SignIn
Kerala Kaumudi Online
Saturday, 27 April 2024 9.45 AM IST

സി.പി.ഐ വിയോജിപ്പ് പറഞ്ഞ് തുടങ്ങുമ്പോൾ

kanam-rajendran

കേരളത്തിലിപ്പോൾ പാർട്ടി സമ്മേളനകാലമാണ്.

സി.പി.എമ്മിന്റെ സമ്മേളനങ്ങൾ ജില്ലാതലങ്ങളിലേക്ക് കടന്നിരിക്കുന്നു. ഇതിനകം മൂന്ന് ജില്ലാ സമ്മേളനങ്ങൾ പൂർത്തിയായി. കണ്ണൂരിലും എറണാകുളത്തും വയനാട്ടിലും. നേതാക്കൾ ഡൽഹിയിൽ പോളിറ്റ്ബ്യൂറോ യോഗത്തിന്റെ തിരക്കിലാണ്. അത് കഴിഞ്ഞ് അടുത്ത ദിവസങ്ങളിൽ ജില്ലാ സമ്മേളനങ്ങൾ കാസർകോട്ട് നിന്ന് പുനരാരംഭിക്കും.

സി.പി.ഐ സമ്മേളനങ്ങൾ ഏതാണ്ട് ഇതേ സമയത്ത് തന്നെ നടക്കേണ്ടിയിരുന്നതാണ്. അവർ പക്ഷേ ഉത്തരേന്ത്യയിൽ അല്പം കൂടി സ്വാധീനശക്തിയുള്ളവരായതിനാൽ ( അതോ അങ്ങനെ ചിന്തിക്കുന്നതോ!)​ ഉത്തർപ്രദേശും പഞ്ചാബും അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞിട്ടാകാം സമ്മേളനങ്ങൾ എന്ന നില സ്വീകരിച്ചു.

സമ്മേളനകാലം

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പലപ്പോഴും ഇടഞ്ഞുനിന്ന സി.പി.ഐ, മുഖ്യകക്ഷിയായ സി.പി.എമ്മിന് തലവേദന സൃഷ്ടിച്ചു കൊണ്ടിരുന്നു. മാവോയിസ്റ്റ് വേട്ട ഉദാഹരണം. കുട്ടനാട്ടിലെ കായൽകൈയേറ്റ വിഷയത്തിൽ തോമസ് ചാണ്ടിയെ കോടതി പരാമർശമുണ്ടായ ശേഷവും മന്ത്രിസഭയിൽ നിന്ന് മാറ്റി നിറുത്താത്തതിൽ പ്രതിഷേധിച്ച് സി.പി.ഐ മന്ത്രിമാർ മന്ത്രിസഭായോഗം ബഹിഷ്കരിക്കുന്ന അത്യന്തം സ്തോഭജനകമായ അന്തരീക്ഷം പോലുമുണ്ടായി.

ദൃശ്യമാദ്ധ്യമങ്ങൾ ഉയർത്തിക്കൊണ്ടുവരുന്ന സെൻസേഷണൽ വാർത്തകൾക്കൊപ്പം സഞ്ചരിച്ച് ഗ്യാലറിയുടെ കൈയടികളേറ്റുവാങ്ങാൻ സി.പി.ഐ മത്സരിക്കുന്നുവെന്ന ആക്ഷേപം സി.പി.എമ്മിൽ അമർഷം സൃഷ്ടിച്ചുകൊണ്ടേയിരുന്നു.

സി.പി.എം നേതാക്കളിൽ അമർഷം നുരഞ്ഞുപൊന്തി. ഒരു ഘട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനോടുൾപ്പെടെ നീരസം തോന്നി. എന്നാൽ, ഏതോ ഒരു സുപ്രഭാതത്തിൽ പെട്ടെന്നൊരു ദിവസം സി.പി.എം- സി.പി.ഐ അനുരഞ്ജന പാതയിലേക്ക് നീങ്ങുന്ന അവസ്ഥയാണ് കണ്ടത്. അത് 2018ലെ ഇരു പാർട്ടികളുടെയും പാർട്ടി കോൺഗ്രസൊക്കെ അവസാനിച്ച ശേഷമായിരുന്നു. ശബരിമല യുവതീപ്രവേശന വിഷയത്തിൽ ഇരുപാർട്ടികളും ഒറ്റക്കൈയായി നീങ്ങി. ലോകസഭാ തിരഞ്ഞെടുപ്പിൽ മുന്നണി ഐക്യം ഉയർത്തിപ്പിടിച്ചു. പിന്നീടിങ്ങോട്ട് ഐക്യത്തിന് ഏറിയോ കുറഞ്ഞോ മങ്ങലേറ്റിട്ടില്ല.

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി കേരള കോൺഗ്രസ്- മാണി വിഭാഗത്തിന്റെ മുന്നണിപ്രവേശന ഘട്ടത്തിൽ മാത്രമാണ് ചെറിയ തോതിലുള്ള അഭിപ്രായവ്യത്യാസം സി.പി.ഐ പ്രകടമാക്കിയത്. അതുതന്നെ സി.പി.എമ്മിനെ വല്ലാതെ പിണക്കാതെയുള്ള കരുതലോടെ ആയിരുന്നു താനും. നിയമസഭാ തിരഞ്ഞെടുപ്പിൽ ഐക്യത്തോടെയുള്ള വിട്ടുവീഴ്ചകൾക്ക് ഇരുപാർട്ടികളും തയാറായി. കാര്യങ്ങളെല്ലാം സി.പി.എമ്മും സി.പി.ഐയും കൂടിയാലോചിച്ച് തീരുമാനിക്കുന്ന വിധം ചേട്ടൻബാവ- അനിയൻ ബാവ എന്ന പ്രതീതി ഇടതുമുന്നണിക്കകത്ത് സൃഷ്ടിച്ചു.

എന്നാലിപ്പോൾ വീണ്ടും സമ്മേളനകാലത്തിലേക്ക് കടക്കുമ്പോൾ ചെറിയ തോതിലുള്ള വിയോജിപ്പുകൾ മറനീക്കിത്തുടങ്ങിയിരിക്കുന്നു. അത് നേരത്തേ പറഞ്ഞ, 'അസ്തിത്വവ്യഥ'യാൽ ഉടലെടുക്കുന്ന വ്യായാമമുറകളാണെന്ന് ധരിച്ചാൽ തെറ്റ് പറയാനില്ല. സമ്മേളനകാലത്ത് അണികളുടെ വീര്യമുയർത്തി കൂടെ നിറുത്താൻ, സി.പി.എം വിരോധം പ്രകടമാക്കുന്ന പ്രകടനങ്ങൾ പുറത്തെടുക്കേണ്ടത് സി.പി.ഐക്ക് അനിവാര്യമാകുന്നു.

കെ-റെയിലും കണ്ണൂർ വി.സിയും

കാസർകോട്- തിരുവനന്തപുരം അർദ്ധ അതിവേഗ റെയിൽ പാതയെ ചൊല്ലിയാണ് സി.പി.ഐക്കകത്ത് അസ്വാരസ്യങ്ങൾ തല പൊക്കിയത്. സി.പി.ഐ സംസ്ഥാന നേതൃത്വം പക്ഷേ കെ-റെയിലിനെ തള്ളിപ്പറഞ്ഞിട്ടില്ല എന്നത് സി.പി.എമ്മിന് ആശ്വാസമേകുന്നുണ്ട്. ഇടതുമുന്നണി പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനമെന്ന ന്യായീകരണം നിരത്തിയാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കെ-റെയിൽ പിന്തുണയെ ന്യായീകരിക്കുന്നത്.

പഴയ നിലയായിരുന്നെങ്കിൽ ഇതിനകം കെ-റെയിലിനെതിരെ കാനം രാജേന്ദ്രനിൽ നിന്ന് ഘോരഘോരമുള്ള വിമർശനങ്ങൾ സി.പി.എമ്മിന് തലവേദന സൃഷ്ടിച്ചു കൊണ്ടിരുന്നേനെയെന്ന് ചിന്തിക്കുന്നവരുണ്ട്. പക്ഷേ, കാനം ഇവിടെ തീർത്തും പോസിറ്റീവാണ്.

എങ്കിലും പാർട്ടി സമ്മേളനകാലത്തേക്ക് കടക്കുമ്പോൾ ചില ആശങ്കകളെ ഉയർത്തിക്കാട്ടാതിരിക്കുന്നത് എങ്ങനെ? സി.പി.ഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ കഴിഞ്ഞ ദിവസം കെ-റെയിലിനെ ചൊല്ലിയുയരുന്ന പാരിസ്ഥിതിക ആശങ്കകൾ പലരും ഉയർത്തിക്കാട്ടിയിരുന്നു. സി.പി.ഐയുടെ സാംസ്കാരികസംഘടനയായ യുവകലാസാഹിതി കെ-റെയിലിനെതിര രംഗത്തുണ്ട്. യുവജന സംഘടനയായ എ.ഐ.വൈ.എഫിന്റെ സമ്മേളനത്തിൽ രൂക്ഷവിമർശനമുയർന്നു. അപ്പോഴെല്ലാം അതിനെ തള്ളി ന്യായീകരിച്ച കാനം രാജേന്ദ്രൻ, സി.പി.ഐ കൗൺസിൽ യോഗത്തിലെ വിമർശനത്തിന് ശേഷം, പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകൾ ദൂരീകരിക്കണമെന്ന വാദമുയർത്തിയിട്ടുണ്ട്. അപ്പോഴും അദ്ദേഹം പദ്ധതിയെ ന്യായീകരിക്കുക തന്നെയാണ്. സമ്മേളനകാലത്ത്, പാർട്ടിക്കകത്തുയരുന്ന അഭിപ്രായങ്ങളെ ഉൾക്കൊള്ളാതിരിക്കുന്നത് എങ്ങനെ എന്നതാണ് കാനത്തെ അലട്ടുന്ന സ്വത്വപ്രതിസന്ധിയെന്ന് തോന്നിപ്പോകും കണ്ടാൽ.

പക്ഷേ, കണ്ണൂർ സർവകലാശാലാ വി.സി പുനർനിയമനക്കാര്യത്തിൽ ഗവർണർക്ക് ശുപാർശക്കത്ത് നല്‌കിയ ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ.ആർ. ബിന്ദുവിനെ കാനം നിഷ്കരുണം തള്ളിപ്പറഞ്ഞു. മന്ത്രിക്ക് അങ്ങനെ ശുപാർശക്കത്ത് നല്‌കാൻ അധികാരമുണ്ടെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം തീർത്തുപറഞ്ഞു. കൗൺസിൽ യോഗത്തിൽ മന്ത്രിക്കെതിരെ പലരും പല നിലയ്ക്കുള്ള വിമർശനങ്ങളാണുയർത്തിയത്. ഇതെല്ലാം ഉൾക്കൊണ്ടായിരുന്നു കാനത്തിന്റെ പ്രതികരണം.

സി.പി.ഐയുടെ പരസ്യവിമർശനം കൂടിയായപ്പോൾ, തീർത്തും പരിതാപകരമായ അവസ്ഥയിലായിട്ടുണ്ട് സംസ്ഥാന സർക്കാരും വിശേഷിച്ച് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദുവും. ഉയർന്നുവരുന്ന വിമർശനങ്ങളിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട് ഗവർണർ കഴിഞ്ഞ ദിവസം മന്ത്രിക്കെതിരെ വീണ്ടും ആഞ്ഞടിച്ചിരിക്കുന്നു.

പ്രോ ചാൻസലർ എന്ന നിലയിൽ മന്ത്രി ഗവർണറെ അറിയിച്ചത് സർക്കാരിന്റെ ഇംഗിതം മാത്രമാണെന്നാണ് സി.പി.എം വാദഗതി. അത് ഗവർണർക്ക് തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നിരിക്കെ, തള്ളാതെ അംഗീകരിച്ച് കൊടുത്ത ഗവർണർ ഇപ്പോൾ ഉയർത്തുന്നത് രാഷ്ട്രീയക്കളിയാണെന്ന സംശയമാണ് അവർക്ക്. മറുവശത്താകട്ടെ, ശുപാർശക്കത്തെഴുതിയ മന്ത്രി സ്വജനപക്ഷപാതം നടത്തിയെന്ന ആരോപണമുയർത്തി പ്രതിപക്ഷം നിൽക്കുന്നു.

പ്രതിപക്ഷത്തിന്റെ രാഷ്ട്രീയാക്രമണത്തിന് ഇന്ധനമേകുന്ന വാദം ഇടതുമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐയിൽ നിന്നുതന്നെ ഉണ്ടായി എന്നതാണ് സി.പി.എമ്മിനെ വലയ്ക്കുന്ന പുതിയ പ്രതിസന്ധി. സമ്മേളനകാലം അങ്ങനെ ഇടതുമുന്നണിക്ക് കലുഷകാലം കൂടിയാവുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPI, KANAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.