SignIn
Kerala Kaumudi Online
Thursday, 19 September 2024 1.11 PM IST

ടാറ്റു ; സുരക്ഷയ്‌ക്ക് മുറിവേല്‌ക്കരുത്

Increase Font Size Decrease Font Size Print Page

photo

പുതിയ കാലത്തിന്റെ സൗന്ദര്യസങ്കല്‌പങ്ങളിൽ ടാറ്റു താരമാണ്. ശരീരത്ത് ചെറിയ ചിഹ്‌നം, പൂക്കൾ, പേര് സൂചിപ്പിക്കുന്ന അക്ഷരങ്ങൾ എന്നിവയായിരുന്നു ടാറ്റുവിന്റെ ആദ്യ ട്രെൻഡ്. ഇപ്പോൾ ദേഹമാസകലം പച്ചകുത്തുന്നവർ പോലുമുണ്ട്. സൗന്ദര്യ വിപണിയിൽ കോടികളുടെ ബിസിനസിലേക്ക് ടാറ്റു രംഗം വളർന്നുകഴിഞ്ഞു. വിപണി നിയന്ത്രണങ്ങളില്ലാതെ പടർന്നുകയറിയതോടെ ഈ രംഗത്ത് ചില സ്ഥാപനങ്ങളെങ്കിലും ആരോഗ്യ സുരക്ഷയ്‌ക്കും സ്‌ത്രീ സുരക്ഷയ്ക്കും വെല്ലുവിളി ഉയർത്തുന്നുണ്ട്.

സ്വകാര്യഭാഗത്ത് ടാറ്റു വരയ്‌ക്കുന്നതിനിടെ കലാകാരൻ ലൈംഗികാതിക്രമം നടത്തിയതായി യുവതി വെളിപ്പെടുത്തിയതിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോഴത്തെ ചർച്ചകൾ. യുവതിയുടെ തുറന്നു പറച്ചിലിന് പിന്നാലെ ഒട്ടേറെപ്പേർ ദുരനുഭവം പങ്കുവച്ച് രംഗത്തെത്തിയത് വിവാദത്തിന്റെ ഗതിമാറ്റി. സമൂഹമാദ്ധ്യമത്തിലൂടെ ആദ്യ വെളിപ്പെടുത്തൽ നടത്തിയ പെൺകുട്ടി മാതാപിതാക്കൾക്കൊപ്പം പൊലീസിന് മുന്നിലെത്തി കാര്യങ്ങൾ വിശദീകരിച്ചെങ്കിലും പരാതി നൽകിയില്ല. സമാന അനുഭവങ്ങളുമായി ഒട്ടേറെപ്പേർ രംഗത്തെത്തിയതോടെ പൊലീസ് സ്വമേധയ പ്രാഥമിക അന്വേഷണം നടത്തുകയായിരുന്നു. ലൈംഗികപീഡന പരാതികളിൽ പൊലീസിന് നേരിട്ട് പരാതി ലഭിച്ചില്ലെങ്കിലും അന്വേഷിക്കാമെന്ന സുപ്രീംകോടതി ഉത്തരവിന്റെ ചുവടുപിട‌ിച്ചായിരുന്നു പൊലീസ് നീക്കങ്ങൾ. ടാറ്റുവെന്ന പച്ചകുത്തലിന് ചില മാനദണ്ഡങ്ങൾ സർക്കാർ നേരത്തെ പുറപ്പെടുവിച്ചിരുന്നെങ്കിലും എല്ലാം കടലാസിലൊതുങ്ങി എന്നതാണ് സത്യം.
ടാറ്റു കേന്ദ്രങ്ങളിൽ കൊച്ചി സിറ്റിപൊലീസ് നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. പലയിടത്തും വൃത്തിഹീനമായ രീതിയിലാണ് ടാറ്റു ചെയ്യുന്നതെന്ന് സിറ്റി പൊലീസ് കമ്മിഷണർ നാഗരാജു തന്നെ വ്യക്തമാക്കി. ഇതോടെയാണ് ടാറ്റു ആരോഗ്യപ്രശ്‌നങ്ങൾക്കും വഴി തുറന്നത്. പച്ചകുത്തൽ നിരോധിക്കപ്പെടേണ്ടതല്ലെങ്കിലും കൃത്യമായ നിരീക്ഷണം വേണം. ട്രെൻഡ് പടർന്നതോടെ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ടാറ്റു സ്റ്റുഡിയോകളും പിറവിയെടുത്തു. ടാറ്റു സ്‌റ്റുഡിയോകൾക്ക് ലൈസൻസ് നൽകാൻ കൃത്യമായ സംവിധാനങ്ങൾ നിലവിലുണ്ടായിരുന്നില്ല. തദ്ദേശസ്ഥാപനങ്ങളിൽ അപേക്ഷിക്കുമ്പോൾ ആർട്ട് സ്റ്റുഡിയോകൾക്കുള്ള ലൈസൻസാണ് നൽകിയിരുന്നത്. ഈ രീതിക്ക് കഴിഞ്ഞ ജൂണിൽ മാറ്റമുണ്ടായെങ്കിലും ആരുമൊന്നുമറിഞ്ഞില്ലെന്ന നിലപാടിലാണ്. ഇപ്പോഴത്തെ ലൈംഗികാതിക്രമ സംഭവങ്ങൾ സർക്കാരിന്റെയും അധികൃതരുടെയും കണ്ണുതുറപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.

ആരോഗ്യവകുപ്പിന്റെ ശ്രദ്ധവേണം

ഗുരുതരമായ നിരവധി ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് വഴിതുറക്കുന്ന ടാറ്റു കേന്ദ്രങ്ങൾ നിരീക്ഷപ്പെടുകയും സർക്കാർ തലത്തിലൊരു കടിഞ്ഞാൺ ഉറപ്പാക്കണം.

ശരീരത്തിൽ മനോഹരമായ ചിത്രം കോറിയിടുന്ന രീതി അഥവാ പച്ചകുത്തൽ ഇന്നൊരു ട്രെൻഡാണ്. ന്യൂജെൻ പയ്യൻമാർ മുതൽ പ്രായമായവർ വരെ ടാറ്റുവിന്റെ ആരാധകരാണ്. എന്നാൽ ഫാഷൻ പ്രേമികൾക്ക് ഭീഷണി ഉയർത്തി ചില ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും ടാറ്റുവിനൊപ്പം എത്തി എന്നതാണ് സത്യം. പച്ചകുത്തലിന് കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാത്തതായിരുന്നു പ്രശ്‌നം. ഇത് തരണം ചെയ്യാനുള്ള ആദ്യ ചുവടുവയ്പ്പിലേക്ക് സംസ്ഥാനം നീങ്ങിയെങ്കിലും ഫലവത്തായില്ല. ടാറ്റു ആർട്ടിസ്റ്റുകൾക്കും (പച്ചകുത്തൽ) ടാറ്റു സ്റ്റുഡിയോകൾക്കും ലൈസൻസ് ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനം ഉചിതമായിരുന്നു. ആരോഗ്യവിദഗ്ദ്ധർ ഏറെനാളായി ഉന്നയിച്ചിരുന്ന വിഷയമാണിത്. യാതൊരു മുൻകരുതലും മാനദണ്ഡങ്ങളുമില്ലാത്ത പച്ചകുത്തൽ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതായി കണ്ടെത്തിയിരുന്നു. അണുബാധയുമായി നിരവധി പേർ ആശുപത്രികളിലെത്തി തുടങ്ങിയതോടെയാണ് ആരാേഗ്യവകുപ്പ് പച്ചകുത്തൽ നിരീക്ഷിച്ചു തുടങ്ങിയത്. തദ്ദേശസ്വയംഭരണ സെക്രട്ടറി അദ്ധ്യക്ഷനായുള്ള ഒരു സമിതിക്കായിരിക്കും ടാറ്റു ലൈസൻസ് നൽകാനുള്ള ചുമതല, മെഡിക്കൽ ഓഫീസർ, ഹെൽത്ത് സൂപ്പർവൈസർ, ഹെൽത്ത് ഇൻസ്‌പെക്ടർ, കെമിക്കൽ അനലിറ്റിക്കൽ ലാബ് ഉദ്യോഗസ്ഥർ, മലിനീകരണ നിയന്ത്രണബോർഡ് ഉദ്യോഗസ്ഥർ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. ലൈസൻസ് നിർബന്ധമാക്കുന്നതോടെ സ്ഥാപനം തുടങ്ങാൻ ടാറ്റു ആർട്ടിസ്റ്റുകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ അപേക്ഷ സമർപ്പിക്കണം. അടിസ്ഥാന യോഗ്യത, ടാറ്റുചെയ്തുള്ള പരിചയം, പരിശീലനം എന്നിവയുടെ സർട്ടിഫിക്കറ്റുകളും സമർപ്പിക്കണം. അനുമതി പത്രം സ്റ്റുഡിയോകൾക്ക് മുന്നിൽ പ്രദർശിപ്പിക്കണം. ഇതോടെ വഴിനീളെ യാതൊരു മാനദണ്ഡങ്ങളുമില്ലാത്ത പച്ചകുത്തൽ അവസാനിക്കുമെന്നായിരുന്നു സർക്കാർ പ്രതീക്ഷ. എന്നാൽ ഒന്നും നടന്നില്ല. മിക്ക സ്ഥാപനങ്ങൾക്കും ഇപ്പോഴും ലൈസൻസില്ല. ലൈസൻസില്ലാത്ത സ്ഥാപനങ്ങൾക്കെതിരെ കർശനമായ നടപടിയാണ് സർക്കാർ ഉറപ്പാക്കേണ്ടത്. അതിനായി ആരോഗ്യവകുപ്പിന്റെ കീഴിലുള്ള സ്‌ക്വാഡിന് പ്രത്യേക ചുമതല നൽകുന്നത് ഇനിയെങ്കിലും പരിഗണിക്കണം. ഒപ്പം പൊലീസിന്റെയും സഹകരണം ഉറപ്പാക്കണം.

പച്ചകുത്താൻ ഉപയോഗിക്കുന്ന മഷിക്ക് ഡ്രഗ്‌സ് കൺട്രോൾ ബ്യൂറോയുടെ അംഗീകാരം വേണമെന്നുള്ളതാണ് മറ്റൊരു സുപ്രധാന തീരുമാനം. ഡിസ്‌പോസിബിൾ സൂചികളും ട്യൂബുകളും ഉപയോഗിച്ച് മാത്രമേ പച്ചകുത്താൻ പാടുള്ളൂ. ഇവ കൃത്യമായി നിർമ്മാർജ്ജനം ചെയ്യുന്നുണ്ടോയെന്നും ഉറപ്പാക്കണം. സംസ്ഥാനത്ത് ഇപ്പോൾ ട്രെൻഡായി മാറിയിരിക്കുന്ന പച്ചകുത്തൽ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതായി ആരോഗ്യവകുപ്പ് സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് സുപ്രധാന നീക്കത്തിന് സർക്കാർ ഒരുങ്ങിയത്. എന്നാൽ, കൊച്ചിയിൽ നടന്ന പരിശോധനകളിൽ ഈ മാനദണ്ഡങ്ങളൊന്നും പാലിച്ചിരുന്നില്ലെന്ന് വ്യക്തമായി.

ആർട്ടിസ്റ്റുകൾക്ക് ലൈസൻസ് നൽകിയാൽ മാത്രം മാനദണ്ഡമാകില്ലെന്ന് തിരിച്ചറിയണം. പച്ചകുത്തൽ ചെയ്യുന്ന സ്ഥാപനങ്ങളിൽ ശക്തമായ നിരീക്ഷണം നടത്തേണ്ടിയിരിക്കുന്നു. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പാക്കണം. സൂചിയും ട്യൂബും മാലിന്യ നിർമ്മാർജ്ജന ചട്ടങ്ങൾ പാലിച്ചാണ് സംസ്‌‌കരിക്കേണ്ടത്. അത് സ്ഥാപനത്തിന്റെ ഉത്തരവാദിത്വമാണ്. ഇത് ഉറപ്പാക്കാൻ ഹെൽത്ത് ഇൻസ്‌പെക്ടർമാരെ സർക്കാർ നിയോഗിക്കണം.

അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന ചില സംഘങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒരു മാനദണ്ഡവുമില്ലാതെ പച്ചകുത്തുന്നതും നിത്യകാഴ്ചയാണ്. പച്ചകുത്താൻ ഉപയോഗിക്കുന്ന സൂചിയും ട്യൂബുകളും അണുവിമുക്തമാക്കുന്നില്ല. ഒരേ സൂചി തന്നെയാണ് നിരവധി പേർക്ക് ഉപയോഗിക്കുന്നത്. വഴിയോരങ്ങളിൽ കാണുന്ന നാടോടികൾ നിസാരതുകയ്ക്ക് പച്ചകുത്തി നൽകുന്നത് പലരെയും ആകർഷിക്കുന്നുണ്ട്. കൃത്യമായി പരിശീലനം ലഭിച്ചവരും ആർട്ടിസ്റ്റുകളുമായവർക്ക് ഉയർന്ന പ്രതിഫലം നൽകേണ്ട് വരുന്നതിനാലാണ് പലരും തെരുവ് കലാകാരന്മാരെ ആശ്രയിക്കുന്നത്. വൃത്തിഹീനമായ സാഹചര്യങ്ങളിൽ പച്ചകുത്തുന്നത് വിചാരിക്കുന്നതിലും അപ്പുറമുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് വിളിച്ചുവരുത്തുന്നത്. ടാറ്റുവിന് ഉപയോഗിക്കുന്ന മഷി നിലവാരമില്ലാത്തതാണെങ്കിൽ അലർജി ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളുണ്ടാകും. പരിശീലനം ലഭിച്ച കലാകാരന്മാരും വിദഗ്ദ്ധരും ടെസ്റ്റ് ഡോസ് ചെയ്തിട്ടേ ശരീരഭാഗങ്ങളിൽ പച്ചകുത്തൽ ആരംഭിക്കൂ. എന്നാൽ, തെരുവ് വീഥികളിൽ ഇതൊന്നും പാലിക്കപ്പെടുന്നില്ല.

സ്ത്രീ സുരക്ഷയ്‌ക്ക് വെല്ലുവിളിയാകരുത്

ടാറ്റു കേന്ദ്രങ്ങളുടെ മറവിലെ ലൈംഗികാതിക്രമങ്ങൾ ഗൗരവകരമായ പ്രശ്‌നമാണ്. അടിയന്തരമായി പരിഹരിക്കേണ്ടതുമാണ്. അതിനായി സർക്കാർ കൊണ്ടുവന്ന നടപടികൾ വേഗത്തിൽ പ്രാവർത്തികമാക്കണം. ആര് നടപ്പാക്കുമെന്ന ചോദ്യം ഇപ്പോഴും ഉയരുന്നുണ്ട്. അതിന് മറുപടി പറയേണ്ടത് സർക്കാരാണ്. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ മാത്രമേ ശാശ്വതപരിഹാരമുണ്ടാകൂ. ലൈംഗികാതിക്രമ കേസുകളിൽ ഇരകൾ പരാതി നൽകാൻ എന്തുകൊണ്ട് വൈകുന്നുവെന്ന ചോദ്യം പ്രസക്തമാണ്. അവർക്ക് പല കാരണങ്ങൾ നിരത്താനുണ്ടാകും. പരാതി ഇഴകീറി പരിശോധിക്കേണ്ടത് കോടതിയാണ്. അതിക്രമത്തിന് ഇടയാകുന്ന വേളയിൽത്തന്നെ പരാതിയുമായി രംഗത്തെത്തിയിരുന്നെങ്കിൽ കഴുകൻ കണ്ണുകളിൽനിന്ന് നിരവധി പേർക്ക് രക്ഷപ്പെടാൻ കഴിയുമായിരുന്നുവെന്ന് ഉറപ്പാണ്. കാരണം, മിക്ക ടാറ്റു കേന്ദ്രങ്ങൾക്കും ലൈസൻസ് പോലുമില്ല. ഈ സ്ഥാപനങ്ങൾ ഏത് കാറ്റഗറിയിൽ വരുന്നെന്നു പോലും വ്യക്തമാക്കപ്പെട്ടിരുന്നില്ല. ട്രെൻഡിന്റെ പേരിൽ കൂണു പോലെ പൊട്ടിമുളച്ച ഇത്തരം സ്ഥാപനങ്ങളിൽ ലൈംഗികാതിക്രമങ്ങൾ നടക്കുന്നുവെന്നത് ഇപ്പോഴാണ് പുറംലോകമറിയുന്നത്. സെലിബ്രറ്റികൾ ഇത്തരം സ്ഥാപനങ്ങൾക്ക് ബ്രാൻഡ് നെയിം നൽകുക കൂടി ചെയ്‌തതോടെ അവിടങ്ങളിലേക്ക് പെൺകുട്ടികളുടെ ഒഴുക്കായി. ട്രെൻഡിന് ഒപ്പം ഒരു സമൂഹം സഞ്ചരിക്കുകയാണ്. അപ്പോൾ സുരക്ഷ,​ ആരോഗ്യം എന്നീ കാര്യങ്ങളിൽ ഒരു തരത്തിലുമുള്ള ജാഗ്രതക്കുറവ് പാടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: TATOO
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.