SignIn
Kerala Kaumudi Online
Friday, 20 September 2024 4.21 AM IST

പ്രീണന രാഷ്ട്രീയവും ഇരട്ടത്താപ്പും

Increase Font Size Decrease Font Size Print Page

photo

കേരള പൊലീസിന് ഇപ്പോൾ അത്ര നല്ല സമയമല്ലെന്നാണ് സമീപകാല സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ഏറ്റവുമൊടുവിൽ വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷനു നേരെയുണ്ടായ ആക്രമണത്തിൽ 40 ഓളം പൊലീസുകാർക്കാണ് സാരമായി പരിക്കേറ്റത്. സംഘടിതരായെത്തിയ വിഴിഞ്ഞം തുറമുഖ വിരുദ്ധസമരക്കാരായ മത്സ്യത്തൊഴിലാളികൾ മരക്കഷണവും കല്ലും പങ്കായവും കോൺക്രീറ്റ് കട്ടയുമായി സ്റ്റേഷൻ അടിച്ചു തകർക്കുകയും പൊലീസ് ജീപ്പുകൾ തകർക്കുകയും സ്റ്റേഷനുള്ളിലെ സകല സാധനങ്ങളും തകർത്തെറിയുകയും ചെയ്‌തിട്ടും ശക്തമായൊന്ന് പ്രതിരോധിക്കാൻ പോലുമാകാതെ പൊലീസ് പരാജയപ്പെടുന്ന കാഴ്ചകണ്ട് കേരളത്തിലെ ജനങ്ങൾ ഞെട്ടിത്തരിച്ചു നിൽക്കുകയാണ്. സംസ്ഥാനത്തെ പൊലീസുകാരുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരായ തങ്ങളുടെ അവസ്ഥ എന്താകുമെന്നാണിപ്പോൾ ജനം ചോദിക്കുന്നത്.

കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ അടുത്തിടെ സഹോദരന്മാരായ രണ്ട് യുവാക്കൾക്ക് ക്രൂരമർദ്ദനമേറ്റതുമായി ബന്ധപ്പെട്ട സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ് നൽകിയ റിപ്പോർട്ടിലെ വിവരങ്ങളും പുറത്തുവന്നത് ഇതേദിവസമാണ്. റിപ്പോർട്ട് കണ്ട് മൂക്കത്ത് വിരൽ വച്ചുപോയവരിൽ മർദ്ദനത്തിനിരയായ യുവാക്കൾ മാത്രമല്ല, കൊല്ലത്തെ പൊലീസുകാരും നാട്ടുകാരുമുണ്ട്. കഴിഞ്ഞ സെപ്തംബർ 25 ന് ഡി.വൈ.എഫ്.ഐ നേതാവായ വിഘ്നേഷിനും സഹോദരനും സൈനികനുമായ വിഷ്ണുവിനും കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ മർദ്ദനമേറ്റ സംഭവം മാദ്ധ്യമങ്ങളെല്ലാം പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തതാണ്. സഹോദരന്മാർ ഇതുസംബന്ധിച്ച് മനുഷ്യാവകാശ കമ്മിഷന് പരാതി നൽകിയിരുന്നു. അതുപ്രകാരം കേസെടുത്ത കമ്മിഷൻ, സിറ്റിപൊലീസ് മേധാവിയോട് റിപ്പോർട്ട് തേടിയിരുന്നു. ഇതിന് കമ്മിഷണർ നൽകിയ മറുപടി വിചിത്രവും ആരെയും അത്ഭുതപ്പെടുത്തുന്നതുമാണ്. വിഷ്ണുവിനും വിഘ്നേഷിനും പൊലീസ് സ്റ്റേഷനിൽ മർദ്ദമേറ്റെന്നത് ശരിയാണ്. എന്നാൽ മർദ്ദിച്ചത് ആരാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് മെറിൻ ജോസഫിന്റെ റിപ്പോർട്ടിലെ പ്രസക്തഭാഗം. വൈദ്യപരിശോധന സമയത്ത് പൊലീസുകാർ മർദ്ദിച്ചതായി ഇവർ പറഞ്ഞിട്ടില്ല. പൊലീസുകാർ ഭീഷണിപ്പെടുത്തി പറയിച്ചു എന്നതിനും തെളിവില്ല. സ്റ്റേഷനിലുണ്ടായിരുന്ന വ്യക്തിയുടെ മൊഴിയനുസരിച്ച് സഹോദരന്മാർക്ക് മർദ്ദനമേറ്റുവെന്നത് ഉറപ്പാണെങ്കിലും മർദ്ദിച്ചത് ആരെന്ന് വ്യക്തമല്ല. പരാതിക്കാരന്റെ മൊഴിയിൽ സി.ഐ, എസ്.ഐ, സി.പി.ഒ മണികണ്ഠൻ, ജി.എസ്.ഐ ലഗേഷ് എന്നിവർ മർദ്ദിച്ചതായി പറയുന്നുണ്ട്. ഇത് തെളിയിക്കാനും സാക്ഷിമൊഴികളില്ല. അതേസമയം സ്റ്റേഷന് പുറത്തുവച്ച് മർദ്ദനമേറ്റെന്ന പൊലീസുകാരുടെ വാദം തെറ്റാണെന്നും റിപ്പോർട്ടിൽ പറയുന്നു.

പരിഹാസ്യമെന്ന് തോന്നാവുന്ന ഈ റിപ്പോർട്ട് പൊലീസുകാരെ രക്ഷിക്കാനാണെന്നതിൽ തർക്കമില്ലെങ്കിലും പൊലീസ് സ്റ്റേഷനിൽ യുവാക്കളെ മർദ്ദിച്ചത് ആരാണെന്ന ചോദ്യമാണുയരുന്നത്. സ്റ്റേഷനുള്ളിൽ യുവാക്കൾക്ക് മർദ്ദനമേറ്റു, എന്നാൽ ആരാണ് മർദ്ദിച്ചതെന്നതിന് തെളിവില്ലെന്ന് കമ്മിഷണറുടെ റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും യുവാക്കൾക്ക് മർദ്ദനമേൽക്കുന്ന സിസി ടിവി ദൃശ്യങ്ങൾ നേരത്തെ വ്യാപകമായി പ്രചരിച്ചിരുന്നു. റിപ്പോർട്ട് വിചിത്രമെന്നാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതികരിച്ചത്. സൈനികനെ പൊലീസുകാർ മർദ്ദിക്കുന്ന ദൃശ്യം ലോകം മുഴുവൻ കണ്ടതാണ്. സംസ്ഥാനത്ത് പൊലീസിന് എന്തുമാകാമെന്ന ധിക്കാരമാണ് മെറിൻ ജോസഫിന്റെ റിപ്പോർട്ടിലൂടെ വെളിപ്പെടുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. കേസ് അട്ടിമറിയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ റിപ്പോർട്ടെന്ന് മർദ്ദനമേറ്റ വിഘ്നേഷും പറഞ്ഞു. പൊലീസ് അസോസിയേഷന്റെയും ഓഫീസേഴ്സ് അസോസിയേഷന്റെയും ഇടപെടലാണ് ഇത്തരമൊരു റിപ്പോർട്ടിനു പിന്നിലെന്നാണ് സംശയിക്കപ്പെടുന്നത്.

വിഴിഞ്ഞത്ത്

അടിയേറ്റ് പൊലീസ്

കിളികൊല്ലൂർ സ്റ്റേഷനിൽ പൊലീസുകാരെ വെള്ളപൂശി മനുഷ്യാവകാശ കമ്മിഷന് റിപ്പോർട്ട് നൽകിയ ദിവസമാണ് വിഴിഞ്ഞത്ത് 40 ഓളം പൊലീസുകാർക്ക് മത്സ്യതൊഴിലാളികളിൽ നിന്ന് അതിക്രൂരമർദ്ദനമേറ്റത്. സംസ്ഥാനത്തിന്റെ സമീപകാല ചരിത്രത്തിലൊന്നും കേട്ടുകേൾവി പോലുമില്ലാത്ത സംഭവമാണിത്. വിഴിഞ്ഞം എസ്.ഐ അടക്കം മൂന്ന് പൊലീസുകാരുടെ നില ഗുരുതരമാണ്. എന്നാൽ ഈ സംഭവത്തിൽ പൊലീസും സർക്കാരും സ്വീകരിച്ച നിസംഗ നിലപാട് വ്യാപകമായ വിമർശനങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. വിഴിഞ്ഞത്ത് തുറമുഖ നിർമ്മാണത്തിനെതിരായി 130 ദിവസമായി ലത്തീൻസഭയുടെ നേതൃത്വത്തിൽ മത്സ്യതൊഴിലാളികൾ തുടർന്നുവന്ന സമരത്തിന്റെ ഏറ്റവും ബീഭൽസമായ മുഖമാണ് നവംബർ 27 ന് രാത്രി അരങ്ങേറിയത്. സമരകാലയളവിനിടെ ഹൈക്കോടതിയിൽ നിന്ന് നിരവധി ഉത്തരവുകൾ ഉണ്ടായിരുന്നു. സമരം വഴിവിടുന്നെന്നും നിയന്ത്രിക്കാൻ സംസ്ഥാന പൊലീസിനാകില്ലെങ്കിൽ കേന്ദ്രസേനയെ വിളിക്കാമെന്നും വരെ ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. എന്നിട്ടും യാതൊരു നടപടിയുമുണ്ടായില്ല. തുറമുഖത്തേക്ക് പോകുന്ന വാഹനങ്ങൾ തടയില്ലെന്ന് സമരസമിതി നേതാക്കൾ ഹൈക്കോടതിയിൽ നൽകിയ ഉറപ്പ് വിശ്വസിച്ച് 27 ന് രാവിലെ നിർമ്മാണസാമഗ്രികളുമായെത്തിയ ലോറികൾ തടഞ്ഞത് സംഘർഷത്തിലും ഇരുവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലും കലാശിച്ചു. ഇതുമായി ബന്ധപ്പെട്ട് ഏതാനും പേരെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് അന്ന് രാത്രി സ്ത്രീകളടക്കം വൻ ജനക്കൂട്ടം എത്തി പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയും പൊലീസുകാരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തത്. പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിലെത്തിക്കാൻ പോലും അക്രമികൾ അനുവദിച്ചില്ല. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയുന്ന 3000 പേർക്കെതിരെ കേസെടുത്തു എന്നല്ലാതെ മറ്റു യാതൊരു നടപടിയുമുണ്ടായിട്ടില്ല. അറസ്റ്റ് ചെയ്തവരെ ജാമ്യത്തിൽ വിടുകയും ചെയ്തു. തൽക്കാലം ആരെയും അറസ്റ്റ് ചെയ്യേണ്ടെന്നാണ് സർക്കാർ നിർദ്ദേശം. വിഴിഞ്ഞത്ത് കലാപത്തിന് സമാനമായ സ്ഥിതിവിശേഷമുണ്ടായിട്ടും അവിടെ നിരോധനാജ്ഞ പ്രഖ്യാപിക്കാനോ കൂടുതൽ സേനയെ വിന്യസിക്കാനോ കഴിഞ്ഞില്ലെന്നത് ആഭ്യന്തര വകുപ്പിന്റെയും ക്രമസമാധാന പാലനത്തിലെയും ഗുരുതര വീഴ്ചയായാണ് വിലയിരുത്തുന്നത്. ഏറ്റവും നാണംകെട്ട പ്രീണന രാഷ്ട്രീയത്തിന്റെയും വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെയും ഉത്തമ ഉദാഹരണമാണ് വിഴിഞ്ഞത്തുണ്ടായത്. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും അത് ലംഘിക്കുന്നവരെയും കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെയും നിലയ്ക്ക് നിറുത്തുകയെന്ന സർക്കാരിന്റെ ഉത്തരവാദിത്വമാണ് അമ്പേ പരാജയപ്പെട്ടത്. ഇവിടെ സാരമായി പരിക്കേറ്റ പൊലീസുകാരെ സഹായിക്കാൻ അസോസിയേഷൻ പോലും രംഗത്തെത്തിയിട്ടില്ല.

ഇരട്ടനീതി ചോദ്യം

ചെയ്യപ്പെടുമ്പോൾ

ഒരു പാത്രത്തിൽ രണ്ട് തരം ഊണെന്ന് പറയും പോലെ സംസ്ഥാനത്ത് ഇപ്പോൾ പലർക്കും പലതരത്തിലുള്ള നീതിയാണ് സർക്കാരിൽ നിന്നും പൊലീസിൽ നിന്നും ലഭിക്കുന്നത്. വിഴിഞ്ഞത്ത് കലാപസമാനമായ അക്രമം നടന്നിട്ടും ആരെയും അറസ്റ്റ് ചെയ്യാതെ പ്രീണനരാഷ്ട്രീയം കളിക്കുന്ന സർക്കാരാണ് അടുത്തിടെ സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നസുരേഷ് നടത്തിയചില വെളിപ്പെടുത്തലിന്റെ പേരിൽ അവർക്കെതിരെ കലാപശ്രമത്തിന് കേസെടുത്തത്.

വിഴിഞ്ഞത്തെ അക്രമം രാജ്യത്ത് മാത്രമല്ല, ആഗോളതലത്തിലും ഇപ്പോൾ ചർച്ചാവിഷയമാണ്. ബി.ബി.സി ന്യൂസ് വൻ പ്രാധാന്യത്തോടെയാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തത്. പ്രീണന രാഷ്ട്രീയവും വോട്ട്ബാങ്ക് രാഷ്ട്രീയവും കളിച്ച് കേരളത്തിന്റെ സാമൂഹികാന്തരീക്ഷം കലുഷിതമാക്കുന്നവർ ഇന്നല്ലെങ്കിൽ നാളെ അതിന് വലിയ വില നൽകേണ്ടി വരുമെന്നതാണ് മുൻകാല അനുഭവങ്ങൾ നൽകുന്ന പാഠം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: VIZHINJAM PORT PROTEST AND POLICE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.