സംരംഭങ്ങളുടെ ഹോട്ട്സ്പോട്ടാണ് ഇന്ന് കേരളം. സുഗമവും സുത്യാര്യവുമായി പ്രവർത്തിക്കാനാവുമെന്ന വിശ്വാസം സംസ്ഥാനത്തിന്റെ വ്യവസായ ഭൂമികയിലേക്കുള്ള ഗുരുത്വാകർഷണവും. ഈസ് ഒഫ് ഡൂയിംഗ് ബിസിനസിലടക്കം കേരളം തിളങ്ങുന്നതും ഇതേ വിശ്വാസത്തിന്റെ പിൻബലത്തിലാണ്. സംസ്ഥാനത്തെ സൂക്ഷ്മ- ചെറുകിട- ഇടത്തരം (എം.എസ്.എം.ഇ) സംരംഭങ്ങളുടെ പ്രോത്സാഹനത്തിനായുള്ള, വ്യവസായ വാണിജ്യ വകുപ്പിന്റെ നിർവഹണ ഹസ്തമാണ് വ്യവസായ, വാണിജ്യ ഡയറക്ടറേറ്റ്. വ്യവസായ ആവാസ വ്യവസ്ഥ മെച്ചപ്പെടുത്താൻ വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് വകുപ്പിന്റെ ഡയറക്ടറർ പി.വിഷ്ണുരാജ് 'കേരളകൗമുദി"യുമായി സംസാരിക്കുന്നു.
? സംരംഭകർക്ക് നല്ല കാലമാണല്ലോ.
വ്യവസായ ആവാസവ്യവസ്ഥ അനുദിനം മാറുകയാണ്. ഈ സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ സംരംഭകരെ പ്രാപ്തരാക്കേണ്ടതുണ്ട്. 2022-ൽ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച സംരംഭകവർഷം പദ്ധതിയുടെ ഓരോ ഘട്ടവും വലിയ വിജയമായിരുന്നു. 2022-23 മുതൽ 2024-25 സാമ്പത്തികവർഷം വരെയുള്ള കാലയളവിൽ 3,53,133 പുതിയ സംരംഭങ്ങൾ രജിസ്റ്റർ ചെയ്തു. ഇതുവഴി 22,688.47 കോടിയുടെ നിക്ഷേപവും 7,49,412 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു.
ഇതിൽ 1,12,497 സംരംഭങ്ങൾ വനിതകളുടേതാണ്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്ന് 41 പേർ സംരംഭങ്ങൾ ആരംഭിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ ദേശീയ കോൺഫറൻസിൽ എം.എസ്.എം.ഇ മേഖലയിൽ, രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസായി ഇത് തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക്ക് അഡ്മിനിസ്ട്രേഷന്റെ 'ഇന്നൊവേഷൻ ഇൻ പബ്ലിക്ക് അഡ്മിനിസ്ട്രേഷൻ" പുരസ്കാരവും നേടി.
? മിഷൻ 1000 വലിയൊരു നാഴികക്കല്ലായി...
കേരളത്തിലെ എം.എസ്.എം.ഇകളിൽ നിന്ന് തിരഞ്ഞെടുത്ത 1000 സംരംഭകങ്ങളെ നാലുവർഷത്തിനകം ശരാശരി 100 കോടി വിറ്റുവരവുള്ള സംരംഭങ്ങളായി ഉയർത്തുന്നതിനുള്ള പദ്ധതിയാണിത്. മൂലധന നിക്ഷേപ സബ്സിഡി, പ്രവർത്തനമൂലധന വായ്പയുടെ പലിശ സബ്സിഡി, സ്‌കെയിൽ അപ്പ് ചെയ്യുന്നതിനുള്ള ഡി.പി.ആർ തയ്യാറാക്കുന്നതിനുള്ള സാമ്പത്തികസഹായം തുടങ്ങിയവയ്ക്ക് വ്യവസായവകുപ്പ് സഹായിക്കും. വ്യവസായവകുപ്പിന്റെ എല്ലാ പദ്ധതികളിലും ഈ യൂണിറ്റുകൾക്ക് മുൻഗണന ലഭിക്കും.
? സംരംഭങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ.
അപകടസാദ്ധ്യതകളിൽ നിന്ന് സാമ്പത്തിക പരിരക്ഷയായി മിനിമം ഇൻഷുറസ് പരിരക്ഷ നൽകാൻ എം.എസ്.എം.ഇ ഇൻഷുറൻസ് പദ്ധതിയുണ്ട്. പ്രീമിയം തുകയുടെ 50 ശതമാനം, പരമാവധി 5000 രൂപ വരെ സബ്സിഡി ലഭിക്കും.
? വായ്പ കൃത്യസമയത്ത് ലഭിക്കാത്തത് വെല്ലുവിളിയാണല്ലോ.
വായ്പ കിട്ടാത്തതും വായ്പക്ക് ഉയർന്ന പലിശ ഈടാക്കുന്നതും വെല്ലുവിളിയാണ്. ഇത് പരിഹരിക്കാൻ 'ഒരുകുടുംബം ഒരു സംരംഭം" പദ്ധതിപ്രകാരം ഉത്പാദന, സേവന, വ്യാപാര മേഖലയിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് 10 ലക്ഷം വരെയുളള ബാങ്ക് വായ്പക്ക് പലിശ ഇളവ് നൽകും. വ്യവസായമേഖലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് സംരംഭകസഹായം പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. പ്രാരംഭസഹായം, നിക്ഷേപസഹായം, സാങ്കേതികസഹായം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളുണ്ട്. ഉത്പാദന മേഖലയിലെ സംരംഭങ്ങൾക്ക് സ്ഥിരമൂലധന നിക്ഷേപത്തിന്റെ 15 ശതമാനം മുതൽ 45 ശതമാനം വരെ പരമാവധി 40 ലക്ഷം വരെ ധനസഹായം നൽകും.
? വിപണശൃംഖല മെച്ചപ്പെടുത്താൻ.
അതിനുള്ള കേന്ദ്ര പദ്ധതിയാണ് റാംപ് (റൈസിംഗ് ആൻഡ് ആക്സലറേറ്റിംഗ് എം.എസ്.എം.ഇ പെർഫോമൻസ്). 2023ൽ റാംപ് എസ്.ഐ.പി (സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ) രൂപീകരിക്കുന്നതിനായി സംസ്ഥാന വ്യവസായവകുപ്പ് കൺസൾട്ടന്റിനെ നിയമിച്ചു. കഴിഞ്ഞ വർഷം എസ്.ഐ.പിക്ക് കേന്ദ്ര അംഗീകാരം ലഭിച്ചു. തിരഞ്ഞെടുക്കപ്പെട്ട പദ്ധതികൾ നടപ്പിലാക്കാൻ 107.71 കോടിയുടെ ഗ്രാന്റ് അനുവദിച്ചു. പദ്ധതി നടത്തിപ്പിനായി 37.07 കോടിയുടെ ധനസഹായത്തിന് കഴിഞ്ഞ വർഷംതന്നെ സംസ്ഥാന സർക്കാരും അംഗീകാരം നൽകി.
? പ്രവർത്തനങ്ങൾ താഴേത്തട്ടിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നത്.
2022 മുതൽ 2025 വരെ താഴേത്തട്ടിൽ ശ്രദ്ധ ചെലുത്തുന്നതിനായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഇന്റേണുകളെ (എന്റർപ്രൈസ് ഡെവലപ്മെന്റ് എക്സിക്യുട്ടീവ്) നിയമിച്ചിരുന്നു. റാംപ് പദ്ധതിയുടെ ഭാഗമായി ബിസിനസ് ഡെവലപ്മെന്റ് സർവീസ് പ്രൊവൈഡേഴ്സ് (ബി.ഡി.എസ്.പി) എന്ന പേരിൽ 500 പേരെ നിലവിൽ തിരഞ്ഞെടുത്തിട്ടുണ്ട്. സംരംഭങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സംശയങ്ങൾ ദുരീകരിക്കുന്നതിനും വിവിധ മേഖലകളിലെ 168 വിദഗ്ദ്ധരെ ഉൾപ്പെടുത്തി എല്ലാ ജില്ലയിലും എം.എസ്.എം.ഇ ക്ലിനിക്കുകൾ രൂപീകരിച്ചു. തദ്ദേശസ്ഥാപനങ്ങളിൽ ഹെൽപ്പ് ഡെസ്കുകളും പ്രവർത്തിക്കുന്നുണ്ട്.
? സ്വകാര്യ വ്യവസായ പാർക്കുകൾ.
വ്യവസായ വളർച്ചയ്ക്ക് അനുയോജ്യമായ ഭൂമിയുടെ ദൗർലഭ്യം പരിഹരിച്ച് കൂടുതൽ തൊഴിലവസരങ്ങൾ കണ്ടെത്താനാണ് സ്വകാര്യ വ്യവസായ പാർക്കുകൾ സൃഷ്ടിക്കുന്നത്. നിലവിൽ 33 പാർക്കുകൾക്ക് അംഗീകാരം നൽകി. പാലക്കാട്ടും ഇടുക്കിയിലും കണ്ണൂരുമായി ആറ് സ്വകാര്യ പാർക്കുകൾ പ്രവർത്തിക്കുന്നു.
? വിദ്യാർത്ഥികളിൽ സംരംഭകത്വം വളർത്താൻ.
വ്യവസായസ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനാണ് ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധീനതയിലുള്ള ഉപയോഗപ്രദമല്ലാത്ത ഭൂമി വ്യവസായ ആവശ്യങ്ങൾക്ക് ഉപയോഗിക്കും. ഇടുക്കിയിൽ ഒന്നും കൊല്ലത്ത് രണ്ടും കോളേജുകൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്.
? സാങ്കേതിക നൂലാമാലകൾ...
സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനും പേപ്പർ വർക്കുകളുടെ സാങ്കേതിക നൂലാമാലകൾ ലഘൂകരിക്കുന്നതിനും എല്ലാ സേവനങ്ങൾക്കും കെൽട്രോണിന്റെ സാങ്കേതിക സഹായത്തോടെ പോർട്ടൽ സജ്ജമാക്കിയിട്ടുണ്ട്.
സംരംഭകനെ കണ്ടെത്തുന്നത് മുതൽ പരിശീലനങ്ങൾ, വായ്പാ വിവരങ്ങൾ, അനുമതികൾ തുടങ്ങി സ്ഥാപനം ആരംഭിക്കുന്നതു വരെയുള്ള എല്ലാ ഘട്ടങ്ങളുടെ വിവരങ്ങളും പോർട്ടലിൽ ശേഖരിക്കും. പരാതികൾ പരിഹരിക്കുന്നതിന് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഗ്രീവൻസ് റിഡ്രസൽ സംവിധാനമുണ്ട്. പരാതികൾ 30 ദിവസത്തിനകം പരിഹരിക്കാത്ത ഉദ്യോഗസ്ഥരിൽ നിന്ന് പിഴ ഈടാക്കും.
? കേരളത്തിൽ നിർമ്മിക്കുന്ന ഉത്പന്നങ്ങൾ അന്താരാഷ്ട്ര വിപണിയിലും തിളങ്ങുന്നുണ്ടല്ലോ.
തീർച്ചയായും. ഉത്പന്നങ്ങളിലും സേവനങ്ങളിലും ആഗോള ഗുണനിലവാരം കൊണ്ടുവരുന്നതിനായി വിഭാവനം ചെയ്ത പദ്ധതിയാണ് 'കേരള ബ്രാൻഡ്." ഇതുവഴി കയറ്റുമതി സാദ്ധ്യതകൾ വർദ്ധിക്കും. അന്താരാഷ്ട്ര വ്യാപാര മേളകളിൽ പ്രദർശിപ്പിക്കാൻ അവസരമൊരുങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |