'പാഠം ഉൾക്കൊള്ളും, പ്രതിസന്ധികൾ പരിഹരിക്കും’ യൂത്ത് കോൺഗ്രസിന്റെ ദേശീയ - സംസ്ഥാന നേതാക്കൾ ഏറ്റവുമധികം ഉപയോഗിക്കുന്ന വാചകമാണിത്. വാചകത്തിനപ്പുറം നേതാക്കളും സംഘടനയും ഒന്നും പഠിക്കുന്നില്ലെന്നത് വ്യക്തം. രാഹുൽഗാന്ധിയുടെ എം.പി സ്ഥാനം റദ്ദാക്കിയതുൾപ്പെടെ നിരവധി രാഷ്ട്രീയ - സാമൂഹ്യ വിഷയങ്ങൾ ഏറ്റെടുക്കേണ്ട സമയത്ത് പോലും യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാക്കമ്മിറ്റിയിൽ ചേരിപ്പോര് രൂക്ഷമാണ്.
ജില്ലയിലെ എട്ട് മണ്ഡലം കമ്മിറ്റികളെയാണ് കാരണം വ്യക്തമാക്കാതെ പിരിച്ചുവിട്ടത്. യൂത്ത് കോൺഗ്രസ് ജില്ലാസമ്മേളനത്തിൽ സഹകരിച്ചില്ലെന്ന കാരണത്താൽ വെള്ളിനഴി, ഷൊർണൂർ, ലക്കിടി പേരൂർ, പറളി, പാലക്കാട് നോർത്ത്, മേലാർക്കോട്, വടവന്നൂർ, അയിലൂർ എന്നീ മണ്ഡലം കമ്മിറ്റികളാണ് പിരിച്ചുവിട്ടത്. ജനറൽ സെക്രട്ടറി എം.ധനേഷ് ലാലാണ് കമ്മിറ്റികൾ പിരിച്ചുവിട്ടതായുള്ള ഉത്തരവ് പുറത്തിറക്കിയത്.
ഷാഫി പറമ്പിലിനോട് എതിർപ്പുയർത്തിയ മണ്ഡലങ്ങളെയാണ് കാരണം പോലും ബോധിപ്പിക്കാതെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. എ ഗ്രൂപ്പ് ഒഴികെ മുഴുവൻ പേരെയും ജില്ലയിൽ വെട്ടിനിരത്തുന്നതിന്റെ ഭാഗമായാണ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലുള്ള ഈ ഇടപെടലെന്നാണ് ആരോപണം. നടപടിയിൽ ജില്ലാ പ്രസിഡന്റ് ഫിറോസ് ബാബുവിന് പങ്കില്ലെന്നും കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് ഷാഫി പറമ്പിലാണെന്നും പുറത്താക്കപ്പെട്ടവർ ആരോപിക്കുന്നു. ജില്ലാ സമ്മേളനത്തിന് പിരിവ് നൽകാത്തതാണത്രേ അടിയന്തര നടപടിയ്ക്ക് കാരണം.
തീരുമാനങ്ങൾ
ഏകപക്ഷീയം
ജില്ലയിൽ ഒരു വിഭാഗം നേതാക്കൾ ഗ്രൂപ്പിസം വളർത്തുകയാണ്. പല സംഘടനാ തീരുമാനങ്ങളും നടപടികളും ഏകപക്ഷീയമായാണ് എടുക്കുന്നത്. പുതിയ ആളുകളെ പാർട്ടിയിലേക്ക് ചേർക്കുന്നതിന് പകരം ഉള്ള ആളുകളെ പിരിച്ചുവിടാനാണ് നേതൃത്വം ശ്രമിക്കുന്നത്. വിമർശനങ്ങളെ ഉൾക്കൊള്ളാൻ നേതൃത്വം തയ്യാറാകുന്നില്ല. വിമർശനം ഉന്നയിക്കുന്നവരെ മാറ്റി നിറുത്തുകയാണ് എന്നിവയാണ നേതാക്കൾക്കെതിരെ ഉയരുന്ന പ്രധാന ആക്ഷേപങ്ങൾ. കെ.പി.സി.സിയുടെ സോഷ്യൽ മീഡിയ ചുമതല വഹിക്കുന്ന ഡോ. പി.സരിൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എൻ.എസ്.ശിൽപ, ജഷീർ മുണ്ടറോട്ട് തുടങ്ങിയവരാണ് യൂത്ത് കോൺഗ്രസ് വാട്‌സാപ്പ് ഗ്രൂപ്പിൽ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചത്.
ഇടഞ്ഞ് സരിൻ
ചർച്ചയില്ലാതെ ജില്ലയിലെ എട്ട് മണ്ഡലം കമ്മിറ്റികളെ പിരിച്ചുവിട്ട നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തോട് ഇടഞ്ഞ് സംസ്ഥാന സെക്രട്ടറി പി.സരിൻ. ഔദ്യോഗിക വാട്സാപ് ഗ്രൂപ്പിൽനിന്ന് സരിൻ പുറത്തുപോയി. മണ്ഡലം കമ്മിറ്റികളെ തിരിച്ചെടുത്തില്ലെങ്കിൽ രാജി വയ്ക്കുമെന്നാണ് സരിന്റെ ഭീഷണി.
കടുത്ത ഭാഷയിൽ വാട്സ് ആപ്പ് ഗ്രൂപ്പിൽ പ്രതികരിച്ച ശേഷമാണ് സരിന്റെ പുറത്തു പോകൽ. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിന് സ്വന്തം കാര്യം നോക്കാൻവേണ്ടി മാത്രമാണ് സംഘടന. പ്രസിഡന്റിന് സ്വന്തം കാര്യം നടത്താൻ മാത്രമാണ് സംഘടനാ ഭാരവാഹികളെ അദ്ദേഹം ബന്ധപ്പെടുന്നത്. നിങ്ങൾ പറയുന്നതെല്ലാം ചെയ്തുതരുന്നവരാണ് താനടക്കമുള്ള ലക്കിടി പേരൂരിലെ പ്രവർത്തകർ. നടപടിയെടുക്കും മുമ്പ് ചർച്ച ചെയ്യാനോ പറയാനോ ഉള്ള മര്യാദയുണ്ടാകണം. ഫിറോസ് ബാബു മാത്രമല്ല ജില്ലയിലെ സംഘടന. യൂത്ത് കോൺഗ്രസിന് അവമതിപ്പുണ്ടാക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ ചെയ്യുന്നതെന്നുമാണ് സരിൻ വാട്സ് ആപ്പ് ഗ്രൂപ്പിൽ പ്രതികരിച്ചത്.
കൂട്ടരാജി തുടരുന്നു
പാലക്കാട് യൂത്ത് കോൺഗ്രസിൽ നേതൃത്വത്തോടുള്ള അതൃപ്തിയെ തുടർന്നുള്ള കൂട്ടരാജി തുടരുന്നു. തത്തമംഗലം മണ്ഡലം കമ്മറ്റിയിൽ നിന്ന് 53 പേർ രാജിസന്നദ്ധത അറിയിച്ചു. സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിനാണ് പ്രവർത്തകർ കത്ത് നൽകിയത്. രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ തിരിച്ചുവരവിന് രാജ്യം ആഗ്രഹിക്കുമ്പോൾ യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ നേതൃത്വം ജനാധിപത്യത്തേയും മതേതരത്വത്തേയും തകർക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നെന്നാണ് പ്രവർത്തകരുടെ പരാതി. ജില്ലാ സമ്മേളന നടത്തിപ്പിൽനിന്ന് വിട്ടുനിന്ന എട്ട് മണ്ഡലം കമ്മറ്റികൾ സംസ്ഥാന നേതൃത്വം നേരത്തെ പിരിച്ചുവിട്ടിരുന്നു. പിന്നാലെ നെന്മാറ, ലക്കിടി, പേരൂർ മണ്ഡലം കമ്മറ്റികളിൽ നിന്ന് നൂറോളംപേർ രാജിവച്ചിരുന്നു. വരുംദിവസങ്ങളിലും കൂടുതൽ പേർ രാജിവയ്‌ക്കുമെന്നാണ് സൂചന.
നഗരം മുഴുവൻ പോസ്റ്റർ
യൂത്ത് കോൺഗ്രസിലെ കലാപം പരസ്യമാക്കി സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനും ജില്ലാ പ്രസിഡന്റ് ഫിറോസ് ബാബുവിനെതിരെയും നഗരത്തിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ടൗൺ ബസ് സ്റ്റാൻഡ്, സിവിൽ സ്റ്റേഷൻ, പാലാട്ട് ജംഗ്ഷൻ, ഹെഡ് പോസ്റ്റ് ഓഫീസ് പരിസരങ്ങളിലാണ് പോസ്റ്ററുകൾ പതിച്ചത്.
പാലക്കാട്ടെ യൂത്ത് കോൺഗ്രസിൽ ഷാഫി പറമ്പിലിന്റെയും ഫിറോസ് ബാബുവിന്റെയും ഏകാധിപത്യവും ഗ്രൂപ്പിസവും അവസാനിപ്പിക്കുക. ‘ഷോഫി' ഫാൻസ് പാലക്കാട്ടെ കോൺഗ്രസിന് ബാധിച്ച ക്യാൻസർ, മതം പരിചയാക്കി വ്യക്തിഗത വളർച്ചനേടി പ്രസ്ഥാനത്തെ മുരടിപ്പിക്കുന്ന ഫാസിസം പാർട്ടിക്ക് നാശം, ജില്ല മുഴുവൻ അനധികൃത പണപ്പിരിവ് നടത്തി സാമ്പത്തിക നേട്ടം കൊയ്യുന്നതിനോ ഫിറോസ് ബാബുവിന്റെ പ്രസിഡന്റ് സ്ഥാനം, പദയാത്രയുടെ പേരിൽ ലക്ഷങ്ങൾപിരിച്ച് കാറ് വാങ്ങിയതോ ഫിറോസിന്റെ നേട്ടങ്ങൾ പോസ്റ്ററിലെ വാചകങ്ങൾ.
ഫിറോസ് ബാബുവിനെതിരെ
പരാതി പ്രളയം
പാലക്കാട് യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ പ്രസിഡന്റ് ഫിറോസ് ബാബുവിനെതിരെ ഗുരുതര ആരോപണവുമായി ജില്ലയിൽ നിന്നുള്ള സംസ്ഥാന സെക്രട്ടറി എൻ.എസ്.ശില്പ. ഫിറോസ് ബാബു മാനസികമായും ശാരീരികമായും ബുദ്ധിമുട്ടിച്ചെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ ശില്പ. കുറിച്ചത്. ഇതുസംബന്ധിച്ചുള്ള പരാതി ജില്ലയിലെ സംഘടനാച്ചുമതലയുള്ള ധനേഷ് ലാലിന് കൈമാറി. ജില്ലാ പഞ്ചായത്ത് മുൻഅംഗം കൂടിയാണ് ശില്‌പ.
ഇത്രയും ദാർഷ്ട്യത്തോടെയും അഹങ്കാരത്തോടെയും പെരുമാറുന്ന ജില്ലാ പ്രസിഡന്റ് വേറെയുണ്ടാകില്ല. ഫിറോസ് ബാബുവിന്റെ വ്യക്തിവൈരാഗ്യമാണ് പലരെയും സംഘടനയിൽ നിന്ന് പുറത്താക്കാൻ കാരണം. ജില്ലയിൽ യൂത്ത് കോൺഗ്രസിനകത്ത് പരസ്‌പരം വൈരാഗ്യവും വിരോധവും വളർത്താൻ നേതൃത്വം നൽകിയ ഫിറോസിനെ സ്ഥാനത്തുനിന്ന് നീക്കണം. ജില്ലാക്കമ്മിറ്റി യോഗത്തിൽ ഫിറോസിനെതിരെ സംസാരിച്ചതിനാൽ യോഗങ്ങൾ അറിയിക്കുന്നില്ല. ‘ഭ്രഷ്‌ട്’ കൽപ്പിച്ചെന്നും യൂത്ത് ഡയറിയിൽനിന്ന് പേരും ചിത്രവും ഒഴിവാക്കിയെന്നും ശില്‌പ ആരോപിക്കുന്നു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ബ്ലോക്ക്, മണ്ഡലം സമ്മേളനങ്ങളും ഗ്രൂപ്പ് തിരിഞ്ഞാണ് നടന്നതെന്നും ശിൽപ്പ പറയുന്നു. കുറിപ്പ് ശിൽപ്പ സംസ്ഥാന നേതൃത്വത്തിനും കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |