SignIn
Kerala Kaumudi Online
Saturday, 27 April 2024 5.59 AM IST

രോഗഭീതി; പച്ചകുത്തലിനും ലൈസൻസ്

tatoo

ശരീരത്തിൽ മനോഹരമായ ചിത്രം കോറിയിടുന്ന രീതി അഥവാ പച്ചകുത്തൽ ഇന്നൊരു ട്രെൻഡാണ്. ന്യൂജെൻ പയ്യൻമാർ മുതൽ പ്രായമായവർ വരെ ടാറ്റുവിന്റെ ആരാധകരാണ്. എന്നാൽ ഫാഷൻ പ്രേമികൾക്ക് ഭീഷണി ഉയർത്തി ചില ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും ടാറ്റുവിനൊപ്പം എത്തി എന്നതാണ് സത്യം. പച്ചകുത്തലിന് കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാത്തതായിരുന്നു പ്രശ്‌നം. ഇത് തരണം ചെയ്യാനുള്ള ആദ്യ ചുവടുവയ്പ്പിലേക്ക് സംസ്ഥാനം നീങ്ങുകയാണ്.

ടാറ്റു ആർട്ടിസ്‌റ്റുകൾക്കും (പച്ചകുത്തൽ) ടാറ്റു സ്‌റ്റുഡിയോകൾക്കും ലൈസൻസ് ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനം ഉചിതമാണ്. ആരോഗ്യവിദഗ്ദ്ധർ ഏറെ നാളായി ഉന്നയിച്ചിരുന്ന വിഷയമാണിത്. യാതൊരു മുൻകരുതലും മാനദണ്ഡങ്ങളുമില്ലാത്ത പച്ചകുത്തൽ ഗുരുതരമായ ആരാേഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതായി കണ്ടെത്തിയിരുന്നു. അണുബാധയുമായി നിരവധി പേർ ആശുപത്രികളിലെത്തി തുടങ്ങിയതോടെയാണ് ആരാേഗ്യവകുപ്പ് പച്ചകുത്തൽ നിരീക്ഷിച്ചു തുടങ്ങിയത്. തദ്ദേശസ്വയംഭരണ സെക്രട്ടറി അദ്ധ്യക്ഷനായുള്ള ഒരു സമിതിക്കായിരിക്കും ടാറ്റു ലൈസൻസ് നൽകാനുള്ള ചുമതല, മെഡിക്കൽ ഓഫീസർ, ഹെൽത്ത് സൂപ്പർവൈസർ, ഹെൽത്ത് ഇൻസ്‌പെക്‌ടർ, കെമിക്കൽ അനലിറ്റിക്കൽ ലാബ് ഉദ്യോഗസ്ഥർ, മലിനീകരണ നിയന്ത്രണബോർഡ് ഉദ്യോഗസ്ഥർ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. ലൈസൻസ് നിർബന്ധമാക്കുന്നതോടെ സ്ഥാപനം തുടങ്ങാൻ ടാറ്റു ആർട്ടിസ്‌റ്റുകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ അപേക്ഷ സമർപ്പിക്കണം. അടിസ്ഥാന യോഗ്യത, ടാറ്റു ചെയ്‌തുള്ള പരിചയം, പരിശീലനം എന്നിവയുടെ സർട്ടിഫിക്കറ്റുകളും സമർപ്പിക്കണം. അനുമതി പത്രം സ്‌റ്റുഡിയോകൾക്ക് മുന്നിൽ പ്രദർശിപ്പിക്കണം. ഇതോടെ വഴിനീളെ യാതൊരു മാനദണ്ഡങ്ങളുമില്ലാത്ത പച്ചകുത്തൽ അവസാനിക്കും. ലൈസൻസില്ലാത്ത സ്ഥാപനങ്ങൾക്കെതിരെ കർശനമായ നടപടിയാണ് സർക്കാർ ഉറപ്പാക്കേണ്ടത്. അതിനായി ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ഏതെങ്കിലും സ്ക്വാഡിന് പ്രത്യേക ചുമതല നൽകുന്നത് പരിഗണിക്കണം.

പച്ചകുത്താൻ ഉപയോഗിക്കുന്ന മഷിക്ക് ഡ്രഗ്‌സ് കൺട്രോൾ ബ്യൂറോയുട‌െ അംഗീകാരം വേണമെന്നുള്ളതാണ് മറ്റൊരു സുപ്രധാന തീരുമാനം. ഡിസ്‌പോസിബിൾ സൂചികളും ട്യൂബുകളും ഉപയോഗിച്ച് മാത്രമേ പച്ചകുത്താൻ പാടുള്ളൂ. ഇവ കൃത്യമായി നിർമ്മാർജ്ജനം ചെയ്യുന്നുണ്ടോയെന്നും ഉറപ്പാക്കും. സംസ്ഥാനത്ത് ഇപ്പോൾ ട്രെൻഡായി മാറിയിരിക്കുന്ന പച്ചകുത്തൽ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതായി ആരോഗ്യവകുപ്പ് സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് സുപ്രധാന നീക്കത്തിന് സർക്കാർ ഒരുങ്ങുന്നത്.

അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന ചില സംഘങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒരു മാനദണ്ഡവുമില്ലാതെ പച്ചകുത്തുന്നത് നിത്യകാഴ്ചയാണ്. പച്ചകുത്താൻ ഉപയോഗിക്കുന്ന സൂചിയും ട്യൂബുകളും അണുവിമുക്തമാക്കുന്നില്ല. ഒരു സൂചി തന്നെയാണ് നിരവധി പേർക്ക് ഉപയോഗിക്കുന്നത്. പച്ചകുത്തുന്നതിന് മുമ്പും ശേഷവും ശരീരഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണമെന്ന് ആരോഗ്യവകുപ്പ് നേരത്തെ നിർദ്ദേശിച്ചിരുന്നതാണ് . എന്നാൽ, ഇതൊന്നും പാലിക്കപ്പെടുന്നില്ല. വഴിയോരങ്ങളിൽ കാണുന്ന നാടോടികൾ നിസാര തുകയ്‌ക്ക് പച്ചകുത്തി നൽകുന്നത് പലരെയും ആകർഷിക്കുന്നുണ്ട്. കൃത്യമായി പരിശീലനം ലഭിച്ചവരും ആർട്ടിസ്‌റ്റുകളുമായവർക്ക് ഉയർന്ന പ്രതിഫലം നൽകേണ്ടവരുന്നതിനാലാണ് പലരും തെരുവ് കലാകാരൻമാരെ ആശ്രയിക്കുന്നത്. വൃത്തിഹീനമായ സാഹചര്യങ്ങളിൽ പച്ചകുത്തുന്നത് വിചാരിക്കുന്നതിലും അപ്പുറമുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് വിളിച്ചുവരുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിരവധി കേസുകൾ റിപ്പോർട്ട് ചെയ്‌തത് ഗൗരവം വർദ്ധിപ്പിക്കുന്നു.

ടാറ്റുവിന് ഉപയോഗിക്കുന്ന മഷി നിലവാരമില്ലാത്തതാണെങ്കിൽ അലർജി ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളുണ്ടാകും. പരിശീലനം ലഭിച്ച കലാകാരൻമാരും വിദഗ്ദ്ധരും ട‌െസ്‌റ്റ് ഡോസ് ചെയ്‌തിട്ടേ ശരീരഭാഗങ്ങളിൽ പച്ചകുത്തൽ ആരംഭിക്കൂ. എന്നാൽ, തെരുവ് വീഥികളിൽ ഇതൊന്നും പാലിക്കപ്പെടുന്നില്ല. അണുവിമുക്തമാകാത്ത സൂചികളും ഉപകരണങ്ങളും ഉപയോഗിക്കുമ്പോഴാണ് അണുബാധയുണ്ടാകുന്നത്. മഷിയിൽ നിന്നാണ് തൊലിപ്പുറത്ത് അണുബാധ പടരുന്നത്. കടുത്ത പനിയും ശരീരവേദനയും ഇതിന്റെ ലക്ഷണങ്ങളാണ്. ശ്രദ്ധിച്ചില്ലെങ്കിൽ ന്യുമോണിയയിലേക്ക് വഴിമാറും.

ആർട്ടിസ്‌റ്റുകൾക്ക് ലൈസൻസ് നൽകിയാൽ മാത്രം മാനദണ്ഡമാകില്ലെന്ന് തിരിച്ചറിയണം. പച്ചകുത്തൽ ചെയ്യുന്ന സ്ഥാപനങ്ങളിൽ ശക്തമായ നിരീക്ഷണം നടത്തേണ്ടിയിരിക്കുന്നു. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പാക്കണം. സൂചിയും ട്യൂബും മാലിന്യ നിർമ്മാർജ്ജന ചട്ടങ്ങൾ പാലിച്ചാണ് സംസ്‌ക്കരിക്കേണ്ടത്. അത് സ്ഥാപനത്തിന്റെ ഉത്തരവാദിത്വമാണ്. ഇത് ഉറപ്പാക്കാൻ ഹെൽത്ത് ഇൻസ്‌പെക്‌ടർമാരെ നിയോഗിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

കേരളത്തിന്റെ തെരുവിൽ ആയിരക്കണക്കിന് നാടോടികളാണ് പച്ചകുത്താനായി കാത്തിരിക്കുന്നത്. ഇവരെ എങ്ങനെ ഒഴിവാക്കുമെന്നതും ഗൗരവകരമായ വിഷയമാണ്. പൊലീസിന്റെ സഹായമില്ലാതെ ആരോഗ്യവകുപ്പിന് ഇവരെ നേരിടാനാവില്ല. ചെലവ് കുറവായതിനാൽ ചെറുപ്പക്കാർ ഉൾപ്പെടെ നിരവധി പേരാണ് പച്ചകുത്താൻ ഇവരെ സമീപിക്കുന്നത്. പൊതുസ്ഥലങ്ങളിൽ പച്ചകുത്താൻ എത്തുന്നവർക്ക് എതിരെയും നിയമനടപടി സ്വീകരിച്ചാൽ മാത്രമേ ഈ പ്രശ്‌നം പരിഹരിക്കാൻ കഴിയൂ.

ശരീരത്ത് ചെറിയ ചിഹ്‌നം, പൂക്കൾ, പേര് സൂചിപ്പിക്കുന്ന അക്ഷരങ്ങൾ എന്നിവയായിരുന്നു ടാറ്റുവിന്റെ ആദ്യ ട്രെൻഡ്. ഇപ്പോൾ ദേഹമാസകലം പച്ചകുത്തുന്നവർ വരെയുണ്ട്. ഇതോടെയാണ് ആരോഗ്യപ്രശ്‌നങ്ങളിലേക്ക് ചർച്ച എത്തിയത്. കേരളത്തിലേക്ക് പച്ചകുത്തൽ സംഘങ്ങൾ ഒഴുകി എത്തിയതോടെ ആരോഗ്യവകുപ്പ് ഇവരെ നിരീക്ഷിക്കാനും തുടങ്ങി. പച്ചകുത്തൽ നിരോധിക്കപ്പെടേണ്ടതല്ലെങ്കിലും കൃത്യമായ നിരീക്ഷണം വേണമെന്ന ചിന്താഗതിയായിരുന്നു ആരോഗ്യവകുപ്പിന്. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ടാറ്റു സ്‌റ്റുഡിയോകളും പിറവിയെടുത്തു. ടാറ്റു കുത്തുന്നവർക്കുണ്ടായ അണുബാധ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് വഴിമാറിയതോടെ ആരോഗ്യവകുപ്പ് വിഷയം ഗൗരവമായി എടുക്കുകയായിരുന്നു. ലൈസൻസ് നടപ്പാക്കുന്നതിന് പിന്നാലെ ശക്തമായ പരിശോധനകളും നടപടികളുമാണ് വേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FEATURE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.