SignIn
Kerala Kaumudi Online
Thursday, 19 September 2024 5.19 AM IST

വിജ്ഞാനവർഷത്തിന് വിജയാശംസകൾ

Increase Font Size Decrease Font Size Print Page

kids

മഹാമാരി വിതച്ച കാലുഷ്യം അകന്നതിന്റെ ആശ്വാസം നിറയുന്ന അന്തരീക്ഷത്തിൽ 43 ലക്ഷത്തോളം വിദ്യാർത്ഥികൾ ഇന്ന് വിദ്യാലയത്തിലേക്ക്. ഇതിൽ നാലുലക്ഷത്തോളം കുട്ടികൾ ഒന്നാം ക്ലാസിലേക്കെന്നാണ് പ്രാഥമിക കണക്കുകൾ. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കഴക്കൂട്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിക്കുന്നു.

ഭരണമികവിന്റെ ആറുവർഷം പൂർത്തിയാക്കി ഏഴാംവർഷത്തിലേക്ക് കടന്ന എൽ.ഡി.എഫ്. സർക്കാരിന്റെ ഭരണനേട്ടങ്ങളിൽ പ്രധാനം വിദ്യാഭ്യാസമേഖലയ്ക്കുണ്ടായ പുത്തനുണർവാണ്.
ലോകക്രമത്തിനൊപ്പം നാം മാറേണ്ടിയിരിക്കുന്നു. ആ മാറ്റത്തിന് ചുക്കാൻ പിടിക്കേണ്ടത് വിദ്യാഭ്യാസമേഖലയാണെന്ന തിരിച്ചറിവ് ഈ ജനകീയ സർക്കാരിനുണ്ട്. എൽ.ഡി.എഫ്. സർക്കാർ വിദ്യാഭ്യാസമേഖലയ്ക്ക് നൽകുന്ന പ്രാധാന്യം എത്രത്തോളമാണെന്നതിന്റെ തെളിവ് പൊതുവിദ്യാലയങ്ങളുടെ നവീകരണം തന്നെയാണ്. ചോർന്നൊലിക്കുന്ന ഓലപ്പുരയും ഓടുമേഞ്ഞ പഴഞ്ചൻ കെട്ടിടങ്ങളും സർക്കാർ വിദ്യാലയങ്ങളുടെ മുഖമുദ്ര‌യായിരുന്നു ഒരുകാലത്ത്. ഇന്നത് പഴങ്കഥയായി
മാറിയിരിക്കുന്നു. ആധുനിക സജ്ജീകരണങ്ങളും സാങ്കേതികവിദ്യകളും മികച്ച കളിസ്ഥലങ്ങളുമൊക്കെയുള്ള ഹൈടെക് ഇടങ്ങളായി മാറി ഇന്ന് നമ്മുടെ സർക്കാർ വിദ്യാലയങ്ങൾ. വിദ്യാഭ്യാസ മേഖലയിൽ പുത്തൻ പരീക്ഷണത്തിന്റെ, പുരോഗമനത്തിന്റെ, വിപ്ലവാശയങ്ങളുടെ കാറ്റ് ആഞ്ഞുവീശിക്കൊണ്ടിരിക്കുന്നു. ഗാംഭീര്യവും പ്രൗഢിയും വീണ്ടെടുക്കാൻ പൊതുവിദ്യാലയങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. സ്‌കൂൾ വിദ്യാഭ്യാസരംഗത്ത് മാത്രമല്ല സർവകലാശാല വിദ്യാഭ്യാസം ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസരംഗത്തും ആഗോള വിദ്യാഭ്യാസ നിലവാരത്തിന് സമാനമായ നൂതന പരിഷ്‌കാരങ്ങളും പരീക്ഷണങ്ങളും സർക്കാർ നടത്തിവരികയാണ്. പള്ളിപ്പുറത്ത് ആരംഭിച്ചിരിക്കുന്ന ഡിജിറ്റിൽ യൂണിവേഴ്സിറ്റി ഇതിന് ഉത്തമ ഉദാഹരണമാണ്.
വിദ്യാഭ്യാസ മേഖലയിലുള്ള ഇത്തരം ചുവടുവയ്പുകൾ ഒരു ജനതയെ സാംസ‌്കാരികമായും സാമൂഹികമായും ഉയർത്തും. അതിലൂടെ ആ നാട് സമുന്നത പദവിയിലേക്കെത്തും. ആ പ്രയാണത്തിന് ആക്കം കൂട്ടുന്ന ഘടകം എല്ലാവർക്കും ഉത്തമവിദ്യാഭ്യാസം ഉറപ്പാക്കൽ എന്നതുതന്നെയാണ്.
എല്ലാവർക്കും വിദ്യാഭ്യാസമെന്ന ആശയം പ്രാവർത്തികമാക്കി, വെന്നിക്കൊടി പാറിച്ച് നിൽക്കുന്ന ഈ വേളയിൽ പൊതുവിദ്യാലയത്തിലെ പ്രവേശനോത്സവം ഏറെ ശ്രദ്ധയാകർഷിക്കുന്നു.

വിദ്യാലയം നാടിന്റെ സമ്പത്താണ്, ഒരു ജനതയുടെ സ്വത്താണ്. വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ അദ്ധ്യാപക രക്ഷകർതൃസംഘടനകൾക്ക് പുറമേ നാട്ടിലെ പൊതുജനങ്ങളുടെ കൂട്ടായ്മയായ സ്‌കൂൾ സപ്പോർട്ടിങ് ഗ്രൂപ്പും പ്രവർത്തിക്കുന്നു എന്നതും വിദ്യാലയങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്നു. വിദ്യാഭ്യാസമേഖലയെ, ദേശീയ വിദ്യാഭ്യാസനയത്തിലെ പൊരുൾ
സ്വാംശീകരിച്ച്, നവീകരിച്ച് ഒരു നാടിന്റെ ഹൃദയസ്പന്ദനമാക്കി മാറ്റുകയെന്ന പ്രക്രിയയാണ് ഇടതുസർക്കാരിന്റെ ലക്ഷ്യം. നാടിന്റെ നന്മയ്ക്കുതകുന്ന പുരോഗമനാശയങ്ങൾ ആവിഷ്‌കരിക്കുന്ന
സർക്കാർ ഏതുമായിക്കൊള്ളട്ടെ, അവർ മുന്നോട്ടുവയ്‌ക്കുന്ന ആശയം ഉൾക്കൊള്ളാനുള്ള ആർജവം സമൂഹത്തിനുണ്ടാവണം.
വിദ്യാഭ്യാസമെന്ന ശക്തമായ ആയുധം ഹൃദയത്തിലേറ്റാൻ, ജീവിതപോരാട്ടത്തിൽ വിജയിക്കാൻ, ആത്മവിശ്വാസത്തോടെ
തലയുയർത്തി നടക്കാൻ, പിറന്നനാടിനെ മുന്നോട്ടു നയിക്കാൻ, പുതുതലമുറയ്ക്കാകട്ടെ... അതിനു ചുക്കാൻപിടിക്കുന്ന മുഖ്യമന്ത്രിയ്‌ക്കും വിദ്യാഭ്യാസമന്ത്രി ശ്രീ. ശിവൻകുട്ടിയ്‌ക്കും, അറിവിന്റെ വാതായനങ്ങളിലൂടെ ഉത്സാഹത്തോടെ പ്രവേശിക്കുന്ന എല്ലാ കുരുന്നുകൾക്കും ആശംസകൾ. ഒപ്പം സർക്കാർ
ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന സംസ്ഥാനതല പ്രവേശനോത്സവ ഉദ്ഘാടനത്തിന്, ഇതേ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥി എന്ന നിലയിൽ എല്ലാ ഭാവുകങ്ങളും നേരുന്നു.


ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്‌കൂൾസ് ചെയർമാനാണ് ലേഖകൻ
ഫോൺ : 94460 65751

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SCHOOL OPENING
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.