SignIn
Kerala Kaumudi Online
Thursday, 25 April 2024 3.53 PM IST

കരുതൽ വേണം സ്റ്റാർട്ടപ്പുകൾക്ക്

start-up

ഒട്ടുമിക്ക മലയാളികളും 'സ്‌റ്റാർട്ടപ്പ്" എന്ന് കേൾക്കാൻ തുടങ്ങിയിട്ട് ഒരു ദശാബ്ദമേ ആയിട്ടുള്ളൂ . എറണാകുളം കളമശേരിയിലെ സ്‌റ്റാർട്ടപ്പ് വില്ലേജിന്റെ ഉദയത്തോടെയായിരുന്നു അത്. കേരളത്തിലെ യുവാക്കളെ സ്‌റ്റാർട്ടപ്പ് സംരംഭങ്ങളിലേക്ക് ആകർഷിക്കാനും തൊഴിലാളിയാവുകയല്ല,​ പുത്തൻ ആശയങ്ങളിലൂടെ സംരംഭകനും തൊഴിലുടമയും ആയിമാറുക എന്ന ചിന്തയിലേക്ക് നയിക്കാനും സ്‌റ്റാർട്ടപ്പ് വില്ലേജ് വഴിയൊരുക്കി.

പൊതു-സ്വകാര്യപങ്കാളിത്തമെന്ന പി.പി.പി ശൈലിയിലായിരുന്നു സ്‌റ്റാർട്ടപ്പ് വില്ലേജിന്റെ തുടക്കകാലം. പിന്നീടത് സർക്കാരിന്റേതായതോടെ യഥാർത്ഥത്തിൽ സ്‌റ്റാർട്ടപ്പുകളിലേക്കുള്ള ഫണ്ടിംഗ് കുറയുകയാണുണ്ടായത്. വീണ്ടും കേന്ദ്ര,​ സംസ്ഥാന ബഡ്‌ജറ്റുകൾ വിരുന്നെത്തുന്ന ഈ വേളയിൽ സ്‌റ്റാർട്ടപ്പുകൾക്ക് ഫണ്ടിംഗ് ഉറപ്പാക്കുന്നതിന് ഏറെ ശ്രദ്ധ നൽകേണ്ടതുണ്ട് .

വേണം ഫണ്ടിംഗ്

സ്‌റ്റാർട്ടപ്പുകൾക്ക് പ്രവർത്തിക്കാനാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഉയർത്താൻ സർക്കാർ,​ പ്രത്യേകിച്ച് സംസ്ഥാന സർക്കാർ നടപടികളെടുക്കുന്നുണ്ട്. ഇതിനായി നീക്കിവയ്ക്കുന്ന പണത്തിന്റെ മുന്തിയപങ്കും പോകുന്നത് കെട്ടിടങ്ങളുടെ നിർമ്മാണത്തിനും മറ്റുമാണെന്നത് പ്രത്യേകം ശ്രദ്ധിക്കണം. സ്‌റ്റാർട്ടപ്പുകൾക്ക് മൂലധനം ഉറപ്പാക്കാനാണ് മുഖ്യപരിഗണന നൽകേണ്ടത്. സ്‌റ്റാർട്ടപ്പ് മേഖലയ്ക്കായി വകയിരുത്തുന്ന തുക അവയുടെ പ്രവർത്തനത്തിന് തന്നെ ഉപകരിക്കുന്നു എന്ന് ഉറപ്പാക്കണം. സ്‌റ്റാർട്ടപ്പുകൾക്ക് പ്രവർത്തിക്കാൻ പുതിയ മന്ദിരങ്ങൾ തന്നെ വേണമെന്നില്ല. എറണാകുളത്ത് ഏലൂരിലും മറ്റും പഴയകെട്ടിടങ്ങൾ വെറുതെ കിടക്കുന്നുണ്ട്. അവ സ്‌റ്റാർട്ടപ്പുകളുടെ പ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടും.

സേവനങ്ങൾക്കും ഇൻസെന്റീവ്

വാഹനം,​ മൈക്രോ ചിപ്പ്,​ ബാറ്ററികൾ തുടങ്ങിയവയുടെ നിർമ്മാണവും മറ്റും പ്രോത്സാഹിപ്പിച്ച് ഇന്ത്യയെ മാനുഫാക്‌ചറിംഗ് ശക്തിയാക്കി മാറ്റാൻ കേന്ദ്രസർക്കാർ പ്രൊഡക്‌ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പി.എൽ.ഐ)​ സ്‌കീം പ്രഖ്യാപിച്ചിട്ടുണ്ടല്ലോ. സമാനമാതൃകയിൽ സർവീസ് ലിങ്ക്ഡ് ഇൻസെന്റീവ് (എസ്.എൽ.ഐ)​ സ്‌കീം ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചാൽ സ്‌റ്റാർട്ടപ്പുകൾക്ക് വലിയ കരുത്താകും.

നികുതി കുറയണം

സ്രോതസിൽ നിന്ന് ഈടാക്കുന്ന നികുതിയിൽ ഉൾപ്പെടെ (ടി.ഡി.എസ്)​ ഇളവുകൾ അനുവദിക്കാൻ കേന്ദ്ര ബഡ്‌ജറ്റ് തയ്യാറാകണം. ഇത് വൻതോതിൽ നിക്ഷേപം ഉയരാൻ സഹായിക്കും. സ്‌റ്റാർട്ടപ്പുകളിലേക്ക് നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്.ഡി.ഐ)​ ഒഴുകാനും ഇതുപകരിക്കും.

ആഭ്യന്തര നിക്ഷേപകരേക്കാൾ വൻതോതിൽ പണം നിക്ഷേപിക്കാൻ പ്രവാസികൾ തയ്യാറാണ്. അവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകണം. ഇപ്പോഴും നിരവധി പ്രവാസികൾ സ്ഥലംവാങ്ങാനും വീടുവയ്ക്കാനും മറ്റുമാണ് ആദ്യപരിഗണന കൊടുക്കുന്നത്. ഇതൊഴിവാക്കാൻ ആനുകൂല്യങ്ങൾ ലഭ്യമാക്കേണ്ടത് അനിവാര്യമാണ്.

വിദ്യാർത്ഥികളെ ആകർഷിക്കണം

കുസാറ്റ്,​ അമൃത,​ സി.ഇ.ടി തുടങ്ങി ഒട്ടേറെ പ്രമുഖ കോളേജുകൾ സ്‌റ്റാർട്ടപ്പുകൾ ആരംഭിക്കാൻ വിദ്യാർത്ഥികൾക്ക് വലിയ പിന്തുണ നൽകുന്നുണ്ട്. ഇവർക്ക് ഫണ്ടിംഗ് പ്രതിസന്ധിയുണ്ടാകാതെ ശ്രദ്ധിക്കാൻ സർക്കാരിന് കഴിയണം. വിദ്യാർത്ഥികളിൽ സ്‌റ്റാർട്ടപ്പ് അഭിരുചി വളർത്തുകയാണ് മറ്റൊരു പ്രധാനകാര്യം.

ഉദാഹരണത്തിന് ബി.ടെക് കഴിയുന്ന ഒരാൾ ഇപ്പോഴും ആദ്യ പരിഗണന കൊടുക്കുന്നത് ഐ.ടി കമ്പനിയിൽ ജോലിക്ക് ചേരാനാവും. വിദ്യാർത്ഥികളെ സ്‌റ്റാർട്ടപ്പുകളിലേക്ക് ആകർഷിക്കാൻ പദ്ധതികൾ വേണം.

വൈദഗ്ദ്ധ്യമുള്ള ജീവനക്കാരെ ലഭിക്കുന്നില്ലെന്നത് സ്‌റ്റാർട്ടപ്പുകൾ നേരിടുന്ന വലിയ വെല്ലുവിളിയാണ്. ആശയപരമായും പ്രവർത്തനപരമായും വൈദഗ്ദ്ധ്യമുള്ള വിദ്യാർത്ഥികളെ കോളേജിൽ നിന്ന് തിരഞ്ഞെടുത്ത് സ്‌റ്റാർട്ടപ്പുകളിലേക്ക് എത്തിക്കാനുള്ള നടപടികളും ഉണ്ടാവണം.

കൺസൾട്ടിംഗ് ഉറപ്പാക്കണം

വലിയ തോതിൽ ഫണ്ട് ലഭിക്കുന്ന സ്‌റ്റാർട്ടപ്പുകളിൽ തന്നെ മിക്കവയും അത് എങ്ങനെ കൈകാര്യം ചെയ്യുമെന്ന് അറിയാതെ പ്രതിസന്ധിയിലാകുന്നത് നാം കാണാറുണ്ട്. ഇതൊഴിവാക്കാൻ വിദഗ്ദ്ധരായ ഗൈഡുകളുടെ സേവനം ഉറപ്പാക്കാൻ സർക്കാരിന് കഴിയണം. ഈ രംഗത്ത് കൺസൾട്ടേഷൻ അനിവാര്യമാണ്.

ഇടപെടൽ അനിവാര്യം

ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യയിലെ സ്‌റ്റാർട്ടപ്പുകളിലേക്കുള്ള നിക്ഷേപത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. സ്‌റ്റാർട്ടപ്പുകളിലേക്കുള്ള ഫണ്ടിംഗ് 2022ൽ കുത്തനെ കുറഞ്ഞു.

കഴിഞ്ഞവർഷം പുതിയ യുണീകോൺ കമ്പനികളുടെ എണ്ണം 2021ലേതിനേക്കാൾ പകുതിയായി. 100 കോടി ഡോളറിനുമേൽ നിക്ഷേപകമൂല്യമുള്ളതും സ്വകാര്യ ഉടമസ്ഥതയിലുള്ളതുമായ സ്ഥാപനങ്ങളെയാണ് യുണീകോണുകൾ എന്ന് വിശേഷിപ്പിക്കുന്നത്. 2021ൽ 46 യുണീകോണുകൾ ഇന്ത്യയിൽ പിറന്നിരുന്നു. 2022ൽ ഇത് 51 ശതമാനം കുറഞ്ഞ് 22 ആയി. 2022ന്റെ രണ്ടാംപാതിയിൽ പിറന്നത് വെറും നാല് യുണീകോണുകളാണ്. ഒക്‌ടോബർ-ഡിസംബർ പാദത്തിൽ ഒറ്റ പുതിയ യുണീകോൺ പോലും ഉണ്ടായില്ല.

ഇന്ത്യൻ സമ്പദ്‌ഘടന ശക്തമാണെന്നും സ്‌റ്റാർട്ടപ്പുകൾക്ക് വളരാനുള്ള മികച്ച മണ്ണ് ഇവിടെയുണ്ടെന്നും അനുകൂല പ്രഖ്യാപനങ്ങളിലൂടെ ബഡ്‌ജറ്റിൽ വ്യക്തമാക്കാനായാൽ കൂടുതൽ നിക്ഷേപം ആകർഷിക്കാനാകും. പുതിയ തൊഴിലവസരങ്ങളും സൃഷ്‌ടിക്കാം. പുത്തൻ ആശയങ്ങളും സാങ്കേതികവിദ്യകളും വിപണിയിലെത്തുന്നത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്കും സേവനമേഖലയ്ക്കും പുത്തൻ ഊർജ്ജവുമാകും.

(ലേഖകൻ സ്‌റ്റാർട്ടപ്പ് സംരംഭകനും പ്രൊഫഷണൽ ബ്ലോഗറുമാണ് )​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNION BUDGET, STARTUP
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.