SignIn
Kerala Kaumudi Online
Friday, 26 April 2024 5.36 PM IST

മണ്ണിന് കാവലും കവചവും ആവുക

soil

ലോക മണ്ണ് ദിനം ഇന്ന്

.............................

''മണ്ണറിഞ്ഞ് വിത്തിട്ടാൽ കിണ്ണം നിറയെ ചോറുണ്ണാം" എന്നാണല്ലോ പഴമൊഴി. വിത്തിനേക്കാൾ പ്രാധാന്യം മണ്ണിനാണെന്ന് നമ്മുടെ പഴമക്കാർ മനസിലാക്കിയിരുന്നുവെന്ന് സാരം. ഭൂമിയെക്കുറിച്ചും മണ്ണിന്റെ സ്വഭാവസവിശേഷതകളെക്കുറിച്ചുമുള്ള അറിവ് കൃഷിക്ക് മാത്രമല്ല എല്ലാ വികസന പ്രവർത്തനങ്ങൾക്കും അനിവാര്യമാണ്. ആവാസവ്യവസ്ഥകളുടെ മാത്രമല്ല, മാനവ സംസ്‌കാരങ്ങളുടെയെല്ലാം ആധാരശില മണ്ണാണ്. ഓരോ ദേശത്തെയും തനത് ജനവിഭാഗത്തിന്റെ ജീവിതരീതികളും സംസ്‌‌‌കാരവുമെല്ലാം മണ്ണുമായി ബന്ധപ്പെട്ടിരിക്കുന്നു.

സൂക്ഷ്മജീവികളുടെയും സസ്യങ്ങളുടെയും മനുഷ്യനുൾപ്പെടെയുള്ള ജന്തുജാലങ്ങളുടെയും വാസസ്ഥലമാണ് മണ്ണ്. ഇവയുടെയെല്ലാം വളർച്ചയും വികാസവും മണ്ണിനെ ആശ്രയിച്ചാണ്. പ്രകൃതിയിലെ ഏറ്റവും വലിയ ജലസംഭരണി എന്നതുപോലെ കാർബണിന്റെ ഏറ്റവും വലിയ സംഭരണിയുമാണ് മണ്ണ്. ആഗോളതാപനം തടഞ്ഞ്, കാലാവസ്ഥാവ്യതിയാനത്തെ നിയന്ത്രിച്ച്, തദ്‌ഫലമായുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളെ ഒഴിവാക്കി ഭൂമിയെ ഒരു സുരക്ഷിത ഇടമാക്കി നിലനിറുത്തുന്നതിൽ മണ്ണിന്റെ സംഭാവന വളരെ വലുതാണ്. മണ്ണിന്റെ സ്വാഭാവികത നിലനിറുത്താനും, ആരോഗ്യം മെച്ചപ്പെടുത്താനും ഉൗന്നൽ നല്‌കി വേണം വികസന പദ്ധതികൾ രൂപീകരിക്കാൻ.

ജനസംഖ്യാ വർദ്ധനവും മനുഷ്യന്റെ വികസന മോഹങ്ങളും കൂടിച്ചേർന്നപ്പോൾ വൻതോതിലുള്ള വനനശീകരണത്തിന് കാരണമായി. ഇത് രൂക്ഷമായ മണ്ണൊലിപ്പിനും ഭൂജല ലഭ്യതക്കുറവിനും ഇടയാക്കുന്നു. മണ്ണിൽ സസ്യാവരണം സ്ഥിരമായി നിലനിറുത്തി, അതിന്റെ ജൈവാംശം വർദ്ധിപ്പിക്കുന്നതിലൂടെ 'കാർബൺ സിങ്ക് ' എന്നുള്ള നിലയിലെ മണ്ണിന്റെ പ്രവർത്തനത്തെ ശക്തിപ്പെടുത്താൻ കഴിയും.

കൃഷിയിൽ മാത്രമല്ല, എൻജിനിയറിംഗ്, ഹൈഡ്രോളജി, ജിയോളജി, ബയോടെക്നോളജി, മാലിന്യ പുഃനചംക്രമണം, ആഗോള കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കൽ,​ ദുരന്തനിവാരണം, ഭക്ഷ്യസുരക്ഷയും മറ്റ് ജല ഗുണനിലവാരങ്ങളും ഉറപ്പാക്കൽ, ജൈവവൈവിദ്ധ്യ സംരക്ഷണം തുടങ്ങിയ നാനാ മേഖലകളിൽ, മണ്ണിനെക്കുറിച്ചുള്ള അറിവുകൾ ഉപയോഗപ്പെടുത്താം.

സർക്കാരുകളുടെയും സംഘടനകളുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന വിവിധ മണ്ണ്, ജലസംരക്ഷണ പ്രവർത്തനങ്ങൾ മണ്ണിനെ മെച്ചപ്പെടുത്തുകയും ഫലപ്രദമായ വിനിയോഗത്തിന് വഴിയൊരുക്കുകയും ചെയ്യും. പട്ടിണിയും പോഷകാഹാരക്കുറവും ഉന്മൂലനം ചെയ്ത്, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തണമെങ്കിൽ മണ്ണ് പരിപാലനരംഗത്ത് വിവിധ പഠന മേഖലകളുടെയും വകുപ്പുകളുടെയും യോജിച്ചുള്ള പ്രവർത്തനങ്ങൾ ആവശ്യമാണ്.

''മണ്ണിന്റെ ലവണീകരണം തടയൂ, മണ്ണിന്റെ ഉത്‌പാദനക്ഷമത വർദ്ധിപ്പിക്കൂ" (Halt Soil Salinization, Boost Soil Productivity) എന്നതാണ് ഈ വർഷത്തെ ലോക മണ്ണ് ദിനത്തിന്റെ പ്രമേയം. 'ഓരോ ജീവനും പ്രധാനമാണ് എന്നത് പോലെ തന്നെ ''ഓരോ തരിമണ്ണും അമൂല്യമാണ്" എന്നതാകട്ടെ ഈ വർഷത്തെ ലോക മണ്ണ് ദിനത്തിന്റെ ഓർമ്മപ്പെടുത്തൽ.

ലേഖകൻ സംസ്ഥാന മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടറാണ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SOIL CONSERVATION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.