SignIn
Kerala Kaumudi Online
Wednesday, 01 May 2024 4.07 PM IST

നിന്റെ മാണിക്യത്തെ എനിക്കുവേണം, എടുത്തുകൊണ്ടു പോയ്‌ക്കൂടേ

t-p-rajeevan

' നിന്റെ മാണിക്യത്തെ ഇഷ്ടമായി, അവളെ എനിക്ക് വേണം, അതിലൊരു നല്ല സിനിമയുണ്ട് , സിനിമാവകാശം എനിക്ക് തരുമോ....' ടി.പി.രാജീവനോട് പൊടുന്നനെയായിരുന്നു രഞ്ജിത്തിന്റെ ചോദ്യം. ' എടാ, എന്റെ കഥ നിനക്ക് സിനിമയാക്കണമെങ്കിൽ എന്നോട് ചോദിക്കണോ, വന്നെടുത്തു കൊണ്ടുപോയിക്കൂടേ....' പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ പിറവിയെക്കുറിച്ച് പറഞ്ഞുതുടങ്ങുകയായിരുന്നു രഞ്ജിത്ത്. എനിക്ക് നഷ്ടമായത് സിനിമാ സുഹൃത്തോ എഴുത്തുകാരനെയോ അല്ല, കൂടെനടക്കാറുള്ള, ഒന്നിച്ച് കിടന്നുറങ്ങാറുള്ള പ്രിയ സുഹൃത്തിനെയാണ്. മരണസമയത്ത് രഞ്ജിത്ത് തിരുവനന്തപുരത്തായിരുന്നു. ആശുപത്രിയിൽ പോയിക്കണ്ടിരുന്നു. വിശേഷങ്ങൾ പങ്കുവെച്ചു. ഇത്രപെട്ടന്ന് മടങ്ങുമെന്ന് കരുതിയില്ലെന്ന് രഞ്ജിത്ത്. വിവരമറിഞ്ഞ ഉടനെ കോഴിക്കോട്ടെത്തി, ആശുപത്രിയിലും ടൗൺഹാളിലും പാലേരിയിലെ വീട്ടിലുമെല്ലാം സുഹൃത്തിനൊപ്പം ചേർന്നുനിന്നു.
പാലേരി മാണിക്കം സീരീസായി വരുമ്പോൾത്തന്നെ ഞാനതിലെ സിനിമ കണ്ടിരുന്നു. ലോക്കേഷൻ തീരുമാനിക്കുന്നതടക്കം സിനിമയുടെ ജോലികൾ തീരുംവരെ കൂടെയുണ്ടായിരുന്നു. സിനിമ ഇറങ്ങിയപ്പോൾ എന്നെക്കാളും സന്തോഷിച്ചത് അവനായിരുന്നു. കുറച്ച് സിനിമകൾ അവന്റെ മനസിലുണ്ടായിരുന്നു. ഞാൻതന്നെയായിരുന്നു അവന്റെ സംവിധായകൻ. പക്ഷെ പ്രോജക്ടുകളൊക്കെ നീണ്ടുപോയെന്ന് രഞ്ജിത്ത് വേദനയോടെ കൂട്ടിച്ചേർത്തു.

താൻ ജനിച്ചുവളർന്ന മണ്ണിൽ, കുട്ടിക്കാലം മുതൽ കേട്ട് പേടിച്ച കഥയെ വിടാതെ പിന്തുടർന്നാണ് രാജീവൻ മാണിക്യത്തിന്റെ ജീവിതം പകർത്തിയെടുത്തത്. പാലേരി രാജീവന്റെ അച്ഛന്റെ നാടാണ്. ജനിച്ചുവളർന്ന ഇടം. സ്‌കൂളിലേക്കുള്ള വഴിയിലായിരുന്നു മാണിക്യത്തിന്റെ ഒഴിഞ്ഞുകിടന്ന വീട്. അവിടെയെത്തുമ്പോൾ കുട്ടികളെല്ലാം ഓടും. ഒപ്പം രാജീവനും. ആ ഓട്ടത്തിനിടയിൽ പുസ്തകക്കെട്ടു വീണുപോകും. തിരിച്ചുവന്ന് എടുക്കാൻപോലും മിനക്കെടാറില്ല. അത്തരമൊരോട്ടമാണ് നോവലാക്കാനുള്ള നെട്ടോട്ടത്തിലേക്ക് എത്തിച്ചത്. കേരളപ്പിറവിക്ക് ശേഷം ആദ്യ ജനകീയ സർക്കാർ അധികാരമേറ്റ ശേഷം നടന്ന കൊലപാതകമാണ് മാണിക്യത്തിന്റേത്. വർഷങ്ങളാണ് നോവൽ രചനയ്ക്കായി രാജീവൻ ഗവേഷണം നടത്തിയത്. നിരവധി രേഖകൾ പരിശോധിച്ചു. അന്നത്തെ സ്ത്രീജീവിതം, ജാതിവ്യവസ്ഥ, സമ്പത്തുള്ളവന്റെ അധികാര ജീവിതം, രാഷ്ട്രീയത്തിന്റെ പിന്നാമ്പുറങ്ങൾ, പൊലീസിന്റെ കൈയ്യൂക്കും അധികാരികൾക്കുവേണ്ടിയുള്ള കുഴലൂത്തുമടക്കം അക്കാലത്തിന്റെ രാഷ്ട്രീയ സാംസ്‌കാരികചരിത്രം കൂടിയായിരുന്നു മാണിക്യത്തിന്റെ കഥ. പാലേരി മാണിക്യം അച്ഛന്റെ നാടിനെ ചുറ്റിപറ്റിയായിരുന്നെങ്കിൽ കെ.ടി.എൻ കോട്ടൂർ എഴുത്തും ജീവിതവും' അമ്മയുടെ നാടായ കോട്ടൂരിന്റെ നാട്ടുവഴികളിൽ ആരും കാണാതെ കിടന്നൊരു മുത്തായിരുന്നു. പുറത്തിറങ്ങിയ മൂന്നുനോവലുകളും ഏറെ സന്തോഷിപ്പിച്ചപ്പോൾ പ്രസിദ്ധീകരിക്കാത്ത കുഞ്ഞാലിമരയ്ക്കാർ മരിക്കും വരെ നീറ്റലായിരുന്നു രാജീവന്. പ്രിയദർശൻ കുഞ്ഞാലിമരയ്ക്കാർ സിനിമയാക്കുമ്പോൾ ആദ്യമെടുത്തത് ടി.പി.യുടെ കുഞ്ഞാലിമരയ്ക്കാരായിരുന്നു. മാസങ്ങളോളം രാജീവനുമായി ചർച്ചകൾ നടന്നു. സിനിമയായപ്പോൾ രാജീവന്റെ കുഞ്ഞാലിമരയ്ക്കാർ പുറത്തായി. അർഹിക്കുന്ന പുരസ്‌കാരങ്ങളൊന്നും അദ്ദേഹത്തെ തേടിയെത്തിയില്ല . ചിരിച്ചുകൊണ്ട് രാജീവൻതന്നെ അതിന് മറുപടി നൽകിയിട്ടുണ്ട്, ഒന്നുകിൽ ഭരണകൂടത്തോടൊപ്പം നിൽക്കണം, അല്ലെങ്കിൽ മിനിമം അവർക്കനഭിമതമായൊന്നും മിണ്ടാതിരിക്കുകയെങ്കിലും വേണം. രണ്ടും എനിക്ക് വശമില്ല...' ടി.പി.രാജീവൻ വിടവാങ്ങുമ്പോൾ അവശേഷിക്കുന്നത് നിലപാടിന്റെ ആ ഉരുക്കുതറ മാത്രം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: T P RAJEEVAN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.