SignIn
Kerala Kaumudi Online
Wednesday, 08 May 2024 6.09 AM IST

വിഘ്നമകറ്റുന്ന 'വിനായക ചതുർത്ഥി '

vinayaka-chathurdhi

'വിനായക ചതുർത്ഥി' അതിപുണ്യം പ്രദാനം ചെയ്യുന്ന വിശിഷ്ടദിനമാണ്. ചിങ്ങമാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുർത്ഥിയിൽ ആചരിക്കപ്പെടുന്ന വ്രതം. ഭരദ്വാജ മഹർഷിയുടെ പുത്രൻ ഭൗമ്യൻ മഹാഗണപതിയെ പ്രത്യക്ഷപ്പെടുത്തി. സന്തുഷ്‌ടനായ ഭൗമ്യൻ തൽസ്ഥാനത്ത് ഒരു ഗണപതിക്ഷേത്രം പണിത് പൂജാമൂർത്തിക്ക് മംഗളമൂർത്തിയെന്നു പേരിട്ടു. തന്റെ അനുഗ്രഹമൂർത്തിയായ ശ്രീഗണേശനെ പൂജിക്കുന്നവരെയെല്ലാം ഭഗവാൻ അനുഗ്രഹിക്കേണമെന്ന് അദ്ദേഹം അപേക്ഷിച്ചു. ഭഗവാൻ ആ പ്രാർത്ഥന സ്വീകരിക്കുകയും ചെയ്തു. ശ്രീവിനായകന്റെ ജന്മദിനമായും ഈ സുദിനം ആചരിക്കുന്നു. കൃഷ്ണചതുർത്ഥിനാളിൽ ബ്രാഹ്മമുഹൂർത്തത്തിലുണർന്ന് സ്നാനാദികൾക്കു ശേഷം വ്രതാരംഭം നടത്തണം. സന്ധ്യാവന്ദനാദികൾക്കു ശേഷം ശ്രീഗണേശന്റെ മണ്ണുകൊണ്ടുള്ള വിഗ്രഹമുണ്ടാക്കി ശുദ്ധമായ മണ്ഡപത്തിൽ ആചാരനിഷ്ഠമായി ഭക്തചിത്തരായി പ്രതിഷ്ഠിക്കുന്നു . അലങ്കരിച്ച മണ്ഡപത്തിൽ ക്ഷേത്രാചാരസമാനമായ പൂജയും ആരാധനയും നടത്തുന്നു. പഞ്ചമിദിനമായ അടുത്തദിവസം ചന്ദ്രദർശനം നടത്തി സമ്പൂർണപൂജ ചെയ്യുന്നു. നിവേദ്യത്തിൽ, ശുദ്ധിയോടുചെയ്‌തെടുത്ത 'മോദകം' ഒരു പ്രധാന നിവേദ്യ വസ്തുവായിരിയ്ക്കണം . ഉണ്ണിയപ്പവും അതിപ്രധാനമാണ് . സന്ധ്യാസമയത്ത് ഈ ഗണേശവിഗ്രഹം, അലങ്കരിച്ച പാതയിലൂടെ പുണ്യതീർത്ഥത്തിലോ , മഹാസമുദ്രത്തിലോ നിമജ്ജനം ചെയ്യും. ഈ സമയങ്ങളിൽ ശ്രീഗണേശനാമാവലികളോ ശ്രീഗണേശ പുരാണമോ പാരായണം ചെയ്യണം .

യുധിഷ്ഠിരന്റെ നിർദ്ദേശപ്രകാരം പഞ്ചപാണ്ഡവർ വിനായകചതുർത്ഥി ദിനത്തിൽ ഭക്തിപൂർവം പൂജാവിധികൾ പാലിക്കുകയും തൽഫലമായി യുധിഷ്ഠിരന് ചക്രവർത്തിപദം കൈവരികയും ചെയ്തു . ചതുർത്ഥിപൂജ തൊഴുതാൽ ദുരിത ദുഃഖ നിവാരണമുണ്ടാകുമെന്നും ഭയശോക കഷ്ടനഷ്ട വിഹ്വലതകളിൽ നിന്ന് മോചനം കൈവരുമെന്നും കരുതുന്നു. ജ്ഞാനസ്വരൂപനായ ഗണപതിയിൽനിന്നാണ് ആദ്യാക്ഷരം കുറിക്കുന്നത്. വിഘ്നങ്ങളെ വിനചെയ്യുന്ന പ്രണവസ്വരൂപനായ ഗണനാഥന്റെ അനുവാദത്തോടു കൂടിയാണ് ജീവിതത്തിലെ എല്ലാ നല്ലകാര്യങ്ങൾക്കും തുടക്കമിടുന്നത് . വൈദിക കർമ്മങ്ങളും താന്ത്രിക ക്രിയകളുമെല്ലാം മഹാഗണപതിയെ വന്ദിച്ചശേഷം മാത്രമേ ചെയ്യാറുള്ളൂ. വേദങ്ങളെ വ്യസിച്ച വേദവ്യാസനായ കൃഷ്ണദ്വൈപായനൻ ശ്രീമഹാഭാരതം ചമച്ചത് ശ്രീഗണനാഥന്റെ അനുഗ്രഹംകൊണ്ടാണ് . വേദവ്യാസൻ പറഞ്ഞുകൊടുത്ത് മഹാഭാരതം രചിച്ചുകൊണ്ടിരിക്കെ എഴുത്താണി ഒടിഞ്ഞുപോയപ്പോൾ തുടർന്നെഴുതാൻ ഭഗവാൻ ശ്രീഗണപതി സ്വയം കൊമ്പൊടിച്ച് എഴുത്താണിയാക്കിയെന്നൊരു കഥയുണ്ട് . ഏത്തമിട്ടു ഗണപതിയെ വന്ദിയ്ക്കൽ സകലപാപങ്ങളിൽ നിന്നും മുക്തി നൽകുന്നു. ഏത്തമിടലിന് അതിന്റേതായ രീതികളുണ്ട് . വലതുകൈകൊണ്ട് ഇടതുകാതിലും ഇടതുകൈകൊണ്ടു വലതു കാതിലും പിടിച്ചു കാലുകൾ പിണച്ചുനിന്നുകൊണ്ടു
പരമാവധി താഴ്ന്നു കുമ്പിട്ടു സ്തുതിക്കലാണ് ഏത്തമിടൽ കൊണ്ടു
ഉദ്ദേശിക്കുന്നത് . ബുദ്ധിയുടെ വികാസത്തെ ശാസ്ത്രീയമായി ഉണർത്തുന്ന ഒരു പ്രക്രിയ കൂടിയാണിത് .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VINAYAKA CHATHURDHI
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.