SignIn
Kerala Kaumudi Online
Friday, 26 April 2024 6.11 AM IST

നിയമസഭയ്ക്ക് നാഥൻ മാറുമ്പോൾ

a-n-shamseer

പതിനഞ്ചാം കേരള നിയമസഭയുടെ നാഥൻ മാറുന്നു. പതിനഞ്ചാം നിയമസഭ നിലവിൽ വന്നിട്ട് ഒന്നര വർഷമാകുന്നതേയുള്ളൂ. അതിനിടയിലാണ് നാഥന്റെ മാറ്റം. സി.പി.എമ്മിലുണ്ടായിട്ടുള്ള ആഭ്യന്തരമായ ചില അഴിച്ചുപണികളുടെ ഭാഗമായിട്ടാണ് ഇങ്ങനെയൊരു മാറ്റത്തിന് വഴിയൊരുങ്ങിയത്. ഈ മാറ്റം ഒരു ചർച്ചയ്ക്ക് വഴിതുറന്നത് ആ പദവിയിലേക്ക് വരാൻ പോകുന്ന ആളുടെ സവിശേഷത കൊണ്ട് കൂടിയാണ്. തലശ്ശേരിയിൽ നിന്ന് രണ്ടാം വട്ടം എം.എൽ.എ ആയ എ.എൻ. ഷംസീർ ആണ് നിയമസഭാ സ്പീക്കറായെത്തുന്നത്.

ഷംസീർ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. ഇപ്പോൾ സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ അംഗമാണ്. ഡി.വൈ.എഫ്.ഐയിൽ അഖിലേന്ത്യാ പ്രസിഡന്റ് വരെയെത്തിയ പി.എ. മുഹമ്മദ് റിയാസ് ഇപ്പോൾ മന്ത്രിസഭയിലുണ്ട്. എന്നാൽ സംഘടനാരംഗത്ത് ഷംസീറിന് ശേഷമാണ് നേതൃതലത്തിലേക്ക് റിയാസ് എത്തിയത് എന്ന പ്രത്യേകതയുമുണ്ട്. നിയമസഭയിൽ മുഹമ്മദ് റിയാസ് ഇത് ആദ്യടേം ആണ്. നേരത്തേ കോഴിക്കോട് പാർലമെന്റ് സീറ്റിലേക്ക് മത്സരിച്ച് പരാജയപ്പെട്ടിട്ടുണ്ട്. ഷംസീറിനുമുണ്ട് അങ്ങനെയൊരു അനുഭവം. വടകരയിൽ അദ്ദേഹവും മത്സരിച്ച് മുല്ലപ്പള്ളി രാമചന്ദ്രനോട് പരാജയപ്പെട്ടിട്ടുണ്ട്. നിയമസഭയിൽ രണ്ടാം തവണ എം.എൽ.എ ആയ ഷംസീറിനെ കവച്ചുവച്ച് ആദ്യതവണ എം.എൽ.എ ആയ മുഹമ്മദ് റിയാസ് മന്ത്രിയായത് ഷംസീറിന് അവഗണനയായി തോന്നിയിരിക്കാം. പക്ഷേ, സി.പി.എമ്മിന്റെ സംഘടനാ രീതിശാസ്ത്രമനുസരിച്ച് അത്തരം മനോഭാവം പുറത്ത് കാട്ടാനാവില്ല. അതുകൊണ്ട് ഷംസീറും അത് കാട്ടാറില്ല.

മറ്റൊരു കാര്യം കൂടിയുണ്ട്. ഷംസീറും മുഹമ്മദ് റിയാസും ഒരുമിച്ചാണ് സി.പി.എമ്മിന്റെ സംസ്ഥാനകമ്മിറ്റിയിൽ അംഗങ്ങളായത്. 2018ലെ തൃശൂർ സംസ്ഥാന സമ്മേളനത്തിൽ വച്ചായിരുന്നു അത്. നിയമസഭയിൽ ഒരു വർഷം സീനിയറായ ഷംസീറിനല്ലേ മന്ത്രിസഭയിൽ അവസരം ലഭിക്കേണ്ടതെന്ന ചിന്ത അദ്ദേഹത്തെ അലട്ടിയിരുന്നു എന്ന് ചിന്തിക്കുന്ന ഒരുപാട് പേർ സി.പി.എമ്മിനകത്തും ഇടതുപക്ഷത്തുമുണ്ട്.

കരാറുകാരുടെ വക്കാലത്തും

എം.എൽ.എയുടെ മറുപടിയും

പൊതുമരാമത്ത് കരാറുകാരുടെ വക്കാലത്തുമായി എം.എൽ.എമാർ വരേണ്ടതില്ലെന്ന് നിയമസഭയിൽ മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞതിനെതിരെ സി.പി.എമ്മിന്റെ നിയമസഭാകക്ഷി യോഗത്തിൽ എ.എൻ. ഷംസീർ രൂക്ഷമായി പ്രതികരിച്ചെന്ന വാർത്തയുണ്ടായിരുന്നു. ആരും അത് നിഷേധിച്ചൊന്നുമില്ല. മൗനം സമ്മതമെന്ന് വ്യാഖ്യാനിച്ചാൽ ഇതൊക്കെ ഒരുപക്ഷേ ശരിയാണെന്ന് വിശ്വസിക്കേണ്ടി വരും.

നിയമസഭയിൽ തെറ്റിദ്ധരിക്കപ്പെട്ട യുവാവിന്റെ സഞ്ചാരമാണ് പലപ്പോഴും എ.എൻ. ഷംസീറിൽ കണ്ടിട്ടുള്ളത്. സ്പീക്കർ എം.ബി. രാജേഷ് പ്രായം കൊണ്ടും സംഘടനാ തലത്തിലും ഷംസീറിനേക്കാൾ സീനിയറാണ്. എന്നിരുന്നാലും സ്പീക്കറുടെ നിർദ്ദേശങ്ങൾ പലപ്പോഴും അദ്ദേഹത്തിൽ ഒരുതരം ഇൻസൾട്ടിംഗ് ആയി തോന്നിയിട്ടുണ്ടോ എന്നറിയില്ല. ഷംസീറിന്റെ ശരീരഭാഷയിൽ പലപ്പോഴും അത് പ്രകടമായിരുന്നു. കൊവിഡ് കാലത്തെ സഭാസമ്മേളനങ്ങളിൽ അംഗങ്ങളെല്ലാം മാസ്കിടണമെന്ന് സ്പീക്കർ എത്ര നിർദ്ദേശിച്ചാലും ഷംസീർ അല്പനേരം മാസ്കിട്ടെന്നു വരുത്തി വീണ്ടും പഴയപടി നടക്കുന്നത് കാണാം.

നിയമസഭാ സമ്മേളനം നടക്കുന്നതിനിടയിൽ പലപ്പോഴും പിൻനിരയിൽ ചുറ്റിക്കറങ്ങി നടക്കുന്ന ഷംസീറിനെ കാണാറുണ്ട്. ചില നേരങ്ങളിൽ ജാഗരൂകനായി സഭാനടപടികളിൽ ശ്രദ്ധിച്ചിരിക്കാറുമുണ്ട്. പലപ്പോഴും കെ.ബി. ഗണേശ് കുമാർ എന്ന സിനിമാനടനായ എം.എൽ.എയോട് ഷംസീർ വല്ലാത്ത ഭ്രമം കാട്ടുന്നത് നിയമസഭയിലെ കൗതുകക്കാഴ്ചയാണ്. ഗണേശ് വന്നാലുടൻ ഷംസീർ അദ്ദേഹത്തിനടുത്തെത്തും. അല്ലെങ്കിൽ ഷംസീറിനെ തേടി അദ്ദേഹം വരും. എന്നിട്ട് പിൻനിരയിൽ ഇരുവരും തോളത്ത് കൈയുമിട്ടിരുന്ന് കുശലഭാഷണത്തിലേർപ്പെടും.

അടിയന്തരപ്രമേയ വേളയിലും മറ്റും പ്രതിപക്ഷപ്രസംഗങ്ങൾക്കിടയിൽ പലപ്പോഴും പ്രകോപനമുണ്ടാക്കുന്ന ഇടപെടൽ നടത്തുന്നതും ഷംസീറിന്റെ രീതിയാണ്. പ്രതിപക്ഷത്തിന് തീർത്തും ശല്യക്കാരനായ വ്യവഹാരിയായാണ് ഷംസീർ. ക്ലാസിലെ വികൃതിക്കുട്ടിയെ സ്കൂൾലീഡറാക്കി അടക്കിയിരുത്തിയത് പോലുള്ള ഏർപ്പാടായി പ്രതിപക്ഷത്തെ പലരും ഷംസീറിനെ ട്രോളുന്നത് ഈ രീതികൾ കണക്കിലെടുത്തിട്ടാണ്.

നിയമസഭയുടെ ഈ അവസാനിച്ച ആറാം സമ്മേളനത്തിൽ എം.വി. ഗോവിന്ദൻ മാസ്റ്റർ മന്ത്രിപദവി ഒഴിയുമെന്ന് തീർച്ചപ്പെടുത്തിയ ശേഷം ഷംസീറിൽ ഗൗരവക്കാരനായ അംഗത്തിന്റെ രൂപഭാവങ്ങൾ പ്രകടമായി. എപ്പോഴും കയറി ബഹളം കൂട്ടുന്ന രീതി മാറ്റി. ഗൗരവക്കാരനായ പാർലമെന്റേറിയനിലേക്കുള്ള വേഷപ്പകർച്ച അനിവാര്യമായിരുന്ന പുതിയ സ്ഥാനലബ്ധിക്കുള്ള തയാറെടുപ്പ് ആയിരുന്നെന്ന് വേണം കരുതാൻ.

എം.ബി. രാജേഷ്

എന്ന സഭാനാഥൻ

പി. ശ്രീരാമകൃഷ്ണന്റെ പിൻഗാമിയായി നിയമസഭയുടെ നാഥനായി വന്ന എം.ബി. രാജേഷിന് നിയമസഭയിൽ കന്നിയംഗമായിരുന്നു. എന്നാൽ രണ്ടുവട്ടം അദ്ദേഹം പാർലമെന്റിൽ അംഗമായി. പാലക്കാട് നിന്ന് വിജയിച്ച് ലോകസഭയിലേക്കെത്തി. ലോകസഭയിലെ പക്വതയാർന്ന ഇടപെടലുകളിൽ അദ്ദേഹത്തിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. പക്വമതിയായ രാഷ്ട്രീയപ്രവർത്തകൻ എന്ന പരിവേഷം എം.ബി. രാജേഷിനുണ്ട്. അതദ്ദേഹം പല സന്ദർഭങ്ങളിൽ പ്രകടമാക്കിയിട്ടുണ്ട്.

എം.ബി. രാജേഷിലേക്കെത്തിയപ്പോൾ കാര്യങ്ങളിൽ വലിയ മാറ്റമാണ് പ്രകടമായത്. അദ്ദേഹം പ്രതിപക്ഷത്തെ കൈയിലെടുക്കുക തന്നെ ചെയ്തു. നിഷ്പക്ഷമതിയുടെ പക്വതയുള്ള സമീപനം രാജേഷ് പ്രകടമാക്കി. കാർക്കശ്യം കാട്ടേണ്ടിടത്ത് കാട്ടി. പ്രതിപക്ഷനേതാവിന് മതിയായ പരിഗണന നൽകി. പ്രതിപക്ഷബഹുമാനം ആവോളം പ്രകടിപ്പിച്ച സ്പീക്കറായിരുന്നു എം.ബി. രാജേഷ്.

സ്പീക്കർ എന്ന നിലയിൽ മികച്ച പ്രകടനമാണ് രാജേഷ് കാഴ്ചവച്ചത്. ലോകസഭയിലെ വിശാലമായ അനുഭവപരിസരം അദ്ദേഹത്തിന്റെ പ്രവർത്തനത്തെ സ്വാധീനിച്ചിട്ടുണ്ട്. സ്പീക്കറായിരിക്കെ എം.ബി. രാജേഷ് പുറപ്പെടുവിച്ച റൂളിംഗുകൾ ഏറെ ശ്രദ്ധേയമായി. അതിലേറ്റവും പ്രധാനവും ചരിത്രത്തിലിടം നേടിയതുമായ റൂളിംഗ് ലിംഗസമത്വവുമായി ബന്ധപ്പെട്ടുണ്ടായതാണ്.

വടകര അംഗം കെ.കെ. രമയ്ക്കെതിരെ സി.പി.എമ്മിന്റെ മുതിർന്ന അംഗം എം.എം. മണി നടത്തിയ വിധവയായത് അവരുടെ വിധി എന്ന പരാമർശം നിയമസഭയിലുണ്ടാക്കിയ പുകിൽ ചെറുതായിരുന്നില്ല. സ്ത്രീത്വത്തെ അപമാനിക്കുന്നതും അധിക്ഷേപകരവുമായ പരാമർശമാണ് മണിയുടേതെന്ന് പൊതുസമൂഹത്തിൽ പൊതുവേ വിലയിരുത്തലുണ്ടായി. സ്ത്രീയുടെ വൈധവ്യം വിധിയാണെന്ന് കമ്മ്യൂണിസ്റ്റുകാർ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യം സമൂഹത്തിലുയർന്നു.

മണിയാണെങ്കിൽ നിലപാടിലുറച്ച് നിൽക്കുകയാണ് തുടക്കത്തിൽ ചെയ്തത്. സി.പി.ഐയുടെ നേതാക്കൾ വരെ വിമർശിച്ചു. സി.പി.എമ്മിനകത്ത് പലർക്കും വിയോജിപ്പുണ്ടായി. പക്ഷേ മുഖ്യമന്ത്രി അസാധാരണമാം വിധം മണിയെ തള്ളിപ്പറയാതിരുന്നു. സ്പീക്കർ ഇടപെട്ട് രേഖയിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടു. പരിശോധിക്കാമെന്ന ഉറപ്പാണ് അന്നേരം ചെയറിലിരുന്ന ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നൽകിയത്. പ്രതിപക്ഷം ഇതേച്ചൊല്ലി ഒരു ദിവസം സഭ സ്തംഭിപ്പിച്ചു. സ്ത്രീതത്വത്തെ അധിക്ഷേപിക്കുന്ന ദുര്യോധനന്മാരും ദുശ്ശാസനന്മാരും അഴിഞ്ഞാടുന്ന കൗരവസഭയായി ഇതിനെ മാറ്റരുതെന്നും ഇത് കേരള നിയമസഭയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. വൈധവ്യം സ്ത്രീയുടെ വിധിയാണെന്ന നിഗമനത്തിന്റെ അന്തിമഫലമാണ് സതിയെന്ന ആചാരം. അത്തരമൊരു നിഗമനത്തിലേക്കെത്തുന്നത് പുരോഗമനപരമായ കാര്യങ്ങൾ ചിന്തിക്കുന്ന കേരളം പോലൊരു സംസ്ഥാനത്തിന് യോജിച്ചതാണോ എന്നും പ്രതിപക്ഷനേതാവ് ചോദിക്കുകയുണ്ടായി.

ഈ ചോദ്യങ്ങൾ സ്പീക്കർ രാജേഷിനെ ആഴത്തിൽ ഉലച്ചുകളഞ്ഞു. ഇടതുപക്ഷമുഖം ഉയർത്തിപ്പിടിക്കേണ്ട ഭരണകക്ഷി അതിൽനിന്ന് പിറകോട്ട് പോകുന്നോ എന്ന തോന്നൽ സമൂഹത്തിൽ ഉയരുന്നത് ശരിയല്ലെന്ന് രാജേഷിന് തോന്നി. ആയിടയ്ക്ക് സ്പീക്കറെ കണ്ട പ്രതിപക്ഷനേതാവിനോട് അദ്ദേഹം, നിങ്ങൾ വിജയിച്ചിരിക്കുന്നു എന്ന് പോലും സൂചിപ്പിച്ചതായാണ് വിവരം.

സമൂഹത്തിന്റെ ചോദ്യം ചെയ്യലുകളെ മറികടക്കാൻ ശക്തമായ റൂളിംഗ് തന്നെ സ്പീക്കർക്ക് വേണ്ടിവന്നു. അതിശക്തമായ രാഷ്ട്രീയ ഇടപെടലായിരുന്നു സ്പീക്കർ ആ റൂളിംഗിലൂടെ നിർവഹിച്ചത്. സമീപകാലത്തുണ്ടായ ശക്തമായ റൂളിംഗായിരുന്നു അത്. കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് സ്വയം തിരുത്തലുകളും നവീകരണവും അംഗങ്ങളുടെ ഭാഗത്ത് നിന്ന് നിരന്തരം ഉണ്ടാകണമെന്ന് സ്പീക്കർ ഓർമ്മിപ്പിച്ചു. നമ്മുടെ സഭയിൽ ഉപയോഗിക്കാൻ പാടില്ലാത്തതെന്ന് പൊതുവിൽ അംഗീകരിച്ച ചില വാക്കുകളുണ്ട്. അൺപാർലമെന്ററിയായ അത്തരം വാക്കുകൾ ഉപയോഗിച്ചില്ലെങ്കിലും ചില പരാമർശങ്ങൾ അനുചിതവും അസ്വീകാര്യവുമാകാം. മുമ്പ് സാധാരണമായി ഉപയോഗിച്ചിരുന്ന ചില വാക്കുകളും പ്രയോഗങ്ങളും ഇന്നത്തെ കാലത്ത് ഉപയോഗിക്കാൻ പാടില്ലാത്തവയായി കണക്കാക്കുന്നുണ്ട്. വാക്കുകളുടെ വേരും അർത്ഥവും അതിന്റെ സാമൂഹ്യ സാഹചര്യത്തിലാണ്. ഒരേ വാക്കിന് തന്നെ എല്ലാ സാമൂഹ്യസാഹചര്യങ്ങളിലും ഒരേ അർത്ഥമാകണമെന്നില്ല. ഫ്യൂഡൽ മൂല്യബോധത്തെ പ്രതിനിധീകരിക്കുന്ന വാക്കുകളും പ്രയോഗങ്ങളും ആധുനിക ജനാധിപത്യ ലോകത്തിന്റെ മൂല്യബോധത്തിന് വിരുദ്ധമായിരിക്കും. മനുഷ്യരുടെ നിറം, ശാരീരിക പ്രത്യേകതകൾ, പരിമിതികൾ, ചെയ്യുന്ന തൊഴിൽ, കുടുംബ പശ്ചാത്തലം, ജാതി, മതം, ലിംഗപരമായ സവിശേഷതകൾ, ജീവിതാവസ്ഥകൾ എന്നിവയെ മുൻനിറുത്തിയുള്ള പരിഹാസ പരാമർശങ്ങൾ, ആണത്ത ഘോഷണങ്ങൾ എന്നിവയെല്ലാം ആധുനികലോകത്ത് അപരിഷ്കൃതങ്ങളായാണ് കണക്കാക്കപ്പെടുന്നത് എന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.

വി.എം. സുധീരൻ മുമ്പ് സ്പീക്കറായിരിക്കെ നടത്തിയ ശക്തമായ റൂളിംഗുകൾക്ക് ശേഷമുണ്ടായ ശക്തമായ റൂളിംഗ് എന്നൊക്കെ വിലയിരുത്തലുകളുണ്ടായി. ഈ റൂളിംഗിന് പിന്നാലെ സ്പീക്കറെ അദ്ദേഹത്തിന്റെ ചേംബറിലെത്തി അഭിനന്ദിച്ചത് പ്രതിപക്ഷനേതാവ് വി.ഡി. സതീശനായിരുന്നു. സ്പീക്കറുടെ റൂളിംഗിനെ തുടർന്ന് എം.എം. മണി വിവാദപരാമർശം പിൻവലിച്ചു.

ഗൗരവമായ സംവാദതലം

ഇക്കഴിഞ്ഞ നിയമസഭാസമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട ലോകായുക്ത നിയമ ഭേദഗതി ബില്ലിന്മേൽ നടന്ന ചർച്ചയിൽ നിയമമന്ത്രി പി. രാജീവും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും തമ്മിൽ ഏറ്റുമുട്ടിയതാണ് സഭയിലെ സംവാദത്തെ ഉയർന്ന തലത്തിലേക്കെത്തിച്ചത്. സതീശൻ നിയമനിർമാണകാര്യങ്ങളിലും സഭാ മാനേജ്മെന്റിലും ഉയർന്ന നിലവാരം പുലർത്തിപ്പോരുന്ന ഡിബേറ്ററാണ്. മന്ത്രി രാജീവ് രാജ്യസഭയിൽ പേരെടുത്ത പാർലമെന്റേറിയനായി ആദരം പിടിച്ചുപറ്റിയ വ്യക്തിയും. രണ്ടുപേരും നിയമങ്ങളുടെ സൂക്ഷ്മമായ അംശങ്ങൾ വരെ ഇഴകീറിയെടുത്ത് പരസ്പരം കൊമ്പുകോർത്ത കാഴ്ച നിയമസഭാസമ്മേളനത്തിന്റെ നിലവാരം ഉയർത്തി.

ലോകായുക്ത ഭേദഗതി ബിൽ പാസാക്കിക്കഴിഞ്ഞ ദിവസം സഭാസമ്മേളനത്തിന് പിന്നാലെ മന്ത്രിയെയും പ്രതിപക്ഷനേതാവിനെയും ചേംബറിൽ വിളിച്ച് അഭിനന്ദിക്കാൻ എം.ബി. രാജേഷിലെ സഭാനാഥൻ മടി കാണിച്ചില്ല.

ഷംസീർ വരുമ്പോൾ

രാജേഷ് നിറുത്തിയേടത്ത് നിന്ന് തുടങ്ങുക എന്നത് ഷംസീറിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്. ശ്രീരാമകൃഷ്ണനെന്ന സ്പീക്കറെയും രാജേഷ് എന്ന സ്പീക്കറെയും കണ്ട് ശീലിച്ച ഷംസീർ ഇരുവരിലെയും നല്ല വശങ്ങൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം. ക്ലാസിലെ വികൃതിക്കുട്ടി എന്ന പേരുദോഷം പ്രതിപക്ഷ മനസ്സുകളിൽ നിന്ന് മായ്ച്ചുകളയാനുള്ള സർഗശേഷി അദ്ദേഹം പുറത്തെടുക്കുമോ? പക്വതയില്ലായ്മയുടെ കുട്ടിക്കളി പലപ്പോഴും സഭയ്ക്കകത്ത് പ്രകടമാക്കിപ്പോരുന്നു എന്ന് പല അംഗങ്ങളും ചിന്തിക്കുന്ന ഷംസീർ ഒരുപക്ഷേ പുതിയ സ്ഥാനലബ്ധിയിലേക്കെത്തുമ്പോൾ ആരും പ്രതീക്ഷിക്കാത്ത നിലവാരത്തിലേക്ക് ഉയർന്ന് കൂടായ്കയില്ല. ചിലപ്പോൾ തിരിച്ചുമായിക്കൂടെന്നില്ല. പക്ഷേ, രാജേഷിൽ നിന്നുകൊണ്ട് നോക്കുന്ന ആളുകൾക്ക് എത്ര ചെറിയ വീഴ്ചയും വലിയ തെറ്റായി തോന്നാതിരിക്കില്ല എന്ന് തിരിച്ചറിഞ്ഞുള്ള പ്രവർത്തനം നടത്താൻ ഷംസീറിന് വലിയ ഗൃഹപാഠം ചെയ്യേണ്ടി വരുമെന്നുറപ്പാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIVADAVELA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.