SignIn
Kerala Kaumudi Online
Friday, 26 April 2024 12.19 PM IST

സംശയ നിഴലിൽ ഒരു മാസ്റ്റർ പ്ലാൻ

thodupuzja

ഏതൊരു നഗരത്തിനും ഒരു മാസ്റ്റർപ്ലാൻ അത്യാവശ്യമാണ്. വിദേശ രാജ്യങ്ങളിലെല്ലാം 100 വർഷം മുന്നിൽക്കണ്ടാണ് നഗരങ്ങൾ രൂപീകരിക്കുന്നത്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു പ്ലാനിംഗുമില്ലാതെ തോന്നിയതു പോലെ നിർമിക്കപ്പെട്ട 'നരകങ്ങളാണ് " നമ്മുടെ നഗരങ്ങൾ. മിക്കവയും ശബ്ദമലിനവും വൃത്തിഹീനവുമായിരിക്കും. ഗതാഗതക്കുരുക്ക് മൂലം ജനം വീർപ്പുമുട്ടും. കേരളത്തിൽ നഗരവികസനത്തിന് ടൗൺ പ്ലാനർമാർ മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കാറുണ്ടെങ്കിലും രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് പലതും നടപ്പിലാകാറില്ല. ഏകദേശം പത്തുവർഷത്തോളം തയ്യാറെടുത്ത് തൊടുപുഴ നഗരത്തിനായി തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ ഇപ്പോൾ പ്രധാന ചർച്ചാ വിഷയമാണ്. ചില വ്യക്തികൾക്ക് ഗുണം ചെയ്യുന്നതും സാധാരണക്കാർക്ക് ദുരിതവുമായി മാറുന്ന ഒട്ടേറെ കാര്യങ്ങൾ കരട് മാസ്റ്റർ പ്ലാനിലുണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം. നഗരസഭ കൗൺസിലർമാർ, വ്യാപാരികൾ, റസിഡന്റ്സ് അസോസിയേഷനുകൾ, വിവിധ രാഷ്ട്രീയ പാർട്ടികൾ തുടങ്ങി വിവിധ തലങ്ങളിൽ നിന്ന് ആക്ഷേപം ഉയർന്നു.

പുതിയ മാസ്റ്റർ പ്ലാനിൽ നഗരപ്രദേശത്തെ പ്രധാന റോഡുകൾക്ക് 24 മീറ്റർ വരെ വീതി വർദ്ധിപ്പിക്കണമെന്നാണ് ഒരു നിർദേശം. നിലവിൽ വെങ്ങല്ലൂർ- മങ്ങാട്ടുകവല നാലുവരി പാത മാത്രമാണ് 22 മീറ്റർ വീതിയുള്ളത്. ബാക്കി പ്രധാന റോഡുകളും ബൈപ്പാസുകളും 10 മീറ്റർ മുതൽ 16 മീറ്റർ വരെയാണ് വീതിയുള്ളത്. ഈ റോഡുകൾ എല്ലാം ഇനിയും 24 മീറ്റർ വരെ വീതി കൂട്ടണമെന്ന നിർദ്ദേശം പാലിക്കാൻ നിലവിലുള്ള കെട്ടിടങ്ങൾ പൊളിച്ചു നീക്കേണ്ടിവരും. മറ്റ് റോഡുകൾക്ക് 12, 18 മീറ്റർ വീതം വീതി കൂട്ടണമെന്നാണു നിർദേശം. ഇതിൽ പൊതുമരാമത്തിന്റെ കീഴിലുള്ള ചെറിയ റോഡുകളും മുനിസിപ്പൽ റോഡുകളും ഉൾപ്പെടും. ഇതിന് പല വാർഡുകളിലും നിലവിലുള്ള വീടുകളും മറ്റ് വാണിജ്യ ആവശ്യത്തിന് നിർമിച്ച കെട്ടിടങ്ങളും ഉൾപ്പെടെ പൊളിച്ചു നീക്കേണ്ടി വരും. നിലവിലുള്ള റോഡുകളുടെ വീതി വർദ്ധിപ്പിക്കാൻ കോടിക്കണക്കിന് രൂപയുടെ ഫണ്ട് വേണ്ടിവരും. മാസ്റ്റർ പ്ലാൻ നടപ്പാക്കാൻ ഫണ്ട് അനുവദിച്ചിട്ടില്ല. ഫലത്തിൽ ദീർഘകാലത്തേക്ക് നഗരത്തിലെ പ്രധാന റോഡുകളുടെ ഇരുവശങ്ങളിലുമുള്ള സ്ഥലങ്ങൾ മരവിപ്പിച്ച് ഇടുക എന്നല്ലാതെ മാസ്റ്റർ പ്ലാൻ കൊണ്ട് ജനങ്ങൾക്ക് യാതൊരു പ്രയോജനവും ലഭിക്കില്ലെന്നാണ് കരടിനെ എതിർക്കുന്നവരുടെ വാദം.

ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ള കരട് മാസ്റ്റർ പ്ലാൻ നിലവിൽ വന്നാൽ പ്ലാനിൽ നിർദേശിക്കപ്പെട്ട നിബന്ധനകൾക്ക് വിധേയമായി മാത്രമേ ടൗൺ പ്ലാനിങ് ആക്ട് അനുസരിച്ച് നഗരസഭയ്ക്ക് കെട്ടിട നിർമാണത്തിന് അനുമതി നൽകാൻ കഴിയൂ. മാസ്റ്റർ പ്ലാൻ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പൊതുജനങ്ങളുമായി ചർച്ച നടത്തിയിട്ടില്ല. കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് മുൻ ചെയർപേഴ്‌സൺ ഉൾപ്പെട്ട മുൻ കൗൺസിലിലെ മൂന്ന് അംഗ സമിതിയാണ് പുതിയ നിർദേശങ്ങൾ നടപ്പിലാക്കാൻ ചുക്കാൻ പിടിച്ചതെന്നാണ് ആക്ഷേപം. ഇതിൽ അന്നത്തെ മൂന്ന് മുന്നണികളിലെയും കൗൺസിലർമാർ ഉൾപ്പെട്ടിരുന്നു. മാസ്റ്റർ പ്ലാനിൽ ചില മേഖലകളിൽ വേണ്ടപ്പെട്ടവർക്കായി പാടം ഉൾപ്പെടെയുള്ള കൃഷി സ്ഥലം വ്യവസായ മിക്‌സഡ് സോൺ ആക്കി മാറ്റിയത് സംബന്ധിച്ചും പരാതിയുണ്ട്. തെനംകുന്ന് ഭാഗത്ത് മൂന്ന് ഏക്കറും നാലു വരി പാതയിൽ അഞ്ച് ഏക്കറും ഇത്തരത്തിൽ ഏറ്റെടുത്തിട്ടുണ്ട്. മുണ്ടേക്കല്ല് മണക്കാട് മേഖലയിൽ ചില ആളുകളുടെ ഉടമസ്ഥതയിലുള്ള എട്ട് ഏക്കർ നെൽപാടം മിക്‌സഡ് സോൺ ആക്കി. ഇതോടെ ഈ ഭാഗത്ത് നെൽപാടം ആയി കിടക്കുന്ന സ്ഥലം ഇനി വ്യവസായ ആവശ്യത്തിനോ മറ്റ് കാര്യങ്ങൾക്കോ യാതൊരു നിയന്ത്രണവുമില്ലാതെ ഉപയോഗിക്കാം. ചില വ്യക്തികളോടുള്ള വൈരാഗ്യം തീർക്കുന്നതിന് ഏക്കർ കണക്കിന് സ്ഥലം പാർക്കിംഗിന് എന്ന പേരിൽ മരവിപ്പിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്. ഇത്തരത്തിൽ മരവിപ്പിച്ച സ്ഥലത്ത് ഇവർക്ക് യാതൊരു നിർമാണ പ്രവർത്തനങ്ങളും നടത്താൻ സാധിക്കില്ല. മാത്രമല്ല സ്ഥലം ക്രയ വിക്രയം ചെയ്യുന്നതിനും സാധിക്കാതെ വരുന്നത് ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കും.

അതുപോലെ റോഡ് വീതി കൂട്ടാൻ നിർദേശിച്ചിരിക്കുന്ന ഭാഗത്ത് പുതിയ കെട്ടിടം പണിയാനും അനുമതി ലഭിക്കില്ല. അല്ലെങ്കിൽ നിർദേശിച്ചിരിക്കുന്ന മീറ്റർ അളന്ന് മാറ്റിയ ശേഷം വീണ്ടും നഗരസഭ ചട്ട പ്രകാരമുള്ള ദൂര പരിധി കൂടി ഇട്ട ശേഷം മാത്രമേ കെട്ടിടം നിർമിക്കാനാകൂ. ഇത് വികസനത്തെ 10 വർഷത്തേക്ക് പ്രതികൂലമായി ബാധിക്കുമെന്നാണ് പരാതി.

ഈ സാഹചര്യത്തിൽ കഴിഞ്ഞ ആഴ്ച നഗരസഭ കൗൺസിൽ ചേർന്ന് കരട് മാസ്റ്റർ പ്ലാൻ സംബന്ധിച്ച് ആക്ഷേപം നൽകാനുള്ള സമയപരിധി മൂന്ന് മാസത്തേക്ക് കൂടി നീട്ടണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് തദ്ദേശ വകുപ്പ് മന്ത്രി അംഗീകരിച്ചതായി അധികൃതർ പറയുന്നു. മൂന്ന് മണിക്കൂർ നീണ്ട കൗൺസിലിൽ മാസ്റ്റർ പ്ലാൻ സംബന്ധിച്ച ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നാണ് പ്രധാനമായും പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞത്. റോഡ് വീതി കൂട്ടുന്നതും വീടടക്കമുള്ള പുതിയ കെട്ടിടങ്ങളുടെ വിസ്തീർണം നിജപ്പെടുത്തിയതും സംബന്ധിച്ച കരടിലെ നിർദേശത്തേക്കുറിച്ചായിരുന്നു ഏറെയും ആക്ഷേപം. പ്ലാനിൽ പറയും പ്രകാരം റോഡിന്റെ വീതി കൂട്ടിയാൽ നിരവധി വീടുകളും കെട്ടിടങ്ങളും പൊളിക്കേണ്ടി വരും. കൂടാതെ 1000 ചതുരശ്ര അടി വരെയുള്ള വീടുകൾക്കേ അനുമതിയുള്ളൂവെന്ന തരത്തിലുള്ള പ്രചരണമുണ്ട്. അതേ സമയം ഇതേ പോലെ തന്നെ പറവൂർ നഗരസഭയിൽ മാസ്റ്റർ പ്ലാൻ സംബന്ധിച്ച് ആക്ഷേപം ഉയർന്നപ്പോൾ ഇത് മരവിപ്പിച്ച് പുതിയ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയതായി നഗരസഭ കൗൺസിലർമാർ ചൂണ്ടിക്കാട്ടുന്നു.

ഭാഷയും പ്രശ്നം

മാസ്റ്റർ പ്ലാൻ ഇംഗ്ലീഷ് ഭാഷയിലായതിനാൽ സാധാരണക്കാർക്ക് മനസിലാകുന്നില്ലെന്നാണ് മറ്റൊരു ആക്ഷേപം. ഇതിന്റെ മലയാളം പരിഭാഷ പ്രസിദ്ധീകരിക്കണമെന്നാണ് ആവശ്യം. എന്നാൽ കോടതി രേഖയായതിനാൽ ഇംഗ്ലീഷിലാണ് എല്ലാ മാസ്റ്റർ പ്ലാനുകളും തയ്യാറാക്കുന്നതെന്ന് ടൗൺ പ്ലാനർ പറയുന്നു. എങ്കിൽ നഗരസഭ പരിഭാഷപ്പെടുത്തണമെന്ന് കൗൺസിലിൽ ആവശ്യമുയർന്നു. എന്നാൽ, ഔദ്യോഗിക രേഖയായതിനാൽ ഇതിന് നിയമതടസമുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് സെക്രട്ടറി പറയുന്നത്.

11 വർഷം മുമ്പ്

തുടങ്ങിയ പ്ലാൻ
2010ലാണ് മാസ്റ്റർ പ്ലാനിന്റെ നടപടി തുടങ്ങിയത്. 2015ൽ പ്ലാൻ തയ്യാറാക്കി. 2017ൽ ഭേദഗതികളോടെ പ്ലാൻ അംഗീകരിച്ചു. 2019 ഒക്ടോബറിൽ വീണ്ടും ഭേദഗതി വരുത്തി. എന്നാൽ, പ്രസിദ്ധീകരിക്കേണ്ട കാലാവധി കഴിഞ്ഞതിനാൽ 2020 മാർച്ച് 17ൽ വീണ്ടും മാസ്റ്റർ പ്ലാൻ കൗൺസിൽ ചർച്ച ചെയ്തു അംഗീകരിച്ചു. അന്ന് യു.ഡി.എഫിനായിരുന്നു ഭരണം. ഇപ്പോഴത്തെ എൽ.ഡി.എഫ് ഭരണ സമിതി 2021 സെപ്തംബർ രണ്ടിന് കരട് പ്രസിദ്ധീകരിക്കാൻ വീണ്ടും തീരുമാനിച്ചു. തുടർന്ന് പ്രതിപക്ഷ കക്ഷികളും വ്യാപാരികളും വിവിധ സംഘടനകളും പ്ലാനിലെ നിർദേശങ്ങൾക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THODUPUZHA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.