SignIn
Kerala Kaumudi Online
Saturday, 27 April 2024 10.42 AM IST

ദിശയറിഞ്ഞ നായകൻ

vellapally-natesan

നാഥനില്ലാതെ ജഡാവസ്ഥയിലായ ഒരു സമുദായത്തെ ജീവസുറ്റതാക്കി ഉയിർത്തെഴുന്നേല്പിക്കാൻ ഇരുപത്തയഞ്ച് വർഷത്തിനു മുമ്പ് ബലിഷ്ഠമായ കൈയും നെഞ്ചുറപ്പുള്ള ശരീരവും മൂർച്ചയേറിയ ജിഹ്വയുമായി ഒരു നായകൻ തുനിഞ്ഞിറങ്ങി - വെള്ളാപ്പള്ളി കേശവൻ നടേശൻ എന്ന വെള്ളാപ്പള്ളി നടേശൻ. ആ വരവ് ഒരു 'യുഗത്തിന്റെ" തുടക്കമായിരുന്നു. സമുദായോദ്ധാരണത്തിന്റെ യുഗം. ഈഴവർക്ക് കേരളത്തിന്റെ സാമൂഹിക - സാംസ്‌കാരിക - രാഷ്ട്രീയ ഭൂമികയിൽ അനിഷേധ്യമായ സ്ഥാനമുണ്ടെന്ന് 'വീണ്ടുമൊരിക്കൽ കൂടി" ഓർമ്മിപ്പിക്കാനും യുഗപുരുഷനായ ശ്രീനാരായണ ഗുരുദേവനാൽ ഉദ്ധാരണം ചെയ്ത ഒരു സമൂഹത്തെ ഉറക്കത്തിൽ നിന്നും 'വീണ്ടുമുണർത്തി"ക്കൊണ്ടുവന്ന് കേരളത്തിന്റെ ബോധമണ്ഡലത്തിൽ പ്രതിഷ്ഠിക്കാനും വെള്ളാപ്പള്ളി നടേശനെന്ന നവയുഗശില്‌പിക്കു സാധിച്ചു.

കേരള സമൂഹത്തിലെ ഭൂരിഭാഗം വരുന്ന ഒരു സമുദായത്തിന്റെ ആവേശകരമായ മുന്നേറ്റത്തിന് അടിത്തറപാകിയ നിശ്ചയദാർഢ്യത്തിന്റെയും നിർഭയത്വത്തിന്റെയും നേതൃപാടവത്തിന്റെയും ആത്മാർത്ഥതയുടെയും കരുതലിന്റെയും അതുല്യപ്രതീകമായി മാറി ആ അസാധാരണനായ 'സാധാരണ മനുഷ്യൻ." ആർ. ശങ്കർ തുടങ്ങിവച്ച് പിന്നീട് മൃതപ്രായമായ എസ്.എൻ.ഡി.പി യോഗത്തെയും എസ്.എൻ ട്രസ്റ്റിനെയും തന്റെ കർമ്മകുശലതയിലൂന്നിയ 'കായകല്‌പചികിത്സ" നൽകി യൗവനയുക്തമാക്കി. തന്റെ കാലത്തെ നിയന്ത്രിച്ച മഹാവ്യക്തിത്വം യോഗനേതൃത്വത്തിന്റെ അമരത്ത് എത്തിയതിന്റെ രജതജൂബിലി ആഘോഷിക്കുമ്പോൾ കേരളത്തിന്റെ ഭരണചക്രം തിരിക്കുന്നവർ തന്നെ ആശംസകൾ അർപ്പിക്കുകയാണ്. ഒപ്പം അദ്ദേഹം നയിക്കുന്ന ഈടുറപ്പുള്ള ഒരു സമുദായത്തിന്റെ അസ്‌തിത്വം കേരളത്തിന്റെ രാഷ്ട്രീയ - സാമൂഹിക നിലനില്‌പിന് അത്യന്താപേക്ഷിതവും അനിവാര്യവുമാണെന്ന ബോദ്ധ്യവും നല്‌കുന്നു. എസ്.എൻ.ഡി.പി യോഗത്തിന്റെ ജനകീയത വിപുലീകരിക്കുകയും പാർശ്വവത്‌ക്കരിക്കപ്പെട്ട സമുദായത്തെയും സമുദായാംഗങ്ങളെയും പിടിച്ചുണർത്തുകയും എന്ന തന്റെ പ്രഥമ ദൗത്യം വിജയകരമായി അദ്ദേഹം നടപ്പിലാക്കിയതാണ് സമുദായോദ്ധാരണത്തിന്റെ ആദ്യത്തെ ചുവടുവയ്‌പ്.

ഗുരുദേവദർശനത്തെ മുമ്പെങ്ങും ഇല്ലാത്തവിധം ജനകീയമാക്കുന്നതിന് അദ്ദേഹം ചെയ്ത നിസ്‌തുലമായ സംഭാവന സമുദായാംഗങ്ങളെ ഏകോപിപ്പിക്കുന്നതിലേക്ക് നയിച്ചു. തന്റെ വ്യക്തിപരവും സംഘടനാപരവുമായ ചുമതലയാണതെന്ന് അദ്ദേഹം വിശ്വസിച്ചു. പ്രതിബന്ധങ്ങളെ അവസരങ്ങളാക്കി മാറ്റി താൻ പ്രതിനിധാനം ചെയ്യുന്ന സമുദായത്തെ മറ്റു സമുദായങ്ങളോടൊപ്പം തലയുയർത്തി നിറുത്താനും തന്റെ സമുദായത്തിന്റെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി, അവഗണനകളോട് കലഹിച്ച്, അർഹതപ്പെട്ടത് നേടിയെടുക്കാനും അദ്ദേഹത്തോളം സാമർത്ഥ്യവും മനോബലവും മറ്റാർക്കും പോരായെന്നത് ഏവർക്കും ഉത്തമബോദ്ധ്യമുള്ളതാണ്.

'സമുദായ ഉന്നമനം" എന്ന ഒറ്റ നിലപാട് മാത്രം കൈമുതലാക്കിയ അദ്ദേഹത്തെ എസ്.എൻ.ഡി.പിയുടെ 'അഭിനവ സമുദായാചാര്യൻ"എന്ന് പൂർണാർത്ഥത്തിൽ വിളിക്കാം. പക്ഷമേതായാലും നിലപാട് വ്യക്തമാക്കുന്നതിന് യാതൊരു മടിയുമില്ലാത്ത, സമുദായത്തിന്റെ സാർവത്രികമായ വളർച്ചയ്ക്ക് 'നൂതന ദിശാബോധം" നൽകാൻ വെള്ളാപ്പള്ളിയെന്ന ദൃഢചിത്തന് കഴിഞ്ഞത് ചരിത്രനിയോഗം.

ശ്രീനാരായണ പ്രസ്ഥാനങ്ങളെ ഉന്നതിയിലെത്തിച്ച സാമൂഹികബോധത്തിന്റെയും പ്രതിബദ്ധതയുടെയും തിരിച്ചറിവ് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് തിലകച്ചാർത്താകുന്നു. യഥാർത്ഥ കഴിവുള്ളവരെ പരസ്യമായി അംഗീകരിക്കുകയും നല്ലതു ചെയ്യുന്നതിനെ അംഗീകരിക്കുകയും ചെയ്യുന്ന ഒരു യഥാർത്ഥ 'മോട്ടിവേറ്റർ" ആണ് അദ്ദേഹമെന്നത് സംശയാതീതമാണ്. വാദിക്കാനും വിമർശിക്കാനും അതേ രീതിയിൽത്തന്നെ അഭിനന്ദിക്കാനും അറിയാവുന്ന, കേരളത്തിന്റെ ജനസ്‌പന്ദനമറിയുന്ന നേതാവ് വെള്ളാപ്പള്ളി മാത്രം.

സാമൂഹിക നീതിക്കുവേണ്ടി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന മാതൃകാപരമായ ഇടപെടൽ അടിത്തട്ടിലുള്ള ജനതയുടെ ഉന്നമനത്തിന് കാരണമായി. അശരണരുടെ 'നീതിസ്‌തംഭ"മായി അദ്ദേഹം നിലകൊള്ളുന്നു.

സമുദായ സ്ഥാപനങ്ങളിലും യോഗത്തിലും സ്‌ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കിയതിലൂടെ സ്‌ത്രീശാക്തീകരണത്തിന്റെ അദ്വിതീയമായി മാതൃക സൃഷ്ടിക്കുകയായിരുന്നു അദ്ദേഹം. സ്‌ത്രീകൾക്ക് സാമ്പത്തികഭദ്രത കൈവരിക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ യോഗം എടുത്ത വിപ്ളവകരമായ നയങ്ങളും പദ്ധതികളും സാമൂഹിക ഉന്നതിയിലേക്ക് അവരെ കൈപിടിച്ചുയർത്തുന്നവയായി. മൈക്രോഫിനാൻസ് പദ്ധതി പ്രകാരം പാവപ്പെട്ട സമുദായാംഗങ്ങളെ സാമ്പത്തികമായി മുൻനിരയിലെത്തിക്കാൻ ചെയ്ത മഹായജ്ഞം കേരളത്തിന്റെ ദാരിദ്ര്യ‌ നിർമ്മാർജന യജ്ഞത്തിന് ശക്തിപകരുന്നതായി. കാലാനുസൃതമായ മാറ്റങ്ങളിലൂന്നി, സമുദായ ഉന്നമനം ലക്ഷ്യംവച്ചുകൊണ്ട് വനിതാസംഘം, ബാലജനസംഘം, യൂത്ത് മൂവ്‌മെന്റ്, എസ്.എൻ എംപ്ളോയീസ് ഫോറം, സൈബർ സേന, ധർമ്മസേന എന്നീ പോഷക സംഘങ്ങളിലൂടെയുള്ള പ്രവർത്തനങ്ങൾ കാലാനുവർത്തിയായി ചടുലതയോടു കൂടി മുന്നേറുന്നു.

തന്റെ ജിഹ്വ ചലിപ്പിക്കേണ്ടത് തന്നിലൂടെയാണെന്ന ഉത്തമബോധത്തോടെ തന്റെ പ്രസംഗങ്ങളിലൂടെ യാഥാർത്ഥ്യത്തെ അവതരിപ്പിക്കുന്നതിൽ വെള്ളാപ്പള്ളിക്കൊപ്പം വരില്ല ആരും. യോഗനാദത്തിന്റെ പത്രാധിപത്യത്തിലൂടെ സാമൂഹിക യാഥാർത്ഥ്യങ്ങളെയും അനീതിയെയും അനാചാരത്തെയും അവസരനിഷേധത്തെയും വിമർശനബുദ്ധ്യാ നോക്കിക്കണ്ട് പ്രതികരിക്കുന്നതിൽ അദ്ദേഹം കാണിക്കുന്ന മേധയും ക്രാന്തദർശിത്വവും അനുകരണീയമാണ്.

യോഗത്തിന്റെ സാരഥ്യമേറ്റെടുത്തതിനുശേഷം ആഗോളതലത്തിൽ ഈഴവ സമുദായത്തിന്റെ വ്യാപ്‌തി വർദ്ധിപ്പിക്കുന്നതിലും സ്ഥിരപ്രതിഷ്ഠ നേടിയെടുക്കുന്നതിലും കാണിച്ച ശുഷ്‌കാന്തി അദ്ദേഹത്തെ ഒരു 'സർവഭൗമനാക്കുന്നു" എന്നത് യാഥാർത്ഥ്യം. ദിശയറിഞ്ഞ 'നാവികനെ" പോലെ സമുദായമെന്ന ' നൗക"യെ അദ്ദേഹം ദീർഘനാൾ ഔന്നത്യത്തിലേക്ക് നയിക്കട്ടെയെന്ന് പ്രത്യാശിക്കുന്നു.


(ലേഖകൻ ചെമ്പഴന്തി ശ്രീനാരായണ കോളേജ് സെന്റർ പി.ജി ഡിപ്പാർട്ട്‌മെന്റ് ഒഫ് ഹിസ്റ്ററി ആൻഡ് റിസർച്ചിൽ അസിസ്റ്റന്റ് പ്രൊഫസറാണ് )​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VELLAPPALLY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.