SignIn
Kerala Kaumudi Online
Friday, 26 April 2024 7.15 PM IST

ബഷീറുമാർക്ക് കിട്ടാതെ പോകുന്ന നീതി

vivadavela

നാളെ ആഗസ്റ്റ് മൂന്ന്. ഇതെഴുതുന്നയാൾ അടക്കമുള്ളവർ വേദനയോടെയും അതിലേറെ രോഷത്തോടെയും നമ്മുടെ വ്യവസ്ഥിതിയെക്കുറിച്ച് ഓർത്ത് പരിതപിക്കുന്ന ദിവസം.

2019 ആഗസ്റ്റ് മൂന്നിനാണ് ആ കണ്ണീരോർമ്മ പിറന്നത്. തിരുവനന്തപുരത്തെ മാദ്ധ്യമ സൗഹൃദവലയത്തിനകത്ത് ഒരു പാൽപ്പുഞ്ചിരിയോടെ സദാ നിറഞ്ഞുനിന്നിരുന്ന മുഖമായിരുന്നു കെ.എം. ബഷീർ. സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് പദവി വരെയെത്തി നിൽക്കുകയായിരുന്നു അവൻ. ചിരിയോടെയല്ലാതെ ബഷീറിനെ കണ്ടിട്ടുണ്ടാവില്ല അദ്ദേഹത്തിന്റെ സുഹൃത്തുക്കളാരും. ആ സ്നേഹമനുഷ്യന്റെ ജീവനെടുക്കാൻ അധികാരത്തിന്റെ മത്തും അഹങ്കാരത്തിന്റെ ഹുങ്കും തലയ്ക്ക് പിടിച്ച ഒരു ഭീരു അവതരിച്ചതാണ് വേദന. ഐ.എ.എസ് എന്നാൽ എന്തും ചെയ്യാനുള്ള ലൈസൻസ് എന്നതിന്റെ ചുരുക്കപ്പേരാണെന്ന് സ്ഥാപിക്കപ്പെട്ട ദിനമായിരുന്നു ആഗസ്റ്റ് മൂന്നെന്ന് പൊതുസമൂഹം വിശ്വസിക്കുന്നു. അതിന് കാരണമായ നരാധമനായ ഐ.എ.എസുകാരൻ ഒരു സാധുവിന്റെ ജീവനെടുത്ത ശേഷവും കളക്ടറായി വിലസുകയാണ്. ശ്രീറാം വെങ്കിട്ടരാമൻ എന്നാണ് ആ നരാധമന്റെ പേര്. കുറ്റബോധം എന്നൊന്ന് ആ ക്രൂരമനസ്സിന് അനുഭവപ്പെടുന്നില്ലെന്ന് ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റ ദിവസം ചാനൽദൃശ്യങ്ങളിൽ കണ്ട അയാളുടെ ശരീരഭാഷ വ്യക്തമാക്കിത്തന്നു. എന്നാലിപ്പോൾ നമ്മൾ കൂടുതൽ കലഹിക്കേണ്ടി വരുന്നത് അയാളെ കളക്ടർ സ്ഥാനത്ത് അവരോധിച്ച വ്യവസ്ഥിതിയോടും രാഷ്ട്രീയ ഭരണകൂടത്തോടുമാണ്. പ്രഖ്യാപിത ഇടതുപക്ഷം കേരളം ഭരിക്കുമ്പോഴാണ് ഒരു സാധുമനുഷ്യന് ഈ ദുർഗതി.

ബഷീറിന്റെ വേർപാടിന് നാളെ മൂന്ന് വർഷം തികയുമ്പോൾ ആലപ്പുഴ കളക്ടർസ്ഥാനത്തിരുന്ന് ശ്രീറാം വെങ്കിട്ടരാമൻ അധികാരത്തിന്റെ അശ്ലീലം കാട്ടുന്നു.

വേർപാടിന്റെ വേദനയും

കേസിന്റെ നാൾവഴികളും

ബഷീറിന്റെ വേർപാടിൽ അനുശോചിച്ചവരിൽ എല്ലാ രാഷ്ട്രീയനേതാക്കളും പെടും. ബഷീറിന്റെ കുടുംബത്തോട് കരുണയുടെ കരങ്ങൾ നീണ്ടിട്ടില്ല എന്നല്ല. ബഷീറിന്റെ വിധവയ്ക്ക് ജോലി നൽകിയെന്നത് നല്ല കാര്യം. പക്ഷേ നീതി എന്നൊന്നുണ്ടല്ലോ. കേസിൽ പോലും മെല്ലെപ്പോക്കാണോ എന്ന് തോന്നും വിധമാണ് അതിന്റെ പോക്ക്.

അപകടം നടന്നയുടൻ മുതൽ തുടങ്ങുന്നു കേസിൽ ബഷീറിനോടുള്ള നീതികേട്. കൊല്ലത്ത് സ്വന്തം ദിനപത്രവുമായി ബന്ധപ്പെട്ട മാനേജ്മെന്റ്തല യോഗത്തിൽ പങ്കെടുത്ത് രാത്രിയോടെ തമ്പാനൂർ ബസ് സ്റ്റാൻഡിൽ വന്നിറങ്ങി, ബൈക്കുമെടുത്ത് താമസസ്ഥലത്തേക്കുള്ള യാത്രയിലായിരുന്നു ബഷീർ. ഇടയ്ക്കൊരു ഫോൺ കോൾ വന്നു. ബഷീർ ബൈക്ക് റോഡരികിൽ നിറുത്തി സംസാരിച്ചുകൊണ്ടിരിക്കെ, മദ്യപിച്ച് മദോന്മത്തനായി ഒരു യുവതിക്കൊപ്പം അമിതവേഗതയിൽ കാറോടിച്ച് വന്ന ശ്രീറാം വെങ്കിട്ടരാമൻ ബഷീറിനെ ഇടിച്ചുതെറിപ്പിച്ചു. മ്യൂസിയത്തിന് എതിർവശത്തെ പബ്ലിക് ഓഫീസിന്റെ ചുവരിലേക്ക് പറന്നുപോയ ബഷീർ തലയടിച്ച് തൽക്ഷണം മരിച്ചു.

പിന്നീടാണ് പൊലീസിന്റെ ഉരുണ്ടുകളി. പ്രതി ഐ.എ.എസുകാരനാണെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസിൽ നിന്ന് നീതിബോധം വാർന്നുപോയി. ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിക്കണമായിരുന്നു. ആശുപത്രിയിലെത്തപ്പെട്ട ഐ.എ.എസ് പുംഗവൻ ശരീരവേദനയും മറ്റും പറഞ്ഞ് ഉറഞ്ഞുതുള്ളി. ജൂനിയർ ഡോക്ടർ ഇത് കണ്ട് പേടിച്ചരണ്ടു. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫറൻസ് കത്ത് എഴുതിവാങ്ങി. പൊലീസ് കാഴ്ചക്കാരായി. ശരീരത്തിൽ ആൾക്കഹോളിന്റെ അംശമുണ്ടെന്ന് വൈദ്യപരിശോധനയിൽ ബോദ്ധ്യപ്പെട്ടാൽ അതുമാത്രം മതി പ്രതിക്ക് ശിക്ഷയുറപ്പാക്കാൻ. അത് തിരിച്ചറിഞ്ഞവന്റെ കൂർമ്മബുദ്ധി മദ്യലഹരിയിലും ഉണർന്നുപ്രവർത്തിച്ചു. ശ്രീറാം വെങ്കിട്ടരാമൻ എന്ന ഈ ഐ.എ.എസുകാരൻ ഒരു ഡോക്ടർ കൂടിയാണ്.

ഒരു മില്ലിലിറ്റർ രക്തത്തിൽ 100 മില്ലിഗ്രാം ആൾക്കഹോൾ ഉണ്ടെങ്കിലേ മദ്യപിച്ച് വാഹനമോടിച്ചതായി തെളിയിക്കാനാവൂ. മറ്റ് പല കേസുകളിലും ഇടിയൻ മാത്തനേഡുമാരുമാകാറുള്ള പൊലീസുകാരുടെ പഞ്ചപുച്ഛമടക്കിയുള്ള നില്പ് കണ്ടാൽ, അയ്യോ, ഇത്രയും പാവങ്ങളെയാണോ നമ്മൾ സംശയിച്ചത് എന്ന് പോലും തോന്നിപ്പോകുമായിരുന്നെന്ന് അന്നവിടെ കൂടിയിരുന്ന ദൃക്‌സാക്ഷികളുടെ വിവരണം ബോദ്ധ്യപ്പെടുത്തുന്നു.

ശ്രീറാം വെങ്കിട്ടരാമൻ പത്ത് മണിക്കൂർ കഴിഞ്ഞാണ് രക്തപരിശോധനയ്ക്ക് വഴങ്ങിയത്. അപ്പോഴേക്കും ആൾക്കഹോളിന്റെ അംശമെല്ലാം അയാൾ വേണ്ട രീതിയിൽ ഒഴുക്കിക്കളഞ്ഞിരുന്നു. തെളിവിന്റെ സുപ്രധാനഭാഗം അങ്ങനെ തേഞ്ഞുമാഞ്ഞുപോയി. ബഷീർ അന്ന് രാത്രി ഉപയോഗിച്ചിരുന്ന ഫോൺ ഇപ്പോഴും എവിടെയാണെന്ന് ആർക്കും ഒരു നിശ്ചയവുമില്ല.

തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മൂന്നാം കോടതിയിലായിരുന്നു കേസ് ആദ്യം. പല മേഖലകളിൽ നിന്ന് സമ്മർദ്ദമുണ്ടാവുകയും സംസ്ഥാനഭരണത്തിന് നേതൃത്വം നൽകുന്ന ഇടതുനേതൃത്വം ശക്തമായ പിന്തുണ നൽകുകയും ചെയ്തപ്പോൾ മന:പൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെ ചുമത്തി ശ്രീറാം വെങ്കട്ടരാമനെതിരെ കേസെടുത്തു. അയാൾ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടു. പക്ഷേ കേസ് വിചാരണ നീണ്ടു. എല്ലാ സമ്മർദ്ദങ്ങളും ആറിത്തണുത്തെന്ന് തോന്നിയ ഭരണകൂടം തന്നെ അയാളുടെ സർവീസ് കാലാവധി അവസാനിപ്പിച്ച് തിരിച്ചെടുത്തു. കൊവിഡ് പ്രതിസന്ധി മൂർച്ഛിച്ച കാലത്ത്, അയാളുടെ കാര്യശേഷി ഉപയോഗപ്പെടുത്താനെന്ന ന്യായീകരണത്താലാണ് ആരോഗ്യവകുപ്പിൽ ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചത്.

മൂന്നാറിൽ കൈയേറ്റ മാഫിയയോട് കൊമ്പുകോർത്ത് വീരനായക പരിവേഷം സിദ്ധിച്ച യുവ ഓഫീസർ പരിവേഷം ശ്രീറാം വെങ്കിട്ടരാമന്റെ സമനില തെറ്റിച്ചെന്ന് വേണം ചിന്തിക്കാൻ. അതുകൊണ്ടാവുമല്ലോ അഹങ്കാരം അയാളെ ഉന്മത്തനാക്കിയിരിക്കുക. മൂന്നാറിലെ അയാളുടെ ദൗത്യത്തെ വില കുറച്ച് കാണാതിരിക്കുമ്പോൾ തന്നെ ബഷീറിന്റെ കാര്യത്തിലെ തെളിവ് നശിപ്പിക്കൽ അടക്കമുള്ള ഈ ഐ.എ.എസുകാരന്റെ ക്രിമിനൽബുദ്ധിയെ വകവച്ചു കൊടുക്കാവുന്നതുമല്ല. അയാളെപോലൊരാൾ സിവിൽ സർവീസിൽ ഒരു നിമിഷം പോലും തുടരണമെന്ന് നീതിബോധത്തിൽ വിശ്വസിക്കുന്ന പൊതുസമൂഹം ആഗ്രഹിക്കുന്നുണ്ടാവില്ലെന്ന് ഉറപ്പാണ്.

കേസ് വിചാരണ നീളുകയാണ്. കോടതി മാറി. സെഷൻസ് കോടതിയിലാണ് ഇനി വിചാരണ ആരംഭിക്കേണ്ടത്. അത് നീട്ടിവയ്ക്കപ്പെട്ട് കൊണ്ടേയിരിക്കുന്നു. അവസാനം കേസ് വിചാരണയ്ക്ക് നിശ്ചയിച്ച ഘട്ടത്തിൽ ഈ ഐ.എ.എസുകാരനൊപ്പം അന്ന് രാത്രി കാറിലുണ്ടായിരുന്ന വഫ ഫിറോസ് എന്ന യുവതി താൻ നിരപരാധിയാണെന്നും കുറ്റവിമുക്തയാക്കണമെന്നും കാട്ടി കോടതിക്ക് അപേക്ഷ കൊടുത്തു. അങ്ങനെ കൊടുക്കുന്ന അപേക്ഷ പ്രോസിക്യൂഷനെയും കാണിച്ചിട്ടാവണമെന്ന തത്വം പാലിക്കാതെയായിരുന്നു നേരിട്ട് കോടതിയിലേക്ക് പോയത്. കോടതി അതിനവരെ ശാസിച്ചു. അവരത് മന:പൂർവം കാട്ടിയ വിദ്യയാണെന്ന് വിശ്വസിക്കുന്നുണ്ട്, ബഷീറിന്റെ അഭ്യുദയകാംക്ഷികൾ. കാരണം കേസ് വിചാരണ വീണ്ടും മാറ്റിവയ്ക്കപ്പെടുമല്ലോ. സെപ്റ്റംബർ രണ്ടിലേക്ക് ഇപ്പോൾ കേസ് മാറ്റിവച്ചിരിക്കുകയാണ്.

കളക്ടർ പദവിയുടെ സവിശേഷത

അഖിലേന്ത്യാ സിവിൽ സർവീസ് ചട്ടങ്ങളനുസരിച്ച് ഒരു ഐ.എ.എസുകാരൻ സർവീസ് കാലയളവിൽ രണ്ട് വർഷം കളക്ടർപദവി വഹിക്കണമെന്നുണ്ട്. അന്യനാട്ടുകാരനാണ് ഉദ്യോഗസ്ഥനെങ്കിൽ അവൻ തൊഴിലെടുക്കുന്ന നാടിന്റെ പ്രാദേശികഭാഷ പഠിച്ചിരിക്കണം. ആ നാട്ടുകാരനാവണം. കോളനികാലത്ത് ബ്രിട്ടീഷുകാർ ആരംഭിച്ചതാണ് കളക്ടർപദവി. റവന്യൂ ജില്ലാ പരിധിക്കകത്ത് സർക്കാരിന്റെ വരുമാനം കളക്ട് ചെയ്യുന്ന ഉദ്യോഗസ്ഥൻ എന്ന അർത്ഥത്തിലാണ് കളക്ടർ എന്ന വിളിപ്പേര്. സിവിൽ സർവീസുകാർക്ക് സർവീസ് സ്ഥാനക്കയറ്റമുൾപ്പെടെ സാധിക്കാൻ കളക്ടർ പദവിയിലെ രണ്ടുവർഷ സേവനം അനിവാര്യമാണ്.

ജില്ലയുടെ ഭരണാധികാരിയാണ് കളക്ടർ. ആ അർത്ഥത്തിൽ വിപുലമായ അധികാരം. എക്സ്‌പ്ലോസീവ്സ് സബ്സ്റ്റൻസ് ആക്ട് പ്രകാരം ആയുധങ്ങൾ കൈവശം വയ്ക്കുന്നതിനൊക്കെ സമ്മതം നൽകേണ്ട ഉത്തരവാദിത്വം കളക്ടർക്കുണ്ട്. സാധാരണ സർക്കാർ പ്ലീഡർമാരുടെ വരെ നിയമനപട്ടിക തയാറാക്കി ജില്ലാ ജഡ്ജിയുടെ അംഗീകാരത്തോടെ അന്തിമഉത്തരവിറക്കി നിയമിക്കേണ്ട ഉത്തരവാദിത്വവും കളക്ടർക്കാണ്. ജില്ലയിൽ നിലവിലിരിക്കുന്ന എല്ലാ കേസുകളുടെയും പുരോഗതി ഓരോ മാസവും പ്രത്യേക കോൺഫറൻസ് വിളിച്ചുചേർത്ത് അവലോകനം ചെയ്യേണ്ടയാളും കളക്ടറാണ്. അങ്ങനെയുള്ള കളക്ടർക്ക് പ്രോസിക്യൂട്ടർമാരിൽ സ്വാധീനമുണ്ടാവുക സ്വാഭാവികമാണ്.

ആലപ്പുഴ ജില്ലയിൽ നിലവിൽ കളക്ടറെന്ന നിലയിൽ ഇത്തരം സ്യൂട്ട് കോൺഫറൻസുകൾ വിളിച്ചുചേർത്ത് കേസ് പുരോഗതി വിലയിരുത്തേണ്ടത് ക്രിമിനൽ കുറ്രവാളിയായ ശ്രീറാം വെങ്കിട്ടരാമനാണ് എന്നതാണ് വൈരുദ്ധ്യം. സാങ്കേതികന്യായത്തിന്, അയാൾക്കെതിരായ കേസ് തിരുവനന്തപുരത്തല്ലേ എന്ന് വാദിക്കാം. പക്ഷേ ധാർമ്മികതയെന്നൊന്നുണ്ടല്ലോ. അയാളുടെ കേസിൽ ഒരു തീർപ്പാകുമ്പോൾ അത് അയാൾക്ക് അനുകൂലമാവുകയാണെങ്കിൽ അപ്പോൾ കളക്ടറായി നിയമിച്ചുകൂടേ എന്നൊക്കെയുള്ള ചോദ്യങ്ങൾ പ്രസക്തമാകുന്നത് ഇവിടെയാണ്. ശ്രീറാം വെങ്കിട്ടരാമൻ വെറും പ്രതിയല്ല. ഐ.പി.സി 201ാം വകുപ്പ് പ്രകാരം തെളിവ് നശിപ്പിക്കൽ കുറ്റം ചെയ്തയാളാണ്. മദ്യം അകത്ത് ചെന്നിട്ടുണ്ടോ എന്ന പരിശോധനയ്ക്ക് തയാറാവാതെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചയാൾ.

ഇതോ ഇടതു

നീതിബോധം ?​

ശ്രീറാം വെങ്കിട്ടരാമനെതിരായ കേസിൽ ഇടതുപക്ഷം ഭരിക്കുന്ന കേരളം നീതികാട്ടിയില്ലെന്ന ചിന്ത ശക്തമാവുകയാണ് പൊതുസമൂഹത്തിൽ. തുടക്കത്തിൽ കണ്ട ഉത്സാഹം സർക്കാരിൽ കാണാനാവുന്നില്ല. പ്രതിയെ സർവീസിൽ തിരിച്ചെടുത്തപ്പോൾ തന്നെയുണ്ടായ നേരിയ സംശയം ഇപ്പോൾ ജില്ലാ ഭരണാധികാരിയാക്കിയതോടെ പൂർണമായി. കേസ് കേസിന്റെ വഴിക്ക് നീങ്ങുമെന്നും അതും അയാളുടെ കളക്ടർപദവിയുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ വാദഗതിയൊക്കെ വാദത്തിന് വേണ്ടി മാത്രമെന്നേ പലരും കരുതുന്നുള്ളൂ.

ഇടതുപക്ഷത്ത് തന്നെ ഇത്തരം വിവാദസന്ദർഭങ്ങളിൽ ഒന്നുകിൽ അർത്ഥഗർഭമായ മൗനം ദീക്ഷിക്കുകയോ അല്ലെങ്കിൽ പരോക്ഷവിമർശനമുയർത്തുകയോ ചെയ്യുന്നവരെന്ന് ചിലരെങ്കിലും കരുതിപ്പോന്ന സി.പി.ഐ സംസ്ഥാന നേതൃത്വത്തിന്റെ ഭാവവും അതിശയകരമായി. അതെന്തുകൊണ്ടാവാം? ശ്രീറാം വെങ്കിട്ടരാമന്റെ വിവാഹത്തോട് വരെ കാര്യങ്ങളെ ചേർത്ത് വായിക്കുന്നവരുണ്ട്. കോട്ടയത്തെ സി.പി.ഐ നേതാവിന്റെ മകളും ഐ.എ.എസുകാരിയാണ്. അവരിപ്പോൾ എറണാകുളം കളക്ടറാണ്. ശ്രീറാമിന്റെ ഭാര്യയാണ്.

ഇടതുഭരണമുള്ള രാജ്യത്തെ ഒരേയൊരു തുരുത്തായ കേരളത്തിൽ സി.പി.എമ്മിനും സി.പി.ഐക്കും ഇത് ജീവന്മരണപോരാട്ടമായത് കൊണ്ടുതന്നെ അങ്ങേയറ്റത്തെ ഐക്യത്തോടെയുള്ള പ്രവർത്തനമാണ് അഭികാമ്യം. അതുകൊണ്ട് സമീപകാലത്തെ എല്ലാ വിഷയങ്ങളിലും സി.പി.ഐ, സി.പി.എമ്മിനോട് സമരസപ്പെട്ട് നീങ്ങുന്ന ചിത്രമാണ്. അക്കൂട്ടത്തിലാവാം ഈ കേസും.

മാദ്ധ്യമപ്രവർത്തകനെന്ന പ്രിവിലേജൊന്നും ബഷീറിന്റെ കുടുംബവും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ആഗ്രഹിക്കുന്നില്ല. ഒരു സാധാരണ പൗരനുള്ള നീതിയാണ് പ്രതീക്ഷിക്കുന്നത്. അക്കാര്യത്തിൽ ഇടതുപക്ഷസംസ്ഥാനം പ്രതീക്ഷകളെ അട്ടിമറിക്കുന്നുവെന്ന നിരാശയാണ് സമീപകാലസംഭവങ്ങൾ കാട്ടിത്തരുന്നത്. കേസിന്റെ ദുർഗതി വിളിച്ചറിയിക്കുംവിധം ബഷീറിനെ കൊന്ന ആ കാർ തലസ്ഥാനത്തെ മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിസരത്ത് പതിയെപ്പതിയെ മണ്ണിനടിയിലേക്ക് മറഞ്ഞുകൊണ്ടിരിക്കുന്നു. പ്രതീകാത്മകചിത്രം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIVADAVELA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.