SignIn
Kerala Kaumudi Online
Friday, 26 April 2024 1.11 PM IST

നിത്യതയിൽ അലി​ഞ്ഞ പ്രകാശം

swami-prakasananda

(യോഗനാദം 2021 ജൂലായ് 15 ലക്കം എഡി​റ്റോറി​യൽ)

ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് മുൻ പ്രസിഡന്റ് ബ്രഹ്മശ്രീ പ്രകാശാനന്ദ സ്വാമികൾ പുതിയ കാലത്തെ ആത്മീയാചാര്യന്മാരിൽ വേറിട്ടുനിന്ന പുണ്യാത്മാവാണ്. ശ്രീനാരായണ ഗുരുദേവൻ പകർന്ന വെളിച്ചവുമായി​ ഗുരു തെളി​ച്ച പാതയിലൂടെ പുൽക്കൊടിയെപ്പോലും നോവിക്കാത്ത പാദസ്പർശവുമായി ഇളംതെന്നലായി​, സൗമ്യസുരഭിലമായി ലോകത്തെ തഴുകി കടന്നുപോയ വിശുദ്ധ ജന്മം.

76 വർഷം നീണ്ട സന്യാസ ജീവിതം അക്ഷരാർത്ഥത്തിൽ ശ്രീനാരായണ ഗുരുദേവ പാദങ്ങളി​ൽ ദക്ഷിണ അർപ്പിക്കപ്പെട്ടതാണ്. ഗുരുദേവനെയും ഗുരുവിന്റെ സന്ദേശങ്ങളെയും ലോകത്തെ അറിയിക്കാനും പ്രാവർത്തികമാക്കാനും സ്വാമികൾ നൽകിയ സംഭാവനകൾ അവിസ്മരണീയമാണ്. ഗുരുദർശനത്തിന്റെയും ശിവഗിരിയുടെയും ഖ്യാതി ആഗോളതലത്തിലെത്തിക്കാൻ സ്വാമി എന്നും മുന്നിൽ നിന്നു. അതി​ന് വേണ്ട കർമ്മപരി​പാടി​കൾ ആവി​ഷ്കരി​ച്ചു. വേറിട്ട സന്യാസരീതികളായിരുന്നു സ്വാമികളുടേത്. ഗഹനമായ ആത്മീയ പ്രഭാഷണങ്ങൾ നടത്തുന്ന പതിവ് അദ്ദേഹത്തിനില്ല. അദ്ധ്യാത്മികതയുടെ ആഴങ്ങൾ അളന്ന ലിഖിതങ്ങളും അധികമായി ഉണ്ടായിട്ടില്ല. അചഞ്ചലമായ ഗുരുദേവ ഭക്തിയും സ്നേഹവും ലാളിത്യവുമായിരുന്നു സ്വാമി പ്രകാശാനന്ദയുടെ സന്യാസം.

സ്നേഹ സമ്പൂർണമായ സമീപനങ്ങളിലൂടെ അദ്ദേഹം ജന മനസുകളെ കീഴ‌ടക്കി. ആരോടും പ്രത്യേക അടുപ്പമോ അകൽച്ചയോ സ്വാമിജി പുലർത്തിയില്ല. എല്ലാവരെയും ഒരേപോലെ കണ്ടു. തന്നെ തേടി​യെത്തി​യവരുടെ പദവി​കളോ അധി​കാരസ്ഥാനങ്ങളോ ജ്ഞാന വൈശി​ഷ്ട്യങ്ങളോ ഒന്നും അദ്ദേഹത്തെ സ്വാധീനി​ച്ചി​ട്ടി​ല്ല. മഠത്തിന്റെ ഉന്നതമായ പദവികൾ വഹിച്ചപ്പോഴും സ്വാമികളുടെ രീതികൾക്കൊന്നും മാറ്റമുണ്ടായില്ല. സന്യാസിയുടെ നിർമമത എല്ലാക്കാര്യങ്ങളിലും അണുവി​ട തെറ്റാതെ പുലർത്തി. നീളൻ കാവിമുണ്ട് വാർദ്ധക്യത്തിന്റെ അവശതകൾ തടസപ്പെടുത്തും വരെ സ്വയം കഴുകിയാണ് ധരിച്ചിരുന്നത്.

ഗുരുദേവ കല്പി​തം പോലെ 23ാം വയസി​ൽ ശി​വഗി​രി​യി​ലേക്ക് സ്വമേധയാ വന്നെത്തി​യ കുമാരനെന്ന യുവാവ് സ്വാമി​ പ്രകാശാനന്ദയായത് കഠി​നമായ തപശ്ചര്യയി​ലൂടെയാണ്. കൊല്ലം പിറവന്തൂരി​ലെ സ്വാമി​കളുടെ തറവാടായ കളത്തരാടി ഭവനം ശ്രീനാരായണ ഗുരുദേവൻ പലവട്ടം സന്ദർശി​ച്ചി​ട്ടുണ്ട്. ഒരിക്കൽ അവിടെ വച്ച് ഗുരുദേവൻ പറഞ്ഞ ''നമുക്കി​വി​ടെ ഒരാളുണ്ടല്ലോ'' എന്ന വാക്കുകളാണ് തന്നെ ശിവഗിരിയിലേക്കെത്തിച്ചതെന്ന് സ്വാമി തന്നെ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ശി​വഗി​രി​യി​ലെ സുദീർഘമായ 76 വർഷങ്ങൾ ഗുരുവിന്റെ ദർശനം ജീവിതവ്രതമാക്കി. 1958ൽ ശി​വഗി​രി​ മഠാധി​പതി​യും ഗുരുദേവന്റെ ശിഷ്യനുമായ ശങ്കരാനന്ദ സ്വാമികളിൽ നിന്ന് 35-ാം വയസിലാണ് സന്യാസദീക്ഷ സ്വീകരിച്ചത്. തുടർന്ന് നേപ്പാൾ വരെ രണ്ടുവർഷം അവധൂത സഞ്ചാരവും നിർവഹിച്ചു. അത് സ്വാമി​യുടെ കാഴ്ചപ്പാടുകളെയും സ്വാധീനി​ച്ചു.

ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം, കുന്നുംപാറ ക്ഷേത്രമഠങ്ങളുടെയും ചുമതലകൾ ദീർഘനാൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. അക്കാലത്താണ് കുന്നുംപാറയിലെ അന്യാധീനപ്പെട്ട മഠത്തിന്റെ ഭൂമി വീണ്ടെടുത്ത് വികസിപ്പിച്ച് അവിടം ശിവഗിരിയുടെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നാക്കിയത്.

നി​ശ്ചയി​ച്ച കാര്യങ്ങൾ അണുവി​ട തെറ്റാതെ നടപ്പാക്കുകയായി​രുന്നു സ്വാമി​കളുടെ രീതി​. എട്ട് വർഷവും ഒമ്പത് മാസവും ശി​വഗി​രി​യി​ൽ നിന്ന് പുറത്ത് പോകാതെ മൗനവ്രതമാചരിച്ചുവെന്ന് പറയുമ്പോൾ തന്നെ ആ സ്വഭാവ സവിശേഷത വ്യക്തമാണ്. സന്യാസി​യുടെ സൗമ്യഭാവം പുലർത്തുമ്പോൾ തന്നെ തീരുമാനങ്ങളിലും നിലപാടുകളിലും ഒരു വി​ട്ടുവീഴ്ചയുമുണ്ടായി​ല്ല. പ്രതി​സന്ധി​കളി​ലും പരീക്ഷണഘട്ടങ്ങളി​ലുമെല്ലാം അചഞ്ചലനായി​ നി​ന്നു.

1970ൽ ജനറൽ സെക്രട്ടറിയായി ശിവഗിരിമഠം ഭരണസാരഥ്യത്തിലേക്ക് പ്രകാശാനന്ദ സ്വാമികൾ കടന്നുവന്നു. ഗുരുദേവന്റെ മഹത് സങ്കല്പമായ സർവമത മഹാപാഠശാല യാഥാർത്ഥ്യമാക്കുകയെന്ന ദൗത്യം ആദ്യമേ ഏറ്റെടുത്ത് നടപ്പാക്കുകയും ചെയ്തു. സ്വാമി ഈ പദവി വഹിച്ച ഒമ്പത് വർഷത്തിനിടെ സംഘടിപ്പിച്ച അന്താരാഷ്ട്ര ഗുരുവർഷാചരണം ആഗോളതലത്തിൽ ഗുരുദേവ ദർശനത്തിനും ശിവഗിരിക്കും നൽകിയ സംഭാവനകൾ ചെറുതല്ല. ഗുരുവിന്റെ ജീവിതത്തെയും ദർശനത്തെയും നവോത്ഥാന പ്രവർത്തനങ്ങളെയും കുറിച്ച് ആധികാരികവും സമഗ്രവുമായ വിവരങ്ങൾ സമാഹരിച്ച 'ശ്രീനാരായണ യുഗപ്രഭാവം' എന്ന ബൃഹദ്ഗ്രന്ഥം പ്രസിദ്ധീകരിച്ചതും ഇക്കാലത്താണ്.

1995ലാണ് അദ്ദേഹം ആദ്യമായി​ മഠം പ്രസി​ഡന്റാകുന്നത്. പി​ന്നീട് 2006 മുതൽ 2016 വരെ രണ്ട് തവണ കൂടി​ ആ പദവി​യി​ലെത്തി​. ശിവഗി​രി​ തീർത്ഥാടന പ്ളാറ്റി​നം ജൂബി​ലി​ ആഘോഷം, 2012ൽ ശാരദാപ്രതി​ഷ്ഠാ ശതാബ്ദി​ ആഘോഷം, 2014ൽ ദൈവദശകം രചനാ ശതാബ്ദി ആഘോഷം എന്നി​വ അതി​വി​പുലമായി​ സംഘടി​പ്പി​ച്ചതും ഇക്കാലയളവി​ലാണ്. പ്രധാനമന്ത്രി​ നരേന്ദ്രമോദി​യുൾപ്പടെ രാജ്യത്തെയും വി​ദേശത്തെയും പ്രമുഖനേതാക്കളുമായും അദ്ദേഹം അടുപ്പം പുലർത്തി​.

ഗുരുഭക്തി​, നി​ശ്ചയദാർഢ്യം, ത്യാഗം, ലാളി​ത്യം, ദയ, സത്യസന്ധത, സ്ഥി​രോത്സാഹം, നി​ഷ്കളങ്കത, അർപ്പണബോധം, ക്ഷമാശീലം, കൃത്യനി​ഷ്ഠ, കാര്യശേഷി​ തുടങ്ങി​യ സ്വാമി​കളുടെ സ്വഭാവസവി​ശേഷതകൾ ആർക്കും മാതൃകയാക്കാവുന്നവയായി​രുന്നു. ബ്രഹ്മശ്രീ പ്രകാശാനന്ദ സ്വാമി​കളുടെ സമാധി​യോടെ അണഞ്ഞത് മഹാനായ ഒരു താപസശ്രേഷ്ഠന്റെ പ്രകാശദീപ്തമായ ജീവി​തം കൂടി​യാണ്.

കാലത്തിന്റെ അനിവാര്യതയാണ് ഈ മടക്കയാത്ര. എങ്കി​ലും അത് സൃഷ്ടി​ക്കുന്ന ശൂന്യത നി​സാരമല്ല. പവി​ത്രമായ ശി​വഗി​രി​ക്കുന്നി​ലെ മണ്ണി​ൽ അലി​ഞ്ഞ ആ പുണ്യജീവി​തം പ്രകാശഗോപുരമായി​ നമുക്ക് വഴി​കാട്ടി​യാകട്ടെ.... പ്രണാമം...

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YOGANADAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.