SignIn
Kerala Kaumudi Online
Saturday, 27 April 2024 3.17 AM IST

ചെയ്യേണ്ടാത്തത് ചെയ്യുന്ന കമ്മിഷൻ

womens-commission

സ്ത്രീധനമരണങ്ങൾ തുടർക്കഥയാവുകയും വനിതാ കമ്മിഷൻ അദ്ധ്യക്ഷയുടെ വാമൊഴി വഴക്കം സംസ്ഥാനത്തെമ്പാടും ചർച്ചയാവുകയും തത്ഫലമായി അവർ സ്ഥാനമൊഴിയുകയും ചെയ്യുന്ന ഒരു സവിശേഷ കാലഘട്ടത്തിൽ കൂടിയാണ് നാം കടന്നു പോകുന്നത്. യഥാർത്ഥത്തിൽ വനിതാ കമ്മിഷൻ നിയമം എന്താണെന്നോ അതിലെ വ്യവസ്ഥകൾ എന്തൊക്കെയാണെന്നോ വനിതാ കമ്മിഷന്റെ അധികാരത്തിനുള്ള പരിധികളും പരിമിതികളും എന്താണെന്നോ നമ്മുടെ നാട്ടിലെ മിക്കയാളുകൾക്കും അറിയില്ല. അവിടെ പരാതി കൊടുക്കുന്നവർക്കും അറിയില്ല, പരാതി പരിഗണിക്കുന്നവർക്കും അറിയില്ല. മാദ്ധ്യമങ്ങൾക്കും ഭരണകർത്താക്കൾക്കും അറിയില്ല.

സംസ്ഥാനത്ത് സ്ത്രീകളുടെ പദവി ഉയർത്തുന്നതിനും അവർ നേരിടുന്ന അധാർമ്മിക പ്രവൃത്തികളെക്കുറിച്ച് അന്വേഷിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും വേണ്ടിയാണ് 1991 ൽ വനിതാ കമ്മിഷൻ ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന 1995 ൽ അതു പാസാക്കിയെടുത്തു. അതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് വനിതാ കമ്മിഷൻ രൂപീകരിക്കപ്പെട്ടത്. വനിതാ കമ്മിഷന്റെ ആദ്യ അദ്ധ്യക്ഷയായി നിയോഗിക്കപ്പെട്ടത് പ്രമുഖ കവയിത്രിയും സാമൂഹ്യ പ്രവർത്തകയുമായിരുന്ന സുഗതകുമാരിയായിരുന്നു. 1996 ൽ പൊതുതിരഞ്ഞെടുപ്പു നടന്ന് ഇടതുമുന്നണി അധികാരത്തിൽ വന്നശേഷവും വനിതാ കമ്മിഷൻ അദ്ധ്യക്ഷയെ മാറ്റാൻ ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ തയ്യാറായില്ല. സുഗതകുമാരി ടീച്ചർ തന്നെ ആ സ്ഥാനത്തു തുടർന്നു. അവരുടെ കാലാവധി അവസാനിച്ചശേഷം വനിതാ കമ്മിഷൻ ചെയർപേഴ്സണായി ജസ്റ്റിസ് ഡി. ശ്രീദേവി നിയമിക്കപ്പെട്ടു. 2001 ൽ നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചു. എ.കെ. ആന്റണി കേരള മുഖ്യമന്ത്രിയായി. യു.ഡി.എഫ് സർക്കാർ വനിതാ കമ്മിഷനെ പിരിച്ചുവിട്ടു. എന്നു മാത്രമല്ല, ജസ്റ്റിസ് ശ്രീദേവിയെക്കുറിച്ച് അന്നത്തെ ഭരണമുന്നണിയിലെ ഒരു പ്രമുഖ നേതാവ് അപകീർത്തികരമായ ചില പരമാർശങ്ങൾ കൂടി നടത്തുകയുണ്ടായി. മാനനഷ്ടത്തിന് നോട്ടീസ് അയച്ചപ്പോൾ നേതാവ് മാപ്പു പറയാൻ തയ്യാറായി. കമ്മിഷനെ പിരിച്ചുവിട്ട നടപടി വളരെക്കാലത്തിനു ശേഷം ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. ഏതായാലും മുൻമന്ത്രി എം. കമലം വനിതാ കമ്മിഷന്റെ ചെയർപേഴ്സൺ സ്ഥാനത്ത് അവരോധിക്കപ്പെട്ടു. യു.ഡി.എഫ് സർക്കാരുകളുടെ കാലാവധി കഴിയുന്നതുവരെ അവർ ആ സ്ഥാനത്ത് തുടർന്നു.

2006 ൽ ഇടതുമുന്നണി അധികാരത്തിൽ വരികയും ജസ്റ്റിസ് ഡി. ശ്രീദേവിയെ വീണ്ടും കമ്മിഷൻ അദ്ധ്യക്ഷ സ്ഥാനത്തു നിയോഗിക്കുകയും ചെയ്തു. 2011 ൽ ഉമ്മൻചാണ്ടി അധികാരത്തിൽ വന്നപ്പോൾ വനിതാ കമ്മിഷൻ അദ്ധ്യക്ഷയായി കോൺഗ്രസ് നേതാവ് റോസക്കുട്ടി ടീച്ചറെ നിയമിച്ചു. അവരുടെ കാലാവധി അവസാനിച്ചപ്പോൾ 2016 ലെ എൽ.ഡി.എഫ് സർക്കാർ എം.സി ജോസഫൈനെ വനിതാ കമ്മിഷൻ അദ്ധ്യക്ഷയായി നിയോഗിച്ചു.

1995 ൽ വനിതാ കമ്മിഷൻ നിയമം പാസാക്കുന്ന സമയത്ത് അതിന്റെ അദ്ധ്യക്ഷ ഒരു 'പ്രമുഖ വനിത'യായിരിക്കണമെന്നും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് മതിയായ അറിവും അവരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അനുഭവ പരിചയവും ഉണ്ടായിരിക്കണമെന്നുമാണ് വ്യവസ്ഥ ചെയ്തിരുന്നത്. എന്നാൽ 2007 ൽ ഇൗ നിയമം ഭേദഗതി ചെയ്ത് പ്രമുഖ വ്യക്തിയായിരിക്കണമെന്ന വ്യവസ്ഥ എടുത്തുകളഞ്ഞു. അതുകൊണ്ടാണ് റോസക്കുട്ടിയെയും ജോസഫൈനെയും പോലെ അത്രതന്നെ പ്രമുഖ‌രല്ലാത്ത വ്യക്തികൾക്ക് വനിതാ കമ്മിഷന്റെ അദ്ധ്യക്ഷ സ്ഥാനത്ത് എത്താൻ കഴിഞ്ഞത്.

സംസ്ഥാന വനിതാ കമ്മിഷന്റെ ചുമതലകൾ നിയമത്തിന്റെ 16 ാം വകുപ്പിൽ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ദൈനംദിനാടിസ്ഥാനത്തിൽ സ്ത്രീകൾ അവരുടെ ഭർതൃഗൃഹത്തിലോ തൊഴിലിടങ്ങളിലോ നേരിടുന്ന പീഡനത്തെക്കുറിച്ചുള്ള പരാതികൾ പരിഗണിക്കാനോ പരിഹരിക്കാനോ വേണ്ടിയിട്ടല്ല ഇങ്ങനെയൊരു കമ്മിഷൻ സ്ഥാപിച്ചിട്ടുള്ളതെന്ന കാര്യം അതിൽ നിന്ന് വ്യക്തമാണ്. 16 ാം വകുപ്പു പ്രകാരം വനിതാ കമ്മിഷൻ ചെയ്യേണ്ടുന്ന കാര്യങ്ങൾ പ്രധാനമായും പൊതുസ്വഭാവമുള്ളവയാണ്. ഉദാഹരണത്തിന് സ്ത്രീസുരക്ഷയ്ക്കു വേണ്ടിയുള്ള നിയമങ്ങളിലുള്ള പഴുതുകൾ എങ്ങനെ അടയ്‌ക്കാം, അവ നടപ്പാക്കുന്നതിലുണ്ടാകുന്ന വീഴ്ചകൾ എങ്ങനെ പരിഹരിക്കാം, തൊഴിലെടുക്കുന്ന സ്ത്രീകൾ നേരിടുന്ന വിവേചനം എങ്ങനെ അവസാനിപ്പിക്കാം, സ്ത്രീകൾക്ക് തുല്യാവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ എങ്ങനെ ആവിഷ്കരിക്കാം, സ്വത്തവകാശം, രക്ഷാകർതൃത്വം, ദത്തെടുക്കൽ, വിവാഹ മോചനം എന്നീ വിഷയങ്ങളിൽ നിലവിലുള്ള നിയമങ്ങളിലുള്ള വിവേചനം എങ്ങനെ നിയമ നിർമ്മാണത്തിലൂടെ അവസാനിപ്പിക്കാം, സ്ത്രീകളുടെ സാമൂഹ്യവും സാമ്പത്തികവുമായ വികസനത്തിന് ആവശ്യമായ പദ്ധതികൾ ആവിഷ്കരിക്കുന്നതിന് എന്ത് ഉപദേശങ്ങൾ നൽകാം, പൊലീസ് സ്റ്റേഷനുകളിലും ജയിലുകളിലും ലോക്കപ്പുകളിലും സ്ത്രീകൾ എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുന്നുണ്ടോ ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥർ സ്ത്രീകൾക്ക് അപമാനകരമായ പ്രവൃത്തികൾ ചെയ്യുന്നുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് 16-ാം വകുപ്പ് പ്രകാരം വനിതാ കമ്മിഷനെ പ്രധാനമായും ഏല്‌പിച്ചിട്ടുള്ളത്. അവർക്ക് ശുപാർശകൾ നൽകാനല്ലാതെ ഉത്തരവുകൾ പാസാക്കാനുള്ള അധികാരം നൽകിയിട്ടില്ല. മേൽപറഞ്ഞ ഉദ്ദേശ്യ ലക്ഷ്യങ്ങൾ നടപ്പാക്കുന്നതിന് ആവശ്യമായ സാങ്കേതിക സഹായം തേടാനും പണം ചെലവഴിക്കാനും റിപ്പോർട്ടുകൾ തയ്യാറാക്കി സർക്കാരിലേക്ക് സമർപ്പിക്കാനുമൊക്കെയുള്ള വ്യവസ്ഥകൾ വനിതാ കമ്മിഷൻ നിയമത്തിലുണ്ട്. എന്നാൽ ആ ദിശയിലുള്ള ശ്രമങ്ങൾ അധികമൊന്നുമുണ്ടായിട്ടില്ല.

ജസ്റ്റിസ് ഡി. ശ്രീദേവി ആദ്യം വനിതാ കമ്മിഷൻ അദ്ധ്യക്ഷയായിരുന്ന സമയത്ത് കേരളത്തിലെ തൊഴിൽ നിയമങ്ങളിൽ സ്ത്രീപക്ഷ വ്യവസ്ഥകൾ കൂട്ടിച്ചേർക്കുന്നതിന് ഒരു കമ്മിറ്റി രൂപീകരിച്ചു. പക്ഷേ, കമ്മിറ്റി ഒരു സിറ്റിംഗ് പോലും നടത്തുന്നതിന് മുമ്പ് വനിതാ കമ്മിഷനെ തന്നെ സർക്കാർ പിരിച്ചുവിട്ടു. പിന്നീട് വി.എസ് സർക്കാരിന്റെ കാലത്ത്, ജസ്റ്റിസ് ശ്രീദേവി വീണ്ടും ചെയർപേഴ്സണായി നിയമിക്കപ്പെട്ടശേഷം വനിതാ കമ്മിഷന്റെ പ്രധാന ആഭിമുഖ്യത്തിൽ ഗാർഹിക പീഡന നിരോധന നിയമത്തെക്കുറിച്ച് നിരവധി ക്ളാസുകൾ ജില്ലാ പഞ്ചായത്തുകളുമായി സഹകരിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തുകയുണ്ടായി. അക്കാലത്ത് സാമാന്യം വിവാദപരമായ ഒരു നിലപാട് വനിതാ കമ്മിഷൻ സ്വീകരിച്ചു. 18 വയസ് പൂർത്തിയായ പെൺകുട്ടികളെ മാത്രമേ കന്യാസ്ത്രീ മഠങ്ങളിൽ ചേർക്കാവൂ എന്നൊരു അഭിപ്രായം കമ്മിഷന്റെ ഭാഗത്തു നിന്നുണ്ടായി. അത് ന്യൂനപക്ഷാവകാശ ധ്വസംനമാണെന്നും പെൺകുട്ടികൾക്ക് പ്രായപൂർത്തിയെത്തും മുൻപ് മഠത്തിൽ ചേരാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നുമൊക്കെ വലിയ തോതിലുള്ള വ്യാഖ്യാനവും പ്രചരണവും നടന്നു. അതിലും തുടർ നടപടിയൊന്നുമുണ്ടായില്ല.

കാലാകാലങ്ങളിൽ വനിതാ കമ്മിഷൻ ചെയ്തു കൊണ്ടിരിക്കുന്ന പ്രവൃത്തിയെന്തെന്നാൽ വിവിധ ജില്ലാ കേന്ദ്രങ്ങളിൽ സിറ്റിംഗ് നടത്തുക, അശരണരും ആലംബഹീനരുമായ സ്ത്രീകൾ നൽകുന്ന പരാതികൾ പരിഗണിക്കുക, പരാതിയിൽ നോട്ടീസ് അയച്ചിട്ട് എതിർകക്ഷികൾ ഹാജരാവുകയാണെങ്കിൽ അവരെ ഉപദേശിക്കുക, അതല്ലെങ്കിൽ നടപ്പാക്കാൻ പറ്റാത്ത രീതിയിലുള്ള ഉത്തരവുകൾ പാസാക്കുക എന്നിവ മാത്രമാണ്. വനിതാ കമ്മിഷന് ഇത്തരത്തിലുള്ള പരാതികൾ പരിഗണിക്കാനോ തീർപ്പു കല്പിക്കാനോ നിയമപരമായി യാതൊരു അധികാരവുമില്ല. വനിതാ കമ്മിഷന്റെ ഒരു തീർപ്പും നിയമപരമായി നടപ്പാക്കാൻ സാധിക്കുകയുമില്ല. അങ്ങനെ അധികാരമില്ലാത്ത ജോലികളാണ് ഇവിടെ വനിതാ കമ്മിഷൻ കാലങ്ങളായി ചെയ്തു കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ കമ്മിഷൻ പല്ലും നഖവുമില്ലാത്ത ഒരു കടലാസ് കടുവയായി പരിണമിച്ചിരിക്കുന്നു. 16 - ാം വകുപ്പ് പ്രകാരമുള്ള ചുമതലകൾ ചെയ്യാതിരിക്കുകയും അധികാരമില്ലാത്ത കാര്യങ്ങൾ തീരുമാനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് വനിതാ കമ്മിഷന്റെ ഏറ്റവും വലിയ പരാജയം.

ആദ്യകാലത്ത് സുഗതകുമാരിയെയും ജസ്റ്റിസ് ശ്രീദേവിയെയും പോലുള്ള ആദരണീയ വ്യക്തികളായിരുന്നു അദ്ധ്യക്ഷരെങ്കിൽ പില്‌ക്കാലത്ത് റോസക്കുട്ടിയെപ്പോലെയും ജോസഫൈനെയും പോലെയുള്ള തനി രാഷ്ട്രീയ ജീവികൾ നിയമിക്കപ്പെടാൻ തുടങ്ങി. നാലുതവണ നിയമസഭയിലേക്കും ഒരു തവണ പാർലമെന്റിലേക്കും മത്സരിച്ചു തോറ്റതാണ് ഇപ്പോൾ സ്ഥാനത്യാഗം ചെയ്ത വനിതയ്ക്ക് കമ്മിഷൻ അദ്ധ്യക്ഷയാകാനുണ്ടായിരുന്ന യോഗ്യത. ജാതിയുടെയും മതത്തിന്റെയും പാർട്ടിയുടെയും ഗ്രൂപ്പിന്റെയും അടിസ്ഥാനത്തിലാണ് കമ്മിഷൻ അംഗങ്ങളെ നിയമിച്ചുകൊണ്ടിരിക്കുന്നത്. സ്വാഭാവികമായും അവരുടെ രാഷ്ട്രീയവും സാമുദായികവുമായ താത്പര്യങ്ങൾ കമ്മിഷന്റെ നടപടികളെയും സ്വാധീനിച്ചു. ഒാരോ തിരഞ്ഞെടുപ്പു കഴിയുമ്പോഴും മറ്റൊരിടത്തും 'അക്കോമഡേറ്റ് ' ചെയ്യാൻ കഴിയാത്ത വനിതാ നേതാക്കളെ കുടിയിരുത്താനുള്ള ലാവണമായി വനിതാ കമ്മിഷൻ മാറി. അതുകൊണ്ടാണ് വനിതാ കമ്മിഷന്റെ നടപടികൾ പലപ്പോഴും വിവാദങ്ങൾക്കും ചിലപ്പോഴൊക്കെ അപവാദങ്ങൾക്കും ഇടവരുത്തുന്നത്.

നമ്മുടെ രാജ്യത്ത് സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തുല്യനീതി ഉറപ്പാക്കുന്നതിനും അവർക്കു നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും നിരവധി നിയമങ്ങൾ പാർലമെന്റ് പാസാക്കിയിട്ടുണ്ട്. അവയെക്കുറിച്ച് കൃത്യമായ അവബോധം സാധാരണക്കാരായ ജനങ്ങൾക്ക് ഉണ്ടാക്കി കൊടുക്കുകയാണ് സംസ്ഥാന സർക്കാരും വനിതാ കമ്മിഷനും ആദ്യമായി ചെയ്യേണ്ടത്. സ്ത്രീധനത്തിന്റെ പേരിലും മറ്റു തരത്തിലും പീഡിപ്പിക്കപ്പെടുന്ന സ്ത്രീകൾ പൊലീസിലാണ് പരാതി നൽകേണ്ടത്. കുറ്റക്കാരെ ശിക്ഷിക്കാൻ വ്യക്തമായ വ്യവസ്ഥകൾ ഇന്ത്യൻ ശിക്ഷാ നിയമത്തിലുണ്ട്. അതുകൂടാതെ ഗാർഹിക പീഡന നിരോധന നിയമപ്രകാരം ഏറ്റവും അടുത്തുള്ള മജിസ്ട്രേട്ട് കോടതി മുമ്പാകെ പരാതി കൊടുക്കാനും വ്യവസ്ഥയുണ്ട്. അതല്ലാതെ ഇങ്ങനെയുള്ള കാര്യങ്ങളിൽ വനിതാ കമ്മിഷനിൽ പരാതി കൊടുക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. ഇത്തരം പരാതികൾ പരിഗണിക്കാനോ പരിഹരിക്കാനോ വനിതാ കമ്മിഷന് യാതൊരു അധികാരവുമില്ല.

വനിതാ കമ്മിഷനിൽ പുതുതായി വരുന്ന അദ്ധ്യക്ഷയും അംഗങ്ങളും ആദ്യം ചെയ്യേണ്ടത് നിയമത്തിൽ അവർക്ക് നൽകിയ അധികാരങ്ങൾ എന്തൊക്കെയാണെന്ന് പഠിക്കുക. ആ ദിശയിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമോയെന്ന് ശ്രമിക്കുക. ഗാർഹിക പീഡന നിരോധന നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവുമുള്ള കേസുകൾ വനിതാ കമ്മിഷനിലല്ല പരിഹരിക്കുന്നതെന്ന് പരാതിക്കാരെ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുക. നിയമപ്രകാരമുള്ള അധികാരാവകാശങ്ങൾ നിറവേറ്റാൻ കഴിവും പ്രാപ്തിയുമില്ലെങ്കിൽ സർക്കാരിൽ നിന്ന് കനിഞ്ഞു നൽകിയിട്ടുള്ള ഒാണറേറിയവും യാത്രാബത്തയും മറ്റാനുകൂല്യങ്ങളും കൈപ്പറ്റി സന്തോഷമായി ജീവിക്കുക. ഏറ്റവും കുറഞ്ഞത് പരാതിക്കാരെ അപമാനിക്കാതിരിക്കുകയെങ്കിലും ചെയ്യുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHATHURANGAM, WOMENS COMMISSION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.