SignIn
Kerala Kaumudi Online
Wednesday, 25 September 2024 4.07 PM IST

സെക്രട്ടേറിയറ്റിൽ കോൺഗ്രസ് വാൾപ്പയറ്റ്

Increase Font Size Decrease Font Size Print Page

secretariat-

അധികാരമില്ല. അതുകൊണ്ട് അധികാരത്തിന്റെ സൗകര്യങ്ങളും കിട്ടാനില്ല. പക്ഷേ എന്നിട്ടും അടിപിടികൾക്ക് ശമനമില്ല. സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല സർവീസ് സംഘടനകൾക്കാണ് ഈ ദുർഗതി. ഗവ. സെക്രട്ടേറിയറ്റ് അസോസിയേഷനുണ്ട്. അത് സെക്രട്ടേറിയറ്റിലെ ഭരണവകുപ്പുകളിലെയെല്ലാം കോൺഗ്രസ് അനുഭാവികളായ ജീവനക്കാർക്കുള്ള പൊതുസംഘടനയാണ്. ലോ സെക്രട്ടേറിയറ്റ് അസോസിയേഷനാണ് രണ്ടാമത്തേത്. അത് നിയമവകുപ്പിലെ ജീവനക്കാർക്ക് മാത്രമുള്ളത്. ഫിനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷനുണ്ട്. അത് ധനകാര്യവകുപ്പിന് വേണ്ടി. ലോ സെക്രട്ടേറിയറ്റ് അസോസിയേഷന്റെ അവസ്ഥ വിചിത്രമാണ്. അതിൽ 2017ലാണ് അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. വർഷാവർഷം തിരഞ്ഞെടുപ്പ് നടത്തി ഭാരവാഹികളെ തിരഞ്ഞെടുക്കേണ്ടതാണ്. അതിന് നേതൃത്വം നൽകുന്ന ഒരു വിഭാഗം എല്ലാ അധികാരങ്ങളും കൈയടക്കിവച്ചിരിക്കുന്നതിനാൽ നടക്കുന്നില്ലെന്നാണ് മറുവിഭാഗത്തിന്റെ പരാതി. സംഘടനയുടെ തലപ്പത്തിരുന്നാൽ ഒരു സൗകര്യമുണ്ട്. ഭാരവാഹികളായിരിക്കുന്നവർക്ക് സെക്രട്ടേറിയറ്റിനകത്ത് തന്നെ ഇരിക്കാം. ഏത് സർക്കാർ വന്നാലും. ഇടതുസർക്കാർ ഭരിക്കുമ്പോൾ യു.ഡി.എഫ് സംഘടനക്കാരെ തലങ്ങും വിലങ്ങും മാറ്റും. പല ജില്ലകളിലേക്കും ഡെപ്യൂട്ടേഷൻ സ്ഥലംമാറ്റൽ. സെക്രട്ടേറിയറ്റിന് പുറത്തേക്ക് ഓടിക്കൽ. നേതാക്കൾക്ക് പക്ഷേ ഇളവാണ്. അതുകൊണ്ട് നേതാവായിരിക്കാൻ കിട്ടുന്ന അവസരം ആരാണ് ഒഴിവാക്കുക? ലോ സെക്രട്ടേറിയറ്റ് അസോസിയേഷനിലെ സ്ഥിതി ഇതാണെങ്കിൽ സെക്രട്ടേറിയറ്റ് അസോസിയേഷൻ എന്ന പ്രധാന സംഘടനയ്ക്കകത്ത് ഇപ്പോൾ നടക്കുന്നത് അടിയോടടിയാണ്. കുറേക്കാലമായി ഈ സംഘടനയുടെ തലപ്പത്ത് പ്രസിഡന്റ്, ജനറൽസെക്രട്ടറി പദവികൾ എ, ഐ ഗ്രൂപ്പുകൾ വീതം വച്ചെടുപ്പായിരുന്നു. സംഘടനയ്ക്കകത്തെ നേതൃതലത്തിലെ ഒരു അഡ്ജസ്റ്റ്മെന്റ്. ഇതിനോട് നീരസമുള്ളവർ ഇരുഗ്രൂപ്പുകളിലും ഇഷ്ടംപോലെയുണ്ടായിരുന്നു. ഇത്തവണ എന്തുപറ്റിയെന്ന് ചോദിച്ചാൽ, ഈ നീരസക്കാർക്ക് അടിക്കുള്ള മികച്ച ഒരവസരം വന്നുപെട്ടു. മറ്റൊന്ന് ഫിനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷനാണ്. അതിപ്പോൾ ഏതാണ്ട് ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന മട്ടിലാണെന്ന് ആ വകുപ്പിലെ ചില കോൺഗ്രസ് വിശ്വാസികളായ ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു.

സമ്മേളനവും അനുബന്ധ

കലാപ്രകടനങ്ങളും

ജൂലായ് ഏഴിനായിരുന്നു ഇത്തവണ സെക്രട്ടേറിയറ്റ് അസോസിയേഷന്റെ വാർഷിക സമ്മേളനം. എല്ലാ വർഷവും സമ്മേളനം നടന്ന് ഒരു മാസം തികയ്ക്കുന്നതിനിടയിൽ എന്തെങ്കിലുമൊക്കെ നീക്കുപോക്കുകളുണ്ടാക്കി ഇരുവിഭാഗക്കാരും ഭാരവാഹികളെ തട്ടിക്കൂട്ടും. ഇത്തവണയും അങ്ങനെയാണ് പ്രതീക്ഷിച്ചത്. ജൂലായ് 31ന് തിരഞ്ഞെടുപ്പ് എന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങിയതെങ്കിലും പ്രതീക്ഷിച്ചത് പോലെയൊരു വഴിത്തിരിവ് സംഭവിച്ചില്ല. ഐ ക്കാർ അഗ്രസ്സീവായി. അതിന് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. നേരത്തേ അവരുടെ മുഖമാസികയിൽ ജീവനക്കാരുടെ 2002ലെ ഐതിഹാസിക പണിമുടക്കുമായി ബന്ധപ്പെട്ട് ഐക്കാരനായ എം.എസ്. ഇർഷാദ് എഴുതിയ ലേഖനത്തിൽ മുൻ മുഖ്യമന്ത്രി എ.കെ. ആന്റണിക്കെതിരെ പരോക്ഷവിമർശനമുണ്ടായെന്ന ആക്ഷേപം സംഘടനയ്ക്കകത്തുണ്ടാക്കിയ ബഹളം ചെറുതായിരുന്നില്ല. ഇർഷാദ് ആൾ ചില്ലറക്കാരനല്ല. നേരത്തേ എ ഗ്രൂപ്പിന്റെ പ്രധാനിയായി വിലസിയിരുന്നയാളാണ്. അടുത്തിടെയാണ് തെറ്റിപ്പിരിഞ്ഞ് ഐയിലേക്കെത്തിയത്. ഇർഷാദും കൂട്ടരും കരുക്കൾ നീക്കിയപ്പോൾ മാഗസിൻ വിവാദത്തിലെ പകയടക്കം നുരഞ്ഞുപൊന്തി. എല്ലാം ചേർത്തുള്ള അടിയാണ് അവർ അടിച്ചത്. എ വിഭാഗം പ്രസിഡന്റ് പദവിയും ഐ വിഭാഗം ജനറൽസെക്രട്ടറി പദവിയുമെന്ന കാലാകാലങ്ങളിലെ കീഴ്വഴക്കം മാറ്റണമെന്ന ആവശ്യം ഐക്കാർ ഇത്തവണ ഉയർത്തി. അതിനോട് എ വിഭാഗം മുഖം തിരിച്ചു. സംഘടനാ തിരഞ്ഞെടുപ്പ് സമയത്തിന് നടത്തുന്നതിന് പകരം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടുത്തിടെ സെക്രട്ടേറിയറ്റിലെ രണ്ടാം അനക്സിൽ ഒരു ഔദ്യോഗികപരിപാടിക്ക് വന്നപ്പോൾ എ വിഭാഗം അതിനെ സ്വന്തം കരുത്ത് കാട്ടാനുള്ള വഴിയാക്കി മാറ്റി. ഉമ്മൻചാണ്ടിക്ക് സ്വീകരണമെന്ന നിലയിലേക്ക് കാര്യങ്ങളെ കൊണ്ടുപോയി. ഇത് ഐക്കാരെ വീണ്ടും പ്രകോപിപ്പിച്ചു. അവർക്ക് സകല നിയന്ത്രണവും വിട്ടു. അവർ കഴിഞ്ഞ ദിവസം രണ്ടും കല്പിച്ച് സ്വന്തം നിലയ്ക്ക് ഭാരവാഹികളെ പ്രഖ്യാപിച്ചു. എ വിഭാഗക്കാരെയാകെ ഇരുട്ടിൽ നിറുത്തി. ഇർഷാദ് തന്നെ പ്രസിഡന്റ്. ഐക്കാരനായ നിലവിലെ ജനറൽസെക്രട്ടറി കെ. ബിനോദ് ജനറൽസെക്രട്ടറിയും. എല്ലാ ഭാരവാഹികളും ഐ വിഭാഗക്കാർ. എ വിഭാഗം ഇതോടെ ഇളകി. അവർ ഉടനെ സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. റിട്ടേണിംഗ് ഓഫീസറായി എക്കാരനായ പി.സി. സാബുവിനെ നിശ്ചയിച്ചു. ഐക്കാരുടെ കണക്കിൽ അവരുടെ ആളായ ആനാട് രാമചന്ദ്രൻ നായരാണ് റിട്ടേണിംഗ് ഓഫീസർ. നേരത്തേ റിട്ടേണിംഗ് ഓഫീസറെ നിശ്ചയിക്കാനാവാതെ പോയതും ഇരുചേരികളും തർക്കം കൂട്ടിയതുകൊണ്ടായിരുന്നു എന്നതാണ് രസകരം. അതുകൊണ്ട് കൃത്യസമയത്ത് റിട്ടേണിംഗ് ഓഫീസറുണ്ടായില്ല. തക്കം മുതലെടുത്താണ് രാമചന്ദ്രൻ നായരെ റിട്ടേണിംഗ് ഓഫീസറാക്കി വച്ചുകൊണ്ട് തിരഞ്ഞെടുപ്പ് സ്വന്തം നിലയിൽ നടത്തി ഐക്കാർ ഭാരവാഹികളെ പ്രഖ്യാപിച്ചത്. അന്ന് രാത്രിയോടെ അവർ സംഘടനയുടെ കന്റോൺമെന്റ് പൊലീസ് സ്റ്റേഷന് സമീപമുള്ള ഓഫീസ് കൈയേറി. എക്കാരുടെ കൈയിലാണ് ഓഫീസിന്റെ താക്കോൽ. പൂട്ട് പൊളിച്ചാണ് ഐക്കാർ അകത്ത് കടന്നത്. പ്രസിഡന്റിനാണ് സംഘടനയുടെ പൂർണാധികാരമെന്ന് എ ക്കാരും അതല്ല ബൈലോപ്രകാരം ജനറൽസെക്രട്ടറിക്കാണെന്ന് ഐക്കാരും പറയുന്നു. കെ.പി.സി.സിയിൽ പ്രസിഡന്റാണല്ലോ ഒന്നാമൻ. ആ കണക്ക് വച്ച് എക്കാരുടെ വാദം ശരിയാകാം. സംഘടനാ ബൈലോപ്രകാരം സ്ഥാവരജംഗമങ്ങളുടെ സൂക്ഷിപ്പുകാരൻ ജനറൽസെക്രട്ടറിയാണ്. അതാണ് ഐക്കാരുടെ പിടിവള്ളി. മിനുട്സ് ബുക്കൊക്കെ അവരുടെ കൈവശം. അതവർ കൃത്യമായി ഉപയോഗിച്ച് ഇപ്പോൾ അധികാരം കൈക്കലാക്കിയിരിക്കുകയാണ്.

ഈ മാസം 11ന് സംഘടനാ തിരഞ്ഞെടുപ്പ് നടത്താനായി എവിഭാഗം നടപടികൾ ആരംഭിച്ചെങ്കിലും തങ്ങളാണ് യഥാർത്ഥ സംഘടനയെന്ന അവകാശവാദവുമായി ഉറച്ചുനീങ്ങുകയാണ് ഐക്കാർ. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത വിവരം കീഴ്‌വഴക്കമനുസരിച്ച് ചീഫ് സെക്രട്ടറിയെ പോലും അവർ ധരിപ്പിച്ചുകഴിഞ്ഞിരിക്കുന്നു. കെ.പി.സി.സി പ്രസിഡന്റ് ഞായറാഴ്ച ഇന്ദിരാഭവനിൽ ഇരുകൂട്ടരെയും സമവായ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഐ ക്കാർ വിട്ടുതരില്ലെന്ന ഉറച്ച നിലപാടിലാണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ്. ഭരണത്തിലില്ലാത്തപ്പോഴാണ് കോൺഗ്രസിന്റെ സർവീസ് സംഘടനയ്ക്ക് ഈ ഗതികേട്. ഇനിയത്തെ കാര്യം ആരെന്നും എന്തെന്നും ആർക്കറിയാം ?

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SECRETARIAT EMPLOYEES UNINON CONGRESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.