SignIn
Kerala Kaumudi Online
Thursday, 02 May 2024 11.47 AM IST

ആ 'പാഠങ്ങൾ' അടയ്‌ക്കരുത്

photo

പാഠ്യപദ്ധതിയിൽ ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് വിദ്യാഭ്യാസ,ആരോഗ്യ വിദഗ്ദധരും മന:ശാസ്ത്രജ്ഞരും ഓർമ്മപ്പെടുത്തുകയും പലതരത്തിലുള്ള ചർച്ചകൾ നടത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ അത് എത്രമാത്രം ഫലപ്രദമായി നടപ്പാക്കുന്നുവെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. കൗമാരക്കാരായ കുട്ടികൾ അപകടങ്ങളിലും ചതിക്കുഴികളിലും പെടുന്നത് നിത്യസംഭവമായിരിക്കെ അതിനെ പ്രതിരോധിക്കാൻ
ലൈംഗികവിദ്യാഭ്യാസം അനിവാര്യമാണെന്നതിൽ തർക്കമില്ല. വിദ്യാർത്ഥികൾ അനുഭവിക്കുന്ന പല പ്രശ്‌നങ്ങളും നേരിട്ട് അറിയാവുന്ന അദ്ധ്യാപികയെന്ന നിലയിലും കൗമാരക്കാരായ വിദ്യാർത്ഥികളുടെ ആരോഗ്യത്തെക്കുറിച്ച് ഗവേഷണം നടത്തിയതിന്റെ ഫലമായും ഇക്കാര്യം ഉറപ്പിച്ച് പറയാൻ സാധിക്കും. പാഠ്യപദ്ധതിയിൽ ഒഴിച്ചു കൂടാൻ പാടില്ലാത്ത വിഷയമാണിതെന്ന തിരിച്ചറിവ് വിദ്യാഭ്യാസരംഗം കൈകാര്യം ചെയ്യുന്നവർക്കാണ് ആദ്യം ഉണ്ടാകേണ്ടത്.
ലൈംഗിക വിദ്യാഭ്യാസം അഞ്ചാംക്ലാസ് മുതൽ തുടങ്ങേണ്ടതുണ്ട്. കാരണം കുഞ്ഞുങ്ങൾ പ്രായപൂർത്തിയാകുന്നത് ഇന്നത്തെ കാലഘട്ടത്തിൽ ഒൻപത് വയസുമുതലാണ്. ജീവിതശൈലി, ഫാസ്റ്റ്ഫുഡ് , ബ്രോയിലർചിക്കന്റെ അമിത ഉപയോഗം തുടങ്ങിയവയാണ് ഇതിനുള്ള കാരണങ്ങൾ. ഇങ്ങനെ സെക്‌സ് ഹോർമോണുകൾ വളരെ നേരത്തെ തന്നെ രൂപപ്പെടുന്നതിനാൽ ബുദ്ധിയും തിരിച്ചറിവും നന്നായി വികസിക്കാത്ത സമയത്തുതന്നെ കുട്ടികളിൽ കൗമാരകാലത്തെ സ്വഭാവവിശേഷതകൾ (സെക്കൻഡറി സെക്‌ഷ്വൽ കാരക്ടറ്റേഴ്‌സ്) രൂപം കൊള്ളുന്നു.
ഇന്നത്തെ കുഞ്ഞുങ്ങൾക്ക് സ്വന്തം ശരീരത്തെക്കുറിച്ചുള്ള യഥാർത്ഥ അറിവ് ഇല്ല. അതിനുള്ള പ്രധാന കാരണങ്ങൾ കൂട്ടുകുടുംബത്തിൽ നിന്നും അണുകുടുംബത്തിലേക്കുള്ള മാറ്റവും സമയക്കുറവുകൊണ്ടും നാണക്കേടുകൊണ്ടും മാതാപിതാക്കൾ ഈവക അറിവുകൾ സ്വന്തം മക്കളോട് പങ്കുവയ്ക്കാത്തതുമാണ്. സയൻസ് പഠിപ്പിച്ചു തുടങ്ങുമ്പോൾ ഭൂമിയിലുള്ള മറ്റു ജീവജാലങ്ങളുടെ ശരീരഭാഗങ്ങൾ പറഞ്ഞു മനസിലാക്കി കൊടുക്കാൻ അദ്ധ്യാപകർ കാണിക്കുന്ന വ്യഗ്രത സ്ത്രീയുടെയും പുരുഷന്റെയും ശരീരഭാഗങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നതിൽ കാട്ടാറില്ലെന്നതാണ് സത്യം.
മൊബൈൽ ഫോൺ പോലുള്ള വിവിധ സംവിധാനങ്ങൾ വിദ്യാർത്ഥികളുടെ കൈയിലുള്ള ഈ കാലത്ത് പല കാഴ്ചകളും വിദ്യാർത്ഥികൾ കാണുകയും നല്ലൊരു ശതമാനം വിദ്യാർത്ഥികളും ബയോളജിക്കൽ അല്ലാത്ത ലൈംഗിക ചേഷ്ടകൾ പലതും ശരിയാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്യുന്നു. അതുമൂലം ഉണ്ടാകുന്ന ദോഷങ്ങൾ വളരെ വലുതാണ്. സ്വന്തം ശരീരഭാഗങ്ങളെക്കുറിച്ചു വളരെ കൃത്യമായ അറിവ് വിദ്യാർത്ഥികൾക്ക് ലഭിച്ചിരിക്കണം. ഭൂരിഭാഗം പെൺകുട്ടികളിലും ആർത്തവചക്രം ഒൻപതാം വയസിൽ ആരംഭിക്കുന്നതു കാരണം ആർത്തവത്തിന്റെ ബോധവത്ക്കരണവും അഞ്ചാം ക്ലാസിൽത്തന്നെ കൊടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. യഥാർത്ഥ ലൈംഗിക വിദ്യാഭ്യാസം കുട്ടികൾക്ക് ലഭിച്ചെങ്കിൽ മാത്രമേ തന്റെ ചുറ്റുപാടുമുള്ള ചീത്തക്കണ്ണുള്ളവരെ തിരിച്ചറിയാനും ആപത്തുകളിൽ നിന്ന് രക്ഷനേടാനും സാധിക്കുകയുള്ളൂ.


ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ

ആഴ്ചയിൽ ഒരു ദിവസമോ മാസത്തിൽ ഒരു ദിവസമോ കൊടുക്കുന്ന ഓറിയന്റേഷൻ ക്ലാസുകൊണ്ട് വേണ്ടത്ര പ്രയോജനമില്ല. ക്ലാസ് കഴിഞ്ഞ് ക്ലാസ്‌റൂമിൽ തിരിച്ചെത്തുന്ന 60 വിദ്യാർത്ഥികളോട് അവർ മനസിലാക്കിയ കാര്യമെന്താണെന്നും അതിന്റെ പ്രാധാന്യം എന്തെന്നും ചോദിച്ചാൽ ശരിയായ മറുപടി അഞ്ചോ പത്തോ പേരിൽ നിന്നു മാത്രമാണ് കിട്ടുന്നത്. മറ്റുള്ളവരാരും അത് ശ്രദ്ധിക്കുന്നില്ലെന്ന് അർത്ഥം. അതിനാൽ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുകയും മറ്റുള്ള വിഷയങ്ങളെപ്പോലെ അദ്ധ്യാപകർ ഈ വിഷയം കൈകാര്യം ചെയ്യുകയും വേണം.
നിലവിലെ സിലബസ് അനുസരിച്ച് പന്ത്രണ്ടാം ക്ലാസിലെ ബയോളജി സയൻസ് വിദ്യാർത്ഥിക്കാണ് ഹ്യൂമൺ റീപ്രോഡക്ഷൻ, റീപ്രൊഡക്ടീവ് ഹെൽത്ത് എന്ന രണ്ടധ്യായം വരുന്നത്. പന്ത്രണ്ടാം ക്ലാസിൽ ബയോളജി വിദ്യാർത്ഥികൾക്ക് കൊടുക്കുന്ന ലൈംഗിക പ്രത്യുത്പ്പാദന അറിവ് കതിരിൻമേൽ വളംവെയ്ക്കുന്നതിനു സമമാണ്.

അദ്ധ്യാപനമേഖലയുമായി ബന്ധപ്പെട്ടവർക്ക് ഈ പ്രപഞ്ചത്തിലെ മനുഷ്യനൊഴികെയുള്ള എല്ലാ ജീവജാലങ്ങളുടെയും ലൈംഗിക പ്രത്യുൽപ്പാദന സവിശേഷതകൾ വിദ്യാർത്ഥികൾക്ക് പറഞ്ഞു കൊടുക്കാനും പഠിപ്പിക്കാനും യാതൊരു മടിയുമില്ല. എന്നാൽ അതിനെക്കാളൊക്കെ അത്യാവശ്യമായി വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ടത് അവനവന്റെ ശരീരത്തെക്കുറിച്ചാണെന്ന് അറിയാമായിരുന്നിട്ടും മന:പൂർവം കണ്ണടക്കുകയാണ്. മാതാപിതാക്കൾ യാഥാർത്ഥ്യം മറച്ചുവച്ച് വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞുകൊടുക്കാറാണ് പതിവ്.
പെൺകുട്ടികൾക്ക് മാത്രം ഇടയ്ക്കിടയ്ക്ക് ഓറിയന്റേഷൻ കൊടുത്താൽ ലൈംഗിക പ്രത്യുത്പാദന വിദ്യാഭ്യാസം പൂർണതയിൽ എത്തില്ല. കാരണം ഈ വിഷയത്തിൽ പെൺകുട്ടികളേക്കാൾ തെറ്റായ അറിവുള്ളത് ആൺകുട്ടികൾക്കാണ്. പെൺകുട്ടികൾക്ക് കൊടുക്കുന്ന ബോധവത്ക്കരണം അതേ അളവിൽത്തന്നെ ആൺകുട്ടികൾക്കും കൊടുത്താൽ മാത്രമേ പെൺകുഞ്ഞുങ്ങൾ സുരക്ഷിതരാകൂ.


(തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്‌ക്കൂളിലെ ഹയർസെക്കൻഡറി സുവോളജി വിഭാഗം അദ്ധ്യാപികയാണ് ലേഖിക.)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SEX EDUCATION FOR SCHOOL STUDENTS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.