SignIn
Kerala Kaumudi Online
Wednesday, 01 May 2024 5.49 PM IST

യുവതയുടെ ഉറച്ച ചുവടുകൾ

photo

സംസ്ഥാന യുവജന കമ്മിഷന്റെ അദ്ധ്യക്ഷ എന്ന നിലയിൽ കാലാവധി പൂർത്തിയാവുകയാണ്. 2012 ൽ സ്ഥാപിതമായെങ്കിലും കമ്മിഷന്റെ വളർച്ചയുടെ സമഗ്രമായ ഒരു ഘട്ടം ആരംഭിച്ചത് 2016ൽ ഒന്നാം പിണറായി സർക്കാർ സ്ഥാനമേറ്റതോടെയാണ്. കമ്മിഷന് പുതിയ ദിശാബോധം നൽകാനും സുവ്യക്തമായ ഒരു നയപരിപാടി ആസൂത്രണം ചെയ്ത് നടപ്പിലാക്കാനും ഒന്നാം പിണറായി സർക്കാരിന്റെ ഘട്ടത്തിൽ സാധിച്ചു. അത് ഇന്നും തുടരുന്നു. സ്ഥാപിതലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കാതെ തന്നെ പുതിയ കാലത്തിന്റെ നിലപാടുകളുമായി സംവദിക്കാൻ ഉതകുംവിധത്തിൽ യുവജന കമ്മിഷനെ നവീകരിക്കാൻ കഴിഞ്ഞു.

യുവജനങ്ങളുടെ അവകാശ സംരക്ഷണത്തിനായി വിഭാവനം ചെയ്തിരിക്കുന്ന ഒരു അർദ്ധ ജുഡീഷ്യൽ ബോഡിയാണ് യുവജന കമ്മിഷൻ. എന്നാൽ ഇതിനോടൊപ്പം തന്നെ കേരളത്തിലെ യുവതയുടെ സർവോന്മുഖമായ ശാക്തീകരണത്തിന് വേഗം കൂട്ടുന്ന ശക്തിയായി പ്രവർത്തിക്കുക എന്ന ലക്ഷ്യം കൂടി കമ്മിഷനുണ്ട്. ഈ ലക്ഷ്യം സാക്ഷാത്കരിക്കാൻ നിരവധി പദ്ധതികൾ ഏറ്റെടുത്ത് വിജയിപ്പിക്കാൻ കമ്മിഷന് കഴിഞ്ഞു. ഇവയിൽ ഭാവി കേരളത്തെ പാരിസ്ഥിതികപക്ഷത്ത് ഉറപ്പിച്ചു നിറുത്താൻ നടപ്പിലാക്കിയ
പദ്ധതികളെപ്പറ്റി മാത്രമാണ് ഇവിടെ പ്രതിപാദിക്കുന്നത്. കേരളത്തിന്റെ യുവതയെ കാർഷിക സംസ്‌കാരത്തിന്റെ സാദ്ധ്യതകളിലേക്ക് നയിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി നിരവധി നവീന പദ്ധതികൾ കമ്മിഷൻ ആവിഷ്‌കരിച്ചു. കൃഷിയിലേക്ക് യുവജനങ്ങൾ കടന്നുവരേണ്ടതിന്റെ രാഷ്ട്രീയവും സാമ്പത്തികവും സാംസ്‌‌കാരികവും സാമൂഹികവുമായ പ്രസക്തി തിരിച്ചറിഞ്ഞ് കമ്മിഷൻ നടപ്പിലാക്കിയ ഗ്രീൻ സോൺ പദ്ധതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മാതൃകാപരമായി നടപ്പിലാക്കി.
യുവജനങ്ങളുടെ കൂട്ടായ പ്രവർത്തനത്തിലൂടെ സംസ്ഥാനത്തെ ഭക്ഷ്യ സ്വയംപര്യാപ്തത ഉറപ്പാക്കുക എന്നതായിരുന്നു ഗ്രീൻ സോൺപദ്ധതിയുടെ ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കൈകോർത്ത് തരിശുനിലങ്ങൾ ഏറ്റെടുത്തും, വിത്തും വളവും ഉൾപ്പടെ കാർഷിക ഉപാധികളുടെ ലഭ്യത ഉറപ്പാക്കിയും പദ്ധതിയുടെ അടിത്തറ കൂടുതൽ ജനകീയമാക്കി. പച്ചക്കറികളും,നെല്ലും ഉൾപ്പെടെ യുവാക്കൾ ഏക്കറു കണക്കിന് ഭൂമിയിൽ കൃഷിചെയ്ത് വിളവെടുത്തു. കൊവിഡ് കാലത്ത് അടക്കം യുവജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ഗ്രീൻ സോൺ പദ്ധതിക്ക് ലഭിച്ചത്.

യുവകർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും കാർഷിക മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന യുവജനങ്ങളുടെ അനുഭവങ്ങളും ആശങ്കകളും പരീക്ഷണഫലങ്ങളും തമ്മിൽ പങ്കുവയ്ക്കുന്നതിനുമായി എല്ലാ ജില്ലകളിലും കമ്മിഷന്റെ നേതൃത്വത്തിൽ യുവ കർഷക കൂട്ടായ്മകൾ സംഘടിപ്പിച്ചു. നിലവിൽ കാർഷിക മേഖലയിൽ പ്രതിഭ തെളിയിച്ച യുവകർഷകർക്ക് തങ്ങളുടെ ആശയങ്ങൾ പങ്കുവയ്ക്കാനുള്ള വേദിയായി ഇവ മാറി. പുതിയ കർഷകരെ കാർഷിക മേഖലയിലേക്ക് ആകർഷിക്കാനും പദ്ധതിയിലൂടെ കഴിഞ്ഞു. എല്ലാ വർഷവും ഏറ്റവും പ്രചോദനമായ യുവകർഷകന് പുരസ്‌‌കാരം നൽകി ആദരിച്ചും കമ്മിഷൻ ഈ മേഖലയിലെ പ്രവർത്തനങ്ങൾക്ക് പുതിയ പ്രചോദനം ഒരുക്കി.

മാലിന്യ സംസ്‌കരണം, നീരരുവികൾ, ജലസ്രോതസുകൾ എന്നിവയുടെ സംരക്ഷണവും നവീകരണവും വിവിധ പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കൽ എന്നീ ലക്ഷ്യങ്ങളോടെ ഗ്രീൻ യൂത്ത് കോർഡിനേറ്റർമാരെ എല്ലാ ജില്ലകളിലും നിയമിച്ചു. ഇവർ അതത് പ്രദേശത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ആയിരക്കണക്കിന് പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെട്ടു. ഹരിത രാഷ്ട്രീയത്തിന്റെ വികേന്ദ്രീകൃതവും ജനകീയവുമായ മാതൃക സൃഷ്ടിക്കാൻ മേൽപറഞ്ഞ പദ്ധതികളിലൂടെ
യുവജനകമ്മിഷന് കഴിഞ്ഞു. യുവതയെ പാരിസ്ഥിതിക പക്ഷത്ത് ക‌ർമ്മോന്മുഖരാക്കി മാറ്റാനുള്ള പദ്ധതികളുമായി യുവജന കമ്മിഷൻ മുന്നോട്ട് കുതിക്കുകയാണ്. ഒപ്പം നവകേരളവും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YOUTH COMMISSION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.