SignIn
Kerala Kaumudi Online
Friday, 26 April 2024 10.48 AM IST

നിത്യസ്മരണീയനായ ചരിത്രപുരുഷൻ

t-k-narayanan


ടി.കെ നാരായണന്റെ 140 -ാം ജന്മദിനം

...................................................

ശ്രീനാരായണഗുരുവിന്റെ ഗൃഹസ്ഥശിഷ്യരിൽ പ്രധാനിയായിരുന്നു ബഹുമുഖ പ്രതിഭയായ ടി.കെ.നാരായണൻ. മഹാകവി കുമാരനാശാൻ , ടി.കെ.മാധവൻ, പരവൂർ കേശവനാശാൻ തുടങ്ങിയവരുടെ പത്ര പ്രവർത്തനത്തിലും, സംഘടനാ പ്രവർത്തനത്തിലും ശക്തമായ പിൻതുണയും സഹായവും നൽകി അദ്ദേഹം. സമർപ്പിത ചേതസായി പ്രവർത്തിച്ച എസ്.എൻ.ഡി.പി യോഗം ,പ്രഥമ സഞ്ചാരസെക്രട്ടറി കൂടിയാണ് അദ്ദേഹം. പ്രഗത്ഭനായ അദ്ധ്യാപകൻ, എഴുത്തുകാരൻ , പത്രപ്രവർത്തകൻ, സംഘാടകൻ, ശ്രീനാരായണധർമ്മ പ്രചാരകൻ , അനുഗ്രഹീത പ്രഭാഷകൻ, ട്രേഡ് യൂണിയൻ നേതാവ് എന്നിങ്ങനെ വൈവിദ്ധ്യമാർന്ന മണ്ഡലങ്ങളിൽ തിളങ്ങിനിന്ന പ്രതിഭാശാലിയായിരുന്നു ടി.കെ.നാരായണൻ.

1882 ജൂൺ 25 ന് പരവൂർ പൊഴിക്കര ,കാർത്തിക്കഴികത്തു വീട്ടിൽ കൃഷ്ണൻ
കുത്തകക്കാരന്റെയും ഭഗവതിയുടെയും മകനായാണ് ജനനം. കൊല്ലം ഇംഗ്ലീഷ് മിഷണറി സ്‌കൂളിൽ നിന്ന് ഹൈസ്‌കൂൾ വിദ്യാഭ്യാസവും മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും സമ്പാദിച്ചു. വിദ്യാർത്ഥിയായിരിക്കുമ്പോൾ മുതൽ ഇംഗ്ലീഷിലും മലയാളത്തിലും അനർഗളം പ്രസംഗിക്കാനുള്ള കഴിവ് സമ്പാദിച്ചു. 1900 ൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചെങ്കിലും സ്വതന്ത്രമായി വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കാനായി ജോലി ഉപേക്ഷിച്ചു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രചാരണത്തിനും പരിപോഷണത്തിനുമായി കൊല്ലത്ത് ആരംഭിച്ച ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂട്ട് പിൽക്കാലത്ത് ശക്തിപ്പെട്ട ട്യൂട്ടോറിയൽ പ്രസ്ഥാനത്തിന്റെ ആദിരൂപമായിരുന്നു. ശ്രീനാരായണ ഗുരുവിന്റ സന്ദേശപ്രചാരണത്തിലും സാമൂഹിക പരിഷ്‌കരണ പ്രവർത്തനങ്ങളിലും അഗ്രിമസ്ഥാനീയനായിരുന്നു ടി.കെ.നാരായണൻ. 1904 ഒക്ടോബർ 16 ന് വലിയമ്മാവൻ പരവൂർ കേശവനാശാന്റെ നിർദ്ദേശപ്രകാരം പരവൂർ പൊഴിക്കരയിൽ ശ്രീനാരായണഗുരുവിനെ പങ്കെടുപ്പിച്ച് നടത്തിയ സമ്മേളനത്തിന്റെ മുഖ്യസംഘാടകൻ ടി.കെ.നാരായണനായിരുന്നു. ചരിത്രപ്രസിദ്ധമായ ഈ സമ്മേളനത്തിൽ വച്ചാണ് താലികെട്ട് കല്യാണം, പുളികുടി അടിയന്തിരം, പുലകുളി തുടങ്ങിയ അനാചാരങ്ങൾ അവസാനിപ്പിക്കുവാനും വിവാഹസമ്പ്രദായം പരിഷ്‌കരിക്കാനും ഗുരു നേരിട്ട് ആഹ്വാനം ചെയ്തത്.
ഗുരുസ്വാമി തൃപ്പാദങ്ങളുടെ ജീവചരിത്ര ഗ്രന്ഥം 1921 ൽ പ്രസിദ്ധീകരിച്ചു.
എസ് എൻ.ഡി.പി.യോഗത്തിന്റെ ജിഹ്വയായ വിവേകോദയം, ടി.കെ.മാധവന്റെ ദേശാഭിമാനി, മാതുലനായ പരവൂർ കേശവനാശാന്റെ സുജനാനന്ദിനി എന്നിവയുടെ പത്രാധിപരായും ടി.കെ. പ്രവർത്തിച്ചിട്ടുണ്ട്. പ്രാരംഭകാലത്ത് കേരളകൗമുദിയുടെ മുഖ്യലേഖകനായിരുന്നു. കൂടാതെ സ്വന്തനിലയിൽ പാഞ്ചജന്യം ദിനപത്രവും, അമൃതഭാരതി പ്രതിവാരപത്രവും അദ്ദേഹം നടത്തിയിരുന്നു. യാതൊരു പ്രതിഫലവും സ്വീകരിക്കാതെ എസ്.എൻ.ഡി.പി യോഗം ഓഫീസ് ജോലികളും വിവേകോദയം പത്രത്തിന്റെ പ്രവർത്തനങ്ങളും ദീർഘകാലം നിർവഹിച്ച ടി.കെ.നാരായണനെ ആത്മമിത്രമായ കുമാരനാശാൻ എസ്.എൻ.ഡി.പി യോഗം വാർഷികത്തിന്റെ അദ്ധ്യക്ഷപ്രസംഗത്തിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. എഴുത്തുകാരൻ എന്ന നിലയിലും ടി.കെ.നാരായണൻ പ്രശസ്തനായിരുന്നു. ഹനുമാന്റെ പൂണൂൽ എന്ന ഗ്രന്ഥം യാഥാസ്ഥിതികരുടെ ഇടയിൽ വൻ കോളിളക്കം
സൃഷ്ടിച്ച ഒന്നായിരുന്നു. അനവധി ഹ്രസ്വ ജീവചരിത്ര ഗ്രന്ഥങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരവൂർ കേശവനാശാൻ, ശ്രീരാമകൃഷ്ണ പരമഹംസൻ, സ്വാമി വിവേകാനന്ദൻ, രാജാറാം മോഹൻ റോയ് എന്നിവ അവയിൽ ചിലതാണ്. പരിഭാഷകൻ എന്ന നിലയിലും ടി.കെ.നാരായണൻ ശ്രദ്ധേയനായിരുന്നു. ആര്യസമാജം, ബ്രഹ്മവിദ്യാസംഘം എന്നീ സംഘടനകളുടെ പല ഗ്രന്ഥങ്ങളും അദ്ദേഹം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അതിലൊന്നാണ് ആരോഗ്യ രത്നാകരം.
ആദ്യകാല ട്രേഡ് യൂണിയൻ നേതാവെന്ന നിലയിൽ തൊഴിലാളികളെ സംഘടിപ്പിക്കുകയും, അവരുടെ അവകാശസംരക്ഷണത്തിനായുള്ള പണിമുടക്കിന് നേതൃത്വം നൽകി വിജയിപ്പിക്കുകയും ചെയ്തു. തുടർന്ന് അഡ്വ.കരുണാകര മേനോൻ പ്രസിഡന്റായും, ടി.കെ.നാരായണൻ സെക്രട്ടറിയുമായുള്ള ട്രേഡ് യൂണിയൻ 1915 ൽ രജിസ്റ്റർ ചെയ്തു. പന്തളം കറുത്തേരി കുടുംബത്തിലെ ടി.കെ.നാരായണി അമ്മയാണ് സഹധർമ്മിണി. എട്ടുമക്കളിൽ കെ. എൻ ബാൽ IPS വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ അവാർഡ് നേടിയ പൊലീസ് സൂപ്രണ്ടാണ്. സാമൂഹിക സാംസ്‌കാരികരംഗത്ത് ഇപ്പോഴും അദ്ദേഹം സജീവമാണ്. രണ്ട് ദശാബ്ദക്കാലം തിരുവിതാംകൂറിലെ സാമൂഹിക സാംസ്‌കാരിക സാഹിത്യരംഗത്ത് പ്രഭാപൂരം പ്രസരിപ്പിച്ചു കടന്നുപോയ ഈ നിസ്വാർത്ഥ സേവകന് അർഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടുണ്ടോ എന്ന് സമൂഹം പരിശോധന നടത്തേണ്ടതാണ്. ആ പ്രതിഭാശാലിയുടെ ധന്യസ്മരണക്ക് മുൻപിൽ ഹൃദയപൂർവം ആദരാഞ്ജലി .

കേരളസർവകലാശാല ശ്രീനാരായണ സ്റ്റഡി സെന്റർ മുൻ ഡയറക്‌ടറാണ് ലേഖകൻ. ഫോൺ : 9447663204

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: T K NARAYANAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.