SignIn
Kerala Kaumudi Online
Saturday, 27 April 2024 12.01 AM IST

ഗുരു കൽപ്പനയിൽ രൂപംകൊണ്ട തൊഴിലാളിയൂണിയൻ

gurubava

കാലം.1922,മാർച്ച് 31.

" ആലപ്പുഴ പട്ടണത്തിന്റെ വടക്കുവശത്തായി ദേശീയപാതയുടെ പടിഞ്ഞാറെ ഓരം ചേർന്നുകിടക്കുന്ന കളപ്പുര ക്ഷേത്രമൈതാനം. ക്ഷേത്രത്തിന്റെ പടിഞ്ഞാറുവശത്തായി ഒരു ചെറിയവേദി ഉയർന്നു. കേരള ചരിത്രത്തിലെ പ്രഥമ തൊഴിലാളിയോഗത്തിന് അവിടെ കളമൊരുങ്ങുകയായിരുന്നു. പകൽ യോഗം ചേർന്നാൽ പൊലീസ് നടപടി ഉണ്ടാകുമെന്നതിനാൽ സന്ധ്യക്കുശേഷമായിരുന്നു യോഗം.

ഒറ്റയൊറ്റയായി തൊഴിലാളികൾ യോഗസ്ഥലത്തെത്തി മണൽപ്പരപ്പിൽ ഉപവിഷ്ടരായി. ക്ഷണിതാക്കളായ അഭിഭാഷകൻ ടി.എസ്.മുഹമ്മദ്, ഡോ.എം.കെ.ആന്റണി, ബി.വി.ബാപ്പുവൈദ്യർ ടി.സി.കേശവൻവൈദ്യർ എന്നിവരെത്തിയതോടെ റാന്തൽവിളക്ക് തെളിഞ്ഞു. എങ്ങനെയാണ് യോഗം തുടങ്ങേണ്ടതെന്നോ, നടപടിക്രമങ്ങൾ എന്തൊക്കെയാണെന്നോ ആർക്കും ഒരു നിശ്ചയവുമില്ലായിരുന്നു. മുന്നൂറിനടുത്ത് തൊഴിലാളികൾ യോഗത്തിനെത്തിയിരുന്നു. അപ്പോൾ സദസിലേക്ക് കാവി വസ്ത്രധാരിയായ ഒരു യുവസന്യാസി കടന്നുവന്നു.'ഗുരുദേവൻ,ഗുരുദേവൻ ' എന്ന് ആരോ വിളിച്ചുപറഞ്ഞു. എന്നാൽ അത് സ്വാമി സത്യവ്രതനാണെന്ന് കേശവൻ വൈദ്യർ പരിചയപ്പെടുത്തി.

താൻ തണ്ണീർമുക്കത്തുനിന്നും വരികയാണെന്നും ശ്രീനാരായണഗുരുദേവൻ അവിടെയുണ്ടെന്നും സത്യവ്രതസ്വാമി സംഘാടകനായ വാടപ്പുറം ബാവയോട് പറഞ്ഞു. ഗുരുദേവന്റെ കൽപ്പനപ്രകാരമാണ് അവിടെ വന്നതെന്നും തൊഴിലാളിസംഘം രൂപീകരിക്കുന്നതിനായി യോഗം കൂടുന്നതായി ഗുരുദേവൻ അരുളിചെയ്തുവെന്നും സ്വാമി പറഞ്ഞു. അന്ന് രൂപംകൊള്ളുന്ന പ്രസ്ഥാനം ഭാവിയിൽ ലോകപ്രശസ്ത സംഘമായി വളർന്ന് അഭിവൃദ്ധി പ്രാപിക്കുമെന്നും ഗുരുവിന്റെ അനുഗ്രഹവും ആശീർവാദവും അതിന്റെ പ്രവർത്തകരെ അറിയിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സത്യവ്രതസ്വാമി വ്യക്തമാക്കി. ആദ്യത്തെ സംഭാവനയായി ഒരുരൂപ വെള്ളിക്കാശ് തന്നുവിട്ടിട്ടുണ്ടെന്നും സ്വാമി പറഞ്ഞപ്പോൾ വാടപ്പുറം ബാവയുടെ കണ്ണുകൾ ഭക്തിപാരവശ്യത്താൽ നിറഞ്ഞൊഴുകി. ഇരുകൈകളും കൂപ്പി ബാവനിന്നു."

തൊഴിലാളി പ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ സുവർണലിപികളാൽ രേഖപ്പെടുത്തേണ്ട ചരിത്രദിനമായിരുന്നു അത്. നമ്മുടെ നാട്ടിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിനും,ഐക്യകേരളപ്പിറവിക്കും മുമ്പ് ജന്മമെടുത്ത തൊഴിലാളി യൂണിയനായ തിരുവിതാംകൂർ ലേബർ യൂണിയന്റെ ഉദയമായിരുന്നു അന്ന് സംഭവിച്ചത്. ശ്രീനാരായണ ഗുരുദേവന്റെ ആശീർവാദം മാത്രമായിരുന്നില്ല ആ പ്രസ്ഥാനത്തിന് ലഭിച്ചത്. അങ്ങനെയൊരു സംഘടന രൂപീകരിക്കാൻ വാടപ്പുറം ബാവയെ പ്രേരിപ്പിച്ചതുതന്നെ ഗുരുദേവനായിരുന്നു. വാടപ്പുറം ബാവ ഫൗണ്ടേഷൻ പ്രസിഡന്റ് സജീവ് ജനാർദ്ദനൻ എഴുതിയ 'വാടപ്പുറം ബാവ തിരസ്കരിക്കപ്പെട്ട വിപ്ളവനായകൻ' എന്ന ജീവചരിത്ര ഗ്രന്ഥത്തിൽ ഇതെല്ലാം വിശദമായി പ്രതിപാദിക്കുന്നുണ്ട് .

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പിൽക്കാലത്ത് ഊർജ്ജമായിമാറിയ കയർത്തൊഴിലാളികളുടെ , അന്നത്തെ മൃഗതുല്യമായ ജീവിതാവസ്ഥയാണ് വാടപ്പുറം ബാവയെന്ന വലിയ മനുഷ്യനെ അതിനെതിരെ പോരാടാൻ പ്രേരിപ്പിച്ചത്. ബ്രിട്ടീഷുകാർ ആലപ്പുഴയിൽ സ്ഥാപിച്ച കയർഫാക്ടറികളിൽ പണിയെടുക്കുന്നവർക്ക് തുച്ഛമായ വേതനവും ജോലിക്കൂടുതലുമായിരുന്നു. സായിപ്പന്മാർക്കു പുറമേ നാടൻ സായിപ്പന്മാരുടെ ആട്ടുംതുപ്പും വേറെയും. കയർഫാക്ടറി തൊഴിലാളിയായ ബാവ തനിക്ക് നേരിട്ടുബോദ്ധ്യമായ സംഭവങ്ങളിൽ നിന്നാണ് തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് തടയണമെന്ന് തീരുമാനിക്കുന്നത്. ബ്രിട്ടീഷുകാർ ആലപ്പുഴയിൽ ആദ്യമായി സ്ഥാപിച്ച കയർഫാക്ടറിയായിരുന്നു ഡെറാസ് മെയിൽ. പിന്നീട് ആസ്പിൻവാൾ കമ്പനി,പിയേഴ്സ് ലസ്ലി തുടങ്ങി അനവധി കമ്പനികൾ തുടങ്ങി. സൂര്യനുദിക്കും മുൻപേ ജോലിക്കെത്തി എല്ലുമുറിയെ പണിയെടുത്താലും 25 പൈസയാണ് കൂലി. ഇതിനെതിരെ പണിമുടക്ക്,ഘെരാവോ തുടങ്ങിയ പ്രതിഷേധങ്ങൾ ബാവയുടെ നേതൃത്വത്തിൽ നടത്തിയെങ്കിലും കമ്പനി അധികൃതരും ജന്മി നാടുവാഴികളും പൊലീസുമെല്ലാം എതിരായതിനാൽ ഒന്നും വിജയിച്ചില്ല.

ആ വേളയിലാണ് ശ്രീനാരായണഗുരുദേവൻ 1920 മാർച്ച് 15 ന് ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്രത്തിലെത്തിയത്. ഗുരുദേവൻ ഒരു പരിഹാരമാർഗം നിർദ്ദേശിക്കുമെന്നു പറഞ്ഞ് ടി.സി.കേശവൻ വൈദ്യരാണ് ബാവയെ കൂട്ടിക്കൊണ്ടുപോയത്. ഗുരുദേവനു മുന്നിൽ തൊഴിലാളികളുടെ അവസ്ഥ ബാവ വിശദീകരിച്ചു. രക്ഷിക്കണമെന്നും സ്വാമികൾ ഒരു രക്ഷാമാർഗം ഉപദേശിക്കണമെന്നും കൈകൂപ്പി ബാവ അപേക്ഷിച്ചു. അല്പനേരത്തെ നിശബ്ദതയ്ക്കുശേഷം " നാം അരുളുന്നത് നിങ്ങൾക്ക് രക്ഷയാകുമോ?' എന്നു ഗുരുദേവൻ ചോദിച്ചു.ഗുരു കൽപ്പിക്കുന്നതെന്തും സ്വീകാര്യമാണെന്ന് ബാവയും വൈദ്യരും ഒരുപോലെ പറഞ്ഞു.എങ്കിൽ നാം കൽപ്പിക്കുന്നു.' തൊഴിലെടുക്കുന്നവരുടെ ഒരു സംഘം ഉണ്ടാക്കുക. സംഘത്തിന്റെ ശക്തിയിൽ കരുത്തുള്ളവരും സ്വതന്ത്രരും ആകട്ടെ.' ഗുരുവിന്റെ നയനങ്ങൾ ജ്വലിക്കുന്നതുപോലെ ബാവയ്ക്കുതോന്നി.

അങ്ങനെ തിരുവിതാംകൂർ ലേബർ യൂണിയന് തുടക്കമായി. ഡോ.എം.കെ.ആന്റണിയായിരുന്നു പ്രസിഡന്റ് സെക്രട്ടറി വാടപ്പുറം ബാവയും. എമ്പയർ കയർഫാക്ടറിയിലെ തൊഴിലാളികളെ മാത്രം ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു

ലേബർ യൂണിയൻ രൂപീകരിച്ചത്. വിവിധ കമ്പനികളിലെ തൊഴിലാളികൾ കൂടി അംഗങ്ങൾ ആയതോടെ സംഘടനയ്ക്കു വിശാലമായ ഒരു പേര് വേണമെന്ന ആവശ്യം ഉയർന്നു. ലേബർ യൂണിയൻ അതോടെ ലേബർ അസോസിയേഷനായി മാറി. തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ വളർച്ച വ്യവസായ പ്രമുഖർക്ക് വെല്ലുവിളിയായി. കമ്മ്യൂണിസ്റ്റ് പാർടിയുടെ ആവി‌ർഭാവത്തോടെ സംഘടനയെ വരുതിയിലാക്കാനുള്ള പ്രവർത്തനങ്ങൾ സജീവമായി. ഒടുവിൽ താൻ ചോരനീരാക്കിയ പ്രസ്ഥാനത്തിൽ നിന്ന് ബാവയ്ക്കു പുറത്തുപോകേണ്ടിവന്നു. ഇപ്പോൾ എ.ഐ.ടി.യുസിയുടെ നിയന്ത്രണത്തിലാണ് ലേബർ അസോസിയേഷൻ. അസോസിയേഷന്റെ അമ്പതാം വാർഷിക സമ്മേളനം 1972 ൽ നടന്നപ്പോൾ അന്ന് മുഖ്യമന്ത്രിയായിരുന്ന സി.അച്യുതമേനോൻ ബാവയെ ഏറെ പ്രകീർത്തിച്ചു സംസാരിച്ചു. ബാവയുടെ നേതൃത്വത്തിൽ ആരംഭിച്ച തൊഴിലാളിവർഗമുന്നേറ്റം ഇന്ത്യൻ സ്വാതന്ത്യസമരത്തിന്റെ ഭാഗമായിരുന്നുവെന്നാണ് അച്യുതമേനോൻ അന്നു പറഞ്ഞത്. ബാവയെ പക്ഷേ കമ്മ്യൂണിസ്റ്റ് പാർട്ടികൾ അവഗണിക്കുന്ന കാഴ്ചയാണ് പിൽക്കാലത്ത് കണ്ടത്. ഇപ്പോൾ ലേബർ അസോസിയേഷന്റെ ശതാബ്ദി സമാപനത്തിലേക്ക് കടക്കുകയാണ്. സജീവ് ജനാർദ്ദനൻ എന്ന ട്രേഡ് യൂണിയൻ നേതാവ് മാത്രമാണ് ഇപ്പോഴും ബാവയുടെ സേവനങ്ങളെ മലയാളി സമൂഹം മറക്കാതിരിക്കാനായി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടുപോകുന്നത്.

അവസാനമായി ഗുരുദേവനെ ശിവഗിരിയിൽ വച്ചുകണ്ടപ്പോൾ ബാവയോട് ഗുരു ചോദിച്ചു സംഘടന എങ്ങനെ പ്രവർത്തിക്കുന്നു' .നന്നായി പ്രവർത്തിക്കുന്നുവെന്ന മറുപടി കേട്ടപ്പോൾ. പ്രയോജനപ്പെട്ടുവോ എന്നായി ഗുരുവിന്റെ അടുത്ത ചോദ്യം. ഗുരുവിന്റെ അനുഗ്രഹത്താലെന്നു പറഞ്ഞപ്പോൾ . ' എല്ലാവരുടെയും വിശ്വാസം ആർജ്ജിച്ച് മുന്നോട്ടു പോകുക. വരാൻ പോകുന്നത് തൊഴിലാളികളുടെ യുഗമാണെന്നായിരുന്നു ' ദീർഘവീക്ഷണത്തോടെയുള്ള ഗുരുദേവന്റെ മറുപടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VADAPPURAM BAVA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.