കവിതയിലും സിനിമാ ഗാനങ്ങളിലും ഒന്നാന്തരം വിപ്ളവകാരിയായിരുന്ന വലയാർ രാമവർമ്മ തനി ഭക്തിഗാനങ്ങളിലൊഴികെ, പാട്ടുകളിൽ ദൈവത്തെ പരാമർശിക്കുന്ന പലേടത്തും നടത്തിയ കുസൃതിപ്രയോഗങ്ങളുടെ കൗതുകത്തിന്, അദ്ദേഹം വിടവാങ്ങി നാല്പത്തിയെട്ടു വർഷം പിന്നിടുമ്പോഴും തെല്ലും മങ്ങലില്ല.
പ്രപഞ്ചസ്രഷ്ടാവാണ് ദൈവമെന്ന സങ്കല്പത്തിന്റെ മുഖത്തുനോക്കി വയലാർ പാടുന്നതു കേൾക്കുക: ഇതിഹാസങ്ങൾ ജനിക്കും മുമ്പേ, ഈശ്വരൻ ജനിക്കും മുമ്പേ.... പ്രകൃതിയും കാലവും ഒരുമിച്ചുപാടി, പ്രേമം ദിവ്യമാമൊരനുഭൂതി...! (ചിത്രം: ചുവന്ന സന്ധ്യകൾ). പ്രകൃതിയേയും കാലത്തെയും കമിതാക്കളാക്കിയ കവി, അവരുടെ പ്രണയത്തിനും ശേഷമാണ് ഈശ്വരൻ ജനിച്ചതെന്ന് സ്ഥാപിക്കുകയും ചെയ്യുന്നു. സർവവും സൃഷ്ടിച്ചത് ഈശ്വരനാണെന്ന വിശ്വാസത്തെ വയലാർ പൊളിച്ചടുക്കുന്നത് എത്ര ഭാവാത്മകമായാണ്!
ഭക്തകോടികൾക്ക് അനുഗ്രഹദായകരായ ദൈവങ്ങളെക്കുറിച്ച് ഒരു നിസ്സഹായ മനസിന്റെ പാട്ട് ഇങ്ങനെ: കണ്ണുതുറക്കാത്ത ദൈവങ്ങളേ, കരയാനറിയാത്ത.... ചിരിക്കാനറിയാത്ത കളിമൺ പ്രതിമകളേ...! (ചിത്രം: അഗ്നിപുത്രി). ഇനി 'ശരശയ്യ' എന്ന ചിത്രത്തിലെ ഗാനം നോക്കുക: ' നീലാംബരമേ... താരാപഥമേ... ഭൂമിയിൽ ഞങ്ങൾക്ക് ദുഖങ്ങൾ നൽകിയ ദൈവമിപ്പൊഴും അവിടെയുണ്ടോ?' വയലാറിന്റേത് ഒരു ഒന്നൊന്നര ചോദ്യം തന്നെ!
ഇതേ പാട്ടിൽത്തന്നെ, കണ്ണീരിവിടെ കടലായി, ഞങ്ങൾ കണ്ടിട്ടൊരുപാടു നാളായി' എന്നൊരു വരിയുണ്ട്.
ഇയാളെ കണ്ടിട്ട് ഒരുപാട് നാളായല്ലോ എന്ന് നമ്മൾ സാധാരണ പരിഭവം പറയുന്നതു പോലെ തോന്നും,
ദൈവത്തിനെ കണ്ടിട്ട് ഒരുപാടു നാളായി എന്നു കേൾക്കുമ്പോൾ! മറ്റൊന്ന് ഇങ്ങനെ: 'കർപ്പൂരവിളക്കുമായ് നിൽക്കുന്ന ഞങ്ങളെ, കടക്കണ്ണെറിയാറുണ്ടോ?.... ദൈവം കടക്കണ്ണെറിയാറുണ്ടോ?' നമ്മളെ
ഒന്നു മൈൻഡ് ചെയ്യുന്നതു പോലുമില്ലല്ലോ എന്ന് ധ്വനിപ്പിക്കുന്നതു പോലെയല്ലേ, കടക്കണ്ണെറിയാറുണ്ടോ എന്ന ആ സുന്ദരപ്രയോഗം?
അമ്മയായിരുന്നു ജീവിതത്തിൽ വയലാറിന് എല്ലാം. അമ്മമ്മാരെക്കുറിച്ചുള്ള ഗാനങ്ങളിൽ മാതാ പിതാ ഗുരു ദൈവം എന്ന ക്രമസങ്കല്പം കവി പൂർണ്ണമായി പ്രയോഗിച്ചിരിക്കുന്നതും ശ്രദ്ധേയം.
അമ്മേ, അമ്മേ, അവിടുത്തെ മുന്നിൽ
ഞാനാര്, ദൈവമാര്?...
അയിരൂർ സദാശിവൻ പാടിയ, ദേവരാജൻ മാസ്റ്ററുടെ കൈയൊപ്പു പതിഞ്ഞ ഈ ഗാനം വിശദമായി പരിശോധിച്ചാൽ ചിന്തയോടൊപ്പം കുറെ ചിരിയും കണ്ടെത്താം. 'ആദിയിൽ മാനവും ഭൂമിയും തീർത്തത് ദൈവമായിരിക്കാം. ആറാം നാളിൽ മനുഷ്യനെത്തീർത്തതും ദൈവമായിരിക്കാം!' ഇത്രയും പ്രസ്താവിച്ചതിനു ശേഷം വയലാറിലെ തനി യുക്തിവാദി പടികടന്നു വരുന്നത് നോക്കുക: 'ആ ദൈവത്തെ പെറ്റുവളർത്തിയതമ്മയല്ലോ അമ്മ, ആ ദൈവത്തെ മുലപ്പാലൂട്ടിയതമ്മയല്ലോഅമ്മ!'
പ്രകൃതിയുടെ ഉപാസകനായ വയലാർ കിട്ടിയ സന്ദർഭങ്ങളിലെല്ലാം പ്രകൃതിയെ ആവോളം വാഴ്ത്തിപ്പാടിയിട്ടുണ്ട്: 'പുഴകൾ... മലകൾ... പൂവനങ്ങൾ... ഭൂമിക്കു കിട്ടിയ സ്ത്രീധനങ്ങൾ!' ഇത്രയും വർണ്ണിച്ചതിനു ശേഷം, പ്രകൃതിയാണ് എല്ലാമെന്ന് സ്ഥാപിക്കുവാൻ അനുപല്ലവിയിലും ചരണത്തിലും വയലാർ ശ്രമിക്കുന്നതാണ് പിന്നെ നമ്മൾ കാണുന്നത്. ആ നിഷ്കളങ്ക പ്രസ്താവന ഇങ്ങനെ: 'ഇവിടമാണിവിടമാണിതിഹാസ രൂപിയാം... ഈശ്വരനിറങ്ങിയ തീരം! '
വയലാറിന്റെ മാസ്റ്റർ പീസ് ആണ് അച്ഛനും ബാപ്പയും എന്ന ചിത്രത്തിലെ ഈ ഗാനം: ' മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു.... മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണു പങ്കുവച്ചൂ.... മനസ്സ് പങ്കുവച്ചൂ...' തത്വചിന്താപരമായ ഗാനമായി ഗണിക്കപ്പെടുന്ന ഈ ഗാനത്തിൽ എന്തെങ്കിലും നർമ്മം വയലാർ ഒളിപ്പിച്ചു വച്ചിട്ടുണ്ടോ? ഒരു തികഞ്ഞ ഈശ്വരവിശ്വാസിയോട് നമ്മൾ ചോദിക്കുന്നുവെന്ന് കരുതുക: മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു- ശരിയല്ലേ? ശരിയാണെന്ന് അയാൾ പറയും.
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു- ശരിയല്ലേ?
വളരെ ശരിയാണ് എന്നാവും ഉത്തരം! ഇതു രണ്ടും ശരിയാണെങ്കിൽ മനുഷ്യൻ ദൈവങ്ങളെ സൃഷ്ടിച്ചു എന്ന് പറഞ്ഞുകൂടേ?
അങ്ങനെ നേരിട്ടു പറഞ്ഞാൽ വിശ്വാസികൾ അംഗീകരിക്കുമോ? ആ പാട്ടു തന്നെ ജനം തിരസ്കരിച്ചേനേ! അത് അറിയാവുന്നതുകൊണ്ടല്ലേ, മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു എന്നീ രണ്ട് നിർദോഷ പ്രസ്താവങ്ങളിലൂടെ തന്റെ യുക്തിവാദം ഭംഗ്യന്തരേണ വയലാർ സർവരെയുംകൊണ്ട് അംഗീകരിപ്പിച്ചെടുത്തത് ! ആദരം മഹാകവേ !
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |