കേന്ദ്രനയങ്ങളെ അന്ധമായി എതിർക്കുന്നതാകരുത് സംസ്ഥാന രാഷ്ട്രീയം. വിദ്വേഷമില്ലാത്ത വികസന- സൗഹൃദ രാഷ്ട്രീയം വരണം. ദൗർഭാഗ്യവശാൽ ഇന്ത്യയിൽ അതില്ല; പ്രത്യേകിച്ച് ബംഗാളിലും കേരളത്തിലും. എതിർപ്പിന്റെ രാഷ്ട്രീയം വികസനത്തെ ബാധിക്കുന്നതിനാൽ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ഗവർണർ പ്രതിജ്ഞാബദ്ധമാണ്. ഭരണഘടന അനുശാസിക്കുന്ന രീതിയിൽത്തന്നെ ഭരണം മുന്നോട്ടുകൊണ്ടുപോകാനുള്ള ചാലകശക്തിയാണ് ഗവർണർ. അത് ഭരണഘടനയിൽ വ്യവസ്ഥ ചെയ്തിട്ടുമുണ്ട്.
?ബംഗാളിന്റെയും കേരളത്തിന്റെയും രാഷ്ട്രീയം വികസനത്തിന് യോജിച്ചതല്ലെന്നാണോച
കേരളത്തിന്റെ കാര്യം പറയാൻ ഞാൻ ആളല്ല. അതിർത്തി സംസ്ഥാനമായ ബംഗാളിലെ സാഹചര്യങ്ങൾ അതീവ സങ്കീർണമാണ്. ബംഗ്ലാദേശ് അതിർത്തി വഴി ധാരാളം അനാശാസ്യകാര്യങ്ങൾ നടക്കുന്നു. മനുഷ്യക്കടത്തും മയക്കുമരുന്നു കടത്തും സജീവം. ബ്രേക്ക് ഇന്ത്യ ബ്രിഗേഡിന്റെ കള്ളപ്പണം എത്തുന്നതും ഇതുവഴിയിലൂടെയാണ്. കാലാവധി കഴിഞ്ഞ മരുന്നുകൾ അതിർത്തിയിലെത്തിച്ച് തീയതി തിരുത്തി വീണ്ടും ഇന്ത്യൻ വിപണിയിലെത്തിക്കുന്നു. ഇതെല്ലാം നിയന്ത്രിക്കുന്ന വലിയൊരു മാഫിയ അവിടെയുണ്ട്.
?അതിർത്തിയുടെ ചുമതല ബി.എസ്.എഫിനല്ലേ. സംസ്ഥാന സർക്കാരിന് പരിമിതികളില്ലേ...
ബി.എസ്.എഫിനോട് സഹകരിക്കുന്ന മനോഭാവമല്ല സംസ്ഥാന സർക്കാർ പലപ്പോഴും സ്വീകരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ എങ്ങനെയുള്ള ബന്ധമാണ് വേണ്ടതെന്ന് ഭരണഘടന നിർവചിച്ചിട്ടുണ്ട്. അതിർത്തി വിഷയങ്ങളിൽ പോലും സംസ്ഥാന സർക്കാരിന്റെ നിലപാട് രാജ്യസുരക്ഷയെയാണ് ബാധിക്കുന്നത്.
?. മുഖ്യമന്ത്രി മമതാ ബാനർജിയും ഗവർണറും തമ്മിലുള്ള ബന്ധം ഊഷ്മളമല്ലേ.
മമതയെന്ന വ്യക്തി, മുഖ്യമന്ത്രി, രാഷ്ട്രീയക്കാരി എന്നീ മൂന്നു നിലകളിലാണ് അവരെ കാണുന്നത്. ആ വ്യക്തിയുമായി വളരെ നല്ല ബന്ധമാണ്. തിരഞ്ഞെടുപ്പു വേളയിൽ ചില ഉരസലുകൾ ഉണ്ടായത് രാഷ്ട്രീയ കാരണങ്ങളാലാണ്. മമതയെന്ന മുഖ്യമന്ത്രിയുമായുള്ളത് പ്രൊഫഷണൽ ബന്ധമാണ്. ഭരണഘടനയ്ക്കും നിയമവാഴ്ചയ്ക്കും ഉള്ളിൽനിന്ന് ചില നടപടികൾ സ്വീകരിക്കുമ്പോൾ സർക്കാരിന് എതിരായേക്കാം. തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിക്കും നോമിനേറ്റ് ചെയ്യപ്പെട്ട ഗവർണർക്കും എല്ലാ കാര്യത്തിലും ഒരേ കാഴ്ചപ്പാട് വേണമെന്നില്ല.
ഭരണ സംവിധാനത്തിൽ ചില കാര്യങ്ങളിൽ വിയോജിപ്പ് ഉണ്ടാകാമെന്ന് മുഖ്യമന്ത്രിയോട് വ്യക്തമാക്കിയിട്ടുണ്ട്. അത് ഭരണസംവിധാനത്തെ ബാധിക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുന്നു. മമതയെന്ന രാഷ്ട്രീയക്കാരി തന്റെ പരിധിയിൽ വരാത്തതിനാൽ അതേക്കുറിച്ച് ഒന്നും പറയുന്നില്ല. ഒരു കൂടിക്കാഴ്ചയിൽ, എന്നെ മൂത്ത സഹോദരനായാണ് കാണുന്നതെന്ന് അവർ പറഞ്ഞു. അവരെ നല്ലൊരു സുഹൃത്തായി കാണുന്നു. ഇതിനർത്ഥം ഭരണഘടനാപരമായ കാര്യങ്ങളിൽ എന്തെങ്കിലും വിട്ടുവീഴ്ച ചെയ്യുമെന്നല്ല.
?. ബീഹാറിൽ വോട്ടർപട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിവാദം പുകയുകയാണല്ലോ. ബംഗാളിലെ സാഹചര്യമെന്താണ്.
ബംഗാളിലെ വോട്ടർപട്ടികയിൽ അർഹതയില്ലാത്തവർ കടന്നു കൂടിയിട്ടുണ്ടോ എന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷിച്ചു തുടങ്ങിയതിനാൽ തത്കാലം പ്രതികരിക്കുന്നില്ല. പക്ഷേ ഇതു വളരെ ഗൗരവമുള്ള വിഷയമാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 200ലേറെ പ്രശ്‌നബാധിത ബൂത്തുകളിൽ സന്ദർശനം നടത്തിയപ്പോൾ കാര്യങ്ങൾ സുതാര്യമല്ലെന്നു വ്യക്തമായി. കള്ളവോട്ട്, ബൂത്ത് പിടിച്ചെടുക്കൽ, നോമിനേഷനുകൾ ഭീഷണിപ്പെടുത്തി പിൻവലിപ്പിക്കൽ തുടങ്ങിയവ യാഥാർത്ഥ്യമാണ്.
?. ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യം എങ്ങനെയാണ് ഇന്ത്യയെ ബാധിക്കുക. ബംഗാളിന് എന്തെങ്കിലും ഭീഷണിയുണ്ടോ
അയൽരാജ്യങ്ങളിലെ പ്രശ്‌നങ്ങൾ അതിർത്തി സംസ്ഥാനങ്ങളെ ബാധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവർണർ എന്ന നിലയിൽ കൂടുതൽ പ്രതികരിക്കുന്നില്ല.
?സ്ത്രീപീഡനങ്ങൾക്കെതിരെ കടുത്ത ശിക്ഷകളുമായി സംസ്ഥാന സർക്കാർ കൊണ്ടുവന്ന അപരാജിത ബില്ലിൽ ഒപ്പിടാതെ എന്തുകൊണ്ടാണ് രാഷ്ട്രപതിക്ക് അയച്ചത്.
ബില്ലിലെ പല വ്യവസ്ഥകളും ഭരണഘടന അനുശാസിക്കും വിധമല്ലെന്നു ബോദ്ധ്യമായതിനാലാണ് തിരിച്ചയച്ചത്.
ആർ.ജി കർ മെഡിക്കൽ കോളേജ് വിദ്യാർത്ഥിനി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടപ്പോൾ വലിയ പ്രക്ഷോഭമുണ്ടായി. ഇതിൽനിന്നു ശ്രദ്ധ തിരിക്കാനാണ് അപരാജിത ബിൽ കൊണ്ടുവന്നത്. കേന്ദ്ര ക്രിമിനൽ നിയമത്തെ മറികടക്കുന്ന നിർദ്ദേശങ്ങളും അതിലുണ്ട്. കേന്ദ്ര ആഭ്യന്തര വകുപ്പ് ഇക്കാര്യത്തിൽ പല സംശയങ്ങളും ഉന്നയിച്ചു. മറുപടി നൽകും മുൻപ് സംസ്ഥാന സർക്കാരിനു തന്നെ അത് അയച്ചുകൊടുത്തു. ഇപ്പോഴും അവരുടെ പരിഗണനയിലാണ്. ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ കഠിനശിക്ഷയാണ് കേന്ദ്ര നിയമത്തിലുമുള്ളത്. ഓരോ കുറ്റത്തിനും ആനുപാതികമായ ശിക്ഷയാണ് നൽകേണ്ടത്. സംസ്‌കാരമുള്ള ഒരു സമൂഹത്തിലെ നിയമവ്യവസ്ഥയ്ക്ക് അതിന്റേതായ മാനദണ്ഡങ്ങളുണ്ട്.
? സ്‌പോർട്‌സ് പ്രോത്സാഹിപ്പിക്കാൻ രാജ്ഭവൻ ചെയ്യുന്ന കാര്യങ്ങൾ.
ഐ.പി.എൽ ഉൾപ്പെടെയുള്ള മേളകൾ നടക്കുമ്പോൾ രാജ്ഭവിൽ വലിയ പന്തലൊരുക്കി, സ്‌ക്രീൻ സ്ഥാപിച്ച് സാധാരണക്കാർക്ക് കാണാൻ അവസരമൊരുക്കുന്നു. സ്‌പോർട്‌സ് സെൽ തുടങ്ങി. ഒളിമ്പിക്‌സിനായി കുട്ടികളെ സജ്ജമാക്കാൻ ഓൺ ടു ഒളിമ്പിക്‌സ് പ്രമേയത്തിൽ കർമ്മപരിപാടി ആരംഭിച്ചു.
കായികരംഗത്ത് മികവു പുലർത്തുന്നവരെ ആദരിക്കാനും സ്‌കോളർഷിപ്പ് നൽകാനും നടപടിയെടുത്തു. രാജ്ഭവനിലെ നീന്തൽക്കുളം പരിശീലനത്തിന് ഉപയോഗിക്കാൻ അനുവാദം നൽകി. യോഗ, കളരി- കരാട്ടെ പരിശീലനങ്ങൾക്ക് മുൻകൈയെടുത്തു. കായിക താരങ്ങളെ രാജ്ഭവനിലേക്കു ക്ഷണിച്ച് ആദരിച്ചു.
കഴിവുകൾ മാത്രം നോക്കി പ്രോത്സാഹനം നൽകുന്ന പദ്ധതിയുടെ ഗുണം ഏറ്റവും കൂടുതൽ ലഭ്യമാകുക സാധാരണക്കാർക്കാണ് (ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ഹോക്കിതാരം മലയാളിയായ പി.ആർ. ശ്രീജേഷ് നാട്ടിലെത്തിയ ഉടൻ ബംഗാൾ ഗവർണർ സന്ദർശിച്ച് 50,000 രൂപയുടെ പുരസ്‌കാരം നൽകിയിരുന്നു).
? സാഹിത്യ- സാംസ്‌കാരിക മേഖലകളിലടക്കം സമാനതകൾ ഏറെയുള്ള കേരളവും ബംഗാളും സഹകരിച്ചു തുടങ്ങിയ സാംസ്‌കാരിക വിനിമയ പരിപാടിയെക്കുറിച്ച്...
ബംഗാളിലെ കലാപ്രതിഭകളെയും എഴുത്തുകാരെയും സംഘടിപ്പിച്ച് കൊച്ചിയിലും കൊല്ലത്തും കലാ-സാംസ്‌കാരിക മേള നടത്തി. ബംഗാളിൽ കേരള ഫെസ്റ്റിവൽ സംഘടിപ്പിക്കും. ബംഗാൾ ഗവർണർ ചെയർമാനായ ഈസ്റ്റേൺ സോൺ കൾച്ചറൽ സെന്ററും തമിഴ്‌നാട് ഗവർണർ ചെയർമാനായ സൗത്ത് സോൺ കൾച്ചറൽ സെന്ററും ചേർന്ന് സാംസ്‌കാരിക മേളകൾ സംഘടിപ്പിക്കും.
? രാഷ്ട്രീയത്തോടോ സാഹിത്യത്തോടോ ഇഷ്ടക്കൂടുതൽ?
സാഹിത്യത്തോടു തന്നെ. സാഹിത്യത്തോടും കലകളോടും ഏറെ താത്പര്യമുള്ളവരാണ് ബംഗാളികൾ. ബംഗാളിൽനിന്ന് ധാരാളം കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ടെങ്കിലും മലയാളകൃതികളുടെ ബംഗാളി പരിഭാഷ പൊതുവെ കുറവാണ്. രാജ്ഭവൻ മുൻകൈയെടുത്ത് പരിഭാഷകരെ പ്രോത്സാഹിപ്പിക്കും. രണ്ടു സംസ്ഥാനങ്ങളിലെയും പ്രതിഭകളായ എഴുത്തുകാർക്ക് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ സംവിധാനമൊരുക്കും.
ലക്ഷ്യം സംശുദ്ധ ബംഗാൾ
അഴിമതിയും അക്രമവുമില്ലാത്ത ബംഗാൾ എന്നതാണ് ലക്ഷ്യം. ഇതിനായി ഗ്രാമീണ മേഖലകളിൽ ജനങ്ങളുമായി നേരിട്ട് സംവദിക്കുന്നു. നാട്ടുകാര്യങ്ങൾ ചർച്ചചെയ്യുന്ന നമ്മുടെ പഴയ ആൽത്തറക്കൂട്ടം പോലെ അവിടെ 'അഡ്ഡ"കളുണ്ട്. കാര്യങ്ങളിയാൻ ഉദ്യോഗസ്ഥരെ നിയോഗിച്ചാൽ വിശദമായ റിപ്പോർട്ടു കിട്ടും. പക്ഷേ, അതിൽ അവരുടെ കാഴ്ചപ്പാടുകളും വ്യാഖ്യാനങ്ങളും കടന്നുകൂടിയേക്കാം. 'അഡ്ഡ'കളിലെത്തിയാൽ ജനങ്ങളുടെ പ്രശ്‌നങ്ങൾ നേരിട്ടറിയാനാകും. റെയിൽവേ സ്റ്റേഷനിലും പച്ചക്കറി മാർക്കറ്റുകളിലുമെല്ലാം കച്ചവടക്കാർ, വീട്ടമ്മമാർ, സാധാരണക്കാർ എന്നിവരുമായി ചർച്ചകൾ നടത്തുന്നുണ്ട്. നേരിട്ട് ബോദ്ധ്യമായിട്ടേ ഓരോ കാര്യത്തിലും തീരുമാനമെടുക്കൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |