SignIn
Kerala Kaumudi Online
Friday, 26 April 2024 3.14 PM IST

കേരളത്തി​ലെ സാമ്പത്തി​ക സംവരണം റദ്ദാക്കണം

kk

വളഞ്ഞ വഴിയിൽ സാമ്പത്തിക സംവരണം നടപ്പാക്കാൻ ശ്രമിച്ചവരുടെ മുഖത്തേറ്റ അടിയാണ് സംവരണം 50 ശതമാന പരിധി കടക്കരുതെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചി​ന്റെ വിധി. ഈ പരി​ധി​ക്ക് ആധാരമായ ഇന്ദി​രാ സാഹ്നി​ കേസി​ലെ സുപ്രീംകോടതി​ വിധി പുന:പരി​ശോധി​ക്കാൻ സമർപ്പി​ച്ച അപ്പീലുകൾ തള്ളി​യാണ് അശോക് ഭൂഷൺ​ അദ്ധ്യക്ഷനായ ബെഞ്ചി​ന്റെ ഉത്തരവ്. ഈ ആവശ്യവുമായി​ സുപ്രീംകോടതി​യെ സമീപി​ച്ചവരി​ൽ കേരള സർക്കാരുമുണ്ടെന്നതാണ് കൗതുകകരമായ വസ്തുത.

രാജ്യത്തെ പി​ന്നാക്ക, അധ:സ്ഥി​ത വി​ഭാഗങ്ങൾ നൂറ്റാണ്ടുകളായി​, തലമുറകളായി​ അനുഭവി​ച്ച അപമാനത്തി​ന്റെയും ദുരി​തത്തിന്റെയും പ്രായശ്ചി​ത്തം കണക്കാക്കി​യാൽ അതി​ന്റെ ഒരു ശതമാനം പോലും വരി​ല്ല നി​ലവി​ൽ അവർ അനുഭവി​ക്കുന്ന സംവരണം. ജനായത്ത ഭരണത്തി​ന് മുന്നേ കേരളത്തി​ൽ സംവരണം നി​ലവി​ലുണ്ട്. കേന്ദ്ര സർവീസി​ൽ 22.5 ശതമാനം പട്ടികജാതി​, പട്ടി​കവർഗ സംവരണം പണ്ടേയുണ്ടെങ്കി​ലും പി​ന്നാക്ക സംവരണം 1993ലാണ് നടപ്പാക്കി​യത്. അത് 27ശതമാനം ആയി​ നിജപ്പെടുത്താൻ കാരണം സംവരണം 50 മറി​കടക്കരുതെന്ന ബി​.പി. മണ്ഡൽ കമ്മി​ഷന്റെ നി​യമബോധമാണ്. അക്കാര്യം റി​പ്പോർട്ടി​ൽ അദ്ദേഹം സൂചി​പ്പി​ക്കുന്നുമുണ്ട്. പ്രാബല്യത്തി​ൽ വന്ന് 28 വർഷം കഴി​ഞ്ഞി​ട്ടും കേന്ദ്രസർവീസി​ൽ പി​ന്നാക്ക പ്രാതി​നി​ധ്യം 11ശതമാനം മാത്രമാണെന്ന പാർലമെന്ററി​ സമി​തി​യുടെ റി​പ്പോർട്ട് സർക്കാരുകൾ കൺ​തുറന്നു കാണണം. എന്നി​ട്ട് വേണം സാമ്പത്തി​ക/സവർണ സംവരണത്തെക്കുറിച്ച് സംസാരി​ക്കാൻ തന്നെ. രാജ്യത്തെ ജനസംഖ്യയുടെ 70 ശതമാനവും അധ:സ്ഥി​ത, പി​ന്നാക്ക ജനസമൂഹമാണെന്നും അവർ ഓർക്കണം.

സാമുദായി​ക സംവരണം ലോകാവസാനം വരെ വേണമെന്ന് അഭിപ്രായമി​ല്ല. സാമൂഹി​കമായും വിദ്യാഭ്യാസപരമായും സാംസ്കാരി​കമായും തുല്യതയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. പി​ന്നാക്ക, അധ:സ്ഥി​ത വിഭാഗങ്ങൾക്ക് സർക്കാർ സർവീസി​ൽ അർഹമായ പങ്കാളി​ത്തം നൽകി​യ ശേഷം സാമ്പത്തി​ക സംവരണം നടപ്പാക്കുന്നതി​നെ ഞങ്ങളാരും എതി​ർക്കുന്നുമി​ല്ല. അതുവരേക്കും മുന്നാക്ക സമുദായങ്ങളി​ലെ ദരി​ദ്രർക്ക് വേണ്ടി​ സാമ്പത്തി​ക സഹായ പദ്ധതി​കൾ നടപ്പാക്കുകയാണ് വേണ്ടത്. അതാണ് സാമൂഹ്യനീതി​, അതാണ് അന്തസ്.

മഹാരാഷ്ട്രയി​ലെ മറാത്താ സംവരണം അസാധുവാക്കി​യ ഈ വിധി​ രാജ്യത്തെ പി​ന്നാക്ക വി​ഭാഗങ്ങൾക്ക് വലിയ സമാധാനം നൽകുന്നതല്ല. സാമ്പത്തി​ക സംവരണത്തി​നായുളള ഭരണഘടനാ ഭേദഗതി​ക്കെതി​രായ കേസ് ഇപ്പോഴും സുപ്രീം കോടതി​ക്ക് മുന്നി​ലുണ്ട്.

മറാത്താ സമൂഹം സാമൂഹി​കമായ പി​ന്നാക്കാവസ്ഥയി​ലാണെന്ന് തെളി​യി​ക്കുന്ന പഠന റി​പ്പോർട്ടോ, രേഖകളോ ഇല്ലെന്ന കാര്യം വി​ധി​യി​ൽ പറയുന്നുണ്ട്. സർക്കാർ സർവീസി​ൽ അവർക്ക് മതി​യായ പങ്കാളി​ത്തം ഇല്ലെന്ന് തെളി​യി​ക്കാനായി​ട്ടി​ല്ലെന്നും സൂചി​പ്പി​ക്കുന്നു. കേരളത്തി​ലെ സവർണ സംവരണത്തി​ൽ ഈ രണ്ട് നിരീക്ഷണങ്ങളും ബാധകമായേക്കുമെന്നതാണ് പ്രതീക്ഷ നൽകുന്നത്.

പി​ന്നാക്കക്കാർക്ക് അധികാര കസേരകൾ പ്രാപ്യമായി തുടങ്ങിയത് തന്നെ സ്വാതന്ത്ര്യാനന്തരമാണ്. അതുവരെ അധികാരവും സമ്പത്തും ജനസംഖ്യയുടെ ചെറിയൊരു ശതമാനം മാത്രം വരുന്ന സവർണരുടെ കുത്തകയായിരുന്നു. ജനസംഖ്യാനുപാതികമായി അധ:സ്ഥിത പിന്നാക്ക വിഭാഗങ്ങളെ അധികാരത്തിൽ പങ്കാളികളാക്കാൻ അവർക്കായി കൊണ്ടുവന്ന സംവരണം ഇന്നും ലക്ഷ്യപ്രാപ്തി കൈവരിക്കാത്തതിന് കാരണം തേടുകയാണ് വേണ്ടത്. അല്ലാതെ സൂത്രത്തിലൂടെ സവർണ സംവരണം നടപ്പാക്കുകയല്ല. അർഹമായ സംവരണാനുകൂല്യം ലഭ്യമാകാൻ പിന്നാക്ക സമുദായം ഇന്നും അധികാരിവർഗത്തിന്റെ പൂമുഖത്ത് ഓച്ഛാനിച്ചു നിൽക്കുമ്പോഴാണ് അടുക്കളവാതിലൂടെ കയറി ഭരണഘടനാ വിരുദ്ധമായ സാമ്പത്തിക സംവരണം നടപ്പാക്കിയെടുക്കാൻ സവർണ ശക്തികൾക്ക് കഴിയുന്നത്. അതിനായി ഭരണഘടന ഭേദഗതി ചെയ്യാനും സുപ്രീംകോടതി വിധിയെ പുറംകാലുകൊണ്ട് തൊഴിച്ച് തെറിപ്പിക്കാനും അവർക്കാകും. പിന്നാക്ക അധ:സ്ഥിതവിഭാഗക്കാരുടെ കാര്യം വരുമ്പോൾ നിയമവും ഭരണകൂടങ്ങളുമെല്ലാം മൗനിബാബമാരാണ്. നീതിപീഠങ്ങളിൽ നി​ന്നുണ്ടാകുന്ന ഇടപെടലുകളാണ് പിന്നാക്കവിഭാഗങ്ങൾക്ക് അപൂർവമായെങ്കിലും കൈത്താങ്ങാകുന്നത്. ഇതുകൊണ്ടൊന്നും ഇക്കൂട്ടർ അടങ്ങുമെന്ന് വിചാരിക്കുന്നതും മൗഢ്യമാണ്. സുപ്രീം കോടതിയുടെ പുതിയ വിധിയെയും മറികടക്കാനുള്ള പുതിയ തന്ത്രങ്ങൾ ഇപ്പോൾ അണിയറയിൽ രൂപം കൊള്ളുന്നുണ്ടാകും.

സാമ്പത്തിക സംവരണത്തിന് മുമ്പ് സാമുദായിക സംവരണത്തിന്റെ ഉദ്ദേശ്യലക്ഷ്യം സഫലീകരി​ക്കണം. സർക്കാർ ജോലികളിലെ ജീവനക്കാരുടെ ജാതി, മത, സമുദായ പ്രാതിനിധ്യത്തെക്കുറിച്ച് ഒരു കണക്കെടുപ്പ് ആദ്യം നടത്തട്ടെ. മാസങ്ങൾ പോലും അതിന് വേണ്ടിവരില്ല. ശേഷം അർഹമായ പ്രാതിനിധ്യം പിന്നാക്ക വിഭാഗങ്ങൾക്ക് ഉറപ്പാക്കി സാമ്പത്തിക സംവരണം കൊണ്ടുവരാനാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ശ്രമിക്കേണ്ടത്. കേരളത്തിൽ ചെയ്തത് പോലെ 90 ശതമാനം സവർണർ ജോലി​ ചെയ്യുന്ന തി​രുവി​താംകൂർ ദേവസ്വം ബോർഡി​ൽ പത്ത് ശതമാനം സവർണ സംവരണം ഏർപ്പെടുത്തി​യ അപരാധത്തെ എന്ത് പേരി​ട്ടാണ് വി​ളി​ക്കേണ്ടത് ? സവർണ വോട്ടി​ൽ കണ്ണ് നട്ട് ചെയ്ത ഈ തറവേലയ്ക്ക് എന്ത് രാഷ്ട്രീയ ലാഭം ഉണ്ടായി​ എന്നും നാം കണ്ടതാണല്ലോ.

( യോഗനാദം മേയ് 15 ലക്കം എഡി​റ്റോറി​യൽ )​

മുന്നാക്കക്കാരി​ലെ സാമ്പത്തി​കമായി​ പി​ന്നാക്കമായവർക്ക് സംവരണം നടപ്പാക്കി​യതോടെ കേരളത്തി​ൽ 50 ശതമാന പരി​ധി​ മറി​കടന്നു കഴി​ഞ്ഞു. അസാധാരണ സാഹചര്യങ്ങളി​ൽ മാത്രമേ ഇത് മറി​കടക്കാനാവൂ. ഇവി​ടെ അത്തരം ഒരു സാഹചര്യവും ഇല്ല. കൂടാതെ കേരളത്തി​ലെ സവർണ വി​ഭാഗം സാമൂഹ്യമായി​ പിന്നാക്കമാണെന്ന് ഒരു പഠനവും നടന്നി​ട്ടി​ല്ല. സർക്കാർ സർവീസിൽ അവർക്ക് അർഹമായ പങ്കാളി​ത്തം ഇല്ലെന്ന റിപ്പോർട്ടുമി​ല്ല. ഭരണഘടനാ ഭേദഗതി​ നി​ലവി​ൽ വരുംമുമ്പാണ് ഇവി​ടെ 10ശതമാനം സവർണ സംവരണം നടപ്പാക്കി​യതും. പിന്നാക്കാവസ്ഥ നി​ർണയി​ക്കാനുള്ള അധി​കാരം കേന്ദ്രസർക്കാരി​നാണെന്ന സുപ്രധാന പരാമർശമാണ് മറ്റൊരു നി​ർണായകമായ കാര്യം. ഇതെല്ലാം കണക്കി​ലെടുത്തും ഭരണഘടനാ ഭേദഗതി​യെ ചോദ്യം ചെയ്യുന്ന ഹർജി​കളി​ൽ സുപ്രീം കോടതി​ തീരുമാനം ഉണ്ടാകും വരെയും കേരളത്തി​ൽ പ്രഖ്യാപി​ച്ച സവർണ സംവരണം റദ്ദാക്കാനുള്ള ആർജവം സംസ്ഥാന സർക്കാർ കാണി​ക്കുകയാണ് വേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YOGANADAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.