് പഠനം നടക്കുന്നത്. കൂടാതെ സ്‌കൂൾ ക്യാമ്പസ് തരുന്ന ആത്മവിശ്വാസവും മറ്റും പ്രധാനമാണ്. ഇവയ്‌ക്കെല്ലാം കൊവിഡ് കാലം പ്രതിബന്ധമാകുന്നു. അതുകൊണ്ടുതന്നെ യഥാർത്ഥ സ്‌കൂൾ പഠനത്തിന് ബദലായി ഡിജിറ്റൽ പഠനത്തെ നാം കാണുന്നില്ല. ഈ ഘട്ടത്തിൽ കുട്ടികളെ കർമ്മനിരതരാക്കാനും പഠനപാതയിൽ നിലനിറുത്താനും അവർക്ക് ആത്മവിശ്വാസം പകരാനും നമുക്ക് കഴിയണം. അദ്ധ്യാപകർക്ക് ഇക്കാര്യത്തിൽ നിർണായക പങ്കുണ്ട്. കഴിഞ്ഞ അക്കാഡമിക വർഷം ഡിജിറ്റൽ ക്ലാസുകളുടെ തുടർപ്രവർത്തനങ്ങൾ അദ്ധ്യാപകർ നല്ല നിലയിൽ നടത്തി. സാങ്കേതികവിദ്യയെ ഏറ്റവും മികച്ച നിലയിൽ പ്രയോജനപ്പെടുത്തുന്നതിന്റെ നിരവധി പുതിയ അനുഭവങ്ങളുമുണ്ട്. കഴിഞ്ഞ ഒരു വർഷത്തെ അനുഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് കൂടുതൽ മികവാർന്ന രീതിയിൽ ഡിജിറ്റൽ ക്ലാസുകൾ നടത്താൻ ഈ വർഷവും കഴിയണം.
അനുയോജ്യമാകുന്ന സാഹചര്യം ഉണ്ടാകുന്ന മുറയ്‌ക്ക് സാധാരണപോലെ സ്‌കൂളുകളിൽ ക്ലാസ് മുറികളിൽ പഠനം നടത്താം. അതുവരെ ഡിജിറ്റൽ ക്ലാസുകളെ ആശ്രയിക്കാം. കൊവിഡ് കാലത്തിനുശേഷം സ്‌കൂളുകൾ പുതുതായി ആരംഭിക്കുന്ന ഘട്ടത്തിൽ കുട്ടികൾക്ക് ആകർഷകമായ സ്‌കൂൾ
ക്യാമ്പസ് ഒരുക്കേണ്ടതുണ്ട്. കേരളത്തിലെ ഒട്ടനവധി സ്‌കൂളുകൾ കിഫ്ബി ധനസഹായത്തോടെയും പ്ലാൻ ഫണ്ട് ഉപയോഗിച്ചും ആകർഷകമാക്കിയിട്ടുണ്ട്. കെട്ടിടങ്ങൾ അറ്റകുറ്റപ്പണികൾ ചെയ്തും ചുവരുകളും മറ്റും മനോഹരമാക്കിയും കുട്ടികൾക്ക് ആകർഷകമാകും വിധമാക്കി മാറ്റണം. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് ഇതിൽ നിർണായക പങ്കുവഹിക്കാൻ കഴിയും.

കൊവിഡിന് ശേഷം മുഴുവൻ കുട്ടികളെയും നമ്മുടെ വിദ്യാലയങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരാൻ ആവശ്യമായ പ്രവർത്തന പദ്ധതി ആവിഷ്‌കരിക്കാം. കഴിഞ്ഞ ഒരുവർഷം സ്‌കൂളിൽ സ്വാഭാവിക പഠനം നടക്കാത്തതുകൊണ്ട് കുട്ടികൾക്കുണ്ടായിട്ടുള്ള പഠനനഷ്ടം പരിഹരിക്കാനുള്ള
പ്രവർത്തനവും അക്കാഡമികമായി ആലോചിക്കേണ്ടതുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SCHOOL OPENING
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.